അവയവദാനം ജീവദാനം
text_fieldsഓസ്ട്രിയൻ നേത്രരോഗവിദഗ്ധൻ ഡോ. എഡ്വേർഡ് കോൺറാഡ് സിം 1905ൽ നേത്രപടലം മാറ്റി വെച്ചതാണ് ലോകത്തെ വിജയകരമായ ആദ്യ അവയവദാന ശസ്ത്രക്രിയ. ഫ്രഞ്ച് ഫുട്ബാളർ എറിക് അബിദാൽ മുപ്പത്തിമൂന്നാം വയസ്സിൽ കരൾ മാറ്റിവെച്ചശേഷം രണ്ടു വർഷം കൂടി അന്താരാഷ്ട്ര ഫുട്ബാളിൽ സജീവമായിരുന്നു. 2012ൽ എഴുപത്തിയൊന്നാം വയസ്സിൽ ഹൃദയം മാറ്റിവെച്ച യു.എസ് മുൻ വൈസ് പ്രസിഡൻറ് ഡിക്ചെനി ഇപ്പോഴും രാഷ്ട്രീയത്തിൽ തുടരുന്നു. എന്നാൽ, യോജിച്ചൊരു അവയവം ദാനമായി കിട്ടാത്തതിനാൽ ഭൂമിയിൽ പ്രതിദിനം 19 പേർ മരണപ്പെടുന്നുവെന്നാണ് കണക്കുകൾ. കേരളത്തിൽ വൃക്ക മാറ്റിവെക്കാനായി വെയ്റ്റിങ് ലിസ്റ്റിലുള്ളവർ 2355 ആണെന്നാണ് ഔദ്യോഗിക സംവിധാനമായ മൃതസഞ്ജീവനി പറയുന്നത്. കരളും, ഹൃദയവും നശിച്ച് കനിവുള്ളൊരു ദാതാവിനായി കാത്തുനിൽക്കുന്നവരുടെ എണ്ണവും നാൾക്കുനാൾ വർധിച്ചു വരുകയാണ്.ഇത്തരം സാഹചര്യത്തിൽ അവയവദാനത്തിന് സന്നദ്ധരാവുകയെന്നത് മഹത്തായൊരു പുണ്യമാണ്. 1994ലെ Transplantation of Human Organs Act അനുസരിച്ച് അടുത്ത ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമടക്കം ആർക്കും നമ്മുടെ അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ്. ഇതേ നിയമം അവയവങ്ങളുടെ വിൽപനയും വാങ്ങലും നിയമ വിരുദ്ധമാക്കിയിരിക്കുന്നു.
ജീവിച്ചിരിക്കുന്നവരിൽനിന്നും (Live donor transplantation) മരിച്ചവരിൽനിന്നും (Cadaveric donor transplantation) അവയവദാനം സാധ്യമാണ്. രണ്ടിലൊരു വൃക്ക, കരളിന്റെ ഒരു ഭാഗം എന്നിങ്ങനെ പരിമിതമായ അവയവങ്ങളാണ് ജീവിച്ചിരിക്കുന്നവർക്ക് ദാനം ചെയ്യാനാവുക. എന്നാൽ തലച്ചോറൊഴിച്ച് ഹൃദയം, പാൻക്രിയാസ്, നേത്രപടം, കുടലുകൾ എന്നീ അവയവങ്ങൾ കൂടി മരണമടഞ്ഞവരിൽ നിന്ന് ലഭ്യമാകും.
എന്താണ് മസ്തിഷ്കമരണം?
ഒരാളുടെ ഹൃദയവും, ശ്വസനവും പൂർണമായി നിലച്ച അവസ്ഥയെയാണ് കാർഡിയാക് ഡെത്ത് എന്ന് വിളിക്കുന്നത്. ഹൃദയ ധമനികളുടെ പുനർ-ഉത്തേജനം (കാര്ഡിയോ പള്മണറി റിസസിറ്റേഷന്-സി.പി.ആർ), വെന്റിലേറ്ററുകൾ എന്നിവയുടെ വരവോടെ മസ്തിഷ്കം നിലച്ചാലും, ശ്വസനവും ഹൃദയമിടിപ്പും ഏതാനും മണിക്കൂറുകൾ തുടരാൻ കഴിയുമെന്ന അവസ്ഥയെ മസ്തിഷ്ക മരണമെന്ന് (brain death) വിളിക്കുന്നു. വെൻറിലേറ്ററിലൂടെ ഓക്സിജൻ കിട്ടിക്കൊണ്ടിരിക്കുന്നിടത്തോളം തലച്ചോറിനെ ആശ്രയിക്കാതെ സ്വതന്ത്രമായി മിടിപ്പ് തുടരാനുള്ള ഹൃദയത്തിന്റെ മാത്രം ശേഷിയാണിതിന് കാരണം. രക്തയോട്ടം മുടങ്ങാത്തതിനാൽ മറ്റു ആന്തരിക അവയവങ്ങൾ ആരോഗ്യത്തോടെയിരിക്കുന്ന ഈ ഘട്ടത്തിൽ ലഭിക്കുന്ന അവയവങ്ങളാണ് സ്വീകർത്താവിന് ഏറെ ഉപകാരം ചെയ്യുക. ഇന്ത്യയിൽ ഒരാൾക്ക് മസ്തിഷ്ക മരണം സംഭവിച്ചതിനാൽ അവയവദാനത്തിന് തയാറാണെന്ന തീരുമാനത്തോട് ആ വ്യക്തിയുടെ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരോടൊപ്പം സർക്കാർ പാനലിലെ രണ്ട് ഡോക്ടർമാർ കൂടി യോജിക്കണം. ഇവർ നാലു പേരും ചേർന്ന് മസ്തിഷ്ക മരണം ഉറപ്പു വരുത്താനുള്ള ടെസ്റ്റുകൾ ആറ് മണിക്കൂർ ഇടവേളയിൽ ചുരുങ്ങിയത് രണ്ട് പ്രാവശ്യമെങ്കിലും ചെയ്യുകയും അത് വിഡിയോ റെക്കോഡ് ചെയ്ത് സൂക്ഷിക്കുകയും വേണം. മിക്ക രാജ്യങ്ങളിലും ഈ ആവശ്യത്തിന് രണ്ട് ഡോക്ടർമാർ മാത്രമാണ് നിർബന്ധമായിട്ടുള്ളത്. മസ്തിഷ്ക മരണമെന്ന സങ്കൽപം ദുരുപയോഗം ചെയ്യുന്നുവെന്ന സംശയങ്ങളും ആരോപണങ്ങളും ഉയർന്നു വന്നപ്പോൾ ഇന്ത്യയിൽ നാല് ഡോക്ടർമാർ വേണമെന്ന നിബന്ധന കൊണ്ടുവരുകയായിരുന്നു.അവയവങ്ങൾ നീക്കാനുള്ള സർജറിയിൽ മൃതദേഹത്തിന് വൈകൃതങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കൽ ഡോക്ടർമാരുടെ ബാധ്യതയാണ്. സർജറിയുടെ ചെലവുകൾ വഹിക്കേണ്ടത് അവയവം സ്വീകരിക്കുന്ന രോഗിയും അയാളുടെ ആശുപത്രിയുമായിരിക്കും. പണമോ സ്വാധീനമോ കൊണ്ട് സ്വീകർത്താക്കളുടെ വെയ്റ്റിങ് ലിസ്റ്റിലെ മുൻഗണന അട്ടിമറിക്കാർ കഴിയാത്ത വിധം കർശനമായ മാനദണ്ഡങ്ങളാണ് ഇന്ത്യയിൽ നിലവിലുള്ളത്. കേരളത്തിൽ ഔദ്യോഗിക സംവിധാനമായ Kerala Network for Organ Sharing (KNOS) സംസ്ഥാനതലത്തിൽ കമ്പ്യൂട്ടറൈസ്ഡ് വെയ്റ്റിങ് ലിസ്റ്റ് നിലവിലുണ്ട്.
അവയവദാനവും മതങ്ങളും
വ്യക്തികളുടെ വിമുഖത മാറ്റി മഹത്തായൊരു സാമൂഹിക മുന്നേറ്റമായി അവയവദാനത്തെ പരിവർത്തിപ്പിക്കുന്നതിൽ മതങ്ങൾക്കുള്ള സ്വാധീനം വളരെ വലുതാണ്. ക്രൈസ്തവ സമൂഹത്തിലെ മിക്ക വിഭാഗങ്ങളും അവയവദാനത്തെ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയും, മഹത്തായ ദാനകർമവുമായാണ് കാണുന്നത്.
അവയവദാനത്തിന് അനുകൂലമായും പ്രതികൂലമായും ശക്തമായ വാദങ്ങൾ ഇസ്ലാം മത വിശ്വാസികൾക്കിടയിലുണ്ട്. ജീവിച്ചിരിക്കുന്നവരെ പോലെ മൃതദേഹവും ആദരണീയമാണെന്നും മൃതദേഹത്തെ പരിക്കേൽപിക്കുന്നത് ശരിയല്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ മൃതദേഹത്തിൽനിന്ന് അവയവമെടുക്കുകയെന്ന ഉപദ്രവവും, അവയവം നശിച്ച് മരണം കാത്തിരിക്കുന്നവർക്ക് പുതുജീവൻ ലഭിക്കുകയെന്ന നന്മയും താരതമ്യം ചെയ്യുമ്പോൾ ഒരു ജീവൻ രക്ഷിക്കുകയെന്ന നന്മക്കാണ് മേൽക്കൈ എന്ന കാര്യത്തിൽ മിക്ക പണ്ഡിതൻമാരും യോജിക്കുന്നു.
1986ൽ അമ്മാനിൽ ചേർന്ന മുസ്ലിം പണ്ഡിതന്മാരുടെ അന്താരാഷ്ട്ര സമ്മേളനം മസ്തിഷ്ക മരണം സാധാരണ മരണത്തിന് തുല്യമാണെന്ന പ്രമേയം പാസാക്കുകയുണ്ടായി. ഇതോടു കൂടി ഗൾഫ് മേഖലയിലാകെ മസ്തിഷ്ക മരണാനന്തരമുള്ള ഹൃദയ, വൃക്കദാനങ്ങൾ വ്യാപകമായി. Saudi Center for Organ Transplantation(SCOT) എന്ന സംവിധാനത്തിലൂടെ സർക്കാർ അവയവദാനത്തെ നിയന്ത്രിക്കുകയും ജീവിക്കുന്നവരും മരിച്ചവരുമായ അവയവ ദാതാക്കൾക്കും കുടുംബത്തിനും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു. യു.എ.ഇയുടെ ഔദ്യോഗിക സംവിധാനമായ Hayat മസ്തിഷ്ക മരണം സംഭവിച്ച ഒരു ദാതാവിന് എട്ടു ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്ന് പറയുന്നു.
കേരളത്തിൽ മസ്തിഷ്ക മരണത്തെയും അവയവദാനത്തെയും സംശയമുനയിൽ നിർത്തുന്ന ആരോപണങ്ങൾ ഉയർന്നു വരുന്നതും അതിന് കിട്ടുന്ന മീഡിയ കവറേജും അവയവദാന പ്രക്രിയക്ക് ഭീഷണിയാവുന്നു. 2015ൽ മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്നുള്ള 76 അവയവങ്ങൾ ഉപയോഗപ്പെടുത്താൻ സാധിച്ച നമുക്ക് 2022ൽ വെറും 14 ദാനങ്ങൾ ചെയ്യാൻ മാത്രമേ കഴിഞ്ഞുള്ളൂ. യു.എസ്, സ്പെയിൻ എന്നിവിടങ്ങളിൽ ഒരു മില്യൺ ജനസംഖ്യക്ക് 41ഓളം മരണാനന്തര അവയവദാനങ്ങൾ നടക്കുമ്പോൾ കേരളത്തിൽ അത് 0.5 മാത്രമാണ്. അയൽ സംസ്ഥാനങ്ങളായ തെലങ്കാനയും(5), തമിഴ്നാടും(2) ഇക്കാര്യത്തിൽ നമ്മേക്കാൾ ഏറെ മുന്നിലാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ജനങ്ങളിൽ സംശയവും, ഭീതിയും നിറക്കുന്നതാണ് ഈ പിന്നാക്കാവസ്ഥക്ക് കാരണം.
(എത്തിക്കൽ മെഡിക്കൽ ഫോറം
പ്രസിഡന്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.