ഹേ ഇസ്രായേൽ, എന്തിനെന്റെ കുട്ടിയെ കൊന്നു?
text_fieldsദ ഗ്രേറ്റ് റിട്ടേൺ മാർച്ചെന്ന സമാധാന പോരാട്ടത്തിന് നേതൃത്വം നൽകിവന്ന ഫലസ്തീനി ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അഹ്മദ് അബു അർതിമയുടെ മകനുൾപ്പെടെ അഞ്ച് കുടുംബാംഗങ്ങളാണ് ഇസ്രായേലി ഭീകരാക്രമണത്തിൽ രക്തസാക്ഷികളായത്. ആശുപത്രിയിലിരുന്ന് അദ്ദേഹമെഴുതിയ ആദ്യ കുറിപ്പ്...
അതീവ സങ്കടത്തോടെ ആശുപത്രിക്കിടയിൽനിന്നാണ് ഇതെഴുതുന്നത്. പത്തുദിവസത്തിന് ശേഷം ഇപ്പോഴാണ് ഫോൺ കൈകൊണ്ട് പിടിക്കാനും എന്തെങ്കിലും കുത്തിക്കുറിക്കാനുമെല്ലാം പറ്റുന്നത്.
തെക്കൻ ഗസ്സയിലെ റഫയിലുള്ള കുടുംബ വീട്ടിലാണ് ഒക്ടോബർ 24ന് ഞാൻ ഉറക്കമുണർന്നത്. മൂന്ന് നിലയുള്ള (ഉണ്ടായിരുന്ന) ആ വീട്ടിലാണ് എന്റെ ഉപ്പയും എന്റെ സഹോദരങ്ങളും മക്കളുമെല്ലാം പാർത്തിരുന്നത്. എന്റെ കുട്ടികൾ വല്ലുപ്പയുടെ വീട്ടിലേക്ക് ഇടക്കിടെ വരും, അവരുടെ സമപ്രായക്കാരായ സഹോദരങ്ങളോടൊത്ത് കളിക്കും.
ഞാൻ കുട്ടികളുടെ കൂടി ഇരിക്കുകയായിരുന്നു. യുദ്ധം കനക്കുന്നതോടെ എവിടെ നിന്നാണ് നമുക്ക് റൊട്ടിയും വെള്ളവും കിട്ടുക? ഫോൺ ചാർജ് ചെയ്യാൻ ഒരു സോളാർ പാനൽ എങ്ങനെ സംഘടിപ്പിക്കും എന്നൊക്കെ അവർ പലപല സംശയങ്ങൾ ചോദിച്ചു.
ഗസ്സയിലേക്കുള്ള വൈദ്യുതിയും ഭക്ഷണവും വെള്ളവുമെല്ലാം ഇസ്രായേൽ വിച്ഛേദിച്ചതിനാൽ ഞങ്ങൾക്ക് ബദൽ മാർഗങ്ങൾ തേടേണ്ടിയിരുന്നു. അത്യാവശ്യ ഘട്ടത്തിൽ അടുത്തുള്ള ഒരു സ്കൂളിൽ കൊണ്ടുപോയി ഫോണുകൾ ചാർജ് ചെയ്താണ് പുറംലോകവുമായുള്ള വിനിമയബന്ധം നിലനിർത്താൻ ശ്രമിക്കുന്നത്.
അബൂദ് എന്ന് വിളിക്കുന്ന എന്റെ മൂത്ത മകൻ 13 വയസ്സുകാരൻ അബ്ദുല്ല കടയിൽ റൊട്ടി വാങ്ങാൻ പോയിട്ട് ബിസ്കറ്റുമായാണ് മടങ്ങി വന്നത്. കടകളിലെങ്ങും റൊട്ടി കിട്ടാനില്ല. മക്കളായ ഹമ്മൂദ്, ബതൂൽ എന്നിവരും എന്നോടൊപ്പമുണ്ടായിരുന്നു; ഇളയവൻ അബ്ദുൽ റഹ്മാൻ പുറത്തായിരുന്നു. സ്കൂളിൽ ചാർജ് ചെയ്യാൻ വെച്ച ഫോൺ എടുത്തുകൊണ്ടുവരാനായി അബൂദ് വീണ്ടും പുറത്തിറങ്ങാനൊരുങ്ങി.
അടുത്ത സെക്കൻഡിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കോർമയില്ല, ഞാൻ അപ്പോഴേക്കും ബോധരഹിതനായിട്ടുണ്ടാവാം. കണ്ണ് തുറക്കുമ്പോൾ പൊടിപടലങ്ങൾക്കും കല്ല് കൂമ്പാരങ്ങൾക്കും ഇടയിലായിരുന്നു ഞാൻ. വീട് തകർന്നിരിക്കുന്നു എന്നെനിക്ക് മനസ്സിലായി, ഒന്നും കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
ഞാൻ ചുറ്റിലും നോക്കി. എന്നോട് പറ്റിച്ചേർന്നിരിക്കുന്ന ഹമ്മൂദും ബതൂലും അലറി വിളിച്ച് കൈചൂണ്ടിയ ഇടത്തേക്ക് നോക്കി. അബൂദ് അവിടെ മുറിവേറ്റ് കിടക്കുന്നു. മറുവശത്ത് എന്റെ രണ്ട് അമ്മായിമാർ, അവരുടെ പെൺമക്കൾ, ഇളയുമ്മ... ഇവരെയെല്ലാം കണ്ടു.
അമ്മായിമാർ കഴിഞ്ഞ ദിവസമാണ് വീട്ടിൽ വന്നത്. പ്രായമേറിയ വലിയമ്മായിയുടെ മകനും മൂന്ന് പേരക്കുട്ടികളും ഈയടുത്ത ദിവസം രക്തസാക്ഷികളായതോടെ ഉപ്പ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതായിരുന്നു. അവർക്ക് കൂട്ടിന് വന്നതാണ് ഇളയ അമ്മായി. ഞാനും മക്കളും ഇരുന്നിരുന്ന ഭാഗത്ത് തന്നെയാണ് മിസൈൽ വന്ന് പതിച്ചിരിക്കുന്നത്. കുട്ടികളും സ്ത്രീകളും വീണുകിടക്കുന്നെന്ന് ഞാൻ ഉറക്കെ വിളിച്ചുപറയാൻ നോക്കി, എന്റെ ശബ്ദം എനിക്ക് പോലും കേൾക്കാനായിരുന്നില്ല.
ആളുകൾ ഓടിവന്നു. അവർ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്റെ പരിക്ക് സാരമില്ല, മക്കളെയും പ്രായമായവരെയും രക്ഷിക്കൂ എന്ന് പറഞ്ഞു ഞാൻ. രക്ഷാപ്രവർത്തകർ അവർക്ക് ആവുംവിധത്തിൽ സകലരെയും വാരിയെടുത്ത് ശുശ്രൂഷ ഒരുക്കാൻ ശ്രമിക്കുന്നുണ്ട്. പ്രഥമ ശുശ്രൂഷ നൽകിയശേഷം അവർ എന്നെ റഫയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെനിന്ന് ഖാൻ യൂനിസിലെ അൽ നസർ ആശുപത്രിയിലേക്കും.
ആശുപത്രിയിൽ വെച്ച് എന്റെ സഹോദരൻ അറിയിച്ചു, അമ്മായിമാരും അവരുടെ മക്കളും ഇളയുമ്മയും ഞങ്ങളുടെ അയൽവാസിയും രക്തസാക്ഷികളായിരിക്കുന്നു. ഹമ്മൂദിനും ബത്തൂലിനും എന്റെ പെങ്ങന്മാർക്കും പരിക്കുകളുണ്ട്, അബൂദും അവന്റെ കളിക്കൂട്ടുകാരിയായ എന്റെ അനന്തരവൾ ജൂദും ഗുരുതരാവസ്ഥയിലാണ്. അത്യാഹിത വിഭാഗത്തിൽ പരിചരണത്തിലിരിക്കെ അബൂദ് അവസാനശ്വാസം വലിച്ചു, പിറ്റേദിവസം ജൂദും അവനരികിലേക്ക് പോയി.
അബൂദിനെക്കുറിച്ച് ഞാൻ പലകുറി ആലോചിച്ചു. സമപ്രായക്കാരായിരുന്നില്ല ഞാനായിരുന്നു അവന്റെ ഏറ്റവും വലിയ ചങ്ങാതി, അവൻ എന്റെയും. മുതിർന്നവർ കൊടുക്കുന്ന സമ്മാനത്തുകകൾ കൂട്ടിവെച്ച് സ്വരൂപിച്ച 20 ഡോളറുമായി ഈ സംഭവം നടക്കുന്നതിന്റെ തലേനാൾ അവൻ എന്റെ അരികിൽ വന്നു. ബാബാ, ഇത് വെച്ചോളൂ എനിക്കറിയാം നിങ്ങൾക്കിപ്പോൾ പണത്തിന് ആവശ്യമുണ്ടെന്ന്...
വളരെ നന്ദി ഹബീബി, ഇപ്പോൾ വേണ്ടാ... എന്റെ കൈയിലുണ്ടെടാ എന്ന് പറഞ്ഞിട്ടും ഇതുംകൂടി വെച്ചോളൂ എന്നവൻ നിർബന്ധം പിടിച്ചു. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത അവനെ എന്തിനാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്? നിരപരാധികളായ ആയിരക്കണക്കിന് മറ്റ് കുട്ടികളെയും പുരുഷന്മാരെയും സ്ത്രീകളെയും കൊലപ്പെടുത്തിയ അതേകാരണം കൊണ്ടുതന്നെ.
ഇസ്രായേലും അവരുടെ കൊളോനിയൽ ഭരണകൂടവും ഞങ്ങളെ മനുഷ്യരായി കാണുന്നില്ല. ഞങ്ങളുടെ വികാരങ്ങളെ അറിയുന്നില്ല. ഞങ്ങളുടെ അസ്ഥിത്വത്തെപ്പോലും അംഗീകരിക്കുന്നില്ല അവർ.
ഇസ്രായേലും അവരെ പിന്തുണക്കുന്നവരും ചെയ്തുകൂട്ടുന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഞങ്ങളുടെ വീടിനുനേരെയുണ്ടായ അതിക്രമം. അവർ ഹമാസിനെ തുടച്ചുനീക്കാനുള്ള യുദ്ധമെന്ന് പറഞ്ഞാണ് ഈ ആക്രമണങ്ങളെല്ലാം നടത്തുന്നത്. ലോകമെമ്പാടുമുള്ള കൊളോണിയൽ ഭരണകൂടങ്ങളുടെ പിന്തുണയും അവർക്കതിനുണ്ട്.
പക്ഷേ, അവർ ആക്രമം നടത്തി തകർത്തത് ഹമാസ് താവളമല്ലല്ലോ സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളും അഭയാർഥി ക്യാമ്പുകളുമാണ്. എന്റെ വീട്ടിലെ നാല് സ്ത്രീകളെയും രണ്ട് കുഞ്ഞുങ്ങളെയുമാണ് കൊന്നത്, ഈ ദിവസങ്ങളിലെല്ലാം ഏറ്റവുമധികം കൊന്നുകളഞ്ഞത് സ്ത്രീകളെയും കുട്ടികളെയുമാണ്. അവരാണോ ഇസ്രായേലിന്റെ ഉന്നം?
ഒരു ഇസ്രായേലി പൈലറ്റ് തൊടുത്തുവിട്ട അമേരിക്കൻ മിസൈലല്ല എന്റെ കുഞ്ഞിനെ കൊന്നത്, കുടിയിറക്കലും വംശഹത്യയും വഴി നിലവിൽവന്ന ഒരു ഭരണകൂടമാണ്. ആയിരങ്ങളെ കണ്ണീരിലാഴ്ത്തുന്ന കൂട്ടക്കൊലകൾ ഈ ക്രിമിനൽ ഭരണകൂടം തുടർന്നുകൊണ്ടേയിരിക്കും. ഈ വംശീയ കൊളോണിയൽ ഭരണസംഘം ഇല്ലാതാകുന്ന അന്നുമാത്രമേ ഈ അനീതിക്ക് അറുതിയുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.