സാമ്പത്തിക അടിയന്തരാവസ്ഥയുടെ ഒരാണ്ട്
text_fieldsസാമ്പത്തിക രംഗത്തെ മുഴുവൻ തകർത്ത ചൂതാട്ടമായിരുന്നു നവംബർ എട്ടിലെ നോട്ട് നിരോധനം. തീരുമാനം നിലവിൽ വന്ന് ഒരു വർഷം പൂർത്തിയാകുേമ്പാഴും സാമ്പത്തിക വ്യവസ്ഥയിൽ നോട്ട് നിരോധനത്തിെൻറ ആഘാതം പൂർണമായും വിെട്ടാഴിഞ്ഞിട്ടില്ല. ജി.ഡി.പിയിലെ കുറവായും ചെറുകിട വ്യവസായങ്ങളുടെ തകർച്ചയായുമെല്ലാം നോട്ട് നിരോധനം സമ്പദ്വ്യവസ്ഥയെ വിടാതെ പിന്തുടരുകയാണ്. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് നോട്ട് നിരോധനം നടപ്പിലാക്കയതെന്ന വിമർശനങ്ങൾ ശരിവെക്കും വിധമാണ് രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങൾ...
വിലക്കുറവിൽ നട്ടംതിരിഞ്ഞ് കർഷകർ
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകരെയാണ് നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചത്. തീരുമാനം മൂലം റാബി സീസണിയിൽ വിളകളുടെ വിലയിൽ 35 മുതൽ 40 ശതമാനം വരെ കുറവുണ്ടായി. ഇതേ തുടർന്ന് പല കാർഷിക വിളകൾക്കും സർക്കാറിന് താങ്ങുവില പ്രഖ്യാപിക്കേണ്ടതായി വന്നു. എന്നാൽ, ഭൂരിപക്ഷം കർഷകർക്കും ഇതിെൻറ ആനുകൂല്യം ലഭിച്ചില്ല. തങ്ങളുടെ ഉൽപന്നങ്ങൾ കൃത്യസമയത്ത് വിൽപന നടത്താനും കർഷകർക്ക് സാധിച്ചില്ല എന്നതാണ് യാഥാർഥ്യം. വിൽപന നടത്തിയ ഉൽപന്നങ്ങളുടെ പണം കൃത്യസമയത്ത് ലഭിച്ചതുമില്ല.
കടക്കെണിയിലായ കർഷകരുടെ സ്ഥിതി വീണ്ടും മോശമാക്കുന്നതിന് നോട്ട് നിരോധനം കാരണമായി. വിളകളുടെ വിലയിടിവ് മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കർഷകരെ പ്രക്ഷോഭത്തിലെത്തിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഉത്തർപ്രദേശിലും കർഷക ആത്മഹത്യകൾ നടന്നു. പഞ്ചാബിലെയും ഹരിയാനയിലേയും പല കർഷകർക്കും നോട്ട് നിരോധന കാലത്ത് വിറ്റ കാർഷിക വിളകളുടെ പണം ഇനിയും ലഭിച്ചിട്ടില്ലെന്നത് നോട്ട് നിരോധനം എത്രത്തോളം ഇന്ത്യൻ കാർഷിക വ്യവസ്ഥയെ തകർത്തുവെന്ന് തെളിയിക്കുന്നതാണ്.
തകർന്നടിഞ്ഞ് ചെറുകിട വ്യവസായ മേഖല
ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ചെറുതല്ലാത്ത സംഭാവന നൽകുന്ന മേഖലയാണ് ചെറുകിട വ്യവസായ മേഖല. ലക്ഷക്കണക്കിന് ആളുകൾ പണിയെടുക്കുന്ന മേഖല ഇന്ത്യയുടെ തൊഴിൽ വിപണിക്കും മുതൽക്കൂട്ടാണ്. എന്നാൽ, കേവലം തെൻറ ഒരു പ്രസംഗം കൊണ്ട് ഇൗ മേഖലയുടെയാകെ നടുവൊടിക്കുകയാണ് മോദി ചെയ്തത്. ആർ.ബി.െഎയുടെ തന്നെ സർവേ അനുസരിച്ച് നവംബർ എട്ടിന് ശേഷം ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ വിൽപനയിൽ 58 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. പ്രശസ്ത റിസർച്ച് ഏജൻസിയായ സി.എം.െഎ.എഫിെൻറ പഠനങ്ങളനുസരിച്ച് 1.5 മില്യൺ ആളുകൾക്കെങ്കിലും 2017 സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ തന്നെ ചെറുകിട വ്യവസായ മേഖലയിൽ തൊഴിൽ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ചെറുകിട വ്യവസായ മേഖലയിലെ പ്രതിസന്ധിയാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കുറയുന്നതിനുള്ള മുഖ്യകാരണങ്ങളിലൊന്ന്.
ജി.ഡി.പിയിലുണ്ടായത് വൻ കുറവ്
നോട്ട് നിരോധനം നേരിട്ട് ബാധിച്ച സാമ്പത്തിക വർഷത്തിലെ നാലാംപാദത്തിൽ 6.1 ശതമാനമാണ് ജി.ഡി.പി വളർച്ച നിരക്ക്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ച നിരക്കാണിത്. കഴിഞ്ഞ വർഷം ഇത് 7.6 ശതമാനമായിരുന്നു. വളർച്ച നിരക്ക് കുറഞ്ഞതോടെ അതിവേഗത്തിൽ വളരുന്ന സാമ്പദ് വ്യവസ്ഥയെന്ന പദവി ഇന്ത്യക്ക് നഷ്ടമായി. അങ്ങനെ മോദിയുടെ തുഗ്ലക് പരിഷ്കാരം ലോക സമ്പദ്വ്യവസ്ഥക്ക് മുന്നിൽ ഇന്ത്യ നാണം കെടുന്നതിനും ഇടയാക്കി.
ആഗോള ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി.സി നോട്ട് പിൻവലിക്കൽ രാജ്യത്തെ സാമ്പത്തിക വളർച്ച 1 ശതമാനം വരെ കുറയുന്നതിന് കാരണമാവുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക വർഷത്തിെൻറ രണ്ട് പാദങ്ങളിൽ നോട്ട് പിൻവലിക്കലിെൻറ വലിയ ആഘാതം ഉണ്ടാവുമെന്നും പൂർണമായും സമ്പദ്വ്യവസ്ഥ ആഘാതത്തിൽ നിന്ന് കര കയറണമെങ്കിൽ ഒരു വർഷം കഴിയുമെന്നും എച്ച്.എസ്.ബി.സി അവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പുറമേ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, സാമ്പത്തിക രംഗത്തെ വിദ്ഗധരായ അമർത്യ സെൻ, അരുൺ ഷൂരി, കിഷോർ മഹഭൂഭാനി എന്നിവരും നോട്ട് പിൻവലിക്കൽ മൂലം രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം സാധൂകരിക്കുന്നതാണ് നോട്ട് പിൻവലിക്കൽ തീരുമാനം നിലവിൽ വന്ന് ഒരു വർഷത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി.
ലക്ഷ്യത്തിലെത്താതെ കള്ളപ്പണവേട്ട
നോട്ട് നിരോധനത്തിെൻറ മുഖ്യലക്ഷ്യമായി നരേന്ദ്രമോദിയും കൂട്ടരും ഉയർത്തി കാണിച്ചിരുന്നത് കള്ളപ്പണവേട്ടയായിരുന്നു. തീരുമാനത്തിലുടെ രാജ്യത്തെ നിയമപരമല്ലാത്ത സമ്പദ്വ്യവസ്ഥയുടെ നെട്ടല്ലൊടിക്കാമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. എന്നാൽ, പ്രതീക്ഷച്ചതിന് നേർവിപരീതമായിരുന്നു ഫലം. നിരോധിക്കപ്പെട്ട 500,1000 രൂപയുടെ കറൻസികളിൽ ഭൂരിപക്ഷവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി. ആദ്യമൊന്നും തിരിച്ചെത്തിയ കറൻസികളുടെ കണക്ക് റിസർവ് ബാങ്ക് പുറത്ത് വിടാൻ തയാറായിരുന്നില്ല. പിന്നീട് ഭാഗികമയി കണക്കുകൾ പുറത്ത് വിട്ടു. ഇപ്പോഴും കേന്ദ്രബാങ്ക് നോട്ടുകളെണ്ണുകയാണെങ്കിലും ഭൂരിപക്ഷം കറൻസിയും തിരിച്ചെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ വലിയൊരു ശതമാനം കള്ളപ്പണവും നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് വിദേശ ബാങ്കുകൾ, റിയൽഎസ്റ്റേറ്റ്, സ്വർണം എന്നിവയിലെല്ലാമാണെന്ന് വാർത്തകളുണ്ടായിരുന്നു. അതിനെതിരെയൊന്നും നടപടികൾ ശക്തമാക്കാതെ കേവലം രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനുള്ള നീക്കം മാത്രമാണ് മോദിയും കൂട്ടരും നടത്തിയതെന്ന വിമർശനങ്ങൾ ശക്തമായിരുന്നു. ഇത് ശരിവെക്കുന്നതാണ് തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ.
ഇന്ത്യ ഡിജിറ്റലായില്ല
നോട്ട് നിരോധനത്തിെൻറ ഒന്നാം ഘട്ടത്തിൽ തീരുമാനത്തിെൻറ മുഖ്യലക്ഷ്യം കള്ളപ്പണവേട്ടയായിരുന്നുവെങ്കിൽ രണ്ടാം ഘട്ടത്തിലെത്തിയപ്പോൾ ഇത് ഡിജിറ്റൽ ഇന്ത്യക്ക് വഴിമാറി. കറൻസി ഇടപാടുകൾ പരമാവധി കുറച്ച് ഡിജിറ്റിൽ ഇടപാടുകൾ നടക്കാൻ നോട്ട് നിരോധനം കാരണമാവുമെന്നായിരുന്നു വിലയിരുത്തൽ.
മോദിയുടെ ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപനം പേടിഎം അടക്കമുള്ള പേയ്മെൻറ് ആപുകൾ ആഘോഷമാക്കി. പ്രധാനമന്ത്രിയുടെ ചിത്രമുൾപ്പടെ നൽകി പ്രമുഖ പത്രങ്ങളിൽ മുൻ പേജ് പരസ്യം നൽകികൊണ്ടായിരുന്നു പേടിഎം ഡിജിറ്റൽ ഇന്ത്യയെ വരവേറ്റത്. ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപനം ആദ്യഘട്ടത്തിൽ ഡിജിറ്റൽ ഇടപാടുകളിൽ ചെറിയ രീതിയിൽ വർധന ഉണ്ടാക്കിയെങ്കിലും പിന്നീട് കുറയുകയായിരുന്നു. നോട്ട് നിരോധനത്തോടെ ഡിജിറ്റൽ ഇടപാടുകളിൽ ആദ്യമുണ്ടായതിനേക്കാൾ വർധനയുണ്ടായെങ്കിലും പിന്നീടത് കുറഞ്ഞതായി എച്ച്.ഡി.എഫ്.സി ബാങ്ക് കാഷ് പെയ്മെൻറ് പ്രൊഡക്ട്സ് വിഭാഗം തലവൻ പരാഗ് റാവു പറയുന്നു. 2500 കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇതിെൻറ മൂന്നിലൊരു ഭാഗം ഇടപാടുകൾ മാത്രമാണ് നടന്നത്.
ഡിജിറ്റൽ ഇടപാടിന് കുറിച്ച് ജനങ്ങൾ വേണ്ടത്ര ധാരണയില്ലാത്തത് ഇടപാടുകൾക്ക് തടസമാണ്. അതുപോലെ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് കോടക്കണക്കിന് ഡെബിറ്റ് കാർഡ് ഉപയോക്താക്കൾ ഉള്ളപ്പോൾ ആകെയുള്ളത് 25 ലക്ഷം സ്വയ്പ്പിങ് മിഷ്യനുകളാണ്. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഭീം, ആധാർ പേയ്മെൻറ്, പേടിഎം, എസ്.ബി.െഎ ബഡ്ഡി തുടങ്ങി ഡിജിറ്റൽ പേയ്മെൻറിനായി ആപുകൾ ഏറെയുണ്ടെങ്കിലും ഇവയിലൊന്നും കാര്യമായി ഇടപാടുകൾ നടക്കുന്നില്ല.
ആർ.ബി.െഎക്കും കിട്ടി പണി
സാധാരണക്കാർക്ക് മാത്രമല്ല നോട്ട് നിരോധനം ഇരുട്ടടിയായത്. തീരുമാനം പുറത്ത് വന്ന് കുറച്ച് കഴിഞ്ഞപ്പോഴാണ് തിരിഞ്ഞ് കൊത്തുന്ന പാമ്പാണ് നോട്ട് നിരോധനമെന്ന് ആർ.ബി.െഎക്ക് മനസിലായത്. നോട്ട് നിരോധനം മൂലം വരുമാനത്തിൽ കുറവുണ്ടായതാണ് കേന്ദ്രബാങ്കിന് തിരിച്ചടിയായത്. ഇതുമൂലം കേന്ദ്രസർക്കാറിന് നൽകുന്ന ലാഭവിഹിതത്തിൽ ബാങ്ക് കുറവ് വരുത്തി. നോട്ട്പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ പുതിയ കറൻസി അച്ചടിക്കുന്നതിന് കൂടുതൽ തുക ആവശ്യമായി വന്നതാണ് ആർ.ബി.െഎക്ക് തിരിച്ചടിയായത്. 30,569 കോടി രൂപയാണ് ഇൗ വർഷം റിസർവ് ബാങ്ക് കേന്ദ്രസർക്കാറിന് ലാഭവിഹിതമായി നൽകിയത്. കഴിഞ്ഞ വർഷം ഇത് 65,786 കോടി രൂപയായിരുന്നു. 500 രൂപയുടെ പുതിയ ഒരു നോട്ട് അച്ചടിക്കുന്നതിനായി ആർ.ബി.െഎക്ക് 2.87 രൂപ മുതൽ 3.09 രൂപ വരെയാണ് ചിലവ്. 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നതിനായി 3.54 രൂപ മുതൽ 3.77 രൂപ വരെയും ആവശ്യമായിരുന്നു.
നോട്ട് പിൻവലിക്കൽ തീരുമാനത്തിലുടെ ഒറ്റരാത്രി കൊണ്ട് സമ്പദ്വ്യവസ്ഥയിൽ നിന്ന് ഇല്ലാതായത് 15.6 ലക്ഷം കോടി മൂല്യമുള്ള കറൻസി. ഇതിൽ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. ആകെ നഷ്ടപ്പെട്ടത് 15 ലക്ഷം തൊഴിലുകൾ. തീരുമാനത്തിന് ശേഷം ജീവൻ നഷ്ടമായത് നൂറോളം പേർക്ക്. നോട്ടുകളുടെ അച്ചടി ചെലവ് 100 ശതമാനം വർധിച്ചു. ഇതാണ് നവംബർ എട്ടിലെ പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്ത് സൃഷ്ടിച്ചത്. കൃത്യമായ ആസൂത്രണമില്ലാതെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാതെ നടത്തിയ നോട്ട് നിരോധനം ഇന്ത്യയിൽ സാമ്പത്തിക അടിയന്തരാവസ്ഥക്കാണ് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.