മറക്കില്ല, ബാബരിയെയും ജീലാനിയേയും
text_fields2.71 ഏക്കർ ഭൂമിക്കുവേണ്ടിയോ, രാജ്യത്തെ മുസ്ലിംകൾക്കുവേണ്ടിയോ മാത്രമല്ല, ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങളും മതനിരപേക്ഷ തത്ത്വങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം നയിച്ചയാൾ എന്നാവും സഫർയാബ് ജീലാനിയെ കാലം ഓർമിക്കുക. രാജ്യത്തെ നിയമസംവിധാനത്തിൽ അത്രമാത്രം വിശ്വാസമാണദ്ദേഹം കാത്തുപോന്നത്
ജീവിതത്തിൽ ഏറ്റവും സങ്കടപ്പെട്ട ദിനമേത് എന്ന ചോദ്യം മാധ്യമപ്രവർത്തകർ മുഴുമിപ്പിക്കും മുമ്പേ 1992 ഡിസംബർ ആറ്-വർഗീയ ഭീകരശക്തികൾ ബാബരി മസ്ജിദ് തകർത്തുകളഞ്ഞ ദിവസം എന്നു പറയുമായിരുന്നു അഡ്വ. സഫർയാബ് ജീലാനി. അദ്ദേഹത്തിനത് വെറുമൊരു പള്ളിയായിരുന്നില്ല.
മസ്ജിദ് അന്യായമായി അന്യാധീനപ്പെടുത്തിയതിനെതിരെ പരാതി നൽകിയ മുഹമ്മദ് ഹാഷിം അൻസാരിയുടെ സൈക്കിളിന് പിറകിലിരുന്ന് 1984 ഡിസംബറിൽ ആദ്യനോട്ടം കണ്ടതു മുതൽ ബാബരി മസ്ജിദ് വിമോചനം ജീലാനിയുടെ ജീവിതദൗത്യം തന്നെയായിരുന്നു.
നീതിയിലൂന്നിയ നിയമമാർഗ പോരാട്ടത്തിലൂടെ മസ്ജിദ് വീണ്ടെടുക്കാനാകുമെന്നും രാജ്യത്തെ ഭരണകൂടത്തിന്റെ സകല പിന്തുണയും അതിനുണ്ടാകുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ബാബരി ധ്വംസനത്തിന് മൂന്നാഴ്ച മുമ്പ് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ വീട്ടിൽ ചെന്നു കണ്ട നേതാക്കളുടെ കൂട്ടത്തിൽ ബാബരി മസ്ജിദ് ആക്ഷന് കമ്മിറ്റി അധ്യക്ഷനെന്ന നിലയിൽ ജീലാനിയുമുണ്ടായിരുന്നു.
പള്ളിവളപ്പിൽ ഡിസംബർ ആറിന് വി.എച്ച്.പി പ്രഖ്യാപിച്ചിരിക്കുന്ന ഒത്തുചേരലിനെക്കുറിച്ച് അവർ റാവുവിനോട് ആശങ്കയറിയിച്ചു- ആറുമണിക്കൂർ കൊണ്ട് അയൽരാജ്യത്തേക്ക് പട്ടാളത്തെ അയക്കാൻ അധികാരമുള്ള ഈ രാജ്യത്തെ പ്രധാനമന്ത്രിയാണ് താനെന്നും അരുതാത്തത് എന്തെങ്കിലും സംഭവിക്കുമെന്നുവന്നാൽ അയോധ്യയിലേക്ക് സൈന്യത്തെ അയക്കാൻ തനിക്ക് സാധിക്കുമെന്നുമായിരുന്നു മറുപടി.
മതേതര ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രി വാക്കുപാലിക്കുമെന്ന് മറ്റെല്ലാവരേയും പോലെ ജീലാനിയും വിശ്വസിച്ചു. 16 ഭാഷകളിൽ പരിജ്ഞാനമുള്ളയാൾ എന്നറിയപ്പെടുന്ന റാവു പണ്ട് ആഭ്യന്തരമന്ത്രിയായിരിക്കെ ഡൽഹിയിൽ ആയിരക്കണക്കിന് സിഖുകാർ കൂട്ടക്കൊലക്കിരയായപ്പോൾ പുലർത്തിയ അതേ മൗനം ബാബരി മസ്ജിദ് തകർക്കുന്നതറിഞ്ഞപ്പോഴും തുടർന്നു.
ബാബരി മസ്ജിദ് വീണ്ടെടുക്കാനുള്ള നിയമപോരാട്ടത്തിനായി ഏറ്റവും മികച്ച അഭിഭാഷകരെ അണിനിരത്താനും രാജ്യമൊട്ടുക്കുനിന്നും പിന്തുണ സ്വരൂപിക്കാനുമാണ് ജീവിതത്തിന്റെ പിന്നീടുള്ള ഓരോ നിമിഷവും അദ്ദേഹം ചെലവിട്ടത്. ബാബരി കാമ്പയിനുമായി ഇന്ത്യയുടെ ഓരോ ദിക്കിലും സഞ്ചരിച്ച് സംസാരിക്കുമ്പോഴും നിയമവാഴ്ചയിലും നീതിപീഠത്തിലും വിശ്വാസം ശക്തമാക്കണമെന്ന ആഹ്വാനം ആവർത്തിച്ചുകൊണ്ടേയിരുന്നു.
ബാബരി മസ്ജിദ് വീണ്ടെടുപ്പിനായുള്ള പോരാട്ടം ഒരർഥത്തിൽ നിയമസാക്ഷരതാ യജ്ഞമായി പരിവർത്തിപ്പിച്ച അദ്ദേഹം അന്യായങ്ങൾക്കെതിരെ ശബ്ദിക്കാനും അവകാശങ്ങൾക്കായി വാദിക്കാനും രാജ്യത്തെ പിന്നാക്ക-ന്യൂനപക്ഷ സമൂഹങ്ങളെ ഏറെ പ്രചോദിപ്പിച്ചു.
ശബരിമല സ്ത്രീപ്രവേശന വിധിക്കുപിന്നാലെ മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജിയെത്തിയ വേളയിൽ സ്ത്രീകളുടെ പള്ളിപ്രവേശനത്തിന് ഇസ്ലാമിൽ എതിർപ്പോ വിലക്കോ ഇല്ല എന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡിനെ പ്രതിനിധാനം ചെയ്ത് നീതിപീഠത്തെ ബോധിപ്പിച്ചു.
എന്നാൽ, ബാബരി മസ്ജിദിന് പകരമായി കോടതി അനുവദിച്ച അഞ്ചേക്കർ ഭൂമിയിൽ പള്ളി നിർമിക്കുന്നതിനോട് പരിപൂർണ വിയോജിപ്പാണ് അദ്ദേഹം പുലർത്തിയത്.
2.71 ഏക്കർ ഭൂമിക്കുവേണ്ടിയോ, രാജ്യത്തെ മുസ്ലിംകൾക്കുവേണ്ടിയോ മാത്രമല്ല, ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങളും മതനിരപേക്ഷ തത്ത്വങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം നയിച്ചയാൾ എന്നാവും സഫർയാബ് ജീലാനിയെ കാലം ഓർമിക്കുക.
രാജ്യത്തെ നിയമസംവിധാനത്തിൽ അത്രമാത്രം വിശ്വാസമാണദ്ദേഹം കാത്തുപോന്നത്. ഭരണകൂടങ്ങളും നീതിപീഠങ്ങളും അടിക്കടി വഞ്ചിച്ചപ്പോഴും പതറിയില്ല, ഈ രാജ്യത്തെ നിയമങ്ങളോടും ജനങ്ങളോടുമുള്ള വിശ്വാസത്തിന് തരിമ്പ് ഇടിവുതട്ടിയതുമില്ല.
മുസ്ലിംകളെ അന്യായമായും ബലം പ്രയോഗിച്ചും മസ്ജിദിൽനിന്ന് ആട്ടിപ്പായിച്ചതാണെന്നും 1992ൽ ബാബരി പള്ളി തകർത്തത് കുറ്റകൃത്യമാണെന്നും വ്യക്തമാക്കിയ ശേഷം ബാബരി മസ്ജിദ് നിലനിന്ന ഭൂമി ക്ഷേത്ര നിർമാണത്തിനായി വിട്ടുകൊടുത്ത സുപ്രീംകോടതി വിധിക്ക് പിന്നാലെ അദ്ദേഹം പറഞ്ഞ വാക്കുകൾ അത് അടയാളപ്പെടുത്തുന്നു.
‘‘ ബാബരി മസ്ജിദ് നീതി സംരക്ഷണത്തിനായി ഇക്കാലമത്രയും നടത്തിയ പ്രയത്നങ്ങൾ പാഴായിപ്പോയി എന്നു ഞാൻ കരുതുന്നില്ല, ഞാൻ ഒറ്റപ്പെട്ടുവെന്ന തോന്നലുമില്ല. ഹിന്ദുസ്ഥാനിലെ ജനങ്ങളിൽ 90 ശതമാനവും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവരാണ്.
ഒരു രൂപ പോലും ഫീസ് വാങ്ങാതെ ബാബരി മസ്ജിദ് കേസ് വാദിക്കാൻ ഹിന്ദു സമൂഹത്തിൽനിന്നുള്ള നിരവധി അഭിഭാഷകരുണ്ടായിരുന്നു. മതേതര പാർട്ടി നേതാക്കളും ഇടതുപക്ഷ ബുദ്ധിജീവികളും മതേതരവാദികളായ സാധാരണ ജനങ്ങളും സർവാത്മനാ പിന്തുണച്ചു. അപരവത്കരിക്കപ്പെടുന്നുവെന്ന തോന്നലിൽനിന്ന് ഇത് ഞങ്ങളെ സംരക്ഷിച്ചുനിർത്തുന്നു’’
അന്യമാക്കപ്പെടുകയും മണ്ണോടു ചേർക്കപ്പെടുകയും ചെയ്ത് വർഷങ്ങളെമ്പാടും പിന്നിട്ടിട്ടും ബാബരി മസ്ജിദിന്റെ മിനാരങ്ങളെ ഇടനെഞ്ചിൽ ഉടയാതെ സൂക്ഷിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെയുള്ളിൽ അഡ്വ. സഫർയാബ് ജീലാനി എന്ന പോരാളിയോടുള്ള സ്നേഹാദരങ്ങളും മായാതെ നിലനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.