കേവലം പ്രതീകമാകരുത് ഒാണം
text_fieldsആഘോഷങ്ങളെ അതിെൻറ ബാഹ്യരൂപത്തിൽ മാത്രം കൊണ്ടാടുക എന്നത് ഒരു നാട്ടുരീതിയായി മാറിയിരിക്കുന്നു. ഒാരോ ആഘോഷവും ആന്തരികമായി ചില മൂല്യങ്ങൾ സ്വയം ഉൾക്കൊള്ളുന്നവയാണ്. അവ ആത്യന്തികമായി സമൂഹനന്മക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, അത്തരം മൂല്യങ്ങളെയൊന്നും ഉൾക്കൊള്ളാതെ ബാഹ്യവും പ്രകടനാത്മകവുമായ വിശേഷതകൾ മാത്രം സ്വീകരിച്ച്, മുഖ്യധാരകളിൽനിന്ന് അകറ്റുന്ന ഒരു രീതി ഇന്ന് പ്രബലമാവുകയാണ്. ‘‘മാനുഷരെല്ലാരുമൊന്നുപോലെ’’ എന്നുള്ള ഏറ്റവും വിശിഷ്ടമായ ഒരാശയത്തെ മുൻനിർത്തിയുള്ള ഒരാഘോഷത്തിെൻറ മുന്നിലാണ് നാം ഇപ്പോഴുള്ളത്. തീർച്ചയായും ഒാണം എന്നുള്ളത് തികച്ചും മാനവികമായ ഇൗ ആശയത്തിെൻറ ആേഘാഷം തന്നെയായിരിക്കണം.
ഒാണം പൂർണമായും കേരളീയമായ ഒരാഘോഷമാണ്. അതിെൻറ പുരാവൃത്ത പശ്ചാത്തലം വാമനനും മഹാബലിയുമൊക്കെയുള്ള കഥകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. എന്നാൽ, കഥകളുടെ ചതുരങ്ങളിൽനിന്ന് പുറത്തേക്കുവന്ന വിശിഷ്ടമായ പരികൽപനകൾ ഇന്ന് ഏറക്കുറെ വിസ്മൃതമായിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തുല്യമായ രീതിയിൽ സമന്വയിപ്പിക്കപ്പെടുന്ന ഒരാഘോഷം ഒാണംപോലെ മറ്റൊന്നില്ല. പ്രകൃതിയിലേക്ക് മനുഷ്യൻ ആമഗ്നനായി ആനന്ദത്തിലേക്ക് ഉയിർത്തെഴുന്നേൽക്കപ്പെട്ടു. സമത്വസുന്ദരമായ ഒരുലോകത്തെ അവർ സ്വപ്നം കാണുന്നു. ഒരുദിവസത്തേെക്കങ്കിലും അത്തരമൊരു ലോകത്തിെൻറ യാഥാർഥ്യത്തെ അനുഭവിക്കാൻ അവർ തയാറെടുക്കുന്നു. കള്ളവും വഞ്ചനയുമില്ലാത്ത ഒരു സമൂഹത്തെ പ്രതിഷ്ഠിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള ഒരു ലോകത്തിെൻറ സാക്ഷാത്കാരമാണ് ഒാണം എന്ന ആേഘാഷത്തിൽ അന്തർലീനമായിരിക്കുന്നത്.
ഒരുപക്ഷേ, ഇൗയൊരു പുരാവൃത്തം തന്നെയാണ് ഒാണത്തെ മറ്റ് ആഘോഷങ്ങളിൽനിന്ന് വിഭിന്നമാക്കുന്നത്. എല്ലാ ആേഘാഷങ്ങൾക്ക് പിന്നിലും ഇതുപോലെ വിശിഷ്ടമായ ചില പുരാവൃത്തങ്ങൾ ഉെണ്ടന്നതും യാഥാർഥ്യമാണ്. ആഘോഷങ്ങൾ സമൂഹജീവിതത്തിെൻറ ഒരു ഭാഗമാണ്. ആഘോഷങ്ങളിൽ ഭാഗമാകുേമ്പാൾ പോയ കാലത്തിെൻറ വൈശിഷ്ട്യങ്ങൾ പങ്കുവെക്കാൻ ഒരു സമൂഹത്തിന് സാധ്യമാവുന്നു. അതുവഴി ഏതെങ്കിലും ചില മൂല്യങ്ങളെ ഉൾക്കൊള്ളാനും നിമിത്തമാകുന്നു. എന്നാൽ, ആഘോഷങ്ങൾ പ്രകടനപരമാകുന്നതോടെ ഇത് പ്രാേയാഗികമല്ലാതാവുന്നു. ഇന്ന് പല ആഘോഷങ്ങളും പ്രകടനാത്മകമാണ്. ആഡംബരത്തിെൻറയും ധൂർത്തിെൻറയും പ്രതീകമായി അവ മാറിയിരിക്കുന്നു.
ഒരു ബഹുസ്വരമായ സമൂഹത്തിൽ ഇത്തരം ആഘോഷങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ആ ആഘോഷങ്ങളിൽ വിഭാഗീയതയില്ല. ഒരു നാടിെൻറ പൈതൃകസംസ്കാരത്തിെൻറ ഭാഗമായാണ് ആഘോഷങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ എല്ലാ ജനവിഭാഗങ്ങളും ആഘോഷങ്ങളിൽ പങ്കുചേരേണ്ടതുമാണ്. ഒരു ബഹുസ്വരമായ സമൂഹത്തിൽ വിഭാഗീയമായ ആഘോഷങ്ങൾക്ക് പ്രസക്തിയില്ല. എന്നാൽ, ബഹുസ്വരതയോട് പ്രതിപത്തിയില്ലാത്ത വിഭാഗം ആഘോഷങ്ങൾക്ക് സങ്കുചിതമാനം നൽകാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ടുകൂടിയാണ് ആഘോഷങ്ങൾ പ്രകടനാത്മകമാവുന്നത്. മനുഷ്യരിലേക്ക് ഇറങ്ങുന്നതിനുപകരം ആഡംബരത്തിെൻറ ആകാശത്തിലേക്ക് അവ ഉയർത്തപ്പെടുന്നു. ഒാണാഘോഷം അങ്ങനെയാകാൻ പാടില്ലാത്തതാണ്. പ്രകൃതിയെ ഉൾക്കൊള്ളുക എന്ന സന്ദേശം വളരെ വ്യക്തമായി ഒാണം പകർന്നുതരുന്നുണ്ട്. എന്നാൽ, ഇന്ന് പ്രകൃതിവിരുദ്ധമായി ചിന്തിക്കുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു. പലരീതിയിലുള്ള പ്രകൃതിനാശങ്ങൾ ചുറ്റും നടന്നുകൊണ്ടിരിക്കുന്നു. മുറ്റത്ത് വർണപ്പൂക്കളം സൃഷ്ടിക്കേണ്ട ഒന്നുംതന്നെ നമുക്ക് നമ്മുടെ പരിസരത്തുനിന്ന് കണ്ടെത്താൻ സാധിക്കുന്നില്ല. എല്ലാ പൂക്കളും വിസ്മൃതമായിക്കഴിഞ്ഞു.
പൂക്കൾതേടി ആമോദപൂർവം നടക്കുന്ന കുട്ടികളെയും കാണാൻ കഴിയില്ല. അവർ പൂക്കൾതേടി നടക്കുേമ്പാൾ പ്രകൃതിയെയും പരിസരത്തെയും അറിയുകയാണ് ചെയ്യുന്നത്. നിറങ്ങളുടെ വൈവിധ്യംകൊണ്ടും ഹൃദ്യമായ ഗന്ധംകൊണ്ടും കൗമാരമനസ്സുകളിൽ പൂക്കൾ, സൗന്ദര്യാനുഭൂതിയുടെ പുതിയ മണ്ഡലം സൃഷ്ടിക്കുന്നു. ഭൂതകാലത്തിെൻറ ഏറ്റവും വലിയ ഒരു ശേഖരമായി അത് പിന്നീട് മാറുന്നു. ഇൗയൊരനുഭവമാണ് പൂക്കൾ തേടിയിറങ്ങി ശീലമില്ലാത്ത കുരുന്നുകൾക്ക് നഷ്ടമാവുന്നത്. പൂക്കൾേതടി ഗ്രാമത്തിെൻറ ഇടവഴികളിലേക്കിറങ്ങുേമ്പാൾ അവർ സ്വന്തം ദേശത്തെ അറിയുന്നു. മണ്ണിനെക്കുറിച്ചറിയുന്നു. ഗ്രാമത്തിലെ മരക്കൊമ്പുകൾതോറും പറന്നുനടക്കുന്ന കിളികളെക്കുറിച്ചറിയുന്നു. ചുറ്റുമുള്ള വിവിധ മനുഷ്യരെക്കുറിച്ചറിയുന്നു. എന്നാൽ, ഇന്നത്തെ കുട്ടികൾക്ക് അതിനുള്ള അവസരം ലഭിക്കുന്നില്ല. പൂക്കളെക്കുറിച്ചറിയാത്ത, മണ്ണിനെക്കുറിച്ചറിയാത്ത യാന്ത്രികമായി ചിട്ടപ്പെടുത്തിയ തലമുറയാണ് കടന്നുവന്നുകൊണ്ടിരിക്കുന്നത്. അവർക്ക് നേടിയെടുക്കാൻ ഒന്നും അവശേഷിക്കുന്നില്ല. കർക്കടകത്തിെൻറ വറുതിക്കുശേഷം കടന്നുവരുന്ന ചിങ്ങം പച്ചപ്പിെൻറ ഒരുകാലം കൂടിയാണ്. ഒരുപക്ഷേ, ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ട എന്തും വീട്ടുവളപ്പിൽ ഉണ്ടാകുന്ന ഒരുകാലം. ഒന്നിനും മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്നില്ല.
ഇന്ന് ആ അവസ്ഥയും മാറി. മനുഷ്യമനസ്സുകളിൽ തിന്മയും സാമൂഹികജീവിതത്തിലെ അസമത്വവും ഇല്ലാതാകുന്ന ഒരവസ്ഥ സ്വപ്നം കാണുവാനെങ്കിലും അവസരമുണ്ടാക്കുക എന്നതാണ് ഒാണത്തിെൻറ ദർശനം. അത് കേവലം ആഘോഷമെന്നതിലുപരി എല്ലാവരെയും ചേർത്തുനിർത്തുന്ന ഒരിടത്തിനുവേണ്ടിയുള്ള അന്വേഷണം കൂടിയാണ്. വൈലോപ്പിള്ളി എഴുതിയതുപോലെ ‘നഷ്ടവസന്തസ്ഥലികളിൽനിന്നും സമൃദ്ധവസന്തതടങ്ങളിലേക്ക്’ നമ്മെ നയിക്കാൻ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ പ്രചോദനം തന്നെയാണ് ഒാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.