ഘമണ്ഡിയ ബാധ
text_fields135 മിനിറ്റ് പ്രസംഗിച്ചതിൽ 132 മിനിറ്റും ഒമ്പതു വർഷത്തെ ഭരണനേട്ടങ്ങളോ പ്രതിപക്ഷത്തോടുള്ള പരിഹാസമോ മുൻകാല സർക്കാറുകളുടെ പിഴവിന്റെ വിവരണമോ ഒക്കെയായിരുന്നു. വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ പലപ്പോഴും മോദി ചൊല്ലിക്കൊടുത്തത് ബി.ജെ.പി എം.പിമാർ ആവേശത്തോടെ ഏറ്റുപാടി. അതിനൊടുവിൽ പ്രതിപക്ഷം ഇല്ലാത്ത സഭയിൽ അവിശ്വാസപ്രമേയം ശബ്ദവോട്ടിന് തള്ളി. മൂന്നുദിവസം നീണ്ട ചർച്ച-മറുപടികളുടെ അവസ്ഥ കണ്ട മണിപ്പൂരികൾക്കും അവരുടെ വേദന തിരിച്ചറിയുന്നവർക്കും നൊന്തുപോയിട്ടുണ്ടാകണം
പഴയ പാർലമെന്റ് മന്ദിരത്തിൽ ഇനിയൊരു മഴക്കാല സമ്മേളനം നടക്കില്ല. വെള്ളിയാഴ്ച തീർന്ന പാർലമെന്റ് സമ്മേളനം അങ്ങനെ ചരിത്രമായി. നവംബർ-ഡിസംബറിൽ ശീതകാല സമ്മേളനം പുതിയ കെട്ടിടത്തിലാകും. കെട്ടിടത്തിനൊപ്പം, ജനാധിപത്യ രീതികളുടെയും കോലം മാറി. അതിന്റെ നിരവധി ദുർനിമിത്തങ്ങളാണ് പഴയ കെട്ടിടത്തിലെ അവസാന സമ്മേളനം ബാക്കിയാക്കിയത്. പാർലമെന്റിൽ ജയിച്ചതാര് എന്നൊരു ചോദ്യംതന്നെ ആവശ്യമില്ല. ജയിച്ചോ എന്ന് പ്രതിപക്ഷത്തിന് ലവലേശം സംശയമില്ല. അർമാദിക്കാമെന്ന കാര്യത്തിൽ ഭരണപക്ഷത്തിനുമില്ല സംശയം. തോറ്റെന്നു പറയാൻ ഒരു കൂട്ടരേയുള്ളൂ -അത് പൊതുജനമാണ്.
നൂറു ദിവസമായിട്ടും തീയാളുന്ന മണിപ്പൂരിനെക്കുറിച്ച് ലോക്സഭ മൂന്നു ദിവസത്തെ നെടുങ്കൻ ചർച്ച നടത്തി. അതിലുപരി, 17 ദിവസത്തെ സമ്മേളന കാലം മുഴുവൻ നിറഞ്ഞുനിന്നത് മണിപ്പൂർതന്നെ. ഒരൊറ്റ ദിവസംപോലും രാജ്യസഭയോ ലോക്സഭയോ നേരെചൊവ്വേ നടന്നില്ല. പ്രധാനമന്ത്രി സഭയിൽ വരണം, എം.പിമാരോട് മണിപ്പൂരിനെക്കുറിച്ച് വിശദീകരിക്കണം, സമാധാനം തിരിച്ചെത്തിക്കാനുള്ള കർമപദ്ധതി വിശദീകരിക്കണം, മുഖ്യമന്ത്രിയെ മാറ്റി രാഷ്ട്രപതിഭരണം ഏർപ്പെടുത്തണം എന്നിങ്ങനെ പോയി പ്രതിപക്ഷ ആവശ്യങ്ങൾ. പ്രധാനമന്ത്രി വഴങ്ങിയില്ല. സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ പ്രധാനമന്ത്രിക്ക് സഭയിൽ വരാതിരിക്കാനും മറുപടി പറയാതിരിക്കാനും പറ്റില്ല. എന്നാൽ, അതുതന്നെ ഉപായമാക്കാമെന്ന് പ്രതിപക്ഷം ചിന്തിച്ചു. പ്രമേയം വന്നു. പ്രധാനമന്ത്രി വന്നു. മണിപ്പൂരിനെക്കുറിച്ച് പറഞ്ഞു. രണ്ടേകാൽ മണിക്കൂർ നീണ്ട പ്രസംഗത്തിൽ മൂന്നോ നാലോ മിനിറ്റ്.
അതു കേൾക്കാൻ പ്രതിപക്ഷം സഭയിൽ ഉണ്ടായിരുന്നില്ല. ഒന്നര മണിക്കൂർ പ്രസംഗിച്ചിട്ടും പ്രധാന വിഷയമായ മണിപ്പൂരിനെക്കുറിച്ച് പറയുന്നില്ലെന്ന് കണ്ടപ്പോൾ അവർ ഇറങ്ങിപ്പോയി. രാജ്യം മണിപ്പൂരിനൊപ്പമുണ്ടെന്ന് അതിനു ശേഷം മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്. അതിനപ്പുറം, കാതലായ മണിപ്പൂർ സാഹചര്യങ്ങളിലേക്കൊന്നും കടന്നില്ല. 135 മിനിറ്റ് പ്രസംഗിച്ചതിൽ 132 മിനിറ്റും ഒമ്പതു വർഷത്തെ ഭരണനേട്ടങ്ങളോ പ്രതിപക്ഷത്തോടുള്ള പരിഹാസമോ മുൻകാല സർക്കാറുകളുടെ പിഴവിന്റെ വിവരണമോ ഒക്കെയായിരുന്നു. വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ പലപ്പോഴും മോദി ചൊല്ലിക്കൊടുത്തത് ബി.ജെ.പി എം.പിമാർ ആവേശത്തോടെ ഏറ്റുപാടി. അതിനൊടുവിൽ പ്രതിപക്ഷം ഇല്ലാത്ത സഭയിൽ അവിശ്വാസപ്രമേയം ശബ്ദവോട്ടിന് തള്ളി. മൂന്നുദിവസം നീണ്ട ചർച്ച-മറുപടികളുടെ അവസ്ഥ കണ്ട മണിപ്പൂരികൾക്കും അവരുടെ വേദന തിരിച്ചറിയുന്നവർക്കും നൊന്തുപോയിട്ടുണ്ടാകണം.
മണിപ്പൂരിനുവേണ്ടിയുള്ള മുറവിളിക്കോ അവിശ്വാസപ്രമേയത്തിനോ സർക്കാറിനെ തിരുത്തിക്കാൻ കഴിഞ്ഞില്ല. എന്നു മാത്രമല്ല, പ്രതിപക്ഷ പ്രതിഷേധം സർക്കാർ സൗകര്യമാക്കുന്നതാണ് പാർലമെന്റ് സമ്മേളനത്തിൽ ഉടനീളം കണ്ടത്. ചർച്ച കൂടാതെ അത്രയധികം നിയമങ്ങളാണ് പാസാക്കിയത്. ഡൽഹി ഓർഡിനൻസ് ബിൽ, ഡേറ്റ സംരക്ഷണ ബിൽ, വനസംരക്ഷണ നിയമഭേദഗതി, ഖനി-ധാതു വികസന-നിയന്ത്രണ ബിൽ, ജനവിശ്വാസ് ബിൽ, മധ്യസ്ഥത ബിൽ, ബഹുസംസ്ഥാന സഹകരണ സംഘ നിയമഭേദഗതി, ഡെന്റൽ-നഴ്സിങ് കമീഷൻ ബിൽ എന്നിങ്ങനെ രണ്ടു സഭകളും പാസാക്കിയ നിയമ നിർമാണങ്ങളെ ചൂഴ്ന്നുനിൽക്കുന്നത് വലിയ വിവാദങ്ങളും ആശങ്കകളുമാണ്. സ്വതന്ത്ര ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനം സർക്കാറിന്റെ വരുതിയിൽ കൊണ്ടുവരുന്ന ബിൽ രാജ്യസഭയിലും ശിക്ഷാ നിയമവും ക്രിമിനൽ നടപടിച്ചട്ടങ്ങളും പൊളിച്ചെഴുതുന്ന മൂന്ന് ബില്ലുകൾ അടക്കം നിരവധി പുതിയ ബില്ലുകൾ ലോക്സഭയിലും അവതരിപ്പിച്ചു.
26 പാർട്ടികളുടെ പൊതുവേദിയായ ഇൻഡ്യ മുന്നണി പിറന്നശേഷം ആദ്യത്തെ പാർലമെന്റ് സമ്മേളനമാണ് നടന്നത്. ഇത്തരമൊരു കൂട്ടായ്മ ബി.ജെ.പിയെയും മോദിസർക്കാറിനെയും സ്വാഭാവികമായും അലോസരപ്പെടുത്തും. പ്രതിപക്ഷ പാർട്ടികളെയും അവരുടെ സഖ്യത്തെയും പാർലമെന്റിലും പുറത്തും രാഷ്ട്രീയമായി നേരിടാൻ എല്ലാ അവകാശവും സ്വാതന്ത്ര്യവും ബി.ജെ.പിക്കുണ്ടുതാനും. എന്നാൽ, സഭാചട്ടങ്ങളുടെ പേരിൽ പാർലമെന്ററി ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്ത ഇരുമ്പുലക്ക പ്രയോഗങ്ങൾക്ക് ബി.ജെ.പി തുനിയുന്ന കാഴ്ചയും ബഹളങ്ങൾക്കൊപ്പമുണ്ടായിരുന്നു. ആ കാഴ്ച എത്തിനിന്നത് കോൺഗ്രസിന്റെ സഭാ നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ അനിശ്ചിതകാല സസ്പെൻഷനിലാണ്. എം.പിമാർ നിശ്ചിത എണ്ണത്തിൽ കുറവായതിനാൽ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ സഭാ നേതാവിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക പദവി അനുവദിച്ചുകൊടുത്തിട്ടില്ല. ആ സാങ്കേതികത്വം മാറ്റിവെച്ചാൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവാണ് അധിർ രഞ്ജൻ ചൗധരി. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമാണ്. ഏറിയാൽ ഒരു ഖേദപ്രകടനത്തിൽ തീർക്കാവുന്ന വിഷയം, മോശം പെരുമാറ്റങ്ങളുടെ പേരുപറഞ്ഞ് പ്രതിപക്ഷ നേതാവിനെ അനിശ്ചിതകാലം സഭക്കുപുറത്ത് നിർത്തുന്നതിലേക്ക് എത്തുമ്പോൾ പ്രതിപക്ഷ ബഹുമാനമെന്ന പദമാണ് അലിഞ്ഞ് ഇല്ലാതായത്.
ആം ആദ്മി പാർട്ടിയുടെ രണ്ട് എം.പിമാർ സഭാ സമ്മേളനകാലം മുഴുവൻ ഇത്തരത്തിൽ സസ്പെൻഷനിലായി. പ്രതിഷേധിച്ച് ഗാന്ധി പ്രതിമക്കുമുന്നിലെ മരച്ചുവട്ടിൽ അനിശ്ചിതകാലം ഇരിക്കുകയായിരുന്നു അവർ. പ്രതിഷേധിച്ചതു മിച്ചം. തീരുമാനങ്ങളിൽ തിരുത്തൊന്നും ഉണ്ടായില്ല.
ഇത്തരത്തിൽ പ്രതിപക്ഷത്തെ തന്ത്രപരമായോ പക പോക്കാനെന്ന മട്ടിലോ അവഹേളിച്ചോ പാർലമെന്റിനു വെളിയിൽ തള്ളുന്നത് ജനാധിപത്യ മര്യാദകൾക്കപ്പുറം, അമിതാധികാര പ്രയോഗത്തിന്റെ പ്രവണതകൾ മാത്രം. എന്തുകൊണ്ടാണ് എം.പിമാർ പ്രതിഷേധിക്കുന്നത്? മണിപ്പൂർ കത്തിയാലും സ്ത്രീയുടെ മാനാഭിമാനങ്ങൾ നടുറോഡിൽ ഉരിഞ്ഞുകളഞ്ഞ് പീഡിപ്പിച്ചാലും പ്രതിപക്ഷത്തിന് പ്രതിഷേധിക്കാൻ, സർക്കാറിൽനിന്ന് വിശദീകരണം തേടാൻ അവകാശമില്ലെന്ന സ്ഥിതി ജനാധിപത്യ ദുരവസ്ഥയുടെ ആഴവും പരപ്പുമാണ് വിളിച്ചുപറയുന്നത്. പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന ന്യായമായ ആവശ്യങ്ങൾ കണക്കിലെടുക്കാനും സഭാനടപടി ജനാധിപത്യപരമായി മുന്നോട്ടു കൊണ്ടുപോകാനുമുള്ള പ്രഥമ ഉത്തരവാദിത്തം ഭരണപക്ഷത്തിനാണ്. പക്ഷേ, അഹന്തയും
എതിർശബ്ദങ്ങളോടുള്ള അസഹിഷ്ണുതയും ഭരണത്തിന്റെ മുഖമുദ്രയായാൽ?
പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയെ ലോക്സഭയിൽ ഘമണ്ഡിയ ഗഡ്ബന്ധൻ എന്നുവിളിച്ചത് പ്രധാനന്ത്രിയാണ്. അഹംഭാവികളുടെ സഖ്യമെന്ന് മലയാളം. അഹംഭാവിക്കൂട്ടത്തെ മലർത്തിയടിക്കാൻ വെമ്പുന്ന ഇനം ഘമണ്ഡിയയെ എന്തുവിളിക്കും?
sureshdelhi@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.