അഞ്ചാണ്ട് കഴിഞ്ഞിട്ടും ആറിലൊന്ന് ഊരിലും ഭക്ഷണ പദ്ധതിയില്ല
text_fieldsഉരുക്കുശക്തിയുള്ള കാട്ടുപാറയോട് ചേർത്തിടിച്ച് മധുവിെൻറ തലച്ചോറിൽ ചോര കലക്കി സെൽഫിയുമായി ഒരുകൂട്ടം ആർത്തുല്ലസിച്ചത് പുറംലോകമറിഞ്ഞപ്പോൾ പൂർണ നേരസ്ഥത ചമയാൻ പല തന്ത്രാവിഷ്കാരങ്ങളും അട്ടപ്പാടിയിൽ നടന്നു. അക്രമികളുമായി ഒരു ബന്ധവുമില്ലാത്ത ചിലരെങ്കിലും ഇതിന് മുന്നിട്ടിറങ്ങി എന്നത് വസ്തുതയാണ്. മധുവിെൻറ പകലിരവുകൾ കൊടും വിശപ്പിേൻറതായിരുന്നു എന്ന സത്യം തങ്ങളിൽ പലർക്കും ഹിതകരമല്ലെന്നത് ഈ ശ്രമത്തിന് ആക്കംകൂട്ടുകയും ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് മരിച്ച മധുവിെൻറ ജഡം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽനിന്ന് വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതു മുതൽ ശനിയാഴ്ച ൈവകീട്ട് ചിണ്ടക്കിയിൽ സംസ്കാരം നടക്കുന്നതുവരെ അഗളിയിൽ ഗോത്രവർഗ ജനതയുടെ സ്വാഭാവിക പ്രതിഷേധസമരം ഉണ്ടായിരുന്നു. വിശക്കുന്ന ആദിവാസിക്ക് ഭക്ഷണം ഉറപ്പാക്കാനുള്ളതുൾപ്പെടെ അട്ടപ്പാടിയിലെ കോടികളുടെ പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള ചിലരെ ഈ സമര വേദിയുടെ പരിസരത്ത് സജീവമായി കണ്ടു. ആദിവാസി കുലത്തിെൻറ പ്രതിഷേധത്തിന് തീപകരുകയായിരുന്നു ഇവരിൽ പലരുടേയും ലക്ഷ്യം എന്ന് ബോധ്യപ്പെടാൻ അധികനേരമൊന്നും ആവശ്യമില്ലായിരുന്നു. വിശപ്പകറ്റാനുള്ള പദ്ധതി പലയിടത്തും ജലരേഖയായി മാറിയതിലെ എതിർപ്പ് ഈ രണ്ടു ദിവസങ്ങളിൽ ഗോത്രജനതയിൽനിന്ന് ലവലേശം ഉണ്ടായതുമില്ല. വെപ്പുകാരന് പറ്റിയ പിഴവ് മറയ്ക്കാൻ വീട്ടുടമയെ പ്രതിയാക്കുന്ന ഈ സാമർഥ്യം പക്ഷേ, ധരിക്കാൻ നിർമല മനസ്സുള്ള ആദിവാസിക്ക് കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. ഫണ്ട് കൈപ്പറ്റുന്ന എൻ.ജി.ഒകളുമായി സജീവ ബന്ധമുള്ളവരും പരിസരത്ത് നിറഞ്ഞുനിന്നു. ഓരോ ഘട്ടത്തിലും സമരവീര്യത്തിന് എരിവ് പകരാനും നീക്കങ്ങളുണ്ടായി. സാഡിസ്റ്റുകളെ വെല്ലുന്ന ക്രൂരതയുമായി ഒരുസംഘം നടത്തിയ പേക്കൂത്തിന് മധു വിധേയനാവുമ്പോൾ അയാൾ വിശപ്പിനടിമയായിരുന്നു. കൊടുംവിശപ്പാണ് മധുവിെൻറ മരണത്തിന് വഴിവെച്ചതെന്ന് പറയാം. ഊരുകളിൽ വിശപ്പുണ്ടെന്ന് വരുന്നത് ചിലർക്ക് ദഹിക്കില്ല. വിശപ്പെന്ന വസ്തുതയെ മറവിയിലാക്കി മധുവിെൻറ കൊലപാതകികൾക്കെതിരെ ഉറഞ്ഞുതുള്ളേണ്ടത് അവർക്ക് ആവശ്യമായിരുന്നു.
വെള്ളരിക്കാപട്ടണം എന്ന പരിഹാസ വാക്കിെൻറ അർഥതലങ്ങൾക്കപ്പുറം പ്രസക്തിയുള്ളതാണ് അട്ടപ്പാടിയിലെ കോടികളുടെ ഫണ്ട് വിനിയോഗം. ജനങ്ങളുടെ നികുതിപ്പണം ലവലേശം കണക്കും പരിശോധനയുമില്ലാതെ തോന്നിയപോലെ തറവാട്ട് സ്വത്തെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നത് കാണണമെങ്കിൽ അട്ടപ്പാടി മല കയറിയിറങ്ങണം. ശിശുമരണം തുടർക്കഥയായ 2013ൽ കേന്ദ്ര മന്ത്രിയായിരുന്ന ജയ്റാം രമേശ് അട്ടപ്പാടിയിലെത്തി പ്രഖ്യാപിച്ചതാണ് 140 കോടി രൂപയുടെ കുറുമ്പ പാക്കേജും 80 കോടി രൂപയുടെ അന്നമുറപ്പാക്കൽ പദ്ധതിയും. ഈ രണ്ട് പദ്ധതികളും നടപ്പാക്കിയ സമ്പ്രദായം സ്വതന്ത്ര ഇന്ത്യക്കുതന്നെ പുതുമയുള്ളതാണ്.
പ്രഖ്യാപനമുണ്ടായി അഞ്ചാണ്ട് പിന്നിട്ടിട്ടും സമൂഹ അടുക്കള എന്ന അന്നമുറപ്പാക്കൽ പദ്ധതി പ്രാവർത്തികമായത് അട്ടപ്പാടിയിലെ 192 ആദിവാസി ഊരുകളിൽ കേവലം 35 എണ്ണത്തിൽ മാത്രം. ഒരുനേരം പകുതി വയർ നിറക്കാൻ പോലും വഴിയില്ലാതലഞ്ഞ പാവം മധുവിെൻറ കടുകുമണ്ണ ഊരിൽ ഇപ്പോഴും അന്യമാണ് ഈ പദ്ധതി. എത്ര ചെലവഴിച്ചുവെന്നോ, നടപ്പാക്കുന്നതിൽ സുതാര്യത ഉണ്ടോ എന്നോ ഈ പദ്ധതിയുടെ തലപ്പത്തുള്ളവരോട് ചോദിച്ചിട്ട് ഒരു ഫലവും അട്ടപ്പാടിയിലെ ജനതക്ക് ഇതുവരെ ഉണ്ടായില്ല. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ അട്ടപ്പാടിയിലെത്തി നടത്തിയ വിശദ പരിശോധനയിൽ ക്രമക്കേട് ഉണ്ടെന്ന് ബോധ്യപ്പെട്ടെങ്കിലും ഒരുതരത്തിലുള്ള തുടർ നടപടിയും ഉണ്ടായില്ല.
നാഷനൽ റൂറൽ ലൗലി മിഷൻ നടപ്പാക്കുന്ന സമൂഹ അടുക്കള പദ്ധതി എന്തുകൊണ്ട് മുഴുവൻ ഊരുകളിലും നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന സംശയത്തിനും മറുപടിയില്ല. സംസ്ഥാന സർക്കാറിെൻറ പരിധിയിൽ വരുന്നതല്ല ഈ പദ്ധതി നടത്തിപ്പ്. കേന്ദ്രം നേരിട്ട് ഏൽപിച്ചു നൽകിയതാണ്. നാട്ടിലെവിടെയെങ്കിലും റോഡിെൻറ അറ്റകുറ്റപ്പണി നടക്കുന്നതിലെ സർക്കാർ ചിട്ടവട്ടങ്ങൾ പോലും ആദിവാസികൾക്ക് ഭക്ഷണം നൽകാനുള്ള ഈ പദ്ധതിക്ക് ഇല്ല. ചോദ്യങ്ങളോട് പദ്ധതി തലപ്പത്തുള്ളവർക്ക് പുച്ഛമാണ്. അനുവദിച്ചതിൽ 16 കോടി രൂപ ഇതിനകം ചെലവഴിച്ചുവെന്ന് അട്ടപ്പാടിക്കാർ ധരിക്കുന്നു. ചില ഊരുകളിൽ ആട്, പശു എന്നിവയുടെ വിതരണത്തിനും പച്ചക്കറി കൃഷിക്കായി 22 ലക്ഷം രൂപ ചെലവഴിച്ചുവെന്ന് അവർ മനസ്സിലാക്കുന്നു. മധുവിെൻറ ഊരിനോട് ചേർന്ന് 200 ഏക്കറിൽ ജൈവ പച്ചക്കറി കൃഷി എന്ന വാദവും അട്ടപ്പാടിയിലെ ഗോത്രവർഗ ഊരുകൾ കേട്ടിട്ടുണ്ട്. 140 കോടി രൂപയുടെ കുറുമ്പ പാക്കേജ് ചില പുത്തൻ റോഡുകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും പ്രത്യേക ജീവിത സംസ്കൃതിയുള്ള കുറുമ്പ വിഭാഗത്തിന് ഇതുകൊണ്ട് എത്രത്തോളം ഗുണം ലഭിച്ചുവെന്നറിയാൻ ഗവേഷണം വേണ്ടിവരും. സമൂഹ അടുക്കള ഫലവത്തായി നടന്നിരുന്നുവെങ്കിൽ പല ഊരുകളേയും വരിഞ്ഞുമുറുക്കുന്ന വിശപ്പെന്ന മാരണത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാൻ കഴിയുമായിരുന്നു. ഈ പദ്ധതി നടത്തിപ്പിെൻറ തലപ്പത്ത് ഉള്ള ചില മുഖങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അഗളി കവലയിൽ മധുവിെൻറ മരണത്തിൽ അമർഷം പ്രകടിപ്പിച്ച് അരങ്ങേറിയ സമരത്തിൽ ആദ്യവസാനക്കാരായി ഉണ്ടായിരുന്നു. സമരസ്ഥലത്തെ ഭക്ഷണ വിതരണം പോലും ഇവരുടെ അധീനതയിലായിരുന്നുവെന്ന് അനുഭവസ്ഥർ പറയുന്നു.
അട്ടപ്പാടിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ ജപ്പാൻ സഹായത്തോടെ 219 കോടി രൂപ ചെലവഴിച്ച് പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി പ്രാവർത്തികമാക്കിയ മൂന്ന് പഞ്ചായത്തുകളാണ് അട്ടപ്പാടിയിലേത്. അട്ടപ്പാടി ഹിൽസ് ഏരിയ െഡവലപ്മെൻറ് സൊസൈറ്റി എന്ന ഏജൻസി നടപ്പാക്കിയ ഈ പദ്ധതികൊണ്ട് ഏറെ ഗുണം ഗോത്രവർഗ ജനതക്ക് ഉണ്ടായി. കൃത്യമായ കണക്കും കാര്യങ്ങളും ഉണ്ടായിരുന്ന ഈ പദ്ധതി ഇപ്പോൾ നിലവിലില്ല. ശിശുമരണാനന്തരം പ്രഖ്യാപിക്കപ്പെട്ട കോടികളുടെ പദ്ധതി ചിലർക്ക് ചാകരയായിരുന്നു. അതിന് ഒരു ഉദാഹരണമാണ് സമൂഹ അടുക്കള. അട്ടപ്പാടിയിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങൾ ഏതാണ്ടപ്പാടെ ഈ പദ്ധതിയുടെ ഏകപക്ഷീയ സ്വഭാവത്തിലുള്ള നടത്തിപ്പിൽ പ്രതിഷേധമുള്ളവരാണ്. പക്ഷേ, തലപ്പത്തുള്ളവർക്ക് ലവലേശം കൂസലില്ല. മുകളിലെ പിടിപാടാണ് കാരണം.
അടുക്കള പദ്ധതിക്ക് പുറമെ സർക്കാർ ഫണ്ട് വാങ്ങുന്ന മൂന്ന് എൻ.ജി.ഒകൾ അട്ടപ്പാടിയിൽ ഉണ്ടെന്നാണ് കണക്ക്. ആദിവാസി ക്ഷേമംതന്നെയാണ് ഇവരുടേയും ലക്ഷ്യം. ഇവരുമായി ബന്ധപ്പെട്ടവരേയും അഗളിയിലെ സമരമുഖത്ത് കാണാമായിരുന്നു. മറ്റു പല പദ്ധതികളും ഇതിനകം തുടങ്ങിയ അട്ടപ്പാടിയിൽ അവയുടെ ഏകോപനത്തിനായി സ്പെഷൽ ഓഫിസറെ നിയമിച്ചിട്ടുണ്ട്. എന്നാൽ, വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മ വലിയ തടസ്സമാണ്. ഊരുകളിൽ ചെലവഴിക്കുന്ന ഓരോ രൂപയും യഥാർഥ പ്രയോജനത്തിന് വഴിവെക്കുന്നില്ലെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. ഇത് പരിഹരിക്കാൻ നടപ്പാക്കുന്ന ഓരോ പദ്ധതിയും വിജിലൻസ് നിരീക്ഷണത്തിലാക്കാനുള്ള ആലോചന തുടക്കത്തിലേ അട്ടിമറിക്കപ്പെട്ടു. അഹാഡ്സിെൻറ പിൻവലിയൽ തുടർന്നുവന്ന പദ്ധതി നടത്തിപ്പുകാരെ ഒരു പരിധിവരെ ആഹ്ലാദത്തിലാക്കി.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.