ഓപൺ സർവകലാശാല വിദൂര വിദ്യാഭ്യാസത്തിന്റെ അന്ത്യംകുറിക്കുമോ?
text_fields1962 ൽ ഡൽഹി സർവകലാശാല തപാൽ കോഴ്സുകൾ ആരംഭിക്കുന്നതോടുകൂടിയാണ് രാജ്യത്ത് റെഗുലർ സർവകലാശാലകളിലും കോളജുകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഉന്നത വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിത്തുടങ്ങിയത്. 1982ൽ ഡോ. ബി.ആർ. അംബേദ്കർ ഓപൺ സർവകലാശാലയും 1985ൽ ഇന്ദിര ഗാന്ധി ദേശീയ ഓപൺ സർവകലാശാലയും പ്രവർത്തനമാരംഭിച്ചതോടെ വിദൂര വിദ്യാഭ്യാസം ത്വരിതഗതിയിലാക്കി.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളാണ് നിലവിൽ സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തിക്കൊണ്ടിരുന്നത്. റെഗുലർ കോളജുകളിൽ പ്രവേശനം ലഭിക്കാത്തവരും സാമൂഹിക കാരണങ്ങളാൽ റെഗുലർ പഠനം സാധിക്കാത്തവരും സ്വാശ്രയ സ്ഥാപനങ്ങളിൽ ഭീമമായ ഫീസ് നൽകാൻ സാധിക്കാത്തവരുമായ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ആശ്രയവും ആശ്വാസവുമാണ് ഈ സംവിധാനം. 2020ൽ കൊല്ലം ആസ്ഥാനമായി ശ്രീനാരായണഗുരു ഓപൺ സർവകലാശാല വന്നതോടുകൂടി കേരളത്തിൽ സാമ്പ്രദായിക, പുതുതലമുറ കോഴ്സുകൾ കാര്യക്ഷമവും സമയബന്ധിതവുമായി, കുറഞ്ഞ നിരക്കിൽ പഠിക്കാനാകുമെന്നും വിദൂര വിദ്യാഭ്യാസ രംഗത്ത് ആരോഗ്യകരമായ മത്സരവും സമൂഹത്തിന് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്നുമാണ് ഏവരും ധരിച്ചിരുന്നത്. എന്നാൽ, നേർവിപരീതമായാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശ്രീനാരായണഗുരു ഓപൺ സർവകലാശാല നിയമത്തിലെ വകുപ്പുകൾ പ്രകാരം സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ പാടില്ല. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിലെല്ലാം ഓപൺ സർവകലാശാലകൾ ഉണ്ടെങ്കിലും ഇതുപോലൊരു വിചിത്ര നിബന്ധനകൾ അവിടെയെങ്ങുമില്ല.
2019-20 അധ്യയന വർഷം കേരളത്തിൽ നാല് റെഗുലർ സർവകലാശാലകളിലുമായി 90,000ത്തോളം വിദ്യാർഥികളാണ് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് പ്രവേശനം നേടിയിരുന്നത്. 2022-23 ആയപ്പോഴേക്ക് ഇത് 40,000ത്തോളം ആയി കുറഞ്ഞു. 2022-23 അധ്യയന വർഷം ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം 6000ത്തോളം മാത്രമാണ്. നാളിതുവരെ വിദൂര പഠനത്തിന് കേരളത്തിലെ സർവകലാശാലകളെ ആശ്രയിച്ചിരുന്ന വിദ്യാർഥി സമൂഹം അയൽ സംസ്ഥാനങ്ങളിലെ വിദൂര വിദ്യാഭ്യാസ സംവിധാനത്തെ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു.
കേരളത്തിൽ വിദൂര വിദ്യാഭ്യാസ മേഖലയിലെ പിന്നോട്ടടി ഏറ്റവും കൂടുതൽ ബാധിക്കുക മലബാർ മേഖലയെ ആയിരിക്കും. സർക്കാറുകളുടെ മലബാർ വിവേചനം കാരണം ഹയർ സെക്കൻഡറി സ്കൂളുകൾപോലെതന്നെ സർക്കാർ എയ്ഡഡ് കോളജുകളുടെ എണ്ണത്തിന്റെ കാര്യത്തിലും അപര്യാപ്തത നിലനിൽക്കുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്ന് ഇത്തവണ പ്ലസ് ടു വിജയിച്ചത് 1,37,981 വിദ്യാർഥികളാണ്. എന്നാൽ, ഉന്നത വിദ്യാഭ്യാസത്തിന് മലബാർ മേഖലയിലുള്ളത് കേവലം 34 സർക്കാർ കോളജുകളും 46 എയ്ഡഡ് കോളജുകളും 167 സ്വാശ്രയ കോളജുകളുമാണ്. ഇവിടങ്ങളിൽ മൊത്തം ആർട്സ്, കോമേഴ്സ് വിഷയങ്ങളിൽ 12,287 സീറ്റുകളും, സയൻസ് വിഷയങ്ങളിൽ 7046 സീറ്റുകളുമാണുള്ളത്. ബാക്കിവരുന്ന വിദ്യാർഥികൾ ആശ്രയിച്ചിരുന്നത് വിദൂര വിദ്യാഭ്യാസത്തെ ആയിരുന്നു. അതിൽതന്നെ നല്ലൊരു ശതമാനം കാലിക്കറ്റിലും.
വിദൂര വിദ്യാഭ്യാസത്തിന്റെ കുത്തകവത്കരണം യാഥാർഥ്യമാവുന്നതോടുകൂടി വിദ്യാർഥികൾക്ക് സ്വന്തം അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ച് സർവകലാശാലയും കോഴ്സും തിരഞ്ഞെടുക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇപ്രാവശ്യം കാലിക്കറ്റ് സർവകലാശാലയിൽ ബി.എ പൊളിറ്റിക്കൽ സയൻസിനുണ്ടായ വിദ്യാർഥി ബാഹുല്യം. കഴിഞ്ഞ വർഷം ഏകദേശം 600ഓളം വിദ്യാർഥികളായിരുന്നു പൊളിറ്റിക്കൽ സയൻസിൽ പ്രവേശനം നേടിയിരുന്നത്. എന്നാൽ, ഇപ്രാവശ്യം ഇത് രണ്ടായിരത്തിന് മുകളിലാണ്. കാരണം ഇഷ്ടവിഷയങ്ങളായിരുന്ന സോഷ്യോളജി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവ ഓപൺ സർവകലാശാലയുടെ കുത്തക ആക്കിയതിനാൽ വിദ്യാർഥികൾ പൊളിറ്റിക്കൽ സയൻസ് എടുക്കാൻ നിർബന്ധിതരായി.
മറ്റൊരു ഗുരുതര പ്രശ്നമാണ് സർട്ടിഫിക്കറ്റുകളിലെ ‘ഓപൺ ചാപ്പ’. നാളിതുവരെ റെഗുലർ സർവകലാശാലകളിലെ വിദൂര/പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കും റെഗുലർ കോളജുകളിലെ വിദ്യാർഥികൾക്കും ഒരേ ഒറിജിനൽ സർട്ടിഫിക്കറ്റുകളാണ് നൽകിയിരുന്നത് എന്നതിനാൽ തൊഴിൽ വിപണിയിൽ വിദൂര വിദ്യാർഥികൾക്കും ജോലി അവസരം ലഭിച്ചിരുന്നു. പ്രത്യേകിച്ചും വിദേശരാജ്യങ്ങളിൽ. എന്നാൽ, പുതിയ സർവകലാശാലയുടെ സർട്ടിഫിക്കറ്റിൽ ഓപൺ എന്ന ചാപ്പ അടിക്കുന്നതോടുകൂടി മത്സരാധിഷ്ഠിതമായ തൊഴിൽ വിപണിയിൽനിന്ന് ശ്രീനാരായണഗുരു ഓപൺ സർവകലാശാല വഴി പഠനം പൂർത്തിയാക്കിയവർ രണ്ടാംകിടക്കാരായി പുറന്തള്ളപ്പെടുകയും ചെയ്യും.
വൻ സാമ്പത്തിക ബാധ്യതയാണ് ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾക്കുമേൽ വരുത്തിവെച്ചിരിക്കുന്നത്. ഉദാഹരണമായി കാലിക്കറ്റ് സർവകലാശാലയിൽ ബി.എക്ക് ഒരു സെമസ്റ്ററിന് 1625 രൂപയാണെങ്കിൽ പുതിയ ഓപൺ സർവകലാശാലയിൽ ഇത് 2760 രൂപയാണ്.
കാലിക്കറ്റിൽ ബി.എക്ക് ഒരു വർഷത്തിന് 3020 രൂപയാണെങ്കിൽ ഓപൺ സർവകലാശാലയിൽ 6590 രൂപയാണ്. കാലിക്കറ്റിൽ ബി.എ പഠനം പൂർത്തീകരിക്കാൻ 6270 രൂപയാണെങ്കിൽ ഓപൺ സർവകലാശാലയിൽ 17,630 രൂപയാണ്. കാലിക്കറ്റിൽ രണ്ടുവർഷ എം.എ പഠനത്തിന് 5155 രൂപയാണെങ്കിൽ പുതിയ സർവകലാശാലയിൽ ഇത് 14,770 രൂപയാണ്.
- പ്രസിഡന്റ് കൺസോർട്യം ഫോർ ഇൻഫർമേഷൻ പ്രഫഷനൽസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.