Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകുടിശ്ശിക വേണ്ട,...

കുടിശ്ശിക വേണ്ട, നിരക്കുവർധന പഥ്യം

text_fields
bookmark_border
കുടിശ്ശിക വേണ്ട, നിരക്കുവർധന പഥ്യം
cancel

ജനത്തെ പിഴിയുന്നതിൽ സർക്കാർ വകുപ്പുകളുടെ ഒരു മത്സരം നടക്കുകയാണെന്നു പറയാം. ഇതാണ് അനുയോജ്യ സമയമെന്ന് എല്ലാവരും ചിന്തിക്കുന്നു. ബജറ്റിലൂടെ അടിച്ചേൽപിച്ച ഭാരം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലാകും. വെള്ളക്കരം ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്തവിധമാണ് കൂടിയത്. വൈദ്യുതിനിരക്ക് അടുത്ത നാലു വർഷത്തേക്ക് കൂട്ടുകയാണ്. പുറമെ കാലാകാലം ഇന്ധന സെസും വരും. തദ്ദേശ വകുപ്പ് വിവിധ മാർഗത്തിൽ വരുമാനവർധനക്ക് നിർദേശം തയാറാക്കിവരുകയാണ്. അത് ഏറെ വൈകാതെ വരും. നടപ്പാക്കാൻ ബജറ്റ് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.

എന്തുകൊണ്ട് ഇതൊക്കെ ഒരുമിച്ച് എന്നു ചോദിച്ചാൽ ഇക്കൊല്ലം തെരഞ്ഞെടുപ്പൊന്നും വരാനില്ലെന്നാണ് ഉത്തരം. അടുത്ത വർഷം ലോക്സഭ തെരഞ്ഞെടുപ്പ് വരും. അവിടെ നികുതിവർധനക്കു പകരം അൽപം ക്ഷേമ നമ്പറൊക്കെ ഇറക്കിയാൽ വോട്ടിങ്ങ് പോരും. 2025 അവസാനം തദ്ദേശ പൊതുതെരഞ്ഞെടുപ്പ് വരും. അവിടെയും വൻ നികുതിഭാരം അടിച്ചേൽപിച്ച് ബുദ്ധിമുട്ടിക്കാനാകില്ല. 2026 ആദ്യം സാക്ഷാൽ നിയമസഭ തെരഞ്ഞെടുപ്പുതന്നെ വരും. അത് ജനപ്രിയമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇത് കൃത്യമായി അറിയാൻ വൈദ്യുതി നിരക്ക് കൂട്ടാൻ കെ.എസ്.ഇ.ബി. റെഗുലേറ്ററി കമീഷന് സമർപ്പിച്ച നിരക്കുവർധനയുടെ അപേക്ഷ നോക്കിയാൽ മതി.

ഇക്കൊല്ലം (തെരഞ്ഞെടുപ്പില്ലാ വർഷം) 1044.43 കോടി രൂപയുടെ നിരക്കുവർധന വരുത്തണമെന്നാണ് ആവശ്യം (ഇതുവഴി 24-25ൽ 1092.16 കോടിയും 25-26ൽ 1145.33 കോടിയും 26-27ൽ 1202.55 കോടിയും അധികം കിട്ടും). യൂനിറ്റിന് ശരാശരി 40.64 പൈസ വീതം വർധിപ്പിക്കണം. അടുത്ത വർഷം 834.17 കോടിയുടെ വർധന വേണം. യൂനിറ്റിന് 31 പൈസ വീതം കൂട്ടണം. 25-26ൽ 472.64 കോടിയുടെ വർധനക്കാണ് നിർദേശം. യൂനിറ്റിന് 16.77 പൈസ വീതം വർധന. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷം വെറും 29.80 കോടി മാത്രം വർധിപ്പിച്ചാൽ മതിയെന്ന് ഇപ്പോഴേ ആവശ്യപ്പെടുന്നു. യൂനിറ്റിന് ഒരു പൈസയുടെ വർധന. അതായത്, ആ വർഷം വർധനയില്ല.

നാലു വർഷത്തേക്കുള്ള നിരക്കുവർധന ഇപ്പോൾ തീരുമാനിക്കും. നിരക്കുവർധനയോടുള്ള പ്രതിഷേധമൊക്കെ ഇപ്പോൾതന്നെ തീരും. അടുത്ത വർഷങ്ങളിൽ സ്വാഭാവികമായും ഇപ്പോഴത്തെ തീരുമാനപ്രകാരം നിരക്കുയരും. പഴയ തീരുമാനപ്രകാരമായതിനാൽ ജനത്തിന്‍റെ ശ്രദ്ധ കുറയും. പക്ഷേ, കീശ കീറും. പുതിയ കേന്ദ്ര നിയമം വന്നതോടെ മാസാമാസം വേണമെങ്കിലും വൈദ്യുതി നിരക്ക് ഉയർത്താം. സർചാർജുകൾ ഇപ്പോൾ തന്നെ പിരിക്കുന്നുണ്ട്. പെട്രോൾ-ഡീസൽ പോലെ അടിക്കടി വിലകയറുന്ന ഒന്നായി വൈദ്യുതി മേഖല വലിയ താമസമില്ലാതെ മാറും.

വൈദ്യുതി ബോർഡ് കണക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും വലിയുന്ന ഇലാസ്തികത നിറഞ്ഞതാണെന്നു പറയാം. വലിയ മിടുക്കുണ്ടെന്നു കാണിക്കാൻ കെ.എസ്.ഇ.ബി ലാഭത്തിലാണെന്നു പറയും. അതേ വർഷം തന്നെ വൈദ്യുതി നിരക്ക് ഉയർത്താൻ കണക്ക് കൊടുക്കുമ്പോൾ നഷ്ടമാണെന്നു പറയും. കഴിഞ്ഞ വർഷം ബോർഡ് 760 കോടി പ്രവർത്തനലാഭമുണ്ടാക്കിയെന്നും വലിയ നേട്ടമാണെന്നുമാണ് കൊട്ടിഘോഷിച്ചത്. ബോർഡിന് കണക്ക് കൊടുത്തപ്പോൾ 2000 കോടിയിലേറെ രൂപയുടെ കമ്മിയെന്നു പറഞ്ഞു.

ലാഭത്തെക്കുറിച്ച് മിണ്ടിയില്ല. നഷ്ടക്കണക്കു മാത്രം. സാധനങ്ങൾ വിൽപനക്കു വെക്കുമ്പോൾ വിൽപനക്കാരൻ അൽപം വില കൂട്ടി പറയുന്നതുപോലെയാണ് വൈദ്യുതി ബോർഡ് കണക്കുകൾ ഉണ്ടാക്കുന്നത്. റെഗുലേറ്ററി കമീഷൻ ചിലത് വെട്ടും എന്ന് കരുതി അൽപം കൂട്ടി കാണിക്കുന്നു. കമീഷന് നൽകിയ പ്രതീക്ഷിത കണക്കുകളും കമീഷൻ അംഗീകരിച്ച കണക്കുകളും നോക്കിയാൽ ഇത് വ്യക്തമാണ്.

സാധാരണക്കാരെ പിഴിയുന്നതിലെ ആനന്ദം

സർക്കാർ സ്ഥാപനങ്ങൾക്ക് കാലത്തിനനുസരിച്ച് വരുമാനവർധന വേണമെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ, കിട്ടാനുള്ളത് പിരിച്ചെടുക്കാൻ ഈ സംവിധാനങ്ങളൊക്കെ ഉണ്ടായിട്ടും അവർക്ക് താൽപര്യമില്ല. സർക്കാറായാലും വൈദ്യുതി ബോർഡായാലും ജല അതോറിറ്റിയായാലും അക്കാര്യത്തിൽ കാര്യമായ വ്യത്യാസമൊന്നുമില്ല.

സംസ്ഥാന സർക്കാർ 21797.86 കോടി രൂപയാണ് നികുതി കുടിശ്ശികയായി പിരിച്ചെടുക്കാൻ ബാക്കി കിടക്കുന്നത്. ഇതിൽ 7100.32 കോടി രൂപയും അഞ്ചു വർഷത്തിലേറെയായി പിരിക്കാത്തതാണ്. 4499.55 കോടി വിൽപന നികുതി ഇനത്തിൽ മാത്രം കുടിശ്ശിക വന്നിട്ടുണ്ട്; 942.58 കോടി വാഹന നികുതി ഇനത്തിലും. അബ്കാരി കുടിശ്ശിക 269.05 കോടിയുണ്ട്. 6143.28 കോടി രൂപയുടെ കുടിശ്ശികക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്.

വൈദ്യുതി ബോർഡ് പിരിച്ചെടുക്കാൻ 3000 കോടിയിലേറെ രൂപയുടെ കുടിശ്ശികയുണ്ട്.. ഇതിൽ 1800 കോടിയോളം സർക്കാർ സ്ഥാപനങ്ങളാണ് വരുത്തിയത്. ജല അതോറിറ്റി മാത്രം 1000 കോടിക്കടുത്ത് നൽകാനുണ്ട്. സാധാരണക്കാരൻ ബിൽ അടച്ചില്ലെങ്കിൽ കൃത്യമായി ഫ്യൂസ് ഊരും. വൻകിടക്കാരാണ് സ്വകാര്യ കുടിശ്ശികക്കാരിൽ ഏറെയും. അവരെ തൊടില്ല. ജലഅതോറിറ്റിയുടെ സ്ഥിതിയും അതുപോലെതന്നെ. കുടിശ്ശിക 1500 കോടിയിലേറെ. സർക്കാറും പൊതുമേഖലയും ചേർന്ന് നൽകാനുള്ളത് 1188.24 കോടി; ഗാർഹികം 190.63 കോടിയും. തദ്ദേശ സ്ഥാപനങ്ങൾതന്നെ 772 കോടി രൂപ നൽകാനുണ്ട്.

സർക്കാറും ജലഅതോറിറ്റിയും വൈദ്യുതി ബോർഡും ഈ കുടിശ്ശികകളൊക്കെ പിരിച്ചെടുത്താൻ നികുതി വർധനയും നിരക്കുവർധനയും ഒഴിവാക്കാമായിരുന്നു. കോവിഡിലും സാമ്പത്തികമാന്ദ്യത്തിലും കെടുതിയനുഭവിച്ച് ജീവിക്കാൻ നെട്ടോട്ടമോടുന്ന ജനത്തെ ഇങ്ങനെ പിടിച്ചു പറിക്കേണ്ടായിരുന്നു. കുടിശ്ശിക പിരിച്ചെടുത്താൽ വൈദ്യുതി നിരക്ക് വർധന ഒഴിവാക്കാവുന്നതേയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electricity TariffKerala BudgetKSEB
News Summary - No arrears, rate hike diet
Next Story