പാളിയ സുരക്ഷ
text_fieldsന്യൂഡൽഹി: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ രാജ്യം നടുങ്ങിനിൽക്കെ, സുരക്ഷ കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതിക്കൂട്ടിൽ. റെയിൽ പാളങ്ങളുടെയും ട്രെയിനുകളുടെയും സുരക്ഷിതത്വത്തിന് മുന്തിയ പരിഗണന നൽകേണ്ടതിനു പകരം അതിവേഗ, ആഡംബര ട്രെയിനുകൾക്ക് പിന്നാലെ പോകുന്നതിന്റെ ദുരന്തം കൂടിയാണ് പുതിയ അത്യാഹിതമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അത്യാധുനിക സംവിധാനങ്ങളുള്ള ബോഗികളും സാങ്കേതികവിദ്യയില് മുന്നിലുള്ള ട്രെയിനുകളും കൊണ്ടുവന്നെന്ന് മോദി സർക്കാർ നിരന്തരം അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഇത്തരത്തിൽ വലിയൊരു അപകടമുണ്ടാകുന്നത്. തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് മധ്യവർഗ കൈയടി നേടാൻ വന്ദേഭാരത് ഉദ്ഘാടന മാമാങ്കങ്ങൾക്ക് പിന്നാലെയാണ് കേന്ദ്രസർക്കാർ. ഒഡിഷ ദുരന്തത്തെ തുടർന്ന് ശനിയാഴ്ച നടത്തേണ്ടിയിരുന്ന അത്തരമൊരു ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റദ്ദാക്കേണ്ടിവന്നു.
പാതയും ട്രെയിനുകളും സ്വകാര്യവത്കരിക്കാൻ തിരക്കിട്ട ശ്രമം നടത്തുന്ന റെയിൽവേ അടുത്ത കാലത്തായി സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ട്രെയിനുകളുടെയും പാതയുടെയും സുരക്ഷിതത്വത്തിന് മുൻതൂക്കം നൽകുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ഇക്കാര്യത്തിനുള്ള ബജറ്റ് വിഹിതത്തിലെ കുറവ് ചൂണ്ടിക്കാട്ടുന്നത്. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനായി കൊണ്ടുവന്ന ‘കവച്’ സംവിധാനം കൂടുതൽ പാളങ്ങളിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല.
അപകടം നടന്ന പാതയിലും കവച് ഉണ്ടായിരുന്നില്ല. കവച് ഉണ്ടായിരുന്നെങ്കിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ഒഡിഷ ദുരന്തം സംഭവിക്കുമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് വിദഗ്ധർ. 2020 ലാണ് 35,000 കി.മീറ്റർ റെയിൽപാതയിൽ കവച് സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ, 2023 മാർച്ചിൽ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടി പ്രകാരം കവച് സ്ഥാപിച്ചത് ഇതുവരെ 1,445 കി.മീറ്റർ പാതയിൽ മാത്രം. 2022 ആഗസ്റ്റിനും 2023 മാർച്ചിനും ഇടയിൽ കവച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികളിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് മറുപടിയിൽ വ്യക്തം.
കവച് പ്രായോഗികതലത്തിലേക്ക് കൊണ്ടുവരുന്നതിൽ ഉണ്ടായ കാലതാമസമാണ് ഒഡിഷയിലെ അപകടത്തിനു കാരണമായതെന്ന് നിരവധി പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. കൂട്ടിയിടി ഒഴിവാക്കുന്നതിനായി വികസിപ്പിച്ച സംവിധാനത്തോട് കുറ്റകരമായി മുഖംതിരിച്ച മോദി സർക്കാർ വരുത്തിവെച്ച അപകടമാണ് ഒഡിഷയിലുണ്ടായതെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു. റെയിൽവേ സംവിധാനത്തിൽ സുരക്ഷ സംവിധാനം നടപ്പാക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും രക്ഷാപ്രവർത്തനം കഴിഞ്ഞിട്ട് കൂടുതൽ ചോദ്യം ഉന്നയിക്കാനുണ്ടെന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
കവചിന്റെ പ്രവർത്തനം
ട്രെയിൻ കൂട്ടിയിടി ഒഴിവാക്കാൻ റെയിൽപാളത്തിൽ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് സംരക്ഷണ സംവിധാനമാണ് കവച്. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ) തദ്ദേശീയമായി വികസിപ്പിച്ചതാണിത്. സിഗ്നൽ മറികടന്ന് ട്രെയിൻ പോകുന്നതാണ് കൂട്ടിയിടിക്ക് പ്രധാന കാരണം. അപകടകരമായി സിഗ്നൽ മറികടക്കുന്നതും അമിത വേഗവും ഒഴിവാക്കാൻ ലോക്കോ പൈലറ്റിനെ കവച് സഹായിക്കുന്നു. കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമ്പോഴും കവച് സഹായകമാണ്. ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഒരു സിഗ്നൽ അപകടകരമായ വിധത്തിൽ മറികടന്നാൽ കവച് സംവിധാനം മുന്നറിയിപ്പ് നൽകും.
ലോക്കോ പൈലറ്റ് ബ്രേക്ക് ഇട്ടില്ലെങ്കിൽ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ കവച് ട്രെയിൻ വേഗത നിയന്ത്രിക്കുന്നു. ട്രെയിൻ സ്വമേധയാ തന്നെ ഓട്ടം നിർത്തുന്നു. ഒരേ പാതയിൽ എതിർ ദിശയിൽനിന്ന് മറ്റൊരു ട്രെയിൻ നിശ്ചിത അകലം കടന്നുവരുന്നതായി കാണുമ്പോഴാണ് കവച് ഇങ്ങനെ പ്രവർത്തിക്കുന്നത്.
അമിത വേഗത, മൂടൽമഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളിൽ എൻജിൻ കാബിനിൽ സിഗ്നലുകൾ ആവർത്തിച്ചുനൽകും. ലെവൽ ക്രോസിൽ ഓട്ടോമാറ്റിക് ആയി വിസിൽ മുഴക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.