ബുൾഡോസർരാജ് എന്ന സംഘടിത ശിക്ഷാവിധി
text_fieldsഫിറോസ്പൂർ ജിർഖയിൽ വീടുകൾ നശിപ്പിക്കപ്പെട്ടവ, സർക്കാർ പദ്ധതിയിൽ നിർമിച്ച് സർക്കാർ തകർത്ത വീട് ● സഫർ ആഫാഖ്
കലാപത്തിനു പിന്നാലെ നൂഹിനും സമീപപ്രദേശങ്ങളിലുമായി അധികൃതർ ബുൾഡോസിങ് നടത്തിയ മേഖലകൾ സന്ദർശിച്ച scroll.in ലേഖകൻ സഫർ ആഫാഖ് എഴുതുന്നു
ഡൽഹി-ആൽവാർ ഹൈവേയുടെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് പഴം കച്ചവടക്കാരും ചാട്ട് കടകളും ജ്യൂസും ബിസ്കറ്റും വിൽക്കുന്ന പെട്ടിക്കടകളുമെല്ലാം നിറഞ്ഞ നൂഹ് ടൗൺ മാർക്കറ്റ് കഴിഞ്ഞമാസംവരെ സജീവമായിരുന്നു. ഇപ്പോൾ അവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
ആഗസ്റ്റ് ആറിന് നഗരമധ്യത്തിലൂടെ ബുൾഡോസറുകൾ ഇരമ്പിക്കയറുകയും ഈ കടകളും ഒന്നര കിലോമീറ്റർ ഭാഗത്തെ മുപ്പത് സ്ഥിരം കടകളും ഒരു നാലുനില ഹോട്ടൽ കെട്ടിടവും തകർത്ത് തരിപ്പണമാക്കുകയും ചെയ്തു.
ഉന്തുവണ്ടിയിലും പെട്ടിക്കടകളിലുമായി കച്ചവടം നടത്തിയിരുന്ന 200 തെരുവുകച്ചവടക്കാരെയാണ് ഒറ്റയടിക്ക് ഇവിടെനിന്ന് ഒഴിവാക്കിയതെന്ന് നൂഹിനടുത്ത അദ്ബാർ ഗ്രാമത്തിലെ സർപഞ്ച് മുഹമ്മദ് ഷറഫ് പറയുന്നു. കർഫ്യൂ ദിവസം എല്ലാവരും വീട്ടിലിരിക്കെയായിരുന്നു ബുൾഡോസർ പ്രയോഗം. കടകൾ പൊളിച്ചുനീക്കുന്ന കാര്യം ആരും അറിയിച്ചതുപോലുമില്ലെന്ന് മുപ്പതു വർഷമായി ഒരു തകരഷെഡിലിരുന്ന് ജോലിചെയ്യുന്ന സർഫു എന്ന മെക്കാനിക് പറയുന്നു. വെൽഡിങ് മെഷീനും മറ്റ് തൊഴിലുപകരണങ്ങളും നശിച്ചതുമൂലം അര ലക്ഷം രൂപയുടെ നഷ്ടമുണ്ട് ഇദ്ദേഹത്തിന്. മറ്റു ചെറുകിട വ്യാപാരികളെപ്പോലെ സർഫുവിന്റെ പക്കലും കടയിരുന്ന ഭൂമിയുടെ രേഖകളൊന്നുമില്ല.
ഗുരുഗ്രാം-നൂഹ് ജില്ലകളിലൂടെ കടന്നുപോയ വിശ്വഹിന്ദുപരിഷത്തിന്റെ ഘോഷയാത്രക്കു പിന്നാലെ വർഗീയകലാപം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ ആഗസ്റ്റ് ഒന്നിന് നൂഹ് പട്ടണത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. അന്നാട്ടുകാരായ രണ്ടുപേരെ രാജസ്ഥാനിൽവെച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ കുപ്രസിദ്ധ ഗോരക്ഷക ഗുണ്ട മോനു മനേസ്വർ ഘോഷയാത്രയുടെ ഭാഗമായി എത്തുമെന്ന കിംവദന്തിയാണ് അക്രമത്തിലേക്ക് നയിച്ചത്.
കലാപത്തിൽ ആറുപേരുടെ ജീവൻ നഷ്ടമായി. മുസ്ലിം പക്ഷത്തുനിന്നാണ് പ്രത്യക്ഷ ആക്രമണം ആദ്യമുണ്ടായതെന്ന് പലരും ശരിവെക്കുന്നു. മൂന്നു ദിവസത്തിനു ശേഷം തുടർച്ചയായി നാലു ദിവസത്തേക്ക് മേഖലയിലെ കടകൾക്കും കെട്ടിടങ്ങൾക്കും നേരെ ബുൾഡോസറുകൾ പാഞ്ഞുകയറി. ഒടുവിൽ പഞ്ചാബ്-ഹരിയാന ഹൈകോടതി ഇടപെട്ട് നിർത്തിവെപ്പിക്കുംവരെ ഇത് തുടർന്നു. ജില്ല ഭരണകൂടം വിശദീകരിച്ചത് ജില്ലയിലെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുന്നതിനാണ് ബുൾഡോസർ പ്രയോഗം നടത്തിയത് എന്നാണ്.
താവുരു, നൂഹ്, നൽഹാർ, നഗീന, ഫിറോസ്പുർ ജിർഖ എന്നിവിടങ്ങളിലായി അമ്പതു കിലോമീറ്റർ വിസ്തൃതിയിൽ പൊളിയജ്ഞം നടന്നതിന്റെ അവശിഷ്ടങ്ങൾ അവിടം സന്ദർശിച്ചപ്പോൾ കാണാനായി. ഫിറോസ്പുർ ജിർഖയിലൊഴികെ എല്ലായിടത്തും തകർക്കപ്പെട്ടത് മുസ്ലിംകളുടെ കടകളും കെട്ടിടങ്ങളുമാണ്. അധികവും ദരിദ്രരും ഭൂരഹിതരുമായ മനുഷ്യരുടെ.
നുഹിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള പിനങ്വാനിൽ തകർക്കപ്പെട്ട വീടുകളിലൊന്ന് ഒരു വക്കീലിന്റെ ഏജന്റായി പ്രവർത്തിക്കുന്ന സലീം ഖുറൈശി എന്ന 55കാരന്റെതാണ്. രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽനിന്ന് കുടിയേറിയതാണ് അദ്ദേഹത്തിന്റെ പിതാവ്. ജീവിതകാലം മുഴുവൻ അദ്ദേഹം ജീവിച്ചത് ആ മണ്ണിലാണ്. എന്നാൽ, ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത് ആ വീട് നിൽക്കുന്നത് പഞ്ചായത്ത് ഭൂമിയിലാണെന്നാണ്.
കലാപം തടയുന്നതിൽ സംഭവിച്ച വീഴ്ച മറച്ചുപിടിക്കാനാണ് അധികൃതർ ബുൾഡോസറുകൾ പ്രയോഗിച്ചതെന്ന് ആരോപിക്കുന്നു നൂഹിലെ കോൺഗ്രസ് നേതാവ് ചൗധരി അഫ്താബ് അഹമ്മദ്. മുസ്ലിംസമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും ദ്രോഹിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാന പ്രശ്നത്തിന്റെ മറവിൽ ഒരു പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്നുണ്ടോ എന്ന ചോദ്യമുയർത്തിയിരുന്നു ബുൾഡോസിങ് തടയാൻ ഉത്തരവിട്ട ജസ്റ്റിസുമാരായ ജി.എസ്. സാന്ധവാലിയ, ഹർപ്രീത് കൗർ ജീവൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച്.
നൂഹിലെമ്പാടുമായി തകർത്ത കെട്ടിടങ്ങളുടെ എണ്ണം വെളിപ്പെടുത്താൻ ജില്ല ഭരണകൂടം വിസമ്മതിക്കുന്നു. എന്നാൽ, ഇവയുടെ എണ്ണം അഞ്ഞൂറിനടുത്ത് വരുമെന്നാണ് ചില വൃത്തങ്ങൾ വ്യക്തമാക്കിയത്. ഈ വിഷയത്തിൽ നേരിട്ടറിവുള്ള രണ്ടുപേരിൽനിന്ന് ലഭ്യമായ വിവരപ്രകാരം തകർക്കപ്പെട്ടത് 1,208 കെട്ടിടങ്ങളാണെന്ന് ‘ഹിന്ദുസ്ഥാൻ ടൈംസ്’ പറയുന്നു. നൂഹ് ജില്ല കമീഷണർ ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത് ഇത്തരം നടപടി കൈക്കൊള്ളാൻ സർക്കാർ നേരത്തേ ആലോചിച്ചിരുന്നില്ല എന്നാണ്. എന്നാൽ, കലാപശേഷം കെട്ടിടങ്ങൾ പൊളിക്കാൻ മുകളിൽനിന്ന് ഉത്തരവ് വന്നതോടെ വനംവകുപ്പ്, നൂഹ് നഗരസഭ, ഗ്രാമവികസന വകുപ്പ്, നഗര മന്ത്രാലയം തുടങ്ങിയ ഏജൻസികളെല്ലാം ഏകോപിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. അനധികൃത സ്ഥാപനങ്ങൾ മാത്രമാണ് തകർത്തത് എന്നാണ് അധികൃതരുടെ അവകാശവാദം. എന്നാൽ, സർക്കാർ പദ്ധതിപ്രകാരം നിർമിച്ച വീടുകൾ തകർക്കപ്പെട്ട ആളുകളെയും ഞങ്ങൾക്ക് കാണാനായി. ഇത് അധികൃതരുടെ അവകാശവാദത്തിൽ വിള്ളൽ വീഴ്ത്തുന്നു.
നാഗിനയിലെ ‘സർക്കാർ വീടുകൾ’
അമ്പതോളം മുസ്ലിം കുടുംബങ്ങൾ പാർത്തുപോന്നിരുന്ന പ്രദേശമാണ് നൂഹ് പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ അകലത്തിലുള്ള നാഗിനയിലെ ദോബി ഘട്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ് അവരിലധികവുമെന്ന് റേഷൻ കാർഡുകൾ സാക്ഷ്യപ്പെടുത്തുന്നു.
ആഗസ്റ്റ് നാലിന് ഉച്ചക്ക് ഗ്രാമത്തിലെ പുരുഷന്മാർ വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് എത്തുമ്പോഴേക്ക് പ്രദേശത്ത് പൊലീസും അർധസൈനിക വിഭാഗങ്ങളും തമ്പടിച്ചിരുന്നു. അവരുടെ സാന്നിധ്യത്തിൽ ബുൾഡോസറുകൾ വീടുകൾക്കുമേൽ പാഞ്ഞുകയറാൻ തുടങ്ങി. ഇവിടെ 10 വീടുകൾ മണ്ണോടുചേർത്തുവെന്ന് നഗീന ഗ്രാമമുഖ്യൻ നസീം അഹ്മദ് പറയുന്നു.
ആ വീടുകൾ നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് പൊട്ടിയ ഇഷ്ടികകളും തകരത്തിന്റെ അവശിഷ്ടങ്ങളും മരപ്പലകകളുമാണ്. ഏതാനും വീടുകളുടെ ഭിത്തികൾ ബാക്കിയുണ്ട്. ‘‘ഞങ്ങൾക്ക് തലക്കു മീതെ ഒരു മേൽക്കൂരയില്ല. ഒരാഴ്ചയായി മരങ്ങൾക്കടിയിൽ കട്ടിലിട്ടാണ് ഞങ്ങൾ കിടക്കുന്നത്. വീട് പൊളിക്കപ്പെട്ട 55കാരൻ ഇസ്രാഈൽ പറഞ്ഞു. സർക്കാർ സഹായത്തോടെയാണ് തങ്ങളുടെ വീടുകൾ നിർമിച്ചതെന്ന് പല ഗ്രാമവാസികളും അവകാശപ്പെടുന്നു.
തന്റെ വീടിന്റെ പാതി പൊളിച്ച മതിലിലേക്ക് ഇസ്രാഈൽ വിരൽചൂണ്ടി, അതിൽ അപൂർണമായ ഒരു ഹിന്ദി ലിഖിതം ദൃശ്യമായിരുന്നു: പ്രിയദർശിനി ആവാസ് യോജ്ന ഹരിയാന സർക്കാർ: ലാഭാർഥി കാ നാം; കുൽ രാശി 910…’’. (‘ പ്രിയദർശനി ആവാസ് യോജന ഹരിയാന സർക്കാർ: ഗുണഭോക്താവ്; അടങ്കൽ തുക: 910...”) എന്ന് വായിച്ചെടുക്കാനായി. ഹരിയാനയിലെ ഗ്രാമീണമേഖലയിലെ രണ്ടുലക്ഷം നിർധന കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകാൻ ലക്ഷ്യമിട്ട് 2013ൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രിയദർശിനി ആവാസ് യോജന പ്രകാരമാണ് വീട് നിർമിച്ചതെന്ന് ഇസ്രാഈൽ പറഞ്ഞു.
2013-14 കാലത്തെ ഗ്രാമ സർപഞ്ചാണ് തനിക്ക് ഈ സ്ഥലവും വീടും അനുവദിച്ചതെന്ന് പറഞ്ഞ അദ്ദേഹം വീടിനായി മൂന്നാംഗഡു അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കമീഷണർക്ക് അയച്ച തീയതിയില്ലാത്ത കത്തിന്റെ കോപ്പിയും കാണിച്ചുതന്നു. മൂന്ന് ഗഡുക്കളായി ഏകദേശം 90,000 രൂപ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പദ്ധതികൾക്കുകീഴിൽ നിർമിച്ച വീടുകൾ പൊളിച്ചുനീക്കിയിട്ടുണ്ടോ എന്നന്വേഷിച്ച് വിളിച്ചെങ്കിലും നൂഹ് ഡെപ്യൂട്ടി കമീഷണർ ധീരേന്ദ്ര ഖഡ്ഗത പ്രതികരിച്ചില്ല.
തങ്ങളുടെ വീടുകൾ നിയമവിരുദ്ധമായാണ് നിർമിച്ചിരിക്കുന്നതെങ്കിൽ ഇവർക്കാർക്കും നേരത്തേ നോട്ടീസ് ലഭിച്ചിട്ടില്ല. കലാപത്തിന് തൊട്ടുപിന്നാലെ വീടുകൾ തകർത്തതിനെ ചോദ്യംചെയ്യുന്ന അവർ തങ്ങൾക്കാർക്കും ജൂലൈ 31ന് നൂഹിൽ നടന്ന അക്രമത്തിൽ പങ്കില്ലെന്നും കൂട്ടിച്ചേർക്കുന്നു. ഞങ്ങൾക്ക് ഒരു ബന്ധവുമില്ലാത്ത അക്രമത്തിന്റെപേരിൽ എന്തിനാണ് ശിക്ഷിച്ചതെന്ന് നാഗിനയിൽ താമസിക്കുന്ന ലിയാഖത്ത് ചോദിക്കുന്നു.
ഒറ്റനാൾ കൊണ്ട് അനധികൃതമായ കടകൾ
നാഗിനയിൽ വീടുകൾ നിലംപരിശാക്കിയശേഷം ബുൾഡോസർ യജ്ഞം അരാവല്ലി മലനിരകളുടെ താഴ്വരയിലുള്ള നൽഹാറിലേക്ക് നീങ്ങി. മണിക്കൂറുകൾക്കകം 14 വീടുകളും 45 കടകളും തകർത്തിട്ടതായി നൽഹാറിലെ സർപഞ്ച് മുഹമ്മദ് ആസാദ് പറയുന്നു. ശഹീദ് ഹസന ഖാൻ മേവാത്തി ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കുള്ള വഴിയിലെ മരുന്നുകടകൾ, ലാബുകൾ, പലചരക്ക് കടകൾ, ബേക്കറി, ഭക്ഷണശാലകൾ എന്നിവയെല്ലാം തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
തന്റെ ഉടമസ്ഥതയിലുള്ള 18 കടകളാണ് നൽഹാറിൽ പൊളിച്ചുനീക്കിയതെന്ന് നൂഹ് നിവാസിയായ നവാബ് അബ്ദുൾ റഷീദ് പറഞ്ഞു. 2013ലാണ് ഇവ നിർമിച്ച് വാടകക്ക് നൽകിയത്. നിർമാണവേളയിൽ ആരും ഒരു തടസ്സവും പറഞ്ഞില്ല, പിന്നെയെങ്ങനെയാണ് പൊടുന്നനെ ഒരുനാൾ ഈ കടമുറികൾ നിയമവിരുദ്ധമായത്?-നവാബ് അബ്ദുൾ റഷീദ് ചോദിക്കുന്നു.
മകൾക്കും മരുമകനുമൊപ്പം നൽഹാറിൽ താമസിക്കുന്ന 60 വയസ്സുള്ള ഖുർഷിദാൻ എന്ന വിധവയുടെ വീടും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഒരു മാസം മുമ്പാണ് അവർ ഈ വീട് പുതുക്കിപ്പണിതത്. പൊളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വനംവകുപ്പ് നോട്ടീസ് നൽകിയിരുന്നതായി ആസാദ് പറയുന്നു. എന്നാൽ, ഞങ്ങൾ സംസാരിച്ച നാട്ടുകാരിൽ ആർക്കും മുന്നറിയിപ്പ് ലഭിച്ചിട്ടില്ല.
കക്കൂസുകൾ പോലും അവർ ഒഴിവാക്കിയില്ല
നൂഹിൽനിന്ന് അമ്പത് കിലോമീറ്റർ അകലെയുള്ള ഫിറോസ്പുർ ജിർഖയിലെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും വീടുകൾ അധികൃതർ തകർത്തുകളഞ്ഞു. ഏതാനും മണിക്കൂറുകൾ കൊണ്ട് 90-100 വീടുകളാണ് ഇവിടെ തകർക്കപ്പെട്ടതെന്ന് പ്രാദേശിക നേതാവ് ഉമർ പദ്ല പറയുന്നു. ഹരിയാനയുടെയും രാജസ്ഥാന്റെയും വിവിധ ഭാഗങ്ങളിൽനിന്നെത്തി ഇവിടെ വർഷങ്ങളായി താമസിച്ചുവരുന്നവരുടെതാണ് തകർക്കപ്പെട്ട ഒറ്റനില വീടുകൾ. ഇവർ അധികപേരും ദിവസവേതനത്തിന് കൂലിപ്പണികൾ ചെയ്യുന്നവരാണ്.
രണ്ട് ബുൾഡോസറുകളുമായെത്തി വീടുകൾ ഓരോന്നായി പൊളിക്കുന്നതിനു മുമ്പ് വിലപിടിപ്പുള്ള സാധനങ്ങൾ നീക്കംചെയ്യണമെന്ന് പൊലീസ് വാഹനങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ‘‘ ഞങ്ങളുടെ കക്കൂസുകൾ പോലും അവർ ബാക്കിവെച്ചില്ല, ജലവിതരണ പൈപ്പുകളും തകർത്തുകളഞ്ഞു’’ -കൂലിപ്പണിക്കാരനായ പുരൺ സിങ്ങിന്റെ വാക്കുകൾ.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രദേശവാസികൾ ഉന്നയിച്ച അവകാശത്തെച്ചൊല്ലി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കോടതി വാദം കേട്ടുവരുകയായിരുന്നുവെന്ന് ഫിറോസ്പുർ ജിർഖയിലെ അഭിഭാഷകൻ മുഹമ്മദ് യൂസുഫ് ചൂണ്ടിക്കാട്ടുന്നു. രണ്ടു വർഷമായി തുടർന്നുവരുന്ന കേസ് നിലനിൽക്കുന്നതിനിടെ മുകളിൽനിന്നുള്ള നിർദേശം വന്നതോടെയാണ് പൊളിക്കൽ ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഫിറോസ്പുർ ജിർഖ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ചിനാർ ചഹൽ പൊളിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
താഉരുവിൽ തകർത്ത കുടിലുകൾ
കലാപം നടന്നതിനു പിന്നാലെ ആദ്യം പൊളിതുടങ്ങിയത് നൂഹിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള താഉരുവിലാണ്. അസമിൽനിന്ന് വന്ന് പഴയ സാധനങ്ങൾ പെറുക്കിവിറ്റ് ജീവിക്കുന്ന മനുഷ്യർ കുറെപേർ താമസിക്കുന്ന സ്ഥലമാണത്.
ആഗസ്റ്റ് മൂന്നിന് രാവിലെ, നൂറുകണക്കിന് പൊലീസുകാരുടെയും അർധസൈനിക സേനയുടെയും സഹായത്തോടെ ഉദ്യോഗസ്ഥർ ബുൾഡോസറുകളുമായി എത്തി 35 കുടിലുകൾ നീക്കം ചെയ്തുവെന്ന് ദൃക്സാക്ഷിയായ മുഹമ്മദ് ഷാസിയാൻ പറഞ്ഞു. വിലപ്പെട്ട സാധനസാമഗ്രികൾ എടുത്തുമാറ്റാൻ വെറും 10 മിനിറ്റ് മാത്രമാണ് താമസക്കാർക്ക് അനുവദിച്ചത്. പിറ്റേന്ന് രാവിലെത്തന്നെ അവിടെ താമസിച്ചിരുന്ന മനുഷ്യരെല്ലാം അസമിലേക്ക് മടങ്ങിപ്പോയി. കുടിലുകളിൽ താമസിച്ചിരുന്നവരെല്ലാം മുസ്ലിംകളായിരുന്നു. എന്നാൽ, റോഹിങ്ക്യൻ അഭയാർഥികളായിരുന്നു അവരെന്ന റിപ്പോർട്ടുകൾ കള്ളമായിരുന്നുവെന്ന് ഷാസിയാൻ പറയുന്നു.
ഞങ്ങൾ നേരിട്ട് കൈക്കൊണ്ടതല്ല പൊളിക്കൽ തീരുമാനമെന്നും സംസ്ഥാനത്തെ നഗര വികസന അതോറിറ്റിയായ ഹരിയാന ഷഹരി വികാസ് പ്രതികരൺ (എച്ച്.എസ്.വി.പി) നിർദേശിച്ചതുപ്രകാരമാണ് കുടിയൊഴിപ്പിക്കൽ നടത്തിയതെന്നുമാണ് താഉരു സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സഞ്ജീവ് കുമാർ വിശദീകരിച്ചത്.
(കടപ്പാട് : scroll.in)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.