അധിനിവേശം ഒടുങ്ങാതെ ഫലസ്തീൻ അടങ്ങില്ല
text_fields‘‘ഈ പേക്കിനാവിൽനിന്ന് പുറത്തുകടക്കാൻ ഒരു വഴിയേയുള്ളൂ -ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക, അവരുടെ അപാർതൈറ്റ് സ്റ്റേറ്റിന് അന്ത്യംകുറിക്കുക, ഗസ്സയുടെ ഉപരോധം നീക്കുക, ഫലസ്തീനികളുടെ തിരിച്ചു വരാനുള്ള അവകാശത്തെ മാനിക്കുക, ശരിയായ സമത്വത്തിലധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുക’’ -അമേരിക്കൻ ദ്വൈവാരികയായ ‘ദ നേഷൻ’ സീനിയർ എഡിറ്ററും ‘ഡിസ്കോഴ്സ് ബ്ലോഗ്’ സ്ഥാപക പത്രാധിപരുമായ ജാക് മിൻകിൻസൺ തുറന്നെഴുതുന്നു
ഫലസ്തീനിലെയും ഇസ്രായേലിലെയും സംഭവവികാസങ്ങൾക്ക് ഇന്ദ്രിയാതീത സംജ്ഞകൾകൊണ്ട് ചട്ടക്കൂട് പണിയുന്നരീതി പതിറ്റാണ്ടുകളായി കണ്ടുവരുന്നതാണ്-അറ്റമില്ലാതെ കലഹിക്കുന്ന ഗോത്രങ്ങൾക്കിടയിൽ സദാ നിലനിൽക്കുന്ന ‘അതിക്രമ ചക്ര’മായി സംഘർഷത്തെ കാണുന്നവരുണ്ട്. പണ്ടുതൊട്ടേയുള്ള ‘പുരാണ പീഡ’യായും ‘വരുതിയിലൊതുങ്ങാത്ത’ പോരായും അതിനെ ചിത്രീകരിക്കുന്നവരുമുണ്ട്.
ഈ വാചാടോപങ്ങൾ കൊണ്ട് രണ്ടുണ്ട് കാര്യം. ഒന്ന്, അലസമായി കാര്യങ്ങളെഴുതിപ്പിടിപ്പിക്കുന്നവർക്ക് എളുപ്പത്തിൽ അവലംബിക്കാൻ ഇതൊരു കച്ചിത്തുരുമ്പാണ്. രണ്ടാമതായി-അതാണ് പ്രധാനവും-മനുഷ്യനിയന്ത്രണത്തിന് അതീതമോ സംഭവലോകത്തിന് വഴങ്ങാത്തതോ ആയ രണ്ടു അർധാത്മീയശക്തികളുടെ പോരാട്ടമായി ഈ പ്രശ്നത്തെ ചിത്രീകരിക്കാൻ അത് ആളുകൾക്ക് അവസരമൊരുക്കുന്നു. ഒരു ‘നിഷ്പക്ഷ’ നിരീക്ഷകന്റെ മേലങ്കിയണിയാൻ നോക്കുന്നവർക്ക് ഇത് വളരെ സൗകര്യപ്രദമായ ഒരു ആഖ്യാനമാണ്.
എന്നാൽ, ഫലസ്തീനിലും ഇസ്രായേലിലും നടന്നുവരുന്ന അതിക്രമം -കഴിഞ്ഞ ശനിയാഴ്ച വെളുപ്പിന് മേഖലയെ വിറപ്പിച്ച ഹമാസ് അതിക്രമം അടക്കം-ഖുർആനിലോ ബൈബിളിലോ തീട്ടൂരമായി ഇറക്കിയതല്ല. ഏതോ പാവകളിക്കാരൻ ഇരുവിഭാഗത്തെയും യുദ്ധത്തിലേക്ക് തള്ളിവിടുന്നതുമല്ല. ഇത് പരിഹരിക്കാനാവാത്ത വിഷയവുമല്ല.
ഈ അതിക്രമം ചില അടിസ്ഥാന യാഥാർഥ്യങ്ങളുടെ അവശേഷിപ്പാണ്. അതായത്, കഴിഞ്ഞ 75 വർഷമായി ഫലസ്തീനെ കൈയടക്കിവെച്ചിരിക്കുകയാണ് ഇസ്രായേൽ. ദീർഘകാലമായി അവർ ഫലസ്തീനികളെ കൊല്ലുകയും അടിച്ചമർത്തുകയും ചെയ്യുന്നു. അങ്ങനെ ലോകത്ത് എന്നെന്നേക്കുമുള്ള വംശവിവേചന (അപാർതൈറ്റ്) രാഷ്ട്രമായി അത് മാറിയിരിക്കുന്നു. ഈ സാഹചര്യങ്ങൾ അവസാനിച്ചുകഴിഞ്ഞാൽ ഇക്കണ്ട അതിക്രമങ്ങൾക്കെല്ലാം അന്ത്യമാകും.
1948 മുതലുള്ള സംഭവങ്ങളുടെ ഗതിവിഗതികൾ നിങ്ങൾക്ക് പരിശോധിക്കാം. എന്നാൽ, നേരത്തേ പറഞ്ഞ അടിസ്ഥാനസത്യത്തിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ നിങ്ങൾക്ക് യഥാർഥ വിഷയത്തിലേക്ക് എത്താനാവില്ല. യുദ്ധം-അതിന്റെ ക്രൂരതയിലും അതുണ്ടാക്കുന്ന ദുരിതത്തിലും ധാർമികബലക്ഷയത്തിലും-മനുഷ്യചരിത്രത്തിലെ ഏറ്റവും മോശം കണ്ടുപിടിത്തത്തിനുള്ള മികച്ച ഉപാധിയാണ്.
യുദ്ധത്തെ മഹത്ത്വവത്കരിക്കുന്നത്, അതു തട്ടിയെടുക്കുന്ന മനുഷ്യജീവിതത്തെ എഴുതിത്തള്ളുന്നത് അത്ര സംഗതമായി തോന്നിയിട്ടില്ല. ഇന്നു നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ നടക്കാതിരുന്നെങ്കിൽ എന്നാണ് എന്റെ ആഗ്രഹം. ഇനിയും വരാനിരിക്കുന്ന അക്രമങ്ങളും മരണവുമൊക്കെ ഓർക്കുമ്പോൾ വാസ്തവത്തിൽ എനിക്കു പേടിയാണ്.
ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം സത്യസന്ധമായി പരിശോധിച്ചാൽ നമ്മൾ എവിടെയാണെന്നും എങ്ങനെ ഇവിടെ എത്തി എന്നും ധാരണ കിട്ടും. ഇസ്രായേൽ ഒരു കോളനിശക്തിയാണ്. ഫലസ്തീനികൾ കോളനി ആധിപത്യത്തിന് വിധേയരും അധിനിവിഷ്ട ജനതയുമാണ്. കോളനിവാഴ്ചയും അധിനിവേശവും ഉൽപാദിപ്പിക്കുന്ന പ്രതികരണമാണ് അവരുടേത്.
ഇവിടെ അമേരിക്കയിൽ കോളനിവാഴ്ചക്കാർക്കെതിരെ അക്രമാസക്തമായി ഉയിർത്തെഴുന്നേറ്റ് വന്നവരെ നമ്മൾ ആദരിക്കുന്നു, അവർ ഒരുകൂട്ടം അടിമമുതലാളിമാരായിരുന്നുവെന്നിരിക്കിലും.
അപാർതൈറ്റിനു കീഴിലെ ദുരിതമൊന്നും അവരനുഭവിച്ചിട്ടില്ല- എന്നല്ല, പലപ്പോഴും അതിന്റെ പിണിയാളുകളായി നിന്നവരായിരുന്നു അവർ-അവരുടെ വിഷയം നികുതി കൊടുക്കേണ്ടിവരുന്നു എന്നതായിരുന്നു. ഒരു ചായ വിലയുടെ പേരിൽ അവർ പ്രക്ഷോഭത്തിനു മുതിർന്നെങ്കിൽ, ജോർജ് വാഷിങ്ടണിനു നേരിടേണ്ടിവന്നതിലും വളരെ മോശമായ സാഹചര്യം നേരിടേണ്ടിവരുന്ന ജനതയിൽനിന്ന് നമ്മൾ എന്താണ് പ്രതീക്ഷിക്കേണ്ടത്?
ഇസ്രായേൽ ഒരു വംശവിവേചന രാഷ്ട്രമാണെന്ന് മാന്യ മനുഷ്യാവകാശ സംഘടനകളെല്ലാം പറഞ്ഞുകഴിഞ്ഞതാണ്. തുറന്ന വംശഹത്യശക്തികളാണ് അതിന്റെ രാഷ്ട്രീയത്തിൽ മേധാവിത്വം പുലർത്തുന്നത്. ഗസ്സയിൽ വൈദ്യുതിയും വെള്ളവും ഇന്ധനവും ഭക്ഷണവും നിഷേധിച്ചുകൊണ്ടുള്ള ‘സമ്പൂർണ ഉപരോധ’ത്തെക്കുറിച്ചാണ് ഇസ്രായേൽ പ്രതിരോധമന്ത്രി സംസാരിക്കുന്നത്. ‘‘മനുഷ്യമൃഗങ്ങളോടാണ് ഞങ്ങളുടെ യുദ്ധം. അതിനനുസരിച്ചായിരിക്കും ഞങ്ങളുടെ നിലപാട്’’. എത്ര വിലകുറഞ്ഞ നിരർഥകപ്രയോഗം!
മനുഷ്യരിലും താഴ്ന്നനിലയിൽ ഫലസ്തീനികളെ പരിഗണിക്കുകയെന്നത് ഇസ്രായേലിന്റെ പ്രഖ്യാപിതനിലപാടാണ്. ഏറെ കൊട്ടിഘോഷിച്ചിരുന്ന ദ്വിരാഷ്ട്രപരിഹാരം എന്ന നിർദേശം വ്യവസ്ഥാപിതമായും മനഃപൂർവമായും അവർ വിട്ടുകളഞ്ഞിരിക്കുന്നു. അത് ഗസ്സൻ ജനതയെ ഭൂമിയിലെ ഏറ്റവും നിരാർദ്രമായ നരകത്തിൽ കൊണ്ടുതള്ളി.
അന്താരാഷ്ട്രനിയമങ്ങൾക്കുനേരെ കൊഞ്ഞനംകുത്തി അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജനങ്ങളുടെ ഭൂമി അവർ പിടിച്ചെടുത്തു. ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാൻ ഫാഷിസ്റ്റുകൾക്ക് നിർബാധം അവസരമൊരുക്കുന്നു. ഫലസ്തീനികളെ അവരുടെ വിശുദ്ധ ആരാധനാലയങ്ങളിൽ ആക്രമിക്കുന്നു.
ഒരു കുറ്റവും ചുമത്താതെ ആയിരക്കണക്കിന് ഫലസ്തീനികളെ ജയിലിലിടുന്നു. ഇതിനെതിരെ സമാധാനപരമായി ആരെങ്കിലും സമരത്തിനു മുതിർന്നാൽ അവരെ അടിച്ചമർത്തുന്നു. ഫലസ്തീനികളെ കൊല്ലുകയെന്നാൽ സൂര്യോദയംപോലൊരു പ്രതിദിന ഏർപ്പാടാണ് അവർക്ക്.
ലോകത്തെ ഏറ്റവും വലിയ ശക്തിയുടെ ചോദ്യം ചെയ്യപ്പെടാത്ത പിന്തുണയിലാണ് ഇസ്രായേൽ ഇതെല്ലാം ചെയ്യുന്നത്. കഴിഞ്ഞ വാരാന്ത്യത്തിലെ അതിക്രമത്തെക്കുറിച്ച് ജോ ബൈഡൻ ആദ്യ പ്രസ്താവനയിറക്കിയപ്പോൾ ബോധപൂർവംതന്നെ ഫലസ്തീനികളുടെ മരണത്തെ കണക്കിലെടുത്തതേയില്ല.
അങ്ങനെ, ഫലസ്തീൻ ജീവിതങ്ങൾ എത്ര നിസ്സാരമാണ് എന്ന സന്ദേശം അമേരിക്ക ലോകത്തിനു നൽകുകയാണ്. അങ്ങനെയാണ് ഇസ്രായേലിന് എത്രമേൽ യു.എസ് സംരക്ഷണമുണ്ടെന്നു തെളിയിക്കുന്നത്. അതുകൊണ്ടാണ് ഈ സംഘർഷം ഏകപക്ഷീയമായി മാറുന്നത്.
ഫലസ്തീനികൾക്കുനേരെ കഴിഞ്ഞ കുറേ ദശകങ്ങളായി പ്രതിദിനം യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ് ഇസ്രായേൽ. ഈ അതിക്രമം എങ്ങുനിന്നെന്നില്ലാതെ പൊട്ടിവീണതാണ് എന്നോ, 75 വർഷങ്ങൾക്കുമുമ്പ് ഇസ്രായേൽ രൂപമെടുത്ത തീരുമാനങ്ങളിലേക്ക് സംഭവത്തിന്റെ വേരുകളെത്തുന്നില്ല എന്നോ, തലമുറകളായി ഫലസ്തീനികൾ ദിനംതോറും മരിച്ചുവീഴുന്നില്ല എന്നോ, അവർക്കാണ് നടക്കാൻപോകുന്ന ഏതു സംഭവത്തിന്റെയും ഉത്തരവാദിത്തമെന്നോ ആരെങ്കിലും പറയാൻ ശ്രമിക്കുന്നെങ്കിൽ അവർ നുണ പറയുകയാണ്.
പ്രശ്നത്തിനുള്ള പരിഹാരം എന്നും വ്യക്തമാണ്. ഈ പേക്കിനാവിൽനിന്ന് പുറത്തുകടക്കാൻ ഒരു വഴിയേയുള്ളൂ-ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക, അവരുടെ അപാർതൈറ്റ് സ്റ്റേറ്റിന് അന്ത്യംകുറിക്കുക, ഗസ്സയുടെ ഉപരോധം നീക്കുക, അനധികൃത പാർപ്പിടനിർമാണം അവസാനിപ്പിക്കുക, ഫലസ്തീനികളുടെ തിരിച്ചുവരാനുള്ള അവകാശത്തെ മാനിക്കുക, ശരിയായ സമത്വത്തിലധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുക.
പരിഹാരം വ്യക്തമാണെന്നു പറഞ്ഞതിനർഥം അത് എളുപ്പമാണ് എന്നല്ല. അത് എളുപ്പമല്ലതന്നെ. എന്നാൽ, അതുമാത്രമേ ശരിയായുള്ളൂ. അധിനിവേശം അവസാനിക്കാതെ, വംശവിവേചനം അവസാനിക്കാതെ, ജൂത ആധിപത്യവും ജനാധിപത്യവും ഒന്നിച്ചുപോകും എന്ന ധാരണ കൈയൊഴിയാതെ ഈ ദുരന്തം തീരാൻ പോകുന്നില്ല. അതല്ലാതെ മറ്റൊരു വഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.