മണിക്കൂറിൽ ഒരുകുട്ടി വീതം പിച്ചിച്ചീന്തപ്പെടുന്നു
text_fieldsഈ വർഷം ഇക്കാലയളവിനിടയിൽ 16 കുട്ടികളെയാണ് കൊലപ്പെടുത്തിയത്. ചോരക്കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയതടക്കം കഴിഞ്ഞ വർഷം 23 കുട്ടികളെയും കൊന്നു. ഓൺലൈൻ ഗെയിമുകളുടെ ഉൾപ്പെടെ കെണിയിൽപെട്ടും പരീക്ഷയിലെ തോൽവിയടക്കമുള്ള സമ്മർദങ്ങളിൽ പെട്ടും ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണവും ഇന്ന് കുറവല്ല
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പകലുകളിലെ ഓരോ മണിക്കൂറിലും ഒരുകുട്ടി വീതം ലൈംഗിക അതിക്രമത്തിനിരയാവുന്നു എന്നാണ് ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക്. പൊലീസ് കേസാവുന്നതുമാത്രമാണ് ഈ കണക്കിൽ വരുന്നത്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന കുറ്റകൃത്യങ്ങൾ ഇതിലുമെത്രയോ ഏറെയാണ്. കഴിഞ്ഞവർഷം മാത്രം കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 4,582 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ആഗസ്റ്റുവരെ 3385ഉം. ബാലവിവാഹവും ബാലവേലയും പോലും കുറച്ചുകൊണ്ടുവരാനേ നമുക്ക് കഴിഞ്ഞിട്ടുള്ളൂ. ഇല്ലായ്മ ചെയ്യാനായിട്ടില്ല എന്നതാണ് സത്യം. ബാലവിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നാലും ഈ വർഷം ഇതുവരെ രണ്ടും കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
ഈ വർഷം ഇക്കാലയളവിനിടയിൽ 16 കുട്ടികളെയാണ് കൊലപ്പെടുത്തിയത്. ചോരക്കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയതടക്കം കഴിഞ്ഞ വർഷം 23 കുട്ടികളെയും കൊന്നു. ഓൺലൈൻ ഗെയിമുകളുടെ ഉൾപ്പെടെ കെണിയിൽപെട്ടും പരീക്ഷയിലെ തോൽവിയടക്കമുള്ള സമ്മർദങ്ങളിലും പെട്ട് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണവും ഇന്ന് കുറവല്ല.
ആകെ ആത്മഹത്യയുടെ കാരണങ്ങളിൽ 0.5 ശതമാനം പരീക്ഷയിലെ തോൽവി അടക്കമുള്ളവയാണെന്ന് ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകൾ ആസ്പദമാക്കി കോഴിക്കോട്ടെ തണൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. പി.എൻ. സുരേഷ്‍കുമാർ നടത്തിയ പഠനവും വ്യക്തമാക്കുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വലിയ തോതിൽ കൂടിയതോടെ 2012ൽ പാർലമെന്റ് പാസാക്കിയതാണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൺ ഫ്രം സെക്ഷ്വൽ ഒഫൻസ് ആക്റ്റ് (പോക്സോ ആക്റ്റ്). കടുത്ത ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമം നിർമിച്ചതെങ്കിലും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കാര്യമായ കുറവില്ലെന്നാണ് കേസുകളിലെ വർധന വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 4582 പോക്സോ കേസുകളിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും കുറവ് പത്തനംതിട്ടയിലുമാണ്. ഇത്രയും കേസുകളിൽ 4642 അതിജീവിതകളാണുള്ളത് എന്ന് പറയുമ്പോൾ പല കേസുകളിലും ഒന്നിലേറെ ഇരകളുണ്ടെന്ന് കാണാനാവും. അതിജീവിതരിൽ 4008 പേർ (86 ശതമാനം) പെൺകുട്ടികളും 578 പേർ (13 ശതമാനം) ആൺകുട്ടികളുമാണ്. 56 കുട്ടികളുടെ (ഒരു ശതമാനം) ലിംഗാടിസ്ഥാനത്തിലുള്ള കണക്ക് തന്നെ ബാലാവകാശ കമീഷനുപോലും പൊലീസിൽനിന്ന് ലഭ്യമായിട്ടില്ല.
ലൈംഗികാതിക്രമം നേരിടുന്ന കുട്ടികളിലെ പൊതു ലക്ഷണങ്ങൾ
- പെട്ടെന്ന് പ്രകോപിതരാവുകയും സ്വയം ഹാനി വരുത്തുകയും ചെയ്യുക.
- ആത്മഹത്യക്ക് ശ്രമിക്കുകയോ അതിനെകുറിച്ച് സംസാരിക്കയോ ചെയ്യുക.
- വീട്ടിലേക്കും സ്കൂളിലേക്കും പോകാൻ മടിക്കുകയോ ഭയപ്പെടുകയോ ചെയ്യുക.
- ആത്മാഭിമാനത്തിന് പ്രാധാന്യം നൽകാതിരിക്കുക.
- ഉറക്കക്കുറവും പേടിസ്വപ്നങ്ങളും
- ലൈംഗികാസക്തിയോടെ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുക.
- ശിശുക്കളെപ്പോലെ പെരുമാറുകയും കൂട്ടുകാരുമായുള്ള സൗഹൃദങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
- കാലാവസ്ഥക്ക് അനുസൃതമല്ലാതെ ഒന്നിന് പുറത്ത് മറ്റൊന്നായി കൂടുതൽ വസ്ത്രം ധരിക്കുക.
- ഇരുട്ടിനോടും പ്രത്യേക വ്യക്തിയോടും വസ്തുവിനോടും ഭയം
- ആഹാരം കഴിക്കാൻ വിമുഖത, എപ്പോഴും കരച്ചിൽ
- എപ്പോഴും സ്വകാര്യത ആവശ്യപ്പെടുക
കഴിഞ്ഞ പത്തു വർഷത്തെ പോക്സോ കേസുകൾ
വർഷം- കേസുകൾ
2013- 1002
2014- 1380
2015- 569
2016- 2093
2017- 2697
2018- 3185
2019- 3616
2020 3030
2021 3322
2022 4582
(തുടരും...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.