വഖഫ് ബോർഡിനുമുന്നിൽ പരാതികളുടെ കുത്തൊഴുക്ക്
text_fieldsസംസ്ഥാനത്തൊട്ടാകെ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് വഖഫ് ബോർഡിനും ട്രൈബ്യൂണലിനുമുന്നിലും തീർപ്പ് കാത്തുകിടക്കുന്നത്. ബോർഡിന് മുന്നിൽ 220 കേസുകളും ട്രൈബ്യൂണലിൽ 50 പരാതികളുമാണ് തീർപ്പാക്കാനുള്ളത്. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈയേറ്റവും സ്വത്തുക്കളുടെ തരം മാറ്റലുമൊക്കെയാണ് പരാതികൾക്കടിസ്ഥാനം. പ്രധാന നഗരങ്ങളിലെ കണ്ണായ ഭൂസ്വത്തുക്കളും കെട്ടിടങ്ങളും ഇങ്ങനെ കൈയേറിയതിൽ ഉൾപ്പെടും. കരാർ കാലാവധി കഴിഞ്ഞിട്ടും ഒഴിയാനുള്ള നിർദേശം ലംഘിച്ച് തുടരുന്ന വാടകക്കാരെ സംബന്ധിച്ച പരാതികളുണ്ട്. പരാതികൾ പരിഗണിക്കുന്ന ബോർഡിന്റെ ലീഗൽ സെല്ലിൽ മതിയായ അഭിഭാഷകരും ജീവനക്കാരുമില്ല. ഇതുകാരണം കഴിഞ്ഞ മൂന്നുമാസമായി ഒഴിപ്പിക്കൽ കേസുകളിൽ വിചാരണ നടക്കുന്നുമില്ല.
ബോർഡിന്റെ അനുമതിയില്ലാതെ വഖഫ് സ്വത്തുക്കളിൽ മാറ്റം വരുത്താനോ നിർമാണ പ്രവർത്തനങ്ങൾ നടത്താനോ പാടില്ലെന്നാണ് നിയമമെങ്കിലും അത് ലംഘിച്ച് നിരവധി അനധികൃത പ്രവർത്തനങ്ങളാണ് പലയിടങ്ങളിലും നടക്കുന്നത്. ട്രസ്റ്റുകൾ രൂപവത്കരിച്ചും മറ്റും നിയമം മറികടക്കാൻ പഴുതുണ്ടാക്കുന്നവരുമുണ്ട്. മാറിവരുന്ന ബോർഡുകളുടെ അനാസ്ഥയും കണ്ണടക്കലും പക്ഷപാതിത്വവുമെല്ലാം വഖഫ് സ്വത്തുക്കളുടെ അന്യാധീനത്തിന് കാരണമാകുന്നുണ്ട്. പ്രോസിക്യൂട്ടർമാരുടെ അലംഭാവം കാരണം വഖഫ് സ്വത്തുക്കൾ നഷ്ടമായ സംഭവങ്ങളുമുണ്ട്. ഔദ്യോഗികതലത്തിൽത്തന്നെ കൈയേറ്റങ്ങൾക്ക് പിന്തുണ നൽകുമ്പോൾ പിന്നെ എങ്ങനെയാണ് വഖഫ് സ്വത്തുക്കൾ സംരക്ഷിക്കപ്പെടുക എന്നതാണ് ചോദ്യം.
(പരമ്പര അവസാനിച്ചു)
വഖഫ് ഭൂമി കൈയേറ്റക്കാരിൽനിന്ന് നികുതി വാങ്ങിയത് തെറ്റ് - പാണക്കാട്റ ഷീദലി തങ്ങൾ (വഖഫ് ബോർഡ് മുൻ ചെയർമാൻ)
എറണാകുളം ചെറായിയിലെ വഖഫ് ഭൂമിയിൽ കൈയേറ്റക്കാരിൽനിന്ന് നികുതി വാങ്ങിയുള്ള സർക്കാർ നടപടി പ്രതിഷേധാർഹമാണ്. ഇതിലൂടെ വഖഫ് ഭൂമി സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈയിലകപ്പെടുമെന്ന കാര്യം മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. നികുതി വാങ്ങിയെന്നുകരുതി ഭൂമി അവരുടെ കൈകളിലെത്തില്ലെന്ന സർക്കാർ വാദം ബാലിശമാണ്. ഞാൻ വഖഫ് ബോർഡ് ചെയർമാനായിരുന്ന കാലത്തുതന്നെ അവിടത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ആ ഭൂമി അന്യാധീനപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം സർക്കാറിനായിരിക്കും.
ചെറുതുരുത്തിയിലായാലും കാസർകോട്ടായാലും, വഖഫ് ഭൂമി സംരക്ഷിക്കേണ്ട സർക്കാർ തന്നെ കൈയേറ്റക്കാരാകുന്നതാണ് അനുഭവം. വഖഫ് ആക്ട് പ്രകാരം ഒരു സാഹചര്യത്തിലും വഖഫ് ഭൂമി മറ്റു ആവശ്യങ്ങൾക്ക് കൈമാറാൻ പാടില്ലാത്തതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും വഖഫ് ഭൂമിയിൽ സ്ഥാപിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ഇതിന്റെ പേരുപറഞ്ഞ് ഭൂമി കൈമാറാനാകില്ല. സർക്കാറിനാണെങ്കിലും ഭൂമി ഏകപക്ഷീയമായി ലീസിന് കൊടുക്കാൻ പാടില്ല. വഖഫ് സ്വത്തുക്കൾ കൈയേറ്റം ചെയ്യപ്പെടുന്നത് വ്യാപകമായ സാഹചര്യത്തിൽ ബന്ധപ്പെട്ട കമ്മിറ്റികളും മുതവല്ലിമാരും ജാഗ്രത പുലർത്തണം.
നികുതി സ്വീകരിക്കരുതെന്ന് ബോർഡിന് പറയാനാകില്ല - ടി.കെ. ഹംസ (വഖഫ് ബോർഡ് ചെയർമാൻ)
എറണാകുളം ചെറായിയിലെ ഫാറൂഖ് കോളജിന്റെ വഖഫ് ഭൂമിയിൽ കൈയേറ്റക്കാരിൽനിന്ന് നികുതി വാങ്ങാനുള്ള സർക്കാർ തീരുമാനം ശരിയാണോ?
ചെറായിയിലെ ഭൂമി വഖഫ് സ്വത്ത് തന്നെയാണ്. ആരുടെ സ്വത്താണെങ്കിലും കൈവശക്കാർക്ക് നികുതി അടക്കാമെന്ന് മാത്രമേ സർക്കാർ പറഞ്ഞിട്ടുള്ളൂ. നികുതി അടച്ചതുകൊണ്ടുമാത്രം ഒരാൾക്ക് ഉടമാവകാശവും കൈവശാവകാശവും ഉണ്ടാകില്ല. തൽക്കാലം ഞാനാണ് എന്ന രീതിയിൽ നികുതി അടച്ചു, അത് വാങ്ങി. ഇതാണ് സർക്കാറിന്റെ വ്യാഖ്യാനം. നമ്മൾ പഴയകാലത്ത് നികുതി അടച്ച് കൈവശം തെളിയിക്കാൻ ഹാജരാക്കുന്നതാണ് നികുതി ശീട്ട്.
ഇപ്പോൾ സർക്കാർ യോഗം ചേർന്ന് തീരുമാനിച്ചത്, നികുതി തരുന്നവരോട് അത് വാങ്ങാനാണ്. നികുതി സ്വീകരിക്കരുതെന്ന് വഖഫ് ബോർഡിന് പറയാനാകില്ല. പ്രശ്നം കോടതിയിലാണ്. കോടതി അങ്ങനെ പറഞ്ഞാൽ ബോർഡ് അതിനൊപ്പമായിരിക്കും.
നികുതി അടച്ചതുകൊണ്ടുമാത്രം അത് കൈവശപ്പെടുത്താനാകില്ലെന്ന് സർക്കാർ ഉത്തരവിൽത്തന്നെ പറയുന്നുണ്ട്. ഭൂമി വഖഫിന്റേത് തന്നെയാണ്. നികുതിയുടെ കാര്യം തീരുമാനിക്കേണ്ടത് കോടതിയാണ്. കോടതിയുടെ അന്തിമവിധി വന്നിട്ടില്ല. അത് വന്നിട്ട് ബാക്കി കാര്യം തീരുമാനിക്കാം. നികുതി അടക്കണോ വേണ്ടേയെന്ന് ബോർഡിന് തീരുമാനിക്കാനാകില്ല. അതിന്റെ ഗുണവും ദോഷവും കോടതി പറയട്ടെ.
തൃശൂർ ചെറുതുരുത്തി നൂറുൽ ഹുദ യതീംഖാനയുടെ ഭൂമി കലാമണ്ഡലം സർവകലാശാലക്ക് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ?
വെറുതെ കിടക്കുന്ന വഖഫ് ഭൂമി നല്ല കാര്യത്തിന് ലീസിന് കൊടുക്കാമെന്ന് വകുപ്പുണ്ട്. അത് കേസിന്റെ മെറിറ്റ് നോക്കിയിട്ടേ തീരുമാനിക്കുകയുള്ളൂ. ഈർച്ച മില്ല് ഉണ്ടാക്കാൻ വരെ വഖഫ് ഭൂമി കൊടുത്തിട്ടുണ്ട്.
വഖഫിന് വരുമാനമായതിനാൽ ഏതിനും കൊടുക്കും. അങ്ങനെ കൊടുക്കാമെന്ന് പണ്ടേ തീരുമാനമുണ്ട്. ആ തീരുമാനമനുസരിച്ച് നടക്കുന്നുണ്ട്. സർവകലാശാല വികസിപ്പിക്കാൻ ഈ സ്ഥലം കിട്ടിയാലേ നടക്കൂ എന്നുണ്ടെങ്കിൽ അവർക്ക് അക്വയർ ചെയ്തെടുക്കാം. അല്ലെങ്കിൽ അവർക്ക് ലീസിന് കൊടുക്കാം. ദേശീയപാത വികസിപ്പിക്കുന്നതിന് എത്ര പള്ളി പൊളിച്ചു. ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ഏത് ഭൂമിയും എടുക്കാമെന്നാണ്. വഖഫ് ആയാലും തരക്കേടില്ല. അതിന് പണം തരും.
വഖഫ് ഭൂമി കൈയേറുന്ന പ്രവണത വർധിക്കുകയാണല്ലോ?
അത് ഇന്ത്യാരാജ്യം മുഴുവനുണ്ട്. കുറച്ച് കേരളത്തിലുമുണ്ട്. ഇതുസംബന്ധിച്ച് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്. കഴിയുന്നത്ര വീണ്ടെടുക്കുന്നുമുണ്ട്.
അന്യാധീനപ്പെടുന്ന ഭൂമി വീണ്ടെടുക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്?
അന്യാധീനപ്പെടുന്നതല്ല. കൈവശം വെക്കുന്ന ആളുകൾ അറിഞ്ഞുകൊണ്ടുതന്നെയാണ് പോകുന്നത്. അതിക്രമിച്ച് കൈയേറിയാൽ പൊലീസിൽ പരാതി കൊടുക്കില്ലേ? ബോർഡിനും ഇടപെടാനാകും. ആരും ആക്രമിച്ച് പിടിച്ചെടുക്കുന്നില്ല. നിലവിൽ കൈവശംവെച്ചിരിക്കുന്നവരുടെ ഒത്താശയോടെ ലൈനാക്കുന്ന പണിയാണത്.
വഖഫ് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുമെന്ന് അധികാരത്തിലേറിയപ്പോൾ പറഞ്ഞിരുന്നു?
അത് വീണ്ടെടുക്കാൻ വലിയ തോതിൽതന്നെ സർവേ നടക്കുന്നുണ്ട്. സർവേ നടത്താൻ ഊരാളുങ്കൽ കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. 80 ശതമാനവും നടത്തിക്കഴിഞ്ഞു. സർവേ നടത്തി കണ്ടുപിടിച്ച് കിട്ടിയാൽ നടപടി സ്വീകരിക്കും. നേരിട്ട് കക്ഷികൾ പരാതി നൽകിയാൽ സർവേക്ക് കാത്തിരിക്കാതെതന്നെ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.