ഹാദിയയുടെ മാതാപിതാക്കൾ അറിയാൻ...
text_fieldsഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിെൻറ പേരിൽ പേരിൽ വീട്ടു തടങ്കലിലാണ് ഹാദിയ എന്ന പെൺകുട്ടി. സുപ്രീംകോടതിയിൽ വരെ എത്തിയ നിയമ പോരാട്ടമായി ഇൗ സംഭവം മാറിയിരിക്കുന്നു. സമൂഹത്തിെൻറ പല കോണിൽനിന്നും ഹാദിയ വിഷയത്തിൽ സംവാദങ്ങൾ തന്നെ ഉയർന്നുകൊണ്ടിരിക്കുകയാണ്.
ഹാദിയ സംഭവം കേരളത്തിലെ കുടുംബങ്ങളുടെയും മാതാപിതാക്കളുടെയും സ്നേഹശൂന്യതയിലേക്കും വിരൽചൂണ്ടുന്നുവെന്നും ഹാദിയയെ സംരക്ഷിക്കാനല്ല മറിച്ച് ശ്വസംമുട്ടിച്ച് തങ്ങളുടെ വരുതിയിൽ നിർത്താനാണ് ശ്രമിക്കുന്നതെന്നും പ്രമുഖ എഴുത്തുകാരിയും സാമൂഹിക നിരീക്ഷകയുമായ ജെ. ദേവിക അഭിപ്രായപ്പെടുന്നത്. ഹാദിയയുടെ മാതാപിതാക്കൾക്ക് എഴുതിയ തുറന്ന കത്തിലാണ് ദേവിക ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഹാദിയയുടെ മാതാപിതാക്കളെ ഒാർത്ത് ദുഃഖിച്ചുപോകുന്നുവെന്നും, ഈ കളിയിൽ എല്ലാവരും ജയിക്കുേമ്പാൾ തോൽക്കാൻ പോകുന്നത് ഹാദിയയുടെ മാതാപിതാക്കൾ മാത്രമായിരിക്കുമെന്നും ദേവിക കത്തിൽ പറയുന്നു. മതവും പറഞ്ഞുവരുന്നവർ അവരുടെ പക്ഷം ജയിച്ചുകഴിഞ്ഞാൽ കറിവേപ്പില പോലെ അവരെ ഉപേക്ഷിക്കും. കേരളം ഭരിക്കുന്ന പുരോഗമനകക്ഷികൾ ഇപ്പോൾ നിശബ്ദരാണെങ്കിലും മതകക്ഷികൾ തമ്മിലടിച്ചാൽ താഴെ വിഴുന്ന ചോര നക്കിതുടയ്ക്കാൻ അവരും മുന്നിലുണ്ടാകുമെന്നും അവരും കിട്ടിയ ലാഭം കക്ഷത്തിലാക്കി പോകുമെന്നും ദേവിക മുന്നറിയിപ്പു നൽകുന്നു.
ഹാദിയയുടെ തടവുമായി ബന്ധപ്പെട്ടു നിൽക്കുന്ന കക്ഷികൾക്ക് ഒാരോരുത്തർക്കുമായി വരും ദിവസങ്ങളിൽ തുറന്ന കത്തെഴുതുെമന്ന് ദേവിക ‘മാധ്യമ’ത്തോട് പറഞ്ഞു. വനിതാ കമീഷനും കോടതിയിൽ വിധി പ്രഖ്യാപിച്ച ന്യായാധിപന്മാർക്കും മുസ്ലിം സമൂഹത്തിനും ഹാദിയയ്ക്ക് തന്നെയും പ്രത്യേകം പ്രത്യേകം കത്തെഴുതുമെന്നും ദേവിക വ്യക്തമാക്കി.
ഹാദിയയുടെ മാതാപിതാക്കൾക്ക് എഴുതിയ തുറന്ന കത്ത് ദേവിക തെൻറ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്..
പോസ്റ്റിെൻറ പൂർണരൂപം ഇവിടെ വായിക്കാം...
ഞാൻ ഇവിടെ ഹാദിയയുടെ തടവുമായി ബന്ധപ്പെട്ടു നിൽക്കുന്ന കക്ഷികൾക്ക് ഓരോരുത്തർക്കും തുറന്ന കത്തുകൾ എഴുതിത്തുടങ്ങുകയാണ്.
അതിൽ ആദ്യത്തേതാണ് ഇത്.
ഹാദിയയുടെ അച്ഛനും അമ്മയും അറിയുന്നതിന്,
ഇങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒരുപക്ഷേ നിങ്ങൾക്കും നിങ്ങളെ പടുകുഴിയിലേക്കു തള്ളിയിട്ടു സ്വന്തം കാര്യം നേടാൻ പണിപ്പെടുന്ന ഹിന്ദുത്വവാദികൾക്കും സ്വീകാര്യമല്ലായിരിക്കാം. എന്നാൽ, യാഥാർഥ്യം അതായതുകൊണ്ടും, യാഥാർഥ്യത്തെ അഭിമുഖീകരിക്കാനുള്ള കരുത്ത് അച്ഛനമ്മമാർക്കുണ്ടാവണമെന്ന് വിചാരിക്കുന്നതുകൊണ്ടും അത് ആവശ്യമാണെന്ന് എനിക്കു തോന്നുന്നു. യാഥാർഥ്യത്തെ നേരിടാൻ കരുത്തില്ലാതെ ഹിംസാപ്രയോഗം കൊണ്ട് കാര്യങ്ങളെ സ്വന്തം വരുതിക്കു നിർത്താമെന്നു കരുതുന്നത് ബഹുമണ്ടത്തരം മാത്രമല്ല, അതു തികഞ്ഞ ദുഷ്ടത്തരം കൂടിയാണ്. കാരണം, എന്തിനെയാണോ നിങ്ങൾ ആവിധം മാറ്റാൻ ശ്രമിക്കുന്നത്, ആ ഒന്ന് നിങ്ങളുടെ ആക്രമണംകൊണ്ട് തകർന്ന് ഇല്ലാതെയാകാനാണ് കൂടുതൽ സാധ്യത. 24 വയസ്സു തികഞ്ഞ നിങ്ങളുടെ മകളെ ഇത്തരത്തിൽ ഇല്ലാതാക്കാൻ നിങ്ങൾ നടത്തുന്ന ഈ ശ്രമം, നിങ്ങളെ ഒടുവിൽ കണ്ണീരിലാഴ്ത്തും, തീർച്ച. ഒരിക്കലും തീരാത്ത വിങ്ങലും വേദനയുമാണ് നിങ്ങളുടെ കുടുംബത്തിന് ഇതു സമ്മാനിക്കാൻ പോകുന്നത്. അതിൽ നിന്ന് പിന്മാറി മകൾക്കൊപ്പം സന്തോഷത്തോടെ, പരസ്പരബഹുമാനത്തോടെ കഴിയാനുള്ള വിവേകം നിങ്ങൾക്കുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
എങ്കിലും, നിങ്ങൾക്കു മകളോടുള്ള വികാരത്തെ സ്നേഹം എന്നു വിളിക്കാനാവില്ല എന്നു തന്നെയാണ് എെൻറ വിശ്വാസം. സ്നേഹമെന്നാൽ മകളെ അടിച്ചമർത്തലല്ല, സാഹചര്യം എന്തുതന്നെയായാലും. കുട്ടികളെക്കുറിച്ച് എന്താണ് നിങ്ങൾ ധരിച്ചിരിക്കുന്നത്? നിങ്ങളുടെ ഇഷ്ടാനിഷ്ടമനുസരിച്ചു കുഴച്ചുരുട്ടി രൂപപ്പെടുത്താവുന്ന കളിമണ്ണാണോ കുട്ടികൾ?
മക്കൾ എത്ര മുതിർന്നാലും തങ്ങൾ ഇഷ്ടപ്പെടുന്ന രീതിയ്ക്കു തന്നെ നിന്നുകൊള്ളണമെന്ന് ശാഠ്യം പിടിക്കുന്ന ലക്ഷക്കണക്കിനു മലയാളി രക്ഷിതാക്കളിൽ രണ്ടുപേർ മാത്രമാണ് നിങ്ങളെന്നറിയാം. സ്വന്തം മക്കൾക്കു മനുഷ്യത്വം പോലും അനുവദിച്ചുകൊടുക്കാത്ത ആദ്യത്തെ മാതാപിതാക്കൾ നിങ്ങളല്ല. മുതിർന്നുകഴിഞ്ഞാലും അവർക്കു ചിന്താശേഷിയും തെരെഞ്ഞെടുക്കൽ ശേഷിയുമുണ്ടെന്ന് അംഗീകരിക്കാത്ത മാതാപിതാക്കൾ നിങ്ങൾ മാത്രമല്ല. ഇന്ന്, പക്ഷേ, കേരളത്തിൽ അത്തരം മാതാപിതാക്കളുടെ അധികാരഭ്രാന്തിനെ ചെറുപ്പക്കാർ നേരിട്ടും അല്ലാതെയും എതിർക്കുന്ന കാഴ്ചയാണ് എങ്ങും. പറഞ്ഞുകൊള്ളട്ടെ, അമിതമായ നിയന്ത്രണമോഹത്തെ സ്നേഹത്തിെൻറ കുപ്പായമിട്ടു പ്രദർശിപ്പിച്ചാൽ അതിെൻറ ദുഷ്ടത കുറയില്ല. പട്ടിൽ പൊതിഞ്ഞ ശവത്തെപ്പോലെയാണ് നിങ്ങളുടെ സ്നേഹം. അതു ദിനംപ്രതി കൂടുതൽ കൂടുതൽ നാറുന്നു. ചീഞ്ഞളിഞ്ഞ മാംസം പട്ടിലൂടെ പടർന്ന് ആ കാഴ്ച കൂടുതൽ ഭയാനകമാകുന്നു.
മകളെ സംരക്ഷിക്കാനാണ് ഇതെല്ലാമെന്ന് നിങ്ങൾ പറയുന്നു, പലരും അതു വിശ്വസിക്കുന്നു. ഞാനും കുറച്ചുനാൾ അതു വിശ്വസിച്ചു. പക്ഷേ, ഹാദിയയുടെ അമ്മേ, നിങ്ങൾ രാഹുൽ ഈശ്വറിെൻറ സാമീപ്യത്തിൽ പറഞ്ഞതു കേട്ടപ്പോൾ എനിക്കു മനസ്സിലായി, മകളെ സംരക്ഷിക്കാനല്ല, അവളെ ശ്വാസംമുട്ടിച്ചു സ്വന്തം വരുതിയ്ക്കു നിർത്താനാണ് നിങ്ങൾ പണിപ്പെടുന്നതെന്ന്. മകളുടെ മതവിശ്വാസത്തിൽ വന്ന മാറ്റത്തെപ്പറ്റിയും അവളുടെ മാറിയ പെരുമാറ്റത്തെപ്പറ്റിയും നിങ്ങൾ അന്ന് കരഞ്ഞുപറഞ്ഞത്, ആ മാറ്റങ്ങൾ മൂലം മകൾ നിങ്ങൾക്കു നഷ്ടപ്പെട്ടു എന്നാണ്. ഉവ്വോ - ശരിക്കും, ഇത്രമാത്രമേ ഉള്ളോ നിങ്ങൾക്കവളോടുള്ള രക്തബന്ധം? മതം എന്നാൽ അഭിപ്രായം എന്നു മാത്രമേ മനസ്സിലാക്കേണ്ടതുള്ളൂ എന്നാണ് ശ്രീനാരായണ ഗുരു നമ്മെ പഠിപ്പിച്ചത്. മതം മാറിയാലും മാറാതിരുന്നാലും ഫലം സമമാണെന്നും സ്വാമി നമ്മോടു പറഞ്ഞിട്ടുണ്ട്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സ്വാമിവചനത്തെ എന്തുകൊണ്ട് നിങ്ങൾ ഓർക്കുന്നില്ല? മകളുടെ മതവിശ്വാസത്തെ ഈ അരുൾമൊഴിയുടെ വെട്ടത്തിലാണ് നിങ്ങൾ തിരിച്ചറിഞ്ഞതെങ്കിൽ അവൾ മറ്റൊരു കുടുംബത്തിലേക്ക് - വിവാഹത്തിലൂടെ - രക്ഷപ്പെടാൻ നോക്കില്ലായിരുന്നല്ലോ?
എന്തൊരു ദുരന്തമാണിത് -ഗുരുവചനപ്രകാശം തൊട്ടടുത്തുണ്ടായിട്ടും നിങ്ങൾ കടുത്ത ഇരുട്ടിൽ, അതും ഹിന്ദുത്വമെന്ന പിശാച് തഴച്ചുവളരുന്ന ഇരുട്ടിൽ തപ്പിതടയുന്നല്ലോ!!
സ്നേഹമെന്നാൽ എണ്ണമെഴുക്കാണ്. രണ്ടു പ്രതലങ്ങൾ തടസ്സമേതുമില്ലാതെ, ജാഢ്യം കൂടാതെ, പരസ്പരം ബന്ധപ്പെട്ടു ചലിക്കുന്ന അവസ്ഥയാണത്. അതെന്തെന്ന് നിങ്ങൾക്കറിയില്ല. അറിയുമായിരുന്നെങ്കിൽ നിങ്ങൾ അവളെ സ്വന്തം തീരുമാനമെടുക്കാൻ വിട്ടേനെ. എങ്കിൽ അവൾ നിങ്ങളിൽ നിന്ന് അകലില്ലായിരുന്നു. വസ്തുനിഷ്ഠമായി ചിന്തിക്കുന്നവർ ഇതേക്കുറിച്ച് ചോദിക്കാനിടയുള്ള ഒരു ചോദ്യത്തെപ്പറ്റി നിങ്ങൾ ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ? -- സ്വന്തം കുടുംബത്തിൻെറ തണൽ വിട്ട് (നിങ്ങൾ ആരോപിക്കുംപോലെ), അപകടംപിടിച്ച തീവ്രവാദത്തിലേയ്ക്ക് എടുത്തുചാടാൻ, മുതിർന്നവളും അഭ്യസ്തവിദ്യയുമായ ഒരു യുവതിയെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം?. അഭിപ്രായ സ്വാതന്ത്ര്യവും സ്നേഹവും നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ നിന്ന് അത്തരമൊരിടത്തേക്ക് ഒരാൾ പോകുമോ ?
അതായത്, ഈ സംഭവം കേരളത്തിലെ കുടുംബങ്ങളുടെയും മാതാപിതാക്കളുടെയും സ്നേഹശൂന്യതയിലേക്കും വിരൽചൂണ്ടുന്നുണ്ട്. ഇന്ന് മകളെ നോക്കുമ്പോൾ 24 വർഷം മുമ്പ് ജാതിയോ മതമോ പേരോ ഇല്ലാതെ നിങ്ങളുടെ കൈകളിലേക്കു വന്ന ആ പിഞ്ചുകുഞ്ഞിനെ നിങ്ങൾക്കു കാണാനാവുന്നില്ല. പകരം നിങ്ങളുടെ മനസ്സിനെ കാർന്നു തിന്നുന്ന ഇസ്ലാം ഭീതി സൃഷ്ടിച്ച ഭയാനകചിത്രങ്ങൾ മാത്രമേ കാണാനുള്ളു. മതാന്ധത എന്ന് ഗുരു പറഞ്ഞത് ഇതിനെപ്പറ്റിയാണ്.
എന്നോട് നിങ്ങളുടെ മകൾക്കാണ് ഈ വിധിയെങ്കിൽ എന്നു ചോദിക്കരുത്. കാരണം ഈ വിധി നിങ്ങളാണ് സൃഷ്ടിച്ചത്. 24 കാരിയായ എെൻറ മകൾ നിങ്ങളുടെ മകളെപ്പോലെയാണ്. ജാതിമത വ്യത്യാസങ്ങളല്ല മനുഷ്യരെ തീരുമാനിക്കുന്നതെന്നു കരുതുന്നു നമ്മുടെ മക്കൾ. എെൻറ മകൾ ഒരുപടി കൂടിക്കടന്ന്, ആൺ-പെൺഭേദത്തെത്തന്നെ തള്ളിക്കളയുന്നവളാണ്. അതുപക്ഷേ എെൻറ സ്നേഹത്തെ തളർത്തിയിട്ടേയില്ല. ഞാൻ രാഷ്ട്രീയലാഭം നോക്കിവരുന്ന ചെന്നായ്ക്കൾക്ക് അവളെ എറിഞ്ഞുകൊടുത്തിട്ടില്ല. അവൾ എന്തായാലും ആദ്യം എെൻറ മകളാണ്. അതിൽ എനിക്കു സംശയമേതുമില്ല.
സത്യത്തിൽ നിങ്ങളെ ഓർത്ത് ദുഃഖിച്ചുപോകുന്നു. ഈ കളിയിൽ എല്ലാവരും ജയിക്കും, തോൽക്കാൻ പോകുന്നത് നിങ്ങൾ മാത്രം. മതവും പറഞ്ഞുവരുന്നവർ അവരുടെ പക്ഷം ജയിച്ചുകഴിഞ്ഞാൽ കറിവേപ്പില പോലെ നിങ്ങളെ ഉപേക്ഷിക്കും. കേരളം ഭരിക്കുന്ന പുരോഗമനകക്ഷികൾ ഇപ്പോൾ നിശബ്ദരാണ്, പക്ഷേ മതകക്ഷികൾ തമ്മിലടിച്ചാൽ താഴെ വിഴുന്ന ചോര നക്കിതുടയ്ക്കാൻ അവർ മുന്നിലുണ്ടാകും. അവരും കിട്ടിയ ലാഭം കക്ഷത്തിലാക്കി പോകും.
മകളുടെ കടുത്ത വെറുപ്പു മാത്രം നേടി, അവളുടെ സ്നേഹം നഷ്ടപ്പെട്ട്, തോറ്റിടറി, പടക്കളത്തിൽ നിങ്ങൾ ഒറ്റയ്ക്കാവും.
മക്കൾ പാറക്കഷണങ്ങളല്ല, മുത്തുവളരുന്ന ചിപ്പികളാണ്. ഓരോ മുത്തുചിപ്പിയും സവിശേഷമാണ്. അതുണ്ടാക്കുന്ന മുത്ത് അപൂർവവും. അനേകം അടരുകൾ ഒന്നിനുപുറകേ ഒന്നായി വളർന്നാണ് മുത്ത് രൂപപ്പെടുന്നത്. മുത്തുണ്ടാകും മുമ്പ് കുത്തിമുറിമുറിക്കുന്നവർ ആ പ്രക്രിയയെ ഇല്ലാതാക്കുന്നുവെന്നു മാത്രമല്ല, ചിപ്പിയെത്തന്നെ നശിപ്പിക്കുന്നു.
അത്തരം ദുഷ്ടത നിങ്ങൾ കാട്ടരുതെന്ന് മാത്രമാണ് എെൻറ അപേക്ഷ.
ജെ ദേവിക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.