അവൾ മുന്നോട്ടുവെക്കുന്ന അഗ്നിപരീക്ഷകൾ
text_fieldsഏറ്റവും നീചവും നിഷ്ഠുരവും ജുഗുപ്സാവഹവുമായ രീതിയിൽ ഒരു പെൺകുട്ടി ബലാത്സംഗഹത്യ വരിച്ചതിെൻറ ലോകോത്തര മാതൃകയാണ് കഠ്വ സംഭവം. അതിലുപരി ആ ചിത്രവധം ഇന്ത്യാ മഹാരാജ്യത്തിന് ഒരു അഗ്നിപരീക്ഷയുമാണ്; നാട്ടിലെ പ്രബല മതസമുദായങ്ങളായ ഹിന്ദുക്കളും മുസ്ലിംകളും നേരിടേണ്ട കടുത്ത അഗ്നിപരീക്ഷ. ആദ്യമായി ഹിന്ദുക്കൾക്ക് മുന്നിലുള്ള അഗ്നിപരീക്ഷയെക്കുറിച്ച് ചിന്തിക്കാം. കഠ്വ പെൺകുട്ടിയുടെ കൊടുംകൊല പുറത്തുവന്നതോടെ കുറ്റവാളികൾ ചെയ്തത് ഹിന്ദുക്കൾ മുസ്ലിമിനെ കൊന്ന കാര്യമായതിനാൽ ഹിന്ദുക്കളെല്ലാം പ്രതികൾക്കൊപ്പം അണിചേരണമെന്ന് വാദിക്കലാണ്. അതിനുവേണ്ടി അവർ ഹിന്ദു ഏകത മഞ്ച് രൂപവത്കരിച്ചു. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ എം.എൽ.എയും മന്ത്രിമാരും കുറ്റവാളികൾക്കുവേണ്ടി ശബ്ദമുയർത്തി. ബാർ കൗൺസിലിലുള്ള ഹിന്ദുത്വ വർഗീയവാദികൾ കേസ് കുത്തിപ്പൊക്കിയ ദീപിക സിങ് രജാവത്തിനെ നരകാവസ്ഥയിലെത്തിച്ചു. ഈ ചെയ്തികളിലൂടെ ഹിന്ദുത്വ ഫാഷിസ്റ്റുകൾ ഹിന്ദുക്കളോട് ആവശ്യപ്പെട്ടത് ഉദാത്തമായ ഹൈന്ദവതത്ത്വങ്ങളുടെ ബഹിഷ്കരണമാണ്. അങ്ങനെ തങ്ങളിലുള്ള ഹൈന്ദവ സ്വത്വത്തിെൻറ ആത്്മഹത്യയാണ്. സ്ത്രീനീതിക്കുവേണ്ടി ധർമയുദ്ധം നയിച്ച ശ്രീകൃഷ്ണനെ കൊലക്ക് കൊടുക്കലാണ്. ന്യൂനപക്ഷമായ ചാർവാകരുടെ സൗഖ്യമന്വേഷിച്ച ശ്രീരാമെൻറ നാടുകടത്തലാണ്. ഇന്ത്യക്ക് വേദാന്തമനസ്സും മുസ്ലിം ശരീരവുമാണ് വേണ്ടതെന്ന് ഉദ്ഘോഷിച്ച വിവേകാനന്ദനെ മുഖമടച്ച് ആട്ടലാണ്. തെൻറ ഒരു കണ്ണ് ഹിന്ദുവും മറ്റേ കണ്ണ് മുസ്ലിമുമാണെന്ന് പ്രഖ്യാപിച്ച മഹാത്്മജിയുടെ രണ്ട് കണ്ണും കുത്തിപ്പൊട്ടിക്കലാണ്.
ഇവരുടെ കൊടും ചതിയിൽ അകപ്പെട്ടാൽ ഹിന്ദുക്കളെ, നിങ്ങൾക്ക് നിങ്ങളുടെ ആത്്മാവ് നഷ്ടമാകും. പഞ്ചസാര എന്ന് എഴുതിവെച്ച പാത്രത്തിലെ പാഷാണമായി നിങ്ങൾ ഭവിക്കും. അതിനാൽ, ഹിന്ദുത്വത്തിെൻറ പേരുംപറഞ്ഞ് നിങ്ങളെ വിനാശത്തിലേക്ക് നയിക്കുന്നവരെ തിരിച്ചറിയുക. ഈ നാടിനെ കുളംതോണ്ടിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ വിഘടനദർശനമാണ് അവരുടേതെന്ന് മനസ്സിലാക്കുക. ഹൈന്ദവതയുടെ ഉന്നതാദർശങ്ങളെ ഉയർത്തിപ്പിടിച്ച് ഈ വിതണ്ഡവാദക്കാരെ പ്രതിരോധിക്കുക. നിങ്ങളുടെ ഒരുവിധ ഓശാരവും ഞങ്ങൾക്ക് വേണ്ടെന്ന് കട്ടായം പറയുക. പോരാ, ഇതുവരെ സൃഷ്ടിക്കപ്പെട്ട മൂല്യച്യുതിയിൽനിന്ന് ഹിന്ദുസമൂഹത്തെ മടക്കിയെടുക്കാനുള്ള ഉദ്യമങ്ങളും ആരംഭിക്കുക. ആചാര്യസ്ഥാനങ്ങൾ, പ്രാർഥനാമന്ദിരങ്ങൾ, സന്യാസാശ്രമങ്ങൾ, യോഗകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് വിദ്വേഷപ്രചാരകരെ തുരത്തുക. എല്ലാറ്റിനും നാന്ദിയായി ജമ്മുവിലെ ക്ഷേത്രപങ്കിലതയെ രാജ്യത്തെ സകല ഹിന്ദുദേവാലയങ്ങളിലും ശുദ്ധികലശം നടത്തിക്കൊണ്ട് ദൂരീകരിക്കുക. സ്ത്രീശാപ പരിഹാരാർഥം ഹിന്ദുക്കളായ ഹിന്ദുക്കൾ മുഴുക്കെ തങ്ങളുടെ തട്ടകക്ഷേത്രങ്ങളിൽ പ്രായശ്ചിത്ത ശയനപ്രദക്ഷിണവും നിർവഹിക്കട്ടെ. എന്നാലേ നിങ്ങൾക്ക് ആർഷഭാരത സംസ്കൃതിയുടെ യശസ്സ് തിരിച്ചുപിടിക്കാനൊക്കൂ. മര്യാദ പരുഷോത്തമനായ ശ്രീരാമെൻറയും സ്ത്രീസ്നേഹിയായ ശ്രീകൃഷ്ണെൻറയും കീഴാള സ്വത്വചാരിയായ പരമശിവെൻറയും അനുഗ്രഹാശിസ്സുകൾ നേടാൻ കഴിയൂ. എന്തിന്, നിങ്ങളുടെ മക്കൾക്ക് ആട്ടും തുപ്പും കേൾക്കാതെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞുകൂടാൻ പോലും സാധിക്കൂ.
ഇനി മുസ്ലിംകൾക്ക് മുന്നിലുള്ള അഗ്നിപരീക്ഷയെപ്പറ്റി ആലോചിക്കാം. മുഹമ്മദ് അഖ്ലാഖ്, ജുനൈദ് ഖാൻ പരമ്പരയിലെ ഏറ്റവും നൃശംസമായ നശീകരണമാണ് കഠ്വയിലെ പെൺകുട്ടിയിൽ പ്രയോഗിക്കപ്പെട്ടത്. ദലിതർ, കർഷകർ തുടങ്ങിയ പീഡിതവിഭാഗങ്ങളെ അപേക്ഷിച്ച് സ്വരമുയർത്താൻപോലും ആകാത്തവിധം തിരസ്കൃതരാണ് തങ്ങളെന്ന തോന്നൽ പിന്നെപ്പിന്നെ മുസ്ലിംകളിൽ വളരുന്നുണ്ട്. ഈ രാജ്യം ഞങ്ങളുടേതല്ലേ എന്ന ആശങ്കയും ജനിക്കുന്നുണ്ട്– മേൽപറഞ്ഞ സാഹചര്യത്തിൽ വിവേകം വികാരത്തിന് അടിമപ്പെടാനുള്ള പ്രവണതകൾ പ്രത്യക്ഷപ്പെടാം. ഹിന്ദുത്വ ഫാഷിസ്റ്റുകളോടുള്ള അരിശം പൊതുഹിന്ദുസമൂഹത്തിലേക്കും സംക്രമിക്കാം. ഹിന്ദുക്കൾ മുസ്ലിംകളുടെ ശത്രുക്കളാണോ എന്ന സംശയം പുതിയ തലമുറയിൽ അങ്കുരിക്കാം. ഇസ്ലാം തീവ്രവാദികളോട് ചിലപ്പോഴെങ്കിലും പാവപ്പെട്ട മുസ്ലിംകൾക്ക് മമത തോന്നിയേക്കാം. തക്കം പാർത്തിരിക്കുന്ന അവരാകട്ടെ, അപ്പോഴും ഞങ്ങൾ പറഞ്ഞില്ലേ എന്ന കൊലച്ചിരിയുമായി അരക്ഷിതരായവരെ വലയിൽ വീഴ്ത്താം. ഭീകര– തീവ്രവാദങ്ങളുമായുള്ള ഓരോ വേഴ്ചയും മുസ്ലിംകളിലെ വിശ്വാസപ്രതിബദ്ധതയെ അപായപ്പെടുത്താം. അങ്ങനെ ഹിന്ദുത്വ ഫാഷിസ്റ്റുകളാൽ ഒടുങ്ങുന്നതിനുപകരം നിങ്ങൾക്ക് ആത്്മനാശത്തിെൻറ നരകത്തിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാം.
ഈ ദുര്യോഗം നേരിടാതിരിക്കാൻ വേണ്ടത് സകല തീവ്രവാദങ്ങളിൽനിന്നും അകന്നു നിൽക്കലാണ്, ഹിന്ദുത്വ ഫാഷിസ്റ്റുകളെയും ഹിന്ദുമതവിശ്വാസികളെയും വേർതിരിച്ച് കാണലാണ്, ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കെതിരെ ഹിന്ദുമതവിശ്വാസികളും മതേതരവാദികളുമായി കൈകോർക്കലാണ്, അതിനുതകുംവിധം രണ്ടു മതവിഭാഗങ്ങളുടെയും ഭൂതകാല ചരിതം തെളിമയോടെ ഓർക്കലാണ്.
സാമ്രാജ്യത്വ ശക്തികൾ പരസ്പരം അടിപ്പിക്കുന്നതിനുമുമ്പ്, സഹസ്രാബ്ദങ്ങളായിരുന്നു ഹിന്ദുക്കളും മുസ്ലിംകളും ഇന്ത്യാ മഹാരാജ്യത്ത് സഹകരിച്ച് ജീവിച്ചത്. വിഭവങ്ങൾ അവർ പങ്കുവെച്ചു. വേദനകളും ആഹ്ലാദങ്ങളും പങ്കുവെച്ചു. നാട്ടാചാരങ്ങൾ പങ്കുവെച്ചു. സാഹിത്യവും സംഗീതവും ശിൽപ–വാസ്തു വിദ്യകളും പങ്കുവെച്ചു. ബ്രിട്ടീഷുകാർ കയറിവന്നപ്പോൾ അവർക്കെതിരായ രോഷവും സമരവും പങ്കുവെച്ചു. ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ വിശേഷിച്ചും ഇസ്ലാം വളർന്നത് ഹിന്ദുജനസാമാന്യത്തിെൻറ ആനുകൂല്യം കൊണ്ടുതന്നെയാണ്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് പറഞ്ഞപോലെ കേരളക്കരയിലെത്തിയ 11 മുസ്ലിംകൾ 11 ലക്ഷമായി പെരുകിയത് ഹിന്ദുരാജാക്കന്മാരുടെ നിരുപാധികമായ വരവേൽപുമൂലമാണ്. പ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിച്ചിട്ടും കഠ്വ പെൺകുട്ടിയെ പിച്ചിച്ചീന്തിയവരെ അറസ്റ്റ് ചെയ്തത് രമേശ് കുമാർ ജല്ല എന്ന ഹിന്ദു പൊലീസ് ഓഫിസറായിരുന്നു. എല്ലാ ഭീഷണികളും നേരിട്ട് കേസ് കോടതിയിൽ എത്തിച്ചത് ദീപിക സിങ് രജാവത് എന്ന ഹിന്ദു അഭിഭാഷകയായിരുന്നു. എന്തിന് കഠ്വ പെൺകുട്ടിയുടെ പേര് നിലനിർത്താൻ തങ്ങൾക്ക് പിറന്ന കുഞ്ഞുങ്ങൾക്ക് അതേ നാമധേയം നൽകിയതും ശ്രീജനും രാജിത് രാമുമായിരുന്നു.
അതുകൊണ്ടുതന്നെ മുസ്ലിംകൾക്കെതിരായ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ അതിക്രമങ്ങൾ നേരിടേണ്ടത് നല്ലവരായ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചു അണിനിരന്നുകൊണ്ടാണ്. കഠ്വ പെൺകുട്ടി എെൻറ സ്വന്തം മകളാണെന്ന് അയമുട്ട്യാക്കയും ഗോപാലൻകുട്ടിയും ഒന്നിച്ച് പുന്നാരിക്കുന്നതിനെ ഒരുതരത്തിലും നിരുത്സാഹപ്പെടുത്തിക്കൂടാ. അത്തരം അഭേദ ബോധത്തിെൻറ ഉണർച്ചകൊണ്ടായിരുന്നു വർഗീയശക്തികളുടെ കുത്തിത്തിരുപ്പുകളെ മറികടന്ന് ഇന്ത്യൻ സുമനസ്സുകൾ മുഴുക്കെ അവളുടെ നീതിക്കായി മുന്നോട്ടുവന്നത്. കേരളത്തിലും അഭൂതപൂർവമായ പ്രതിഷേധപ്രകടനങ്ങൾ നടന്നത്. പക്ഷേ, പ്രജ്ഞാപരമായ ആ ഏകത്വത്തെ താളം തെറ്റിക്കുന്നതായിപ്പോയി ഏപ്രിൽ 16ന് സംഘടിപ്പിക്കപ്പെട്ട വാട്സ് ആപ് ഹർത്താൽ. മുൻകൂർ നോട്ടീസ് നൽകാതെ ജനങ്ങളെ കഷ്ടപ്പെടുത്തിയ ചതിപ്രയോഗം. കഠ്വ പെൺകുട്ടിയുടെ ചിത്രവധത്തിൽ വേദനയനുഭവിച്ച കോഴിക്കടക്കാരനുപോലും അന്നം മുട്ടിച്ച അത്യാചാരം. എട്ടും പൊട്ടും തിരിയാത്ത അവളുടെ ആത്്മാവിന് അരോചകമാകാവുന്ന അസഭ്യവർഷം.
ഈ പിതൃരഹിത ഹർത്താലിെൻറ ഒരേയൊരു ഫലശ്രുതി മുഖം നഷ്ടപ്പെട്ടു പോയിരുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾക്ക് പിടിവള്ളി നൽകൽ മാത്രമായിരുന്നു. തീവ്രവാദകാമുകർക്ക് ആത്്മസംതൃപ്തിയേകലും (ഏത് ചീത്ത സംഭവത്തിെൻറയും പിൻപണിക്കാരെ അതുകൊണ്ട് നേട്ടമുണ്ടാക്കുന്നവരിൽ തെരയുക എന്ന് പഴമൊഴി!). ജനവികാരം കത്തിക്കാളുന്നതിന് കുറ്റം പറയാമോ, ജനസഞ്ചയരാഷ്ട്രീയത്തിെൻറ ഉയിർപ്പായിരിക്കില്ലേ ഇത്, ഏത് ഹർത്താലുകളിലും അല്ലറചില്ലറ ഏനക്കേടുകൾ നടക്കാതിരിക്കുമോ തുടങ്ങിയ ചോദ്യങ്ങളാൽ ഈ സംഭവത്തെ വെള്ളപൂശാൻ ശ്രമിക്കരുത്. എന്തുകൊണ്ടെന്നാൽ ഏപ്രിൽ 16 െൻറ ഹർത്താലിന് പിറകിലുള്ള വിഷയം ഒട്ടും ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല. ഓർക്കുക, സമീപനത്തിൽ സ്വൽപം പാളിപ്പോയാൽ രാജ്യത്തെ മൊത്തം മുസ്ലിം സമൂഹത്തിെൻറ ജീവിതം തകിടംമറിക്കുന്ന ആണവം അതിനകത്തുണ്ട്. ഇനിയും ഇന്ത്യയിൽ മുസ്ലിംകൾക്ക് ഇത്തരം അഗ്നിപരീക്ഷകൾ നേരിടേണ്ടിവരും. അപ്പോൾ ഏത് തീേവ്രാപദേശങ്ങളെക്കാളും സിദ്ധാന്തസംഹിതകളെക്കാളും അവർക്ക് കണ്ണടച്ച് ആശ്രയിക്കാനുള്ളത് ഒരേയൊരു മാതൃകയാണ്. നിരപരാധിയുടെ വധം മനുഷ്യവംശത്തിെൻറ മുഴുവൻ ഹത്യക്ക് തുല്യമാണെന്ന് പ്രഖ്യാപിച്ച, ശത്രുക്കളെപ്പോലും മിത്രങ്ങളാക്കി മാറ്റിമറിച്ച മുഹമ്മദ് നബിയുടെ നിലപാടുകളുടെ മാതൃക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.