പട്ടിണിയുടെ നോവിനെ തൊട്ടറിയുമ്പോൾ
text_fieldsലോകപ്രശസ്ത ധനതത്ത്വ ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അഭിജിത് ബാനർജി തന്റെ കോളജ് കാലത്തെ തികച്ചും വ്യത്യസ്തമായഒരു റമദാൻ ഓർമ കുറിച്ചിടുന്നു. ഒപ്പം, പട്ടിണികിടക്കുന്ന അയൽവാസിയെ സഹായിക്കാൻ ഒരുക്കേണ്ട സാമൂഹിക പിന്തുണകളെക്കുറിച്ചും ഓർമപ്പെടുത്തുന്നു..
1980ലെ റമദാനിലായിരുന്നിരിക്കണം, കൊൽക്കത്തയിലെ കോളജ് സ്ട്രീറ്റിൽ നിന്ന് സക്കറിയ സ്ട്രീറ്റിലേക്ക് നടന്ന് കൃത്യം സൂര്യാസ്തമയത്ത് എത്തിച്ചേർന്ന് ആഘോഷിക്കാനുള്ള മഹാപദ്ധതി ഞങ്ങളിട്ടത്. അതീവ ലോലമായ സുട്ട്ലി കബാബ്, മണിക്കൂറുകളോളം അടുപ്പിൽ വെച്ച് സാവധാനം പാകം ചെയ്തെടുത്ത നിഹാരിയും കുങ്കുമപ്പൂ മണമുള്ള ഷീർമലും, റോസ് സിറപ്പിൽ മുങ്ങിയ കുൽഫി-ഫലൂദ...ഇതൊക്കെ ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പിന്നെ ബിരിയാണിയുടെ കാര്യം പറയേണ്ടതില്ലല്ലോ, അതും ചോറിന്റെ കൂമ്പാരത്തിനിടയിൽ പുഴുങ്ങിയ മുട്ടയും ഉരുളക്കിഴങ്ങും പൊന്തിക്കിടക്കുന്ന കൊൽക്കത്ത സ്റ്റൈലിലുള്ള ബിരിയാണി, സ്വർണനിറമാർന്ന ഷാഹി ടുക്ഡ (മധുരമോ കൊഴുപ്പോ കഴിക്കുന്നതിൽ ഞങ്ങൾക്കൊരു ബേജാറുമില്ലാത്ത കാലമായിരുന്നു അത്), ഹലീം ഇത്യാദികളൊക്കെ മനസ്സിൽ കണ്ടു.
നമ്മൾ പകൽ ഭക്ഷണം ഉപേക്ഷിച്ചു തന്നെ വേണം സൂര്യാസ്തമയ വേളയിൽ ഇഫ്താർ ഭക്ഷണം കഴിക്കാൻ ചെല്ലാൻ, ഒരു കൂട്ടുകാരി കൃത്യമായ ഒരു നിർദേശം മുന്നോട്ടുവെച്ചു. എല്ലാവരും ഉടനടി സമ്മതമറിയിച്ചു. രാവിലെ പത്തുമണിക്കായിരുന്നു അത്. അൽപം മുമ്പ് കഴിച്ച പ്രാതൽ എല്ലാവരുടെയും വയറുകളിൽ ഓളംകളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ദിനേന നാലു നേരമെങ്കിലും നന്നായി കഴിക്കുന്ന ബംഗാളി ഭക്ഷണക്രമം പിന്തുടരുന്ന ഞങ്ങൾ ഉച്ചക്ക് ഒരു മണിയായപ്പോഴേക്ക്, ഞങ്ങളെടുത്ത തീരുമാനം എത്രമാത്രം ശരിയായിരുന്നു എന്ന് ആലോചിക്കാൻ തുടങ്ങി.
ഉച്ചക്ക് രണ്ടരക്ക് സ്റ്റാറ്റിസ്റ്റിക്സ് ക്ലാസായിരുന്നു. വയറ്റിനുള്ളിലെ ആളൽ അവഗണിച്ച്, അധ്യാപകൻ പഠിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ശ്രമിക്കുമ്പോഴും എന്റെ മനസ്സിൽ നീളത്തിൽ അരിഞ്ഞ ഇഞ്ചിക്കഷണങ്ങളും വറുത്തുകോരിയ സവാളയുംകൊണ്ട് അലങ്കരിച്ച ഹലീം പാത്രങ്ങളായിരുന്നു. പിന്നെയും നാലു മണിക്കൂർ താണ്ടണമായിരുന്നു ഞങ്ങൾക്ക് ഭക്ഷണത്തളികകൾക്കരികിലെത്താൻ. അതുകൊണ്ടാണ് പറയുന്നത്, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ പഠനനിലവാരം മെച്ചപ്പെടുത്തണമെങ്കിൽ അവർക്ക് സ്കൂളിൽനിന്ന് ഭക്ഷണം ഉറപ്പാക്കണമെന്ന്. എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് നൽകിവന്നിരുന്ന സൗജന്യ ഉച്ചഭക്ഷണപദ്ധതിയിൽ യു.പി വിദ്യാർഥികളെക്കൂടി ഉൾക്കൊള്ളിക്കാൻ 2009ൽ ഡൽഹി സർക്കാർ തീരുമാനിച്ച ഘട്ടത്തിൽ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലെ എന്റെ സുഹൃത്ത് രോഹിണി സോമനാഥനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫർസാന അഫ്രിദിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിലെ ബിദിഷ ബറുവയും ചേർന്ന് ഒരു പഠനം നടത്തിയിരുന്നു. അതുപ്രകാരം, ഭക്ഷണം ലഭിക്കാൻ തുടങ്ങിയ ശേഷം കാര്യങ്ങൾ വായിക്കാനും ഗ്രഹിക്കാനുമുള്ള കുട്ടികളുടെ ശേഷിയിൽ ഗണ്യമായ വർധനവുണ്ടായതായി കണ്ടെത്തി.
ആ റമദാൻ ദിനത്തിൽ ഞാൻ മനസ്സിലാക്കിയതും അതാണ്, വയർ എരിയുന്ന നേരത്ത് ഭക്ഷണത്തെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലുമൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് പ്രയാസകരമാണെന്ന കാര്യം. ഇത് ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, പരീക്ഷഫലമോ അതല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളുടെ രോഗപരിശോധന റിപ്പോർട്ടോ കാത്തിരിക്കുമ്പോഴും, പ്രിയമുള്ളൊരാളിൽനിന്ന് ഒരിക്കലും വരാത്ത ഒരു വാട്സ്ആപ് മെസേജ് പ്രതീക്ഷിച്ചിരിക്കുമ്പോൾപോലും മറ്റെന്തിനെയെങ്കിലും കുറിച്ച് ചിന്തിക്കാൻ പ്രയാസമാണ്. വികാരാധീനമായ മനസ്സിന് അടിമയാണ് നമ്മുടെ ബോധം. പക്ഷേ, ദരിദ്രരെ സംബന്ധിച്ചിടത്തോളം അത് ഇരട്ടശാപമാണ്.
അവരുടെ നിലനിൽപുതന്നെ അപകടത്തിലായിരിക്കെ, ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽപ്പോലും വ്യക്തമായി ചിന്തിക്കാനും നിർണായകമായി പ്രവർത്തിക്കാനുമുള്ള അവരുടെ കഴിവ് അപഹരിക്കപ്പെടുന്നു.
കൂടുതൽ ഭക്ഷണലഭ്യതയുള്ള ജോലികൾ നഗരങ്ങളിൽ ലഭ്യമായിട്ടുപോലും വിളകൾ നട്ടുപിടിപ്പിച്ച ശേഷമുള്ള മാർച്ച്-ഏപ്രിൽ, സെപ്റ്റംബർ-നവംബർ മാസങ്ങളിൽ (മോംഗ മാസങ്ങൾ) വയലുകളിൽ ജോലിയില്ലെന്നതിനാൽ പടിഞ്ഞാറൻ ബംഗ്ലാദേശിലുള്ള രാംഗ്പൂരിലെ ദരിദ്ര കുടുംബങ്ങളിൽ വലിയൊരു ഭാഗം ദിവസേന 1,400 കലോറിയോ അതിൽ കുറവോ മാത്രമുള്ള ഭക്ഷണംകൊണ്ട് കഴിഞ്ഞുകൂടുന്നത് എന്തുകൊണ്ടാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാനാവും.
എന്റെ സുഹൃത്തുക്കളും ദാരിദ്ര്യ നിർമാർജനത്തിനായി ഗവേഷണം നടത്തുന്ന ആഗോള കേന്ദ്രമായ ജെ-പാലിലെ (അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ്) സഹപ്രവർത്തകരുമായ ഗരദ് ബ്രയാൻ മുഷ്ഫിഖ് മുബാറക്കും നടത്തിയ മനോഹരമായ ഗവേഷണത്തിൽനിന്ന് വ്യക്തമായതുപോലെ, ഒരു സന്നദ്ധ സംഘടനയുടെ പിന്തുണയോടെ അവർ നഗരത്തിലേക്ക് നീങ്ങുകയും സാധാരണഗതിയിൽ ലഭിക്കാനിടയില്ലാത്തത്ര പണം അവിടെ നിന്ന് സ്വരൂപിക്കാൻ സാധിച്ച ശേഷവും അത് സത്യമായി തുടരുന്നു. തങ്ങൾക്ക് ഇനി എന്താണ് സംഭവിക്കുക എന്ന ആകുലചിന്തയിൽ അവർ ചിലയിടങ്ങളിൽ മരവിച്ചിരിക്കുകയാണെന്ന് തോന്നുന്നു.
സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിലുള്ള എന്റെ പരിശീലനം ഇതിനെ അൽപം വിരോധാഭാസമാക്കുന്നുണ്ട്, കാരണം ആളുകൾ തങ്ങളുടെ ആവശ്യത്തോട് പ്രതികരിക്കുമെന്നാണ് ഞങ്ങൾ അനുമാനിക്കുന്നത്. അതേ സമയം മക്കൾ ഒറ്റ ദിവസത്തെ സ്കൂൾ ക്യാമ്പിന് പോകുമ്പോൾപോലും അവർക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടുന്നുണ്ടാകുമോ എന്ന് ആകുലപ്പെടുന്ന എന്നെപ്പോലൊരു രക്ഷിതാവിന്, വിശക്കുന്ന കുഞ്ഞുങ്ങളോട് വീട്ടിൽ ഭക്ഷണമൊന്നുമില്ലെന്നും കുറെ നാളത്തേക്ക് കാര്യമായി ഒന്നുമുണ്ടാവില്ലെന്നും പറയേണ്ടിവരുന്ന രക്ഷിതാവിന്റെ മാനസികാവസ്ഥ ഊഹിക്കാനാവില്ല. അടിമുടി തളർത്തിക്കളഞ്ഞേക്കാവുന്ന അമിതമായ ഉത്തരവാദിത്തബോധം നിറഞ്ഞ മാനസികാവസ്ഥയിലാണ് ഇതുകൊണ്ടെത്തിക്കുക എന്ന് ഞാൻ സംശയിക്കുന്നു.
അതുകൊണ്ടാണ് ഒരു കമ്പോള സമ്പദ് വ്യവസ്ഥയിൽപോലും നമുക്ക് പരസ്പര സഹായ സംവിധാനങ്ങൾ ആവശ്യമായി വരുന്നത്.
ദാനധർമമല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്, അതും പ്രധാനമാണെങ്കിലും. ആവശ്യമുള്ള സുഹൃത്തുക്കളെയും അയൽക്കാരെയും സഹായിക്കുന്നതിനുള്ള ഒരു മാനദണ്ഡമുണ്ടെന്നുവരികിൽ കാര്യങ്ങൾ എളുപ്പമാകും.
വികസ്വര ലോകത്തെമ്പാടുമുള്ള ഒട്ടുമിക്ക ഗ്രാമീണ സമൂഹങ്ങൾക്കും ഇതിന്റെ ഒരു പതിപ്പുണ്ട്, കാലാവസ്ഥമാറ്റം, കീടശല്യം, ലോക വിപണികൾ എന്നിവയൊന്നും കർഷകരുടെ നിയന്ത്രണത്തിലേയല്ല - എന്നാൽ, ഗ്രാമീണ മേഖലകളിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നത്, മോശം സമയങ്ങളിൽ ഉപഭോഗം വരുമാനത്തേക്കാൾ കുറയുന്നില്ല എന്നാണ്. അതായത്, കുടുംബങ്ങൾക്ക് എവിടെ നിന്നെങ്കിലും ഏതെങ്കിലും വിധത്തിലെ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന്.
ദൗർഭാഗ്യകരമെന്നുപറയട്ടെ, സാമൂഹിക പിന്തുണയുടെ ഈ രൂപങ്ങൾ തികച്ചും അപൂർണമാണ്, കൂടാതെ ചുറ്റുമുള്ള സകലരും ബുദ്ധിമുട്ടിലാവുന്ന സാഹചര്യങ്ങളിൽ രംഗ്പൂരിലെന്നപോലെ, ആവശ്യം ഏറ്റവും വർധിച്ചുനിൽക്കുന്ന ഘട്ടത്തിൽ അത് തകർന്നുപോകാറുമുണ്ട്.
അതുകൊണ്ട് സർക്കാറുകൾ ഈ സമയങ്ങളിൽ യഥാവിധി ഇടപെടാൻ സന്നദ്ധമാകേണ്ടതുണ്ട്.
സമൂഹം ഒരുമിച്ചുചേർന്ന് കാര്യങ്ങൾ ചെയ്യുന്ന റമദാനും ഗണേശ പൂജയും പോലുള്ള സന്ദർഭങ്ങൾ ബന്ധങ്ങളുടെ പ്രാധാന്യം അടിവരയിടുന്നുണ്ട്. എന്റെ യൗവനകാലത്ത് സമ്പന്ന ഹിന്ദു കുടുംബങ്ങൾ ഇഫ്താർ വിരുന്നുകൾ ഒരുക്കിയിരുന്നു. നോമ്പുനോറ്റ് ക്ഷീണിച്ചിരിക്കുന്നതിനിടെ പാചകം ചെയ്യുന്നതിൽനിന്ന് തങ്ങളുടെ സുഹൃത്തുക്കൾക്കും അയൽക്കാർക്കും വിടുതൽ നൽകാനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുമുള്ള അവസരമായാണ് അവരതിനെ കണ്ടിരുന്നത്.
ഇപ്പോഴും അതെല്ലാം നടക്കുന്നുണ്ട് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു (ഒപ്പം സംശയിക്കുകയും ചെയ്യുന്നു), ആ വിരുന്നുകളിൽ മനുഷ്യന് സാധ്യമായതിൽ വെച്ച് ഏറ്റവും സ്വാദിഷ്ടമായ വിഭവമായ ഹലീം വിളമ്പുന്നുണ്ടാകുമെന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.