പള്ളി മാത്രമല്ല, അവർ ഉമ്മയുടെ ഖബറും തകർത്തു
text_fieldsഡൽഹി വഖഫ് ബോർഡ് ഹൈകോടതിയിൽ നൽകിയ ഒരു ഹരജിക്ക് മറുപടിയായി വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളികളോ ഖബറിടങ്ങളോ മറ്റ് നിയമാനുസൃത വസ്തുക്കളോ തകർക്കില്ലെന്ന് ഉറപ്പുനൽകി ഏതാനും മാസങ്ങൾ പിന്നിടവേയാണ് ഡി.ഡി.എ അഖോന്ദ്ജി പള്ളി തകർത്ത് മണ്ണോടു ചേർത്തത്
ചരിത്രത്തിന്റെ സാക്ഷിയെന്നോണം ആറ് നൂറ്റാണ്ടുകളായി നിലകൊള്ളുന്ന, മദ്റസയും ഖബർസ്ഥാനുമടങ്ങുന്ന ഡൽഹി മെഹ്റോളിയിലെ അഖോന്ദ്ജി പള്ളിയിൽ ഇമാം സക്കീർ ഹുസൈൻ പ്രഭാത പ്രാർഥനകൾക്ക് ഒരുങ്ങുകയായിരുന്നു. പൊടുന്നനെ അത് തടയപ്പെട്ടു.
കനത്ത പൊലീസ് വ്യൂഹത്തിന്റെ അകമ്പടിയോടെ അപ്രതീക്ഷിതമായെത്തി ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (ഡി.ഡി.എ)അധികൃതർ ഈ ചരിത്ര സാക്ഷ്യം തകർത്തുകളഞ്ഞു. കുറെയേറെ പൊലീസുകാരും ബുൾഡോസറുകളുമായി പുലർച്ച അഞ്ച്-അഞ്ചരയോടെ ഉദ്യോഗസ്ഥർ പള്ളിയിൽ എത്തുമ്പോഴാണ് ഡി.ഡി.എയുടെ പൊളിനീക്കം വെളിപ്പെടുന്നതുതന്നെ.
പള്ളി ഒഴിവാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയത് ആ വാഗ്ദാനം ലംഘിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്ന് പത്തു വർഷത്തിലേറെയായി പള്ളിയിലെ ഇമാമായ സക്കീർ ഹുസൈൻ പറയുന്നു.
‘‘സംഭവം ഞങ്ങൾ ആരെയും അറിയിക്കാതിരിക്കാൻ അവർ എന്റെയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരുടെയും ഫോണുകൾ പിടിച്ചെടുത്തു. പള്ളിയിലും മദ്റസയിലുമുണ്ടായിരുന്ന ഖുർആൻ കോപ്പികൾ എടുക്കാൻപോലും ഞങ്ങളെ അനുവദിച്ചില്ല. തകർത്ത ശേഷം ആളുകൾ തിരിച്ചറിയാതിരിക്കാൻ അവശിഷ്ടങ്ങളെല്ലാം അധികൃതർ നീക്കം ചെയ്തു.’’- അദ്ദേഹം പറഞ്ഞു.
പള്ളി നശിപ്പിക്കപ്പെട്ട വാർത്തയറിഞ്ഞ് ഹരിയാനയിലെ റോത്തക്കിൽ നിന്ന് സമീർ തബ്രീസ് ഖാൻ മെഹ്റോളിയിലേക്ക് കുതിച്ചെത്തി. പള്ളി പൊളിച്ചതിനൊപ്പം ഉമ്മയുടെ ഖബറിടത്തോട് അനാദരവും കാണിച്ചിരിക്കുന്നുവെന്നത് അയാളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു.
ഉപയോഗിച്ചുപേക്ഷിച്ച ഡിസ്പോസിബിൾ പ്ലേറ്റുകൾകൊണ്ട് ഖബറിടം തുറന്നതായി തബ്രീസ് കണ്ടെത്തി. “ഇത് വല്ലാത്ത മര്യാദകേടാണ്, ഖബറിടത്തിലേക്ക് ഏതെല്ലാമോ വിധേന ഒരു നോട്ടം നോക്കാൻ എനിക്ക് സാധിച്ചു, അവർ ഞങ്ങളെ അതിനുപോലും അനുവദിക്കുന്നില്ല’’- അയാൾ പറയുന്നു.
ഇത് തബ്രീസിന്റെ മാത്രം അനുഭവമായിരുന്നില്ല. ആൾക്കൂട്ടത്തിൽനിന്ന് അൽപം മാറിനിൽക്കുന്ന ഒരാൾ തന്റെ സഹോദരിയെ ആശ്വസിപ്പിക്കുന്നതുകണ്ടു. അവിടേക്ക് കയറുന്നതിനുമുമ്പ് ചെരിപ്പുകൾ അഴിച്ചുവെക്കാൻ പോലും അധികൃതർ തയാറായില്ലെന്ന് ജനങ്ങൾ പറയുന്നു.
മെഹ്റോളി മേഖലയിൽ ബുൾഡോസർ മേയുന്നത് ഇതാദ്യമായൊന്നുമല്ല. മെഹ്റോളി ആർക്കിയോളജിക്കൽ പാർക്കിന്റെ ഓരത്ത് സ്ഥിതി ചെയ്തിരുന്ന ഒട്ടേറെ നിർമിതികൾ ഏതാണ്ട് ഒരുവർഷം മുമ്പ് ഡി.ഡി.എ അധികൃതർ തകർത്തിരുന്നു.
ഡൽഹി വഖഫ് ബോർഡ് ഹൈകോടതിയിൽ നൽകിയ ഒരു ഹരജിക്ക് മറുപടിയായി വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളികളോ ഖബറിടങ്ങളോ മറ്റ് നിയമാനുസൃത വസ്തുക്കളോ തകർക്കില്ലെന്ന് ഉറപ്പുനൽകി ഏതാനും മാസങ്ങൾ പിന്നിടവേയാണ് ഡി.ഡി.എ അഖോന്ദ്ജി പള്ളി തകർത്ത് മണ്ണോടു ചേർത്തത്.
രാമക്ഷേത്ര ഉദ്ഘാടന ശേഷം രാഷ്ട്രീയ ദുഷ്ടലാക്കോടെ പള്ളികൾ ഉന്നംവെക്കപ്പെടുന്നുവെന്ന വിശ്വാസം ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിലുണ്ട്. വോട്ട് നേടാനായി മതവൈകാരികത ഉപയോഗപ്പെടുത്തുന്ന ബി.ജെ.പി പള്ളിപൊളി ഒരു തന്ത്രമായി മാറ്റുകയാണെന്ന് ആരോപിക്കപ്പെടുന്നു.
ക്ഷേത്രങ്ങൾ തകർത്താണ് രാജ്യത്തെ നിരവധി പള്ളികൾ പണിതിരിക്കുന്നതെന്ന് ആർ.എസ്.എസ് ഈയിടെ വീണ്ടും അവകാശവാദമുന്നയിച്ചു. ഏതാനും വർഷങ്ങളായി ചരിത്രപ്രാധാന്യമുള്ള ഇടങ്ങൾ, വിശിഷ്യാ പള്ളികൾ അധികൃതരിൽനിന്നും ഹിന്ദുത്വ വാദി ഗ്രൂപ്പുകളിൽനിന്നും വെല്ലുവിളി നേരിടുകയാണ്.
2022 നവംബറിൽ 300 വർഷം പഴക്കമുള്ള ഒരു പള്ളി യു.പിയിൽ റോഡ് വീതികൂട്ടാനെന്ന പേരിൽ തകർത്തുകളഞ്ഞു. 2023 ജനുവരിയിൽ അലഹബാദിലെ ഒരു അതിപുരാതന പള്ളിയും ഇതേ കാരണം പറഞ്ഞ് അധികൃതർ തകർത്തു. കഴിഞ്ഞ സെപ്റ്റംബറിൽ മധ്യപ്രദേശിലെ കമാൽ മൗലാ പള്ളിയിൽ സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിക്കാൻ നാലുപേർ ശ്രമിക്കുകയുണ്ടായി.
തലസ്ഥാന നഗരിയിലെ മതസ്ഥാപനങ്ങൾക്കുനേരെ അധികൃതർ ഉന്നംപിടിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ പള്ളി തകർക്കൽ. ഗതാഗതം സുഗമമാക്കുന്നതിനുവേണ്ടി ഏറെ പഴക്കമുള്ള സുൻഹേരി ബാഗ് പള്ളി നീക്കംചെയ്യുന്നത് സംബന്ധിച്ച് ഇക്കഴിഞ്ഞ ഡിസംബറിൽ ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ ഒരു നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ കുറച്ചുവർഷമായി മതവർഗീയ വൈരം വർധിച്ചുവരുകയാണെന്നും മസ്ജിദ് തകർത്തത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും സമീപ വാസിയായ മുസമ്മിൽ സൽമാനി ചൂണ്ടിക്കാട്ടുന്നു. “എല്ലാം രാഷ്ട്രീയ നീക്കങ്ങളാണ്. മുകളിൽനിന്ന് ലഭിച്ച ഉത്തരവുകൾ നടപ്പാക്കുക മാത്രമാണെന്നും ഒന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ലെന്നുമാണ് ഡി.ഡി.എ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞത്’’.
പള്ളി തകർക്കുന്നതിനുമുമ്പ് അതുസംബന്ധിച്ച നോട്ടീസെങ്കിലും ലഭിക്കുക എന്നത് ഞങ്ങളുടെ അവകാശമായിരുന്നു. ഇത്ര വർഷമായി നിലകൊള്ളുന്ന പള്ളി പൊടുന്നനെ അനധികൃത നിർമിതിയായി മാറിയതെങ്ങനെയാണ്, അനധികൃതമെങ്കിൽ ഇവിടെ പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ അനുവദിക്കപ്പെട്ടത് എന്തു കൊണ്ടാണ്?-അദ്ദേഹം ചോദിക്കുന്നു.
ഉമ്മയുടെ ഖബറിടത്തിൽനിന്ന് ഒരുപിടി മണ്ണെങ്കിലും ശേഖരിക്കണമെന്ന് തബ്രീസിന് ആഗ്രഹമുണ്ടെങ്കിലും പള്ളി നിലനിന്ന ഭൂമിയിലേക്കുള്ള പ്രവേശനം അധികൃതർ തടഞ്ഞിരിക്കുന്നതിനാൽ ആർക്കും അവിടേക്ക് പോകാനാവുന്നില്ല. ‘‘ഉമ്മയെ നഷ്ടപ്പെട്ട വേദനയിൽനിന്നുതന്നെ ഞാൻ ഇപ്പോഴും മുക്തനല്ല, അതിനിടയിൽ ഇപ്പോൾ ഉമ്മയുടെ അന്ത്യവിശ്രമസ്ഥാനംപോലും അവർ നശിപ്പിച്ചിരിക്കുന്നു. എനിക്ക് എങ്ങനെ മനഃസമാധാനം ലഭിക്കാനാണ്?- തബ്രീസിന്റെ വാക്കുകൾ.
(പുലിസ്റ്റർ സെന്റർ ഗ്രാൻറ് നേടിയ സ്വതന്ത്ര മാധ്യമ പ്രവർത്തകയായ ലേഖിക maktoobmedia.comൽ എഴുതിയ കുറിപ്പിന്റെ സംഗ്രഹം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.