ആധുനിക കാലത്തെ അക്കാദമിക് അടിമപ്പണി
text_fields‘എല്ലാവരും കണ്ടത് കാണുകയും, ആരും ആലോചിക്കാത്ത തരത്തിൽ അതേക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നതാണ് ഗവേഷണ’മെന്നാണ് നൊബേൽ സമ്മാന ജേതാവും ഹംഗേറിയൻ ശാസ്ത്രജ്ഞനുമായ ആൽബർട്ട് സെന്റ് ഗിയോറിഗി പറഞ്ഞിട്ടുള്ളത്. ജനസംഖ്യാനുപാതികമായി ഇന്ത്യയിൽ ഗവേഷകരുടെയും ഗവേഷണ വിദ്യാർഥികളുടെയും എണ്ണം കൂടുതലാണ്. മെച്ചപ്പെട്ട സാമ്പത്തിക-സാമൂഹിക പശ്ചാത്തലങ്ങൾക്ക് വേണ്ടിയും നല്ല ജോലിയുൾപ്പെടെ ഭാവിജീവിതം സുരക്ഷിതമാക്കാനും ചിലർ വിദേശ രാജ്യങ്ങളിലേക്ക് ഗവേഷണത്തിന് പുറപ്പെടുന്നു. മറ്റു ചിലർ രാജ്യത്തെ ഐ.ഐ.ടി, എൻ.ഐ.ടി, സി.എസ്.ഐ.ആർ-നും ഐ.സി.എം.ആറിനും കീഴിലെ വിവിധ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ എന്നിവിടങ്ങളിൽ എൻട്രൻസ് പരീക്ഷകളെഴുതി ഗവേഷണത്തിന് തയാറെടുക്കുന്നു. എന്നാൽ, ആംഗലേയ ഭാഷാ പരിജ്ഞാനക്കുറവുള്ളവർ, സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവർ, യു.ജി.സി/സി.എസ്.ഐ.ആർ നെറ്റ് പരീക്ഷകൾ പാസാവാൻ കഴിയാത്തവർ, സ്കൂളുകളിലോ കോളജുകളിലോ ജോലി ചെയ്ത് ഭാഗിക സമയങ്ങളിൽ (Part-time) ഗവേഷണം നടത്തുന്നവർ എന്നിവരെല്ലാമാണ് നമ്മുടെ രാജ്യത്തെ ഗവേഷണ മേഖലയിൽ കൂടുതലുള്ളത്. അതിനാൽ, ഈ മേഖലയിൽ നടക്കുന്ന പ്രയാസങ്ങളും ചൂഷണങ്ങളുമൊന്നും സമൂഹം അധികം ചർച്ചചെയ്തിട്ടില്ലെന്നതാണ് വാസ്തവം. ഈ വിഷയത്തെക്കുറിച്ച് സമഗ്ര പഠനങ്ങളോ എഴുത്തുകളോ ഡോക്യുമെന്ററി-സിനിമാ ദൃശ്യ ആവിഷ്കാരങ്ങളോ കുറവാണെന്നുതന്നെ പറയാം. രാജ്യത്തെ ഗവേഷക സമൂഹം നേരിടുന്ന സാമ്പത്തിക-സാമൂഹിക ചൂഷണങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
ഗവേഷണവും ആധുനിക വിദ്യാഭ്യാസവും
ഗവേഷണം വ്യക്തികളുടെ താൽപര്യവും അഭിരുചികളുമനുസരിച്ച് വ്യത്യസ്തമാണ്. ഒരുകൂട്ടർ മതങ്ങളിലും ഭാഷയിലും സാമൂഹികമായ പ്രക്രിയകളിലും ഗവേഷണം നടത്തുമ്പോൾ, മറ്റു ചിലർ വിവിധ വിഷയങ്ങളിലെ ശാസ്ത്രീയ അടിത്തറകൾ പരിശോധിക്കുന്നു, ചിലർ പുതിയ വാദങ്ങളിലേക്ക് എത്തിനോക്കുന്നു. ചിലർ അടങ്ങാത്ത ആഗ്രഹം കൊണ്ടും, സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അവ നാളേക്കുവേണ്ടി രേഖപ്പെടുത്തണമെന്നുമുള്ള താൽപര്യത്താൽ ഈ പ്രക്രിയയിൽ പങ്കാളികളാവുന്നു. മറ്റു ചിലർ ഒരു വികസ്വര രാജ്യമെന്ന നിലയിൽ ഭാരതത്തിലെ തൊഴിലില്ലായ്മയുടെ ഫലമായി ഇതിലേക്ക് വഴിമാറി സഞ്ചരിക്കേണ്ടിവരുന്നവരാണ്. ആർട്സ്-സയൻസ് വിഷയങ്ങളിൽ മാത്രമല്ല, എൻജിനീയറിങ്ങിലടക്കം ബിരുദാനന്തര ബിരുദമുള്ളവർപോലും തൊഴിലില്ലായ്മയാൽ ദുരിതപ്പെടുമ്പോഴാണ് താൽക്കാലികമാണെങ്കിലും ഒരു ജോലി എന്ന രീതിയിൽ ഗവേഷണ സ്ഥാപനങ്ങളിൽ അഭയം പ്രാപിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങളിലെ റിസർച് അസിസ്റ്റന്റ്, റിസർച് അസോസിയറ്റ്, പ്രോജക്ട് അസിസ്റ്റന്റ്-അസോസിയറ്റ് തസ്തികകൾ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവർക്കുള്ളതാണ്. പിഎച്ച്.ഡി കഴിഞ്ഞവർക്ക് പ്രോജക്ട് സയന്റിസ്റ്റ്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് തുടങ്ങിയവയും.
ഒരു ഗവേഷണ വിദ്യാർഥി മൂന്നുമുതൽ അഞ്ചുവർഷം വരെ ഒരു അധ്യാപകന് (Research Guide) കീഴിൽ ഗവേഷണത്തിൽ ഏർപ്പെട്ട് തങ്ങളുടെ പഠന കുറിപ്പുകളും നിഗമനങ്ങളുമെല്ലാം പ്രസിദ്ധീകരിക്കൽ നിർബന്ധമാണ്. ഈ കാലയളവിൽ, നെറ്റ്-ജെ.ആർ.എഫ് പരീക്ഷ പാസായവർക്ക് മാസവേതനമെന്ന പോലെ ഫെലോഷിപ്പുകൾ ലഭിക്കുന്നു. വ്യക്തികളും സർവകലാശാലകളും സർക്കാർ-സർക്കാറിതര സംഘടനകളും ഫെല്ലോഷിപ്പുകൾ നൽകുന്നുണ്ട്. ഇവ കൃത്യമായി കിട്ടാതെ വരുന്നത് ചില കുടുംബങ്ങളിൽ സാമൂഹിക-സാമ്പത്തിക അരക്ഷിതാവസ്ഥക്കുപോലും കാരണമാവുന്നുണ്ട്.
സാമ്പത്തികം മുതൽ ലൈംഗിക ചൂഷണം വരെ
രാജ്യത്തെ ഗവേഷണ മേഖലയിൽ ജാതിയധിക്ഷേപം, സാമ്പത്തിക- ലൈംഗിക ചൂഷണങ്ങൾ എന്നിവയെല്ലാം നിത്യസംഭവമാണ്. (1). പല വിദ്യാർഥി ആത്മഹത്യകൾക്കുപിന്നിലും ഇതുതന്നെയാണ് കാരണം. പല ‘സ്ഥാപനവത്കരിക്കപ്പെട്ട കൊലപാതകങ്ങളി’ലും (Institutionalized Murder) കുറ്റവാളികൾ വിദ്യാർഥി ആത്മഹത്യ ചെയ്തു എന്ന പേരിൽ രക്ഷപ്പെടുകയും, സമൂഹത്തിൽ മാന്യരായി നടക്കുന്നതും ഈ വിഷയം ആഴത്തിൽ ഗ്രഹിച്ചവർക്ക് മനസ്സിലാക്കാം. അത്തരത്തിലുള്ളവർ ശിക്ഷിക്കപ്പെടുന്നുണ്ടോ എന്ന് സമൂഹവും നിയമ വ്യവസ്ഥയും നിയമ നിർമാണ സഭകളും വിലയിരുത്തേണ്ടതുണ്ട് (2).
ഗവേഷണ മേഖലയിൽ അധ്യാപകർ തന്റെ വിദ്യാർഥിയോട് കാണിക്കുന്ന സാമ്പത്തിക ചൂഷണങ്ങളാണ് എടുത്തുപറയേണ്ടത്. ഒരു വിദ്യാർഥിയെ മാസത്തിൽ നൽകേണ്ട ഫെലോഷിപ് തുക തന്റെ പ്രോജക്ടിലുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് സർവകലാശാലയിൽ പി.എച്ച്ഡി ഗവേഷണ പഠന രജിസ്ട്രേഷൻ ചെയ്യിക്കുന്നു. ശേഷം, നിശ്ചിത തുക നൽകാതെയോ, പറഞ്ഞ തുകയിൽ കുറവ് നൽകിയോ കബളിപ്പിക്കുന്നു. ഒരേ പ്രോജക്ട് കാണിച്ച് അധ്യാപകർ ഒന്നിലധികം വിദ്യാർഥികളെ തന്റെ കീഴിൽ ഗവേഷണത്തിന് വിളിക്കുകയും, ഒരു വിദ്യാർഥിയുടെ പണം മറ്റുള്ളവർക്കുകൂടി പങ്കുവെച്ച് വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങളും അനവധിയാണ്. ചില അധ്യാപകർ അവരുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് വിദ്യാർഥികളുടെ പണം ഉപയോഗിക്കുന്നു. ഗവേഷണം നടത്തുന്ന പ്രദേശം സന്ദർശിക്കുക (Field Visit) എന്ന വ്യാജേന കുടുംബവുമായി ഉല്ലാസയാത്ര നടത്തുക, ഗവേഷണ കാലയളവിൽ നടക്കുന്ന ഡി.ആർ.സി (ഡോക്ടറൽ റിസർച് കമ്മിറ്റി) മീറ്റിങ്ങുകൾക്ക് വരുന്ന വിദഗ്ധർക്ക് സർവകലാശാല പണം നൽകുമെങ്കിലും അവരുടെ ബത്തയും ഭക്ഷണവും വിദ്യാർഥിയെക്കൊണ്ട് വഹിപ്പിക്കുക എന്നിവയെല്ലാം ചില ഗവേഷണ സ്ഥാപനങ്ങളിൽ അലിഖിത നിയമങ്ങളായിരിക്കുന്നു. ചില അധ്യാപകർ അവരുടെ വ്യക്തിപരമായ ആവശ്യങ്ങളും ജോലികളും ചെയ്യുന്ന ഒരു വേലക്കാരൻ/വേലക്കാരി എന്ന രീതിയിലാണ് വിദ്യാർഥികളെ കാണുന്നത്.
വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നതുമുതൽ കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്നതും അവർക്ക് ട്യൂഷൻ നൽകുന്നതും വരെ ‘ഗവേഷകരുടെ’ ജോലിയാണ്. ചില അധ്യാപകർ അവരുടെ പുസ്തകത്തിനും സെമിനാർ പ്രസംഗങ്ങൾക്കുമായുള്ള വിവരങ്ങൾ ശേഖരിക്കാൻ വിദ്യാർഥികളെ നിയോഗിക്കുമ്പോൾ മറ്റു പലരും വിദ്യാർഥികളെ ചൂഷണം ചെയ്യിച്ച് എഴുതിച്ച പുസ്തകങ്ങളാണ് സ്വന്തം പേരും പടവും വെച്ച് അടിച്ചിറക്കി വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രകാശിതമാക്കുന്നത്. അധ്യാപനത്തിനുപുറമെ മറ്റ് പുറംകരാർ ജോലികൾ ചെയ്യുന്ന അധ്യാപകർ അതിനായി പണിയെടുപ്പിക്കുന്നതും ഗവേഷകരെത്തന്നെ. ഡിപ്പാർട്മെന്റിലാണെങ്കിൽ പി.ജി, എം.ഫിൽ കോഴ്സ് ചെയ്യുന്നവർക്ക് ക്ലാസ് എടുക്കുന്നതുമുതൽ ചോദ്യപേപ്പർ തയാറാക്കലും ഉത്തരക്കടലാസ് മൂല്യനിർണയവും വരെ ഇവർ ചെയ്യേണ്ടിവരുന്നു. അതിനിടയിൽ, അധ്യാപകർ തമ്മിലുള്ള വടംവലികളുടെയും ഈഗോ പോരിന്റെയും ഫലമായി വകുപ്പ് തലവന്റെ കൈയൊപ്പും മറ്റും കിട്ടാതെ പലവിധ പ്രയാസങ്ങൾ വേറെയും അനുഭവിക്കേണ്ടിവരുന്നു ഗവേഷകർ. ഇനി, കുഴപ്പക്കാരനായ അധ്യാപകരോ, അധ്യാപകനോടോ വിദ്യാർഥിയോടോ പകയോടെ പെരുമാറുന്ന വകുപ്പ് മേധാവികളോ ഉണ്ടെങ്കിൽ വിദ്യാർഥിയുടെ വർഷങ്ങൾ നീണ്ട ഗവേഷണ പ്രബന്ധം വെളിച്ചം കാണാതെ പോകുന്ന സംഭവങ്ങളുമുണ്ട്. ചിലർക്ക് ഗവേഷണം പൂർത്തീകരിക്കാൻ എട്ടും ഒമ്പതും വർഷങ്ങൾ ചെലവഴിക്കേണ്ടിവരുന്നു. ചില വകുപ്പ് മേധാവികൾ നാട്ടുരാജാക്കന്മാരെപ്പോലെ വാഴുന്നതുപോലും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കലാലയങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ കാണാം.
അവശ-പിന്നാക്ക വിഭാഗങ്ങളുടെ പ്രതിസന്ധികൾ
അവശ-പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ രാജ്യത്തെ ഉന്നത കലാലയങ്ങളിൽ ജാതിയധിക്ഷേപം മുതൽ വിവിധങ്ങളായ ചൂഷണങ്ങളാണ് നേരിടുന്നത്. അവയിൽ, പലരും രോഹിത് വെമുല, ഫാത്തിമ ലത്തീഫ് എന്നിവരുടേതിന് സമാനമായ രീതിയിൽ ജീവിതത്തിന് അവസാനമിടുന്നു. സർവകലാശാലകൾ മുതൽ ഐ.ഐ.ടികൾ വരെയുള്ള ഗവേഷണ കേന്ദ്രങ്ങളിൽ 98 ശതമാനം അധ്യാപകരും ഉന്നത കുലജാതരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് (3). ആകെ അധ്യാപക തസ്തികകളിൽ 7.5 ശതമാനം എസ്.സി വിഭാഗങ്ങൾക്കും 15 ശതമാനം ദലിത് വിഭാഗങ്ങൾക്കും അവകാശപ്പെട്ടതാണ്. ഇത് പാലിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല, മേൽജാതി അധ്യാപകരുടെ അതിക്രമങ്ങൾ സഹിക്കാനാവാതെ മുസ്ലിംകളടങ്ങുന്ന ഒ.ബി.സി, ആദിവാസി-ദലിത്-എസ്.സി/എസ്.ടി വിഭാഗങ്ങളിലെ വിദ്യാർഥികൾ പലരും പാതിവഴിയിൽ പഠനവും ഗവേഷണവും നിർത്തി മടങ്ങുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പതിമൂവായിരത്തിലധികം വിദ്യാർഥികളാണ് ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സർവകലാശാലകൾ എന്നിവയിൽനിന്ന് കൊഴിഞ്ഞുപോയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു (4).
പരിഹാര മാർഗങ്ങൾ
ഗവേഷണ വിദ്യാർഥികളുടെയും ഗവേഷകരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ അതത് സംസ്ഥാന-കേന്ദ്ര സർക്കാറുകൾ ബാധ്യസ്ഥരാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പിൻവാതിൽ നിയമനങ്ങൾ ഒഴിവാക്കുക, വ്യക്തമായ ഗവേഷണ കാഴ്ചപ്പാടും കാര്യക്ഷമമായി പ്രവർത്തിക്കുന്നവരുമായ അധ്യാപകരെ നിയമിക്കുക എന്നിവയാണ് ഈ വിഷയത്തിൽ ആദ്യം സ്വീകരിക്കേണ്ട നടപടി. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ വിദ്യാർഥി സംഘടനകൾക്കുപുറമെ ഗവേഷണ വിദ്യാർഥി കൂട്ടായ്മകൾ രൂപവത്കരിക്കുകയും കലാലയങ്ങളിൽ അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയും വേണം. പ്രശ്ന പരിഹാര സെല്ലുകളും ഉദ്യോഗസ്ഥ വൃന്ദങ്ങളും ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത കൈക്കൊള്ളേണ്ടതുണ്ട്. വിദ്യാർഥികൾക്കെതിരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച് വ്യക്തമായി അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യണം. അതിനൊപ്പം, വ്യാജ പരാതികളെയും മറ്റു ആരോപണങ്ങളെയും നിയമമാർഗത്തിൽത്തന്നെ നേരിടുകയും വേണം.
REFRENCE
1. Menial chores to sexual harassment-PhD scholars trapped in toxic relationship with guides: The Print
2. Chennai: Cops question three professors named in Fathima Latheef suicide note: Deccan Chronicle
3. Ankur Paliwal -How India’s caste system limits diversity in science - in six charts; Nature 11/01/2023
4. 13,000+ SC, ST and OBC students dropped out of IITs, IIMs in 5 years; India today
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.