പാലത്തായി പ്രതിക്കുവേണ്ടി ഒത്തുകളിക്കാൻ ഒറ്റക്കെട്ട്
text_fieldsകേരളം ഒന്നാകെ ചർച്ചചെയ്ത പാലത്തായി പീഡന കേസിലെ വിചാരണഘട്ടമാണിപ്പോൾ. തലശ്ശേരി പോക്സോ അതിവേഗ സ്പെഷൽ കോടതിയിൽ സാക്ഷിവിസ്താരമാണ് പുരോഗമിക്കുന്നത്. അതിജീവിത ഉൾപ്പെടെ 49 സാക്ഷികളിൽ 18 പേരുടേത് ഇതിനകം പൂർത്തിയായി. ശേഷിക്കുന്നവരുടെ വിസ്താരവും പൂർത്തിയാക്കി ആറുമാസത്തിനകം വിധി പറയാൻ കഴിയുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. അതിജീവിതയായ നാലാം ക്ലാസുകാരിയെ അവിശ്വസിച്ച് ആർ.എസ്.എസുകാരനായ പ്രതിക്ക് അനുകൂലമായി ഇടതുസർക്കാർ...
കേരളം ഒന്നാകെ ചർച്ചചെയ്ത പാലത്തായി പീഡന കേസിലെ വിചാരണഘട്ടമാണിപ്പോൾ. തലശ്ശേരി പോക്സോ അതിവേഗ സ്പെഷൽ കോടതിയിൽ സാക്ഷിവിസ്താരമാണ് പുരോഗമിക്കുന്നത്. അതിജീവിത ഉൾപ്പെടെ 49 സാക്ഷികളിൽ 18 പേരുടേത് ഇതിനകം പൂർത്തിയായി. ശേഷിക്കുന്നവരുടെ വിസ്താരവും പൂർത്തിയാക്കി ആറുമാസത്തിനകം വിധി പറയാൻ കഴിയുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. അതിജീവിതയായ നാലാം ക്ലാസുകാരിയെ അവിശ്വസിച്ച് ആർ.എസ്.എസുകാരനായ പ്രതിക്ക് അനുകൂലമായി ഇടതുസർക്കാർ നിലകൊണ്ടതോടെയാണ് പാലത്തായി കേസ് വിവാദമായി മാറിയത്. ആർ.എസ്.എസും സി.പി.എമ്മും സദാ കൊമ്പുകോർക്കുന്ന പാനൂർ മേഖലയിലാണ് ആർ.എസ്.എസ് നേതാവായ പ്രതിയെ രക്ഷിക്കാൻ പൊലീസിന്റെ ആർ.എസ്.എസ് നെറ്റ്വർക്ക് കൃത്യമായി പ്രവർത്തിച്ചത്.
2020 മാർച്ച് 17നാണ് ബി.ജെ.പി നേതാവും പാലത്തായി യു.പി സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ പീഡിപ്പിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. പരാതി കിട്ടിയ അന്നു മുതൽ കേസ് അട്ടിമറിക്കാൻ പൊലീസ് പ്രതിക്കൊപ്പം നിന്നു. ഈ നീക്കുപോക്കിൽ കാഴ്ചക്കാരായി സർക്കാറും നിന്നു. ഹൈകോടതിയുടെ ഇടപെടൽ മൂലമാണ് കേസ് ഈ നിലക്ക് എങ്കിലും എത്തിയത്.
അട്ടിമറിക്കാൻ സി.ഐ മുതൽ ഐ.ജി വരെ
10 വയസ്സുകാരിക്ക് സ്കൂളിലുണ്ടായ പീഡന കേസ് അട്ടിമറിച്ച് പ്രതിക്ക് അനുകൂലമാക്കി മാറ്റാൻ സി.ഐ മുതൽ ഐ.ജി വരെ കളത്തിലിറങ്ങിക്കളിച്ചുവെന്നതാണ് പാലത്തായി കേസിന്റെ അപൂർവത. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പാനൂർ എസ്.എച്ച്.ഒ ടി.പി. ശ്രീജിത്ത് ആണ് പ്രതിക്ക് അനുകൂലമായി ആദ്യം കളിച്ചത്. അധ്യാപകനിൽനിന്ന് മൂന്നു ദിവസം പീഡനമുണ്ടായെന്നും തീയതി ഓർക്കുന്നില്ലെന്നുമാണ് 10 വയസ്സുകാരി നൽകിയ മൊഴി. പ്രതി സ്കൂളിൽ ലീവായിരുന്ന ദിവസം കൃത്യമായി നോക്കി പീഡന തീയതി ഇൻസ്പെക്ടർ എഫ്.ഐ.ആറിൽ തിരുകിക്കയറ്റിയതോടെയാണ് അട്ടിമറിയുടെ തുടക്കം. ഈ തീയതിയാണ് പിന്നീട് കുട്ടി കൗൺസിലർമാരോടും ഡോക്ടറോടും മട്ടന്നൂരിലെ മജിസ്ട്രേറ്റ് വരെയുള്ളവർക്ക് നൽകിയ മൊഴി. കേസിലെ സാക്ഷിയായ അധ്യാപിക സ്കൂളിൽ അവധിയായിരുന്ന ദിവസവും പീഡനതീയതിയായി ഇൻസ്പെക്ടർ കുറിച്ചിട്ടു.
കേസെടുത്ത പൊലീസിന് പ്രതിയെ പിടികൂടാൻ ജനകീയപ്രക്ഷോഭം വരെ കാത്തിരിക്കേണ്ടിവന്നു. കുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചാകട്ടെ ലോക്കൽ പൊലീസ് ചുമത്തിയ പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകി. കുട്ടി നൽകിയ രഹസ്യമൊഴി കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് തന്നെ വെളിപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ മാതാവും ആക്ഷൻ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചപ്പോൾ പെൺകുട്ടി കള്ളം പറയുകയാണ് എന്നാണ് അന്വേഷണ സംഘം ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. വീണ്ടും കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘത്തെ മാറ്റിയത്. ആ അന്വേഷണ സംഘമാണ് അന്തിമകുറ്റപത്രം സമർപ്പിച്ചത്. പീഡിപ്പിച്ച തീയതിയൊന്നും ഓർക്കാൻ കഴിയുന്ന മാനസികാവസ്ഥയല്ല കുട്ടിക്കുള്ളതെന്ന് ഈ കുറ്റപത്രത്തിൽ പറയുന്നു.
കൂറുമാറി പ്രധാനാധ്യാപകൻ
അന്നത്തെ സ്കൂളിലെ പ്രധാനാധ്യാപകൻ കെ.കെ. ദിനേശൻ സാക്ഷി വിസ്താരവേളയിൽ കൂറുമാറിയതാണ് ഞെട്ടിക്കുന്ന പുതിയ വിവരം. പീഡനം നടന്ന ശേഷം മാസങ്ങളോളം കുട്ടി സ്കൂളിൽ പോയിരുന്നില്ല. എന്നാൽ, സ്കൂൾ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തിയിരുന്നു. എന്താണ് ഇങ്ങനെ സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ ചിലപ്പോൾ അങ്ങനെ ചെയ്യാറുണ്ടെന്നും ഉച്ചക്കഞ്ഞി അലവൻസ് നിലനിർത്തുന്നതിനു വേണ്ടിയാണെന്നുമാണ് പ്രധാനാധ്യാപകൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. വിചാരണവേളയിൽ മൊഴിമാറ്റിയ പ്രധാനാധ്യാപകൻ പ്രതിക്ക് അനുകൂലമായാണ് കോടതിയിൽ നിലപാട് എടുത്തതെന്ന് അഭിഭാഷകൻ ജനൈസ് കടവത്തൂർ പറഞ്ഞു. അട്ടിമറിശ്രമം ഇപ്പോഴും തുടരുന്നുണ്ടെന്ന് വ്യക്തം.
കൗൺസലിങ് എന്ന പീഡനം
ലൈംഗികാതിക്രമ കേസുകളിൽ ഇരയുടെ മൊഴിതന്നെയാണ് ഏറ്റവും വലിയ തെളിവെന്നിരിക്കെ പാലത്തായി പെൺകുട്ടിയോട് പൊലീസ് സംവിധാനം പെരുമാറിയതിന് സമാനതകളില്ല. മൂന്ന് വനിതകൾ തുടർച്ചയായ മൂന്നു ദിവസമാണ് അടച്ചിട്ട മുറിയിൽ കുട്ടിയെ ‘കൗൺസലിങ്’ ചെയ്തത്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ നീളുന്നതായിരുന്നു ഇത്. കുട്ടി നൽകിയ മൊഴിയെന്ന പേരിൽ ഇവർ തയാറാക്കിയ റിപ്പോർട്ടാണ് പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ചത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കുട്ടി പറയുന്നതെന്നും സംഭവ തീയതിയൊന്നും അറിയില്ലെന്നും തുടങ്ങി പീഡനമേ നടന്നില്ലെന്ന ധ്വനിയാണ് റിപ്പോർട്ടിലുള്ളതെന്ന് അഡ്വ. ജനൈസ് പറയുന്നു. കുട്ടിയുടെ മാനസികനില പരിശോധിക്കാനായി കോഴിക്കോട്ടെ മെഡിക്കൽ സംഘത്തിനു മുന്നിൽ ഹാജരാക്കിയതാണ് മറ്റൊരു ക്രൂരത. ലൈംഗികാതിക്രമ കേസുകളിൽ അതിജീവിതക്ക് ഇത്രയും പീഡനം നേരിടേണ്ടിവന്ന അപൂർവം കേസുകളിൽ ഒന്നാണ് പാലത്തായി. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പൊലീസ് ഈ കർസേവകളെല്ലാം നടത്തുന്നത് ആർ.എസ്.എസുകാരനായ പ്രതിയെ രക്ഷിക്കാനാണെന്നിടത്താണ് പാലത്തായിയിൽനിന്ന് നാഗ്പുരിലേക്കുള്ള പാലത്തിന്റെ നീളം വ്യക്തമാവുന്നത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.