യുക്രെയ്ൻ അധിനിവേശത്തെ ഫലസ്തീനികൾ കാണുന്നത്
text_fieldsറഷ്യൻ അധിനിവേശത്തെ യുക്രെയ്നുകാർ ചെറുക്കുമ്പോൾ, അത് വീരത്വമാണ്. ഇസ്രായേലി അധിനിവേശത്തെ ഫലസ്തീനികൾ ചെറുക്കുമ്പോഴാകട്ടെ ലോകത്തിനും മാധ്യമങ്ങൾക്കുമത് ഭീകരത മാത്രമാണ്. വിമോചനത്തിനായി പൊരുതുന്ന അധിനിവിഷ്ട ജനതകളെ ഫലസ്തീനികൾ ഇപ്പോഴും പിന്തുണക്കുന്നു. അവർ കടന്നുപോകുന്ന പ്രതിസന്ധികൾ നിരന്തരം അഭിമുഖീകരിക്കുന്നവർ എന്ന നിലയിലാണ് ഞങ്ങൾ ഐക്യദാർഢ്യമുയർത്തുന്നത്.
റഷ്യൻ അധിനിവേശമാരംഭിച്ചയുടൻതന്നെ സ്വന്തം നാടിന് കാവലേകാൻ യുക്രെയ്നിലെ സാധാരണക്കാരായ ആയിരക്കണക്കിനാളുകൾ ആയുധമെടുത്ത് സൈന്യത്തോടൊപ്പം ചേർന്ന് പൊരുതാനിറങ്ങി. ഷെൽവർഷത്തിൽ യുക്രെയ്ൻ നഗരങ്ങളും സൈനികസംവിധാനങ്ങളും ജനവാസപ്രദേശങ്ങളും തകർന്നടിയുമ്പോഴും ധീരസൈനികരും അവരുടെ പിന്നിലുറച്ചു നിൽക്കുന്ന ജനങ്ങളും നാടിന്റെ സ്വാതന്ത്ര്യം നിലനിർത്താൻ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. ലോകമൊട്ടുക്കുമുള്ള രാഷ്ട്രീയക്കാരും നയതന്ത്രജ്ഞരും റഷ്യൻ ആക്രമണത്തെ അപലപിക്കാനും യുക്രെയ്നിന്റെ 'പ്രതിരോധ ശക്തികൾക്ക്' പിന്തുണ നൽകാനും പരസ്പരം മത്സരിച്ചു.
പിന്തുണ പ്രഖ്യാപിച്ചവരിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡുമുണ്ടായിരുന്നു. യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം എന്ന് വിശേഷിപ്പിച്ചാണ് ലാപിഡ് അപലപിച്ചത്.യുക്രെയ്ൻ പൗരന്മാർക്ക് മാനുഷിക പിന്തുണയേകാൻ സജ്ജമാണെന്നും യുദ്ധമല്ല കലഹങ്ങൾക്കുള്ള പരിഹാരമാർഗമെന്നും കൂട്ടിച്ചേർത്തു.
പലരും ലാപിഡിന്റെ പറച്ചിലിനെ കാര്യമായി ഗൗനിച്ചിട്ടുണ്ടാവില്ല. എന്നാൽ, ഇസ്രായേലി അധിനിവേശത്തിനും വംശീയ വിവേചനത്തിനും കീഴിൽ ജീവിക്കുന്ന ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ആ വാക്കുകൾ തനിച്ച കാപട്യമാണ്. മന്ത്രി മാത്രമല്ല, അദ്ദേഹത്തിന്റെ നാട്ടിലെ ആയിരക്കണക്കിനാളുകളും യുക്രെയ്നിനുവേണ്ടി തെരുവിലിറങ്ങി. പല ഇസ്രായേലികളും തങ്ങളുടെ ഭരണകൂടത്തിന്റെ വിവേചനത്തിനു കീഴിൽ ജീവിക്കുന്ന ഫലസ്തീനികൾക്കായി 'സ്വതന്ത്ര ഫലസ്തീൻ' മുദ്രാവാക്യവുമായി, കുറഞ്ഞപക്ഷം തുല്യ അവകാശങ്ങൾ നൽകണമെന്നാവശ്യപ്പെട്ടുപോലും ഇന്നേവരെ ഇസ്രായേലിൽ തെരുവിലിറങ്ങിയിട്ടില്ല. 'സ്വതന്ത്ര ഫലസ്തീൻ' മുദ്രാവാക്യവും സ്വന്തം പതാകയുമായി ഫലസ്തീനികൾ ഇസ്രായേലി തെരുവുകളിലിറങ്ങിയാൽതന്നെ ഉടനടി അറസ്റ്റോ പൊലീസ് ക്രൂരതയോ നേരിടേണ്ടിവരുമെന്ന കാര്യത്തിൽ തെല്ലുമില്ല സംശയം. ഇതു മാത്രമല്ല, ഫെബ്രുവരി 24 മുതൽ ആഗോള സമൂഹത്തിന്റെ കപടനാട്യങ്ങളും നേരിൽ കാണുന്നു ഫലസ്തീൻ ജനത.
യുക്രെയ്ൻ ഒരിക്കലുമൊരു രാജ്യമായിരുന്നില്ലെന്നും ഈ ഭൂപ്രവിശ്യ പണ്ടേക്കു പണ്ടേ തങ്ങളുടേതാണെന്നും വാദിച്ച് റഷ്യക്കാർ യുക്രെയ്നിലേക്കു കയറിയതോടെ പാശ്ചാത്യ നേതാക്കളും മാധ്യമങ്ങളും സ്ഥാപനങ്ങളുമെല്ലാം അധിനിവേശത്തിന്റെ അധാർമികത, അധിനിവിഷ്ട ജനതയുടെ സായുധ പ്രതിരോധ അവകാശം, പരമാധികാരത്തിന്റെയും ദേശീയ സ്വയംഭരണത്തിന്റെയും പ്രാധാന്യം എന്നിവയെപ്പറ്റിയെല്ലാം അത്യാവേശപൂർവം സംസാരിക്കാൻ തുടങ്ങി. ഫലസ്തീൻ ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യപ്പോരാട്ട വേളകളിലൊന്നും അവർ മുന്നോട്ടുവെച്ചിട്ടില്ലാത്ത വാദങ്ങളും ആശയങ്ങളുമായിരുന്നു അതെല്ലാം.
ഞങ്ങളുടെ ജന്മദേശത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്തുതന്നെയാണെങ്കിലും അന്താരാഷ്ട്ര നിയമങ്ങൾ എന്നൊന്ന് നിലവിലുണ്ടെന്നും അവ പ്രവർത്തനക്ഷമമാണെന്നും ഞങ്ങൾക്ക് മനസ്സിലായി. ഒരു രാജ്യം മറ്റൊരു നാട്ടുകാരുടെ ഭൂമി കൈയേറുമ്പോൾ നടപടി കൈക്കൊള്ളാനുള്ള കഴിവും കരുത്തും ഭരണകൂടങ്ങൾക്കുണ്ട്. അതിക്രമകാരികൾക്കെതിരെ ഉപരോധങ്ങൾ ഉടനടി കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുമെന്നും ഞങ്ങൾ മനസ്സിലാക്കി. രാഷ്ട്രീയക്കാരിൽനിന്നും വിശാരദരിൽനിന്നും വിശകലന വിദഗ്ധരിൽനിന്നും ഞങ്ങളെ അടിച്ചമർത്തുകയും കൈയേറുകയും ചെയ്യുന്നവരിൽനിന്നും ഒരു കാര്യംകൂടി മനസ്സിലാക്കി- അധിനിവേശത്തിനെതിരായ സായുധപ്രതിരോധം 'ഭീകരവാദം' അല്ല, അവകാശമാണെന്ന്. റഷ്യൻ ടാങ്കുകളുടെ വരവ് തടയാൻ പാലം തകർത്തുകളയുന്ന പട്ടാളക്കാർ, കൈയിൽ കിട്ടിയ ആയുധങ്ങളുമെടുത്ത് സൈനികവാഹനങ്ങളെ നേരിടുന്ന ജനങ്ങൾ, സൈനിക പരിശീലനം നേടുന്ന, കിടങ്ങു കുഴിക്കുന്ന സാധാരണക്കാർ... - ഒരാഴ്ചയായി പത്രങ്ങളും വെബ്‌സൈറ്റുകളും സമൂഹമാധ്യമങ്ങളുമെല്ലാം യുക്രെയ്നിയൻ ധീരതയുടെയും ചെറുത്തുനിൽപിന്റെയും വീരകഥകളാൽ സമ്പുഷ്ടമാണ്. റഷ്യൻ സൈനികരെ ആക്രമിക്കാൻ യുക്രെയ്നുകാർ നാടൻബോംബുകൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് പ്രചോദനാത്മകമായ കഥകൾപോലും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. യുക്രെയ്നിന് പകരം ഇപ്പറഞ്ഞതെന്തെങ്കിലും നടന്നത് ഫലസ്തീനിലായിരുന്നെങ്കിൽ അതിനെ വീരകൃത്യം എന്ന് വിശേഷിപ്പിക്കപ്പെടുമായിരുന്നില്ല. മറിച്ച് ഭീകരതയായി എണ്ണി അപലപിക്കുകയാണുണ്ടാവുക.
യൂറോപ്യൻ ജനത ഒന്നടങ്കം യുക്രെയ്നിൽനിന്നുള്ള അഭയാർഥികളെ ഇരുകൈകളും നീട്ടി ഹാർദവമായി സ്വാഗതം ചെയ്യുന്നതും കഴിഞ്ഞ ഒരാഴ്ചയായി നാം കാണുന്നുണ്ട്. ഇസ്രായേലിന്റെ അന്യായമായ അധിനിവേശവും വംശീയ വിവേചനവും മൂലം അഭയാർഥികളാക്കപ്പെട്ട ദശലക്ഷക്കണക്കിനാളുകളെ ശല്യങ്ങളായും സമാധാനത്തിനുള്ള ഭീഷണിയായും കണക്കാക്കിപ്പോരുന്ന അതേ രാഷ്ട്രീയക്കാരിപ്പോൾ അധിനിവേശശക്തികളാൽ ആട്ടിപ്പായിക്കപ്പെട്ട മനുഷ്യർക്ക് സുരക്ഷിതമായ അഭയം ഒരുക്കുന്നതിനെക്കുറിച്ച് പൊതുപ്രഭാഷണങ്ങൾ നടത്തുന്നു. റഷ്യൻ അധിനിവേശം തുടങ്ങി രണ്ടാം നാൾ യൂറോപ്പിലെ യു.എസ് സുരക്ഷ-സഹകരണ കമീഷന്റെ മുതിർന്ന ഉപദേഷ്ടാവ് പോൾ മസാറോ ട്വീറ്റ് ചെയ്തു, '' യുക്രെയ്ൻ ജനതയുടെ ധീരതക്കും പോരാട്ടവീര്യത്തിനും സമമായ ഒരു ചരിത്രസംഭവമുണ്ടോ എന്നാലോചിച്ച് എന്റെ തലപുകയുന്നു. അക്രമിക്കെതിരെ ഇത്തരത്തിൽ എത്രപേർ നിലകൊണ്ടിട്ടുണ്ട്- ഇത് ഐതിഹാസികമാണ്''എന്ന്.
മിസ്റ്റർ മസാറോ, താങ്കൾ ഫലസ്തീനികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? 73 വർഷമായി ഒരു അക്രമിക്കെതിരെ ഞങ്ങൾ ധൈര്യപൂർവം നിലകൊള്ളുന്നു. ഞങ്ങളുടെ സമരത്തെ ചെറുത്തുനിൽപായിട്ടല്ല, മറിച്ച് 'ഭീകരവാദമായി' നിങ്ങൾ കാണുന്നതുകൊണ്ടു മാത്രം ഞങ്ങളെ ഒരു 'ചരിത്രപരമായ സമാന്തര'മായി കാണാൻ നിങ്ങൾക്കാവുന്നില്ല. എന്തായാലുമതെ, വിമോചനത്തിനായി പൊരുതുന്ന അധിനിവിഷ്ട ജനതകളെ ഫലസ്തീനികൾ ഇപ്പോഴും പിന്തുണക്കുന്നു. അവർ കടന്നുപോകുന്ന പ്രതിസന്ധികൾ നിരന്തരം അഭിമുഖീകരിക്കുന്നവർ എന്ന നിലയിലാണ് ഞങ്ങൾ അവർക്കായി ഐക്യദാർഢ്യമുയർത്തുന്നത്. ഭൂമിയും ഭാവിയും തട്ടിയെടുക്കാനുള്ള അതിക്രമകാരികൾക്കെതിരെ പൊരുതുന്ന യുക്രെയ്നികളെ ഞങ്ങൾ പിന്തുണക്കുന്നു- എന്തുകൊണ്ടെന്നാൽ ഞങ്ങളും കടന്നുപോയ വഴിയാണത്. (ഫലസ്തീനി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമാണ് ലേഖകൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.