വിലകുറച്ച് വിപണി പിടിച്ച് തേരോട്ടം
text_fieldsസ്മാർട്ട് ഫോണുകളാണ് ഇ-കോമേഴ്സ് കുത്തകകളുടെ ചൂണ്ട. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഏത് ആപ്പിലും കയറുന്ന 100 പേരിൽ 70 പേരും പരിശോധിക്കുന്നത് മൊബൈൽ ഫോണുകളാണ്. മുൻനിര സ്മാർട്ട് ഫോൺ നിർമാതാക്കൾ ഓൺലൈനിലേക്ക് മാത്രമായി ചില മോഡലുകൾ ഇറക്കുന്നു. മധ്യകേരളത്തിലെ പ്രധാന ഇലക്ട്രോണിക്സ് വിപണന കേന്ദ്രമായ എറണാകുളം പെൻറ മേനകയിൽ പോലും ലഭിക്കില്ല ആ മോഡലുകൾ.
'കൂടുതലായി ആളുകൾ താൽപര്യം കാണിക്കുന്ന മൊബൈൽ ഫോണുകൾ നഷ്ടം സഹിച്ചും വില കുറച്ച് കാണിക്കുകയാണ് ഇ- കോമേഴ്സ് വെബ്സൈറ്റുകൾ ചെയ്യുന്നത്. ഇതിലൂടെ ഈ സൈറ്റുകളിൽ വിലക്കുറവാണ് എന്ന അവബോധം ജനമനസ്സുകളിൽ വേരുറപ്പിക്കും. തുടർന്ന് മറ്റ് ഉൽപന്നങ്ങളും ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽനിന്നുതന്നെ വാങ്ങാൻ പ്രേരിപ്പിക്കും. എന്നാൽ, മറ്റ് ഉൽപന്നങ്ങൾക്ക് അത്രത്തോളം വിലക്കുറവ് അതിൽ ഉണ്ടാകില്ല'-ഓൾ ഇന്ത്യ മൊബൈൽ റീട്ടെയ്ൽ അസോസിയേഷൻ -കേരള പ്രസിഡൻറ് യാസർ അറഫാത്ത് വിവരിക്കുന്നു.
മൊബൈൽ ഫോണിന് മോഡൽ പറഞ്ഞ് കടകളിൽപോയി വില ചോദിച്ച് വേണമെങ്കിൽ ഓൺലൈനിൽനിന്ന് വാങ്ങാം. അതുപോലെ, ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ കാണുന്ന ചെരിപ്പോ വസ്ത്രങ്ങളോ ഓപൺ മാർക്കറ്റിൽനിന്ന് താരതമ്യംചെയ്ത് വില അന്വേഷിക്കാൻ കഴിയില്ല. അവിടെയാണ് ഇവരുടെ തട്ടിപ്പ്. രണ്ടാംതരവും ഉയർന്ന വിലയിട്ടതോ ആയ ഉൽപന്നങ്ങളാകും ഉപഭോക്താവിന് ലഭിക്കുക. അപ്പോഴും ഡാമേജോ സൈസ് പറ്റാത്തതോ ആയ ഉൽപന്നങ്ങൾ 'റിട്ടേൺ'ചെയ്യാനുള്ള സൗകര്യമുണ്ടല്ലോ എന്നതാണ് ആളുകളെ ആകർഷിക്കുക. പക്ഷേ, ഈ സൗകര്യം ഉപയോഗിക്കുന്നവർ വളരെ കുറവാണ്.
വിപണി വിലയും ഓൺലൈൻ വിലയും
ഇക്കഴിഞ്ഞ ഏപ്രിലിൽ ഡൽഹിയിലും കേരളത്തിലും കോവിഡ് രോഗികൾ പെരുകിയ നാളുകളിൽ ഓൺലൈനിൽ ആളുകൾ ഏറെയും തിരഞ്ഞത് പൾസ് ഓക്സിമീറ്ററും തെർമോ മീറ്ററും ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങളാണ്. പൾസ് ഓക്സി മീറ്ററിന് പൊതുവിപണിയിൽ ഉയർന്ന വില തന്നെ ഓൺലൈൻ സൈറ്റുകളിലും നിറഞ്ഞു. 1760.95 രൂപക്കാണ് 'വ്രോക്സി മിക്സ്'എന്ന കമ്പനിയുടെ പൾസ് ഓക്സി മീറ്ററിന് വിലയിട്ടത്. അഞ്ചു ശതമാനം നികുതിയും ചേർത്തപ്പോൾ 1849 രൂപയായി. സംസ്ഥാന സർക്കാർ ഇടപെട്ട് പിന്നീട് പൾസ് ഓക്സി മീറ്റർ വില 1500 രൂപയാക്കി നിശ്ചയിച്ചപ്പോൾ പിന്നീട് ആ കമ്പനി തന്നെ ഓൺലൈനിൽ ലഭ്യമല്ലാതായി.
ഇന്നും 1500 രൂപക്ക് മുകളിലാണ് ഓൺലൈനിൽ ഈ ഉൽപന്നത്തിന് വില. പൊതുമാർക്കറ്റിലെ സർക്കാർ ഇടപെടൽ ഇ-കോമേഴ്സ് സൈറ്റുകൾക്ക് ബാധകമല്ലെന്ന് സാരം.
വിൽക്കാൻ കേരളം, ബില്ലടിക്കാൻ ബംഗളൂരു
10,000 രൂപ അടിസ്ഥാന വിലയുള്ള മൊബൈൽ ഫോൺ കോഴിക്കോട് നിന്ന് വാങ്ങിയാൽ 18 ശതമാനം ജി.എസ്.ടിയും (ഒമ്പത് ശതമാനം എസ്.ജി.എസ്.ടി, ഒമ്പത് ശതമാനം സി.ജി.എസ്.ടി), ഒരു ശതമാനം പ്രളയ സെസ് ഉൾപ്പെടെ 1900 രൂപ നികുതി തന്നെയാകും. ചെറുകിട വിൽപനക്കാരെൻറ കട വാടക, അനുബന്ധ ചെലവുകൾ ഉൾപ്പെടെ ചേർത്ത് വിൽക്കുേമ്പാൾ വില പിന്നെയും ഉയരും. ഇതേ ഉൽപന്നം ഓൺലൈനിൽ വാങ്ങിയാൽ കേരളത്തിലെ പ്രളയ സെസ് അപ്പോൾ തന്നെ ഒഴിവാകും. 100 രൂപ കുറയും. ബില്ലടിക്കുന്നത് മറ്റൊരു സംസ്ഥാനത്തായതിനാൽ ഐ.ജി.എസ്.ടി (ഇൻറഗ്രേറ്റഡ് ജി.എസ്.ടി) ഉൾപ്പെടെ 11800 രൂപക്ക് ലഭിക്കും. 10 ശതമാനം ഓഫറും നൽകുന്നതോടെ സ്മാർട്ട് ഫോൺ വിൽപന ഇ-കോമേഴ്സ് സൈറ്റുകൾ കുത്തകയാക്കുകയാണ്. പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിെൻറ പുനർനിർമാണത്തിന് 2000 കോടി രൂപ ലക്ഷ്യമിട്ട് ജി.എസ്.ടി കൗൺസിലിെൻറ അനുമതിയോടെ തുടങ്ങിയതാണ് പ്രളയ സെസ്. ജൂലൈ 31 വരെ പിരിക്കുന്ന സെസിൽ നിന്ന് കേരളത്തിൽ ഉൽപന്നങ്ങൾ വിൽക്കുന്ന ഇ-കോമേഴ്സ് കുത്തകകൾ ഒഴിവായി.
നികുതി നഷ്ടം കോടികൾ
പ്രതിമാസം 250-300 കോടി രൂപയുടെ സ്മാർട്ട് ഫോണുകൾ കേരളത്തിൽ ചെറുകിട വ്യാപാര കേന്ദ്രങ്ങൾ വഴി വിൽക്കുന്നുണ്ടെന്നാണ് കണക്ക്. പുറമെ ഇതിെൻറ 25-30 ശതമാനം ഇ- കോമേഴ്സ് വെബ്സൈറ്റുകൾ വഴിയും വിൽക്കുന്നു. ചെറുകിട വ്യാപാരികൾ പ്രളയ സെസും ജി.എസ്.ടിയും കൃത്യമായി സംസ്ഥാനത്തിന് നൽകേണ്ടിവരുേമ്പാൾ ഓൺലൈൻ കച്ചവടത്തിന് ഐ.ജി.എസ്.ടി മാത്രം അടക്കേണ്ടി വരുന്നു. അത് കേന്ദ്ര സർക്കാറിന് പോകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഐ.ടി പാർക്കുകളിൽ ഓരോ ദിനവും ഒരു കോടി രൂപയുടെ ഇ- കോമേഴ്സ് ഉൽപന്നങ്ങൾ എത്തുന്നുണ്ടെന്നാണ് കണക്ക്. അതുവഴി സംസ്ഥാന സർക്കാറിെൻറ നികുതി നഷ്ടവും പെരുകുന്നു.
2012 കാലത്ത് കേരളത്തിൽ ഒന്നോ രണ്ടോ ശതമാനം പേർ മാത്രമാണ് ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിയിരുന്നത്. ഇപ്പോൾ 25-30 ശതമാനവും. കൂടിയ ഡിസ്കൗണ്ടും ഉൽപന്ന വൈവിധ്യവും ബ്രാൻഡുകളുമാണ് കൂടുതൽ പേരെയും ഓൺലൈൻ വാങ്ങലിലേക്ക് ആകർഷിക്കുന്നത്.
രാജ്യത്താകെ 15 സംസ്ഥാനങ്ങളിലായി ആമസോണിന് 60 പടുകൂറ്റൻ വെയർഹൗസുകളുണ്ട്. ഫ്ലിപ്കാർട്ടിന് 34 എണ്ണവും. 100 ഫുട്ബാൾ ഗ്രൗണ്ടുകളുടെ വലുപ്പമുണ്ട് തങ്ങളുടെ വെയർഹൗസുകൾക്ക് എന്നാണ് ആമസോൺ സ്വയം വിശേഷിപ്പിക്കുന്നത്.
നിലവിലെ ഓൺലൈൻ വ്യാപാരം പലയിരട്ടി വർധിച്ചാലും ഉൾക്കൊള്ളാകുന്ന സംവിധാനങ്ങൾ ഈ കുത്തകകൾ ഒരുക്കി കഴിഞ്ഞു. മറുഭാഗത്ത് ലോക്ഡൗൺ കൂടിയായതോടെ ഷട്ടറിട്ട് എന്നന്നേക്കുമായി കച്ചവടം നിർത്തിപോകുന്നത് അനേകമായിരം ചെറുകിട വ്യാപാരികളാണ്. ഒരുപക്ഷേ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് തൊഴിലും ഉപജീവനവും നൽകുന്ന മേഖലക്ക് അന്ത്യമാകുന്നുവെന്ന് അർഥം.
അവരുടെ ആശങ്കകളിലേക്ക് നാളെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.