അധ്വാനം ആയുസ്സിെൻറ അറ്റം വരെ
text_fieldsസാമ്പത്തിക പരാധീനതകളും തന്മൂലമുള്ള ദാരിദ്ര്യവുമാണ് വാർധക്യം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയെന്ന് വയോധികരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ സെൻറർ ഫോർ െജറോേൻറാളജിക്കൽ സ്റ്റഡീസ് ചെയർമാൻ ഡോ. പി.കെ.ബി. നായർ പറയുന്നു. തുച്ഛമായ വാർധക്യകാല പെൻഷൻകൊണ്ട് ശിഷ്ടജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പലർക്കും കഴിയാറില്ല. ചിലർക്ക് ആസ്തിയുണ്ടാകും. പക്ഷേ, നിത്യച്ചെലവിന് വരുമാനമുണ്ടാകില്ല. ഉയർന്ന പെൻഷനും സാമ്പത്തികനിലയുമുള്ളവർക്കു നോക്കാനാളില്ലാത്തതാണു പ്രശ്നം.
പ്രായത്തിെൻറ അവശതകളും അനാരോഗ്യവും വകവെക്കാതെ ജോലി ചെയ്യുന്നവർ നിരവധിയാണ്. പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് വിരമിച്ച പലരും ദൈനംദിന ജീവിതം തള്ളിനീക്കാൻ കാവൽക്കാരായും കണക്കെഴുത്തുകാരായും അധ്വാനം തുടരുന്നു. രോഗവും വൈകല്യവും വന്നാൽ എങ്ങനെ നേരിടുമെന്ന ചിന്തയാണ് സാമ്പത്തികഭദ്രതയില്ലാത്ത വയോധികരുടെ പ്രധാന ആധി. സ്ത്രീകളാണ് ഇൗ പ്രതിസന്ധി കൂടുതൽ അഭിമുഖീകരിക്കുന്നത്. കേരളത്തിൽ 60 വയസ്സിന് മുകളിലുള്ള 38.9 ശതമാനം പുരുഷന്മാരും 8.5 ശതമാനം സ്ത്രീകളും ജോലിചെയ്യുന്നു എന്നാണ് കണക്ക്. 60നും 69നും ഇടയിൽ പ്രായമുള്ളവരിൽ ഇത് യഥാക്രമം 48.3 ശതമാനവും 11.8 ശതമാനവും 70-79 പ്രായക്കാരിൽ 28.5 ശതമാനവും 4.7 ശതമാനവുമാണ്. 80ന് മുകളിൽ പ്രായമുള്ള 15.5 ശതമാനം പുരുഷന്മാരും 2.4 ശതമാനം സ്ത്രീകളും ജോലിചെയ്യുന്നവരാണ്. കുടുംബഘടനയിലുണ്ടായ മാറ്റത്തിെൻറ ഫലമായി അധികാരത്തിനും വിഭവങ്ങൾക്കും മേലുള്ള നിയന്ത്രണം നഷ്ടമായതോടെ വയോധികർ സാമ്പത്തിക നിലനിൽപ്പിന് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു. ഗ്രാമങ്ങളിൽ 43 ശതമാനം പുരുഷന്മാരും 70 ശതമാനം സ്ത്രീകളും പൂർണമായും മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിയുന്നത്. നഗരപ്രദേശങ്ങളിൽ ഇത് യഥാക്രമം 35ഉം 64ഉം ശതമാനമാണ്. വയോധികരിൽ പകുതിയിലധികവും അടിസ്ഥാന സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ മക്കളെയോ ബന്ധുക്കളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
മക്കൾക്ക് ഭാരമാകേണ്ടിവരുന്നതിലെ മനോവിഷമമാണ് പലരെയും ആത്മഹത്യയിലേക്കോ വിഷാദരോഗത്തിലേക്കോ തള്ളിവിടുന്നത്. തളിപ്പറമ്പ് സ്വദേശി ജോസഫ് എന്ന 75 കാരൻ സ്വന്തം ചരമവാർത്ത പത്രങ്ങളിൽ നൽകി മരിക്കാനായി നാടുവിട്ടത് അടുത്തിടെയാണ്. പതിറ്റാണ്ടിലധികമായി ജോസഫും ഭാര്യയും ഒറ്റക്കായിരുന്നു താമസം. മക്കളെല്ലാം വിദേശത്ത്. താനില്ലാതായാൽ ഭാര്യക്കെങ്കിലും മക്കളുടെ ആശ്രയമുണ്ടാകുമെന്ന ചിന്തയാണ് അർബുദരോഗിയായ ജോസഫിനെ സാഹസത്തിന് പ്രേരിപ്പിച്ചത്. മൂല്യങ്ങളിലും യുവതലമുറയുടെ ജീവിതശൈലിയിലുമുണ്ടായ മാറ്റം വയോധികർക്ക് ഗാർഹിക സുരക്ഷിതത്വം നഷ്ടമാക്കുകയും അവരെ സാമൂഹികമായി പാർശ്വവത്കരിക്കുകയും ചെയ്തു. കുടുംബത്തിലെ അധികാരശക്തി എന്ന പദവി നഷ്ടമാകുകയും നിർണായക തീരുമാനങ്ങളെടുക്കുന്നതിൽ മക്കൾക്ക് ആധിപത്യം കൈവരുകയും ചെയ്യുന്നതോടെ വയോധികർക്ക് ജീവിതം നിരർഥകമായി തോന്നിത്തുടങ്ങും. ഉറ്റവരുടെ അവഗണന കൂടിയാകുേമ്പാൾ ഇൗ നഷ്ടബോധത്തിെൻറയും ഇതു മൂലമുള്ള നിരാശയുടെയും ആഴമേറുന്നു.
മനോഭാവം മാറണം
പ്രായമായവർക്കൊപ്പം ചെലവഴിക്കാൻ പുതിയ തലമുറക്ക് സമയമില്ല. അത് കാലത്തിെൻറ പ്രത്യേകതയാണ്. അതേസമയം, ഇനി മക്കൾ നോക്കിക്കോളും എന്ന മനോഭാവം ഉപേക്ഷിക്കാൻ പ്രായമായവർ തയാറാവുകയും വേണം. വാർധക്യത്തെ സ്വീകരിക്കാൻ മാനസികമായി ഒരുങ്ങണം. പരമാവധി സ്വാശ്രയത്വം ശീലിക്കണം. പ്രായമാകുന്നതോടെ പലരും വെടിപ്പുള്ള ജീവിതശൈലി ഉപേക്ഷിച്ച് അലസരായി മാറുന്നത് കാണാം. ഇത് ശരിയല്ല. സ്ത്രീശാക്തീകരണം പോലെ വയോജന ശാക്തീകരണവും ആവശ്യമാണ്. മതിയായ കാരണങ്ങളുണ്ടെങ്കിൽ അവകാശങ്ങൾ നേടിയെടുക്കാൻ വയോധികർ മുന്നിട്ടിറങ്ങണം. അപ്പുറത്ത് നിൽക്കുന്നത് മക്കളാണെന്ന് ചിന്തിച്ച് പിന്മാറുകയല്ല വേണ്ടത്. മക്കൾ തങ്ങളുടെ പ്രതീക്ഷക്കൊത്ത് പെരുമാറണമെന്ന് വാശിപിടിക്കുന്നതിലും കാര്യമില്ല. വൃദ്ധസദനങ്ങളെ സാമൂഹിക ചവറ്റുകുട്ടയായാണ് പലരും കാണുന്നത്. എന്നാൽ, പ്രായമായ നമ്മുടെ മനസ്സിന് സംവദിക്കാൻ പറ്റിയ ഇടങ്ങളായി അവയെ തിരിച്ചറിയണം. വാർധക്യത്തെ പഴിച്ചുനിൽക്കാതെ ആസ്വാദ്യകരവും പ്രസാദാത്മകവുമാക്കാനാണ് ശ്രമിക്കേണ്ടത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.