ഫലസ്തീനും മലയാളികളും: ഒരു ചരിത്രരേഖ
text_fieldsബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയെ എതിര്‍ക്കുന്ന മലയാളികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്നതും അനുഭവിക്കുന്നതുമായ ഒരു പ്രശ്നമായിരുന്നു ഫലസ്തീന്. ‘പക്ഷേ’കളും ‘സന്ദേഹങ്ങ'ളും ഇല്ലാത്തതും ഉപാധികളില്ലാത്തതുമായ ഐക്യദാര്‍ഢ്യം ഫലസ്തീനിലെ അറബികള്‍ അനുഭവിച്ചതിന്റെ ചരിത്രം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഏറെ പ്രാധാന്യമുള്ളതാണ്. കോൺഗ്രസ് ദേശീയവാദികള്‍ ഫലസ്തീന് പ്രശ്നത്തെ കാണുന്ന രീതി പ്രതിവാരചിന്തകള്‍ (1939 ജൂണ്‍ 25 പേജ് 18) എന്ന പംക്തിയിലൂടെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് വരച്ചുകാട്ടുന്നത്. 1948ല്‍ ഇസ്രായേല്‍ രൂപവത്കരിക്കുന്നതിനു ഒമ്പതു വര്‍ഷം മുമ്പ് കുടിയേറ്റ അധിനിവേശത്തിന്റെ (സെറ്റ്ലർ കൊളോണിയലിസം) പ്രശ്നം മാതൃഭൂമി ചര്‍ച്ചചെയ്യുന്ന രീതികള്‍ ഏറെ പ്രത്യേകതകളുള്ളതാണ്. മാതൃഭൂമി അക്കാലത്ത് ഏറെക്കുറെ കോണ്‍ഗ്രസ് മുഖപത്രംപോലെയാണ് പുറത്തിറങ്ങിയിരുന്നതെന്നുകൂടി ആലോചിക്കുമ്പോള്‍ ഈ നിലപാടുകള്‍ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്.
പ്രസ്തുത പംക്തി തുടങ്ങുന്നതിങ്ങനെയൊണ്. ‘‘ക്രിസ്ത്യന്‍ ഇതിഹാസങ്ങളിലെ ‘പാലും തേനും ഒഴുകുന്ന’ രാജ്യമായി ഫലസ്തീന് ഇന്ന് ഒരു ചോരക്കളമായിത്തീര്ന്നിരിക്കുകയാണ്. യഹൂദരെ അവിടെ കുടിയേറിപ്പാര്പ്പിക്കുന്നതിനെതിരായി അറബികള്‍ ആരംഭിച്ച പ്രക്ഷോഭം, ഏതാണ്ട് പത്തുകൊല്ലം കഴിഞ്ഞതിനുശേഷവും തുടർന്നുകൊണ്ടിരിക്കുന്നു. വളരെക്കാലമായി തങ്ങള്‍ സ്വന്തമായി അനുഭവിച്ചുപോരുന്ന ഒരു രാജ്യത്തിന്റെ കൂട്ടവകാശികളായി സംസ്കാരത്തിലും ജീവിതരീതിയിലും അത്യന്തം വിഭിന്നമായ ഒരു ജനതയെ പ്രതിഷ്ഠിക്കുന്നതിനെ ഫലസ്തീനിലെ അറബികള്‍ എന്തും ചെയ്തു എതിര്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ ആശ്ചര്യത്തിനവകാശമില്ല.’’
അധിനിവേശത്തിന്റെ പ്രശ്നം ഫലസ്തീനില്‍ സൃഷ്ടിച്ച പ്രശ്നങ്ങളുടെ സാമ്പത്തിക കാരണങ്ങളും പ്രതിവാരചിന്തകള്‍ എടുത്തുകാട്ടുന്നു: ‘‘അറബികളുടെ സാമ്പത്തികക്ഷേമത്തെക്കൂടി ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇത്. അറബികള്‍ അതില്‍ സംഭ്രാന്തരാകുന്നത് സ്വാഭാവികം മാത്രമാണ്.’’
എന്നാല്‍, ഈ പ്രശ്നത്തിന്റെ മൂലകാരണം ബ്രിട്ടന്റെ നയങ്ങളാണെന്നാണ് മാതൃഭൂമി പറയുന്നത്. ‘‘ഫലസ്തീനിന്റെമേല് ഇന്നു രക്ഷാധികാരം നടത്തുന്ന ബ്രിട്ടന് ഈ പ്രശ്നത്തില്‍ ഒരു തീരുമാനം വരുത്തുന്നതില്‍ നിശ്ശേഷം പരാജയപ്പെട്ടിരിക്കുന്നു. സർവരാജ്യ ലീഗിന്റെ മാന്‍ഡെറ്റ് കമീഷന് മുമ്പാകെ ബ്രിട്ടീഷ് കോളനികാര്യ മന്ത്രി മി. മാല്‍കം മക്ഡൊണാള്‍ഡ് ചെയ്ത പ്രസ്താവന ഒരു പരാജയസമ്മതമല്ലാതെ മറ്റൊന്നുമല്ല. ഫലസ്തീനിന്റെ ഭാവിയെ സംബന്ധിച്ചു ബ്രിട്ടന് തയാറാക്കിയ
വ്യവസ്ഥ അവിടുത്തെ അസ്വാസ്ഥ്യത്തെ അടുത്ത ഭാവിയില്‍ അവസാനിപ്പിക്കാന്‍ അപര്യാപ്തമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നു. കാലാന്തരത്തില്‍ ഒരു യോജിപ്പുവരുത്തുവാന് ഇത് വഴിതെളിയിക്കുമെന്നത് മാത്രമാണ് ഇങ്ങനെയുള്ള ഒരു വ്യവസ്ഥക്ക് അദ്ദേഹത്തിന്റെ ന്യായീകരണം.’’
ഇങ്ങനെ ബ്രിട്ടീഷ് കോളനി നയങ്ങളുടെ പാളിച്ചകളെ വിമര്‍ശിക്കുന്ന മാതൃഭൂമി ഒരു ജനത എന്ന നിലയില്‍ ഫലസ്തീനികളോടു സഹാനുഭൂതി പ്രകടിപ്പിക്കുന്നു. ‘‘അദൃശ്യമായ ഒരു ഭാവിയില്‍ ഉണ്ടാകുമെന്നു ബ്രിട്ടന് പ്രതീക്ഷിക്കുന്ന വര്ഗീയസൗഹാര്ദത്തെ സ്വപ്നം കണ്ടുകൊണ്ട് ഈ നിര്ഭാഗ്യരാജ്യം അതിന്റെ സന്താനങ്ങളുടെ ജീവരക്തത്തില്‍ ഇനിയും ഒഴുകിക്കൊണ്ടിരിക്കണമെന്നോ?’’ ‘വര്ഗീയസൗഹാര്ദം’ എന്ന വാക്ക് ‘സാമുദായികസൗഹാര്‍ദം’ എന്ന അർഥത്തിലാണ് മനസ്സിലാക്കേണ്ടത് (സാമുദായിക പ്രശ്നങ്ങളെ കുറിക്കാന്‍ അക്കാലത്ത് പോസിറ്റീവായി ഉപയോഗിച്ചിരുന്ന വാക്കുകൂടിയായിരുന്നു ‘വര്‍ഗീയം’).
ബല്‍ഫൂര്‍ പ്രഖ്യാപനത്തെപ്പറ്റിയുള്ള സൂചനകൂടി ‘പ്രതിവാരചിന്ത’ നല്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയും 1916ല്‍ വിദേശകാര്യ മന്ത്രിയുമായ ആര്‍തര്‍ ജെയിംസ് ബല്‍ഫൂര്‍ 1917 നവംബര്‍ രണ്ടിന് ഇംഗ്ലണ്ടിലെ സയണിസ്റ്റ് ഫെഡറേഷന് നേതാവായ വോള്‍ട്ടര്‍ റോത്സ്ചൈല്‍ഡിനു ഫലസ്തീന് എന്ന പ്രദേശം യൂറോപ്പിലെ ജൂതര്‍ക്ക് വകവെച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്യുമ്പോള്‍ ഇന്നുകാണുന്ന പ്രദേശം ഉസ്മാനിയ ഖിലാഫത്തിന്റെ ഭാഗമായിരുന്നു. ബല്ഫൂറിന്റെ പ്രതിജ്ഞ അഥവാ ജൂതര്‍ക്ക് ഒരു ‘ദേശീയഭവനം’ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ 1919ല്‍ ബ്രിട്ടന് ഫലസ്തീന് പിടിച്ചടക്കുകയും പടിപടിയായുള്ള കുടിയേറ്റത്തിലൂടെ കോളനിവത്കരണത്തിനു സഹായം നല്‍കുകയും ചെയ്തു.
ഇതേക്കുറിച്ച് പ്രതിവാരചിന്തകള്‍ പറയുന്നതിങ്ങനെ: ‘‘കാണാതെ ബ്രിട്ടന് ഇപ്പോള്‍ വിഷമിക്കുന്ന ഈ അസ്വാസ്ഥ്യത്തിനു തികച്ചും ഉത്തരവാദികള്‍ ബ്രിട്ടീഷുകാരല്ലാതെ മറ്റാരുമല്ല. ലോകയുദ്ധത്തിന്റെ നടുക്കുവെച്ചു യുദ്ധച്ചെലവിലേക്ക് ആവശ്യമായ ധനസഹായം ലോകത്തിലെ പണമിടപാടുകാരായ യഹൂദരില്‍നിന്നു നേടുവാന്‍വേണ്ടി ഫലസ്തീനിനെ യഹൂദരുടെ ദേശീയഭവനമായി തങ്ങള്‍ പരിഗണിക്കുന്നതാണെന്നു ബ്രിട്ടന് വാഗ്ദാനം ചെയ്തു.’’
തുടര്‍ന്നു മാതൃഭൂമി ചോദിക്കുന്നു: ‘‘ഫലസ്തീനിനെ ഇങ്ങനെ ദാനം ചെയ്യാന്‍ ബ്രിട്ടന് എന്തവകാശമാണുണ്ടായിരുന്നത്? ആയുധശക്തികൊണ്ടു ബ്രിട്ടന് ഫലസ്തീനിനെ കൈക്കലാക്കുകയും, യുദ്ധത്തിനുശേഷമുള്ള സന്ധിസമ്മേളനം ബ്രിട്ടന്റെ രക്ഷാധികാരിത്വത്തിലേക്കും ഫലസ്തീനിനെ വിട്ടുകൊടുക്കുകയും ചെയ്തുകൊടുത്തിട്ടുകൂടി അറബികളുടെ ജന്മഭൂമിയെ തങ്ങളുടെ പ്രതിജ്ഞയനുസരിച്ചുള്ള യഹൂദഭവനം ആക്കുവാന് ബ്രിട്ടന് സാധിച്ചിട്ടില്ല.’’ ഫലസ്തീനികളുടെ ധീരമായ ചെറുത്തുനില്പാണിതിന്റെ കാരണമെന്നും തുടര്‍ന്നുപറയുന്നു.
ഫലസ്തീനിലേക്ക് കുടിയേറിവന്ന യഹൂദരോടുള്ള ഉപദേശം ഇങ്ങനെ വായിക്കാം: ‘‘ഫലസ്തീനിനെ ദേശീയഭവനമാക്കാന് ആഗ്രഹിക്കുന്ന യഹൂദര്‍ക്ക് ഇതില്‍ ഒരു പ്രത്യേകകടമയുണ്ട്. അറബികളുടെ രാജ്യമാണ് ഫലസ്തീന് എന്ന അനിഷേധവസ്തുതയെ യഹൂദര്‍ അഭിമുഖീകരിക്കുകതന്നെ വേണം. വളരെ കാലത്തോളം ഫലസ്തീനിനെ ഭരിച്ചുകൊണ്ടിരുന്നവരും ഫലസ്തീനുമായി അവിഭാജ്യമായ മതബന്ധമുള്ളവരും ആണ് യഹൂദരെന്ന വസ്തുതയെ അറബികളും വകവെച്ചുകൊടുക്കുകതന്നെ വേണം. സ്വന്തം പാരമ്പര്യങ്ങള്‍ക്കും സംസ്കാരത്തിനും അനുസരിച്ചു ജീവിക്കാന്‍ ഇരുകൂട്ടർക്കുമുള്ള സ്വാതന്ത്ര്യം അവര്‍ അന്യോന്യം അനുവദിച്ചുകൊടുക്കുകയും ആ അടിസ്ഥാനത്തില്‍ ഒരു സ്വന്തമായ വ്യവസ്ഥ തയാറാക്കാന്‍ ശ്രമിക്കുകയും ചെയ്യട്ടെ. ഫലസ്തീനിന്റെ ഭാവിയെ ശോഭനമാക്കുന്ന ഒരു പദ്ധതി രൂപവത്കരിക്കുന്നത് അസാധ്യമായിരിക്കുകയില്ലതന്നെ.’’
അക്കാലത്തു ബ്രിട്ടീഷ് സാമാജ്യത്വത്തിന്റെ പ്രശ്നമായാണ് മാതൃഭൂമി ഇത്തരമൊരു പരിഹാരം നിര്‍ദേശിക്കുന്നത്. ഫലസ്തീനികളുടെ ഒരു നിലപാട് എന്നതിനേക്കാളും മലയാളികളായ ദേശീയവാദികളുടെ ഒരു പരിഹാരനിര്ദേശമായും ഇതു കാണാവുന്നതാണ്. അതിനാല്‍ത്തന്നെ പ്രശ്നത്തിന്റെ ഉത്തരവാദിത്തവും പ്രാഥമികമായും അവർ ബ്രിട്ടനു അവര്‍ നല്കുന്നു. ‘‘ഫലസ്തീനിന്റെ ക്ഷേമത്തില്‍ ബ്രിട്ടനുണ്ടെന്നു പറയുന്ന ആകാംക്ഷ ആത്മാര്‍ഥമായാണെങ്കില്‍, അതോടൊപ്പം തന്നെ തങ്ങളുടെ പിടിയില്‍നിന്നു ഫലസ്തീനിനെ അവര്‍ സ്വതന്ത്രമാക്കേണ്ടതുമാകുന്നു.’’ തങ്ങളുടെ നാടിനുമേലെയുള്ള പുറമേനിന്നുള്ള ഈ ‘കൈയിടല്‍' ഒട്ടും പൊറുക്കാത്ത അറബികള്‍ ‘ധീരര്‍’ ആണെന്നും അവര്‍ കീഴടങ്ങാന്‍ സാധ്യതയില്ലന്നും ‘അവസാന ചോരത്തുള്ളി’വരെ ഉപയോഗപ്പെടുത്തി എതിര്‍ത്തുകൊണ്ടിരിക്കുമെന്നും ’ഉള്ളതില്‍ ദേശീയവാദി’കള്‍ക്ക് അന്നും സംശയമുണ്ടായിരുന്നില്ല, അതില്‍ അന്യായവും കണ്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.