Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപാർട്ടി കോൺഗ്രസ്...

പാർട്ടി കോൺഗ്രസ് പ്രമേയവും നവകേരള രേഖയും

text_fields
bookmark_border
cpm party congress kannur 2022
cancel
camera_alt

 പാർട്ടി കോൺഗ്രസിൽ ഉയർത്താനുള്ള പതാകയുമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെട്ട ജാഥ മലപ്പുറം ജില്ലയിൽ പര്യടനം നടത്തിയപ്പോൾ


സി.പി.എം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നാളെ ആരംഭിക്കാനിരിക്കെ പാർട്ടി കോൺഗ്രസിന്റെ കരടു പ്രമേയവും സി.പി.എം സംസ്ഥാന ഘടകം തയാറാക്കിയ നവകേരള രേഖയും ചേർത്തുവെച്ച് വിശകലനം ചെയ്യുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ

ഏപ്രിൽ ആറു മുതൽ പത്തു വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന്റെ കരടു പ്രമേയവും കേരള പാർട്ടിയുടെ നവകേരള രേഖയും തമ്മിലെ പൊരുത്തപ്പെടലും പൊരുത്തക്കേടുകളും കൗതുകകരമാണ്. പശ്ചിമ ബംഗാൾ, ത്രിപുര, കേരളം എന്നിവിടങ്ങളിലെ ഭരണാനുഭവങ്ങളിൽനിന്ന് പാഠം ചേർത്തുവെച്ച മുൻ കോൺഗ്രസുകളിലെ രാഷ്ട്രീയ പ്രമേയങ്ങൾ പുതിയ സാഹചര്യത്തിൽ ഉടച്ചുവാർത്തപ്പോൾ 'കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്‍മെന്‍റി‍െൻറ സംരക്ഷണവും പാര്‍ട്ടിക്കെതിരായി പശ്ചിമ ബംഗാളിലും ത്രിപുരയിലും നടക്കുന്ന ഫാഷിസ്റ്റ് സ്വഭാവമുള്ള ആക്രമണങ്ങള്‍ക്ക് എതിരായ പ്രതിരോധവും പാര്‍ട്ടി ഏറ്റെടുക്കണം എന്ന് പ്രമേയം പുതുക്കിയെഴുതിയിരിക്കുന്നു.

അതായത്, പാർട്ടി കോൺഗ്രസിന്റെ ദേശീയ നിലപാട് എത്രത്തോളം സൈദ്ധാന്തികമാണോ അതിനെക്കാൾ ഉയർന്നുനിൽക്കുകയാണ് കേരള സർക്കാറിനെ സംരക്ഷിക്കുക എന്ന പ്രായോഗിക ബാധ്യത. പാർട്ടി കരട് പ്രമേയവും നവകേരള രേഖയും തമ്മിലെ ഈ സംഘർഷമോ സമവായമോ രണ്ടും ചേർന്നതോ ആയ നിലപാട് കണ്ണൂർ കോൺഗ്രസിനെ കൗതുകകരമാക്കുന്നു. ഇക്കഴിഞ്ഞ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന് മുമ്പൊന്നുമില്ലാത്ത 'ശൂരത' കേരളത്തിൽ കണ്ടതിനു പിന്നിൽ ഒരു പ്രകടനാത്മകതയുണ്ട്.

എൽ.ഡി.എഫ് ഭരണകാലത്തും സമരത്തിൽ നാം പിന്നിലല്ല എന്നു ചിലർക്ക് തെളിയിക്കണം. പ്രത്യേകിച്ച് പാർട്ടി കോൺഗ്രസിന്‍റെ പശ്ചാത്തലത്തിൽ. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കേരളത്തിൽ സി.പി.എമ്മിന്‍റെയും വർഗ-ബഹുജന സംഘടനകളുടെയും സമരങ്ങൾ മരവിച്ചനിലയിലായിരുന്നു. സമരങ്ങൾ ആവാം, പക്ഷേ, അത് ഭരണസംവിധാനങ്ങളെ അസ്വസ്ഥമാക്കുന്നതോ ക്രമസമാധാനം തകർന്ന് ഭരണസംവിധാനത്തെ പ്രതിസന്ധിയിലാക്കുന്നതോ ആവാൻ പാടില്ല എന്നതാണ് പിണറായി സർക്കാർ നിലവിൽ വന്ന ശേഷമുള്ള ശീലം. ഇ.എം.എസിന്റെ നേതൃത്വത്തിലെ ഇടതു ജനാധിപത്യമുന്നണി മന്ത്രിസഭ മുന്നോട്ടുവെച്ച 'ഭരണവും സമരവും' എന്ന സമീപനത്തിന് വിരുദ്ധമാണിത്.

ഒരു കമ്യൂണിസ്റ്റ് എന്നും നിലനിൽക്കേണ്ടത് ഏതു വ്യവസ്ഥയുടെ സംസ്ഥാപനത്തിനു വേണ്ടിയാണോ ആ ലക്ഷ്യത്തിലേക്കുള്ള മാർഗം മാത്രമാണ് ബൂർഷ്വാ ജനാധിപത്യത്തിലെ അധികാരം എന്നതിനാൽ ഭരിക്കുന്നവര്‍തന്നെ സമരവും നടത്തും എന്നായിരുന്നു ഇ.എം.എസിന്റെ നിലപാട്. ഭരിക്കുന്ന സര്‍ക്കാറിനെ തിരുത്താനും അവര്‍ കൈക്കൊള്ളുന്ന ഭരണനടപടികളില്‍ പ്രതിഷേധാര്‍ഹമായതിനെ പ്രതിഷേധിക്കാനും ഭരണവൈകല്യങ്ങള്‍ക്കെതിരെ പ്രതിരോധിക്കാനും അവരെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്കും ആ ജനങ്ങളെ നയിക്കുന്ന പാര്‍ട്ടിക്കും ബാധ്യത ഉണ്ടെന്ന് അദ്ദേഹം സ്ഥാപിച്ചു.

എന്നാൽ, പിണറായി സർക്കാർ ഇതു പ്രായോഗികമായി തിരുത്തുകയായിരുന്നു. കേന്ദ്ര സർക്കാർ ഓഫിസുകൾ സ്തംഭിപ്പിച്ചുകൊണ്ട് എത്രയോ കേന്ദ്ര വിരുദ്ധ സമരങ്ങൾ ഇടതു സർക്കാറിന്‍റെ കാലത്ത് മുൻകാലങ്ങളിൽ കേരളത്തിൽ നടന്നിട്ടുണ്ട്. എന്നാൽ, യുവജന-മഹിള-സർവിസ് സംഘടനകളെല്ലാം സമര തെരുവുകൾ മറന്നിരിക്കുന്നു. പ്രത്യക്ഷത്തിൽ പാർട്ടിയാണ് മുകളിലെങ്കിലും പ്രയോഗത്തിൽ ഭരണത്തിന് കീഴെയാണ് പാർട്ടി എന്ന നിലയിലാണ് പിണറായി മുന്നോട്ട് നീങ്ങിയത്. കേരളത്തിലെ സി.പി.എമ്മിെൻറ ചരിത്രത്തിൽ ആദ്യമായി പാർട്ടി സമ്മേളനം തെരഞ്ഞെടുത്ത ഒരു സെക്രട്ടറിയെ അപ്രസക്തനാക്കിക്കൊണ്ടാണ് രണ്ടു തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ചത്.

സമരശാക്തീകരണവും സമവായവും

തുടർ ഭരണ നേട്ടം എണ്ണിപ്പറഞ്ഞുകൊണ്ട് നവകേരള രേഖയിൽ വ്യവസായികാന്തരീക്ഷം നന്നാക്കുന്നതിന് സമവായ നിലപാട് വേണമെന്ന് ഉന്നയിക്കുന്നു. 'പൊതുമേഖല സ്ഥാപനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ലാഭകരമാക്കുന്നതിനും തൊഴിലാളികളെ അണിനിരത്താൻ ട്രേഡ് യൂനിയനുകൾക്ക് കഴിയണം.' സർവിസ് സംഘടനകളോടും ഇതേ സമീപനമാണ് നവകേരള രേഖ ഉന്നയിക്കുന്നത്...' 'സദ്ഭരണം ഉറപ്പുവരുത്തലും വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ നന്നായി പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തലും അതത് മേഖലയിലെ ജീവനക്കാരുടെ പ്രാഥമിക ചുമതലയാണ്...'' കേന്ദ്ര സർക്കാറിനെതിരെ സമരം ചെയ്യുക എന്നതിനു പകരം കേന്ദ്ര സർക്കാറിനോട് തുലനംചെയ്ത് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനം മാർക്കറ്റ് ചെയ്യലും ജീവനക്കാരുടെ ചുമതലയാണ് എന്ന് നവകേരള രേഖ ഓർമപ്പെടുത്തുന്നു.

അതിങ്ങനെ വായിക്കാം: '...കേന്ദ്ര സർക്കാറിെൻറ നയ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ടാണ് സംസ്ഥാനത്ത് ബദലിന് രൂപം നൽകുന്നത്. കേന്ദ്രനയങ്ങളുടെ ജനവിരുദ്ധതയെക്കുറിച്ചുള്ള രാഷ്ട്രീയ ബഹുജന വിദ്യാഭ്യാസത്തിനുള്ള സന്ദർഭമായി കൂടി വികസന പ്രവർത്തനങ്ങളെ കാണേണ്ടതാണ്...' ഇതെല്ലാം പാർട്ടിയുടെ കടമയാണ് എന്ന നിലയിലാണ് നവകേരള രേഖയിൽ സൂചിപ്പിക്കുന്നത്. അതായത്, സർക്കാറിനെ സംരക്ഷിക്കുക എന്നതിന് സൗഹൃദപരമായ അന്തരീക്ഷം നിലനിർത്തുക എന്നു പറഞ്ഞാൽ, പരമാവധി സമരങ്ങളും പ്രക്ഷോഭങ്ങളുമില്ലാത്ത ദിനങ്ങളാവണമെന്ന് ചുരുക്കം.

അതേസമയം, പാർട്ടി കോൺഗ്രസിന്‍റെ കരട് രേഖയിൽ ദേശീയ സമരങ്ങളിലൂടെ നേടിയെടുത്ത സാഹചര്യം പരമാവധി പ്രാദേശികമായി ഉപയോഗിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണ് നിർദേശിക്കുന്നത്.

ദേശീയ കർഷക സമരം ഉൾപ്പെടെയുള്ള വിവിധ പ്രക്ഷോഭങ്ങളിൽ ദേശീയമായി ഒരു ഐക്യനിര ശക്തിപ്പെട്ടുവെന്നും രാജ്യത്തിന്റെ ഭാവിതന്നെ നിർണയിക്കുന്ന ശക്തമായ വർഗസമരമായി ഇതു വളരുമെന്നുമാണ് പാർട്ടി കോൺഗ്രസ് രേഖ സമർഥിക്കുന്നത്.

വർധിച്ച വർഗസംഘർഷം

പ്രക്ഷോഭങ്ങളുടെ തുടർച്ചയെന്ന നിലയിൽ വർഗസംഘർഷങ്ങൾ വർധിച്ചു എന്നു രാഷ്ട്രീയ പ്രമേയം എണ്ണിപ്പറയുന്നു. വന്‍കിട ബൂര്‍ഷ്വാസിയും ധനിക കര്‍ഷക വിഭാഗങ്ങള്‍ അടക്കമുള്ള കര്‍ഷക ജനസാമാന്യവും തമ്മിലെ സംഘര്‍ഷമാണ് ഒന്ന് (കരട് രേഖ 2.123).

ഭരണവര്‍ഗ സഖ്യകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് രണ്ടാമത്തേത്. ഒരു വശത്ത് വന്‍കിട ബൂര്‍ഷ്വാസിയും മറുവശത്ത് മുഖ്യമായും ചെറുകിട സൂക്ഷ്മതല ഉൽപാദന മേഖലയില്‍പ്പെട്ടവര്‍ അടങ്ങുന്ന വന്‍കിട അല്ലാത്ത ബൂര്‍ഷ്വാസിയും തമ്മിലുള്ള സംഘര്‍ഷമാണത് (2.124 ).

ഭരണഘടനയുടെ ഫെഡറല്‍ ഘടനയെ തകര്‍ത്തുകൊണ്ട് ഒരു ഏകീകൃത ഭരണകൂട ഘടന നിർമിക്കുകയും അതുവഴി രാജ്യത്തിന്റെ മേല്‍ സമ്പൂര്‍ണ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുകയും ചെയ്യാനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ കേന്ദ്രഗവണ്‍മെന്‍റ് തലത്തിൽ സംസ്ഥാന ഗവണ്‍മെന്‍റുകളുമായുള്ള തമ്മിലുള്ള സംഘര്‍ഷങ്ങളാണ് മറ്റൊന്ന്(2.125 ). അതായത്, ആദ്യം പറഞ്ഞ സുപ്രധാനമായ രണ്ടു വൈരുധ്യങ്ങൾ തമ്മിലെ സംഘർഷം വർഗപരമായതാണെന്ന് ചുരുക്കം.

പക്ഷേ, നവകേരള രേഖ ഇതിന് കേരളത്തിൽ പുതിയ വ്യാഖ്യാനം നൽകുന്നു. വന്‍കിട ബൂര്‍ഷ്വാസിയും ചെറുകിട സൂക്ഷ്മതല ഉൽപാദന മേഖലയില്‍പ്പെട്ടവരും തമ്മിലെ വൈരുധ്യത്തിന്‍റെ ശ്രേണി കേരളത്തിലില്ല. എല്ലാ സ്വകാര്യ മൂലധന ശക്തികൾക്കും ഇവിടെ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. നിസ്സാൻ, ടോറസ്, ടെക് മഹീന്ദ്ര, ടെറാനറ്റ് പോലുള്ള കമ്പനികൾ നിക്ഷേപം നടത്താൻ കേരളത്തിൽ വന്നത് വലിയ വിജയമായി നവകേരള രേഖ എണ്ണുന്നു. വ്യവസായങ്ങളുടെ നടത്തിപ്പിന്റെ വ്യവസ്ഥകൾ ഉദാരമാക്കിയതിന്‍റെ ഫലമായി ഇവിടെ വൈരുധ്യങ്ങൾ വർധിക്കുകയല്ല, ചുരുങ്ങുകയാണ് ഉണ്ടായതെന്ന് വ്യക്തം.

ഗെയിൽപൈപ്പ് ലൈൻ ഉൾപ്പെടെയുള്ളവ ഈ സഹകരണ നിലപാടിന്‍റെ വിജയമായിരുന്നു. കശുവണ്ടി, കയർ വ്യവസായ ശൃംഖലയിൽ നല്ലൊരു പങ്ക് കേരളം വിട്ടുകഴിഞ്ഞുവെന്ന് നവകേരളരേഖ സമ്മതിക്കുന്നുണ്ട്. അടിസ്ഥാന വർഗങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത വ്യവസായ മേഖലയിൽ പരിഹാരം കാര്യമായി നിർദേശിക്കാനാവുന്നുമില്ല.

വര്‍ഗ-ബഹുജന സംഘടനകളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംയുക്ത പ്ലാറ്റ്ഫോമുകളെ പാര്‍ട്ടി പിന്തുണക്കുമെന്നും തൊഴിലാളിവര്‍ഗ, കര്‍ഷക, കര്‍ഷകത്തൊഴിലാളി ഐക്യത്തി‍െൻറ അടിസ്ഥാനത്തില്‍ പ്രക്ഷോഭങ്ങള്‍ നടത്താനുള്ള എല്ലാ ശ്രമങ്ങളെയും പാര്‍ട്ടി പിന്തുണക്കുമെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുമ്പോൾ നവകേരള രേഖ അതിന്‍റെ കടമകളിൽ പ്രധാന ഇനങ്ങളിൽ ഉൾപ്പെടുത്തിയത് കെ- റെയിലിനെതിരായ സമരം തകർക്കാനുള്ള സഹകരണമാണ്.

കെ-െറയിലിനെതിരായ 'രാഷ്ട്രീയ കുത്തിത്തിരിപ്പുകളെ നേരിടുന്നതിനോടൊപ്പം ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിന് ബഹുജന വിദ്യാഭ്യാസവും പ്രചാരണവും പാർട്ടി ഏറ്റെടുക്കണം' എന്നാണ് നവകേരള രേഖയുടെ ആവശ്യം.

പാർട്ടി കോൺഗ്രസ് കരട് രേഖയിൽ രാഷ്ട്രീയ കടമകളായി എണ്ണിപ്പറയുന്നതിൽ 'ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണ് മുഖ്യ കടമ' എന്നു പറയുന്നുണ്ട്. 'ജനങ്ങളെ ശക്തവും സമരോത്സുകവും ആയ രീതിയില്‍ സംഘടിപ്പിക്കുന്നതിന് സി.പി.എമ്മി‍െൻറയും ഇടതുപക്ഷ ശക്തികളുടെയും സ്വതന്ത്രശക്തിയുടെ വളര്‍ച്ച ആവശ്യമാണ്' എന്ന് ഒാർമിപ്പിക്കുന്നുണ്ട്. ഓരോ സംസ്ഥാന രാഷ്ട്രീയവും വിശകലനം ചെയ്തുകൊണ്ട് തദ്ദേശീയമായ സമരങ്ങളെയും ബഹുജന മുന്നേറ്റങ്ങളെയും ചേർത്തുപിടിക്കണമന്നും കരടുപ്രമേയം ഒരു ഭാഗത്ത് പറയുമ്പോഴാണ് കെ-റെയിലിനെതിരായ ജനവികാരത്തെ ചെറുക്കുക എന്ന നിലപാട് ഇവിടെ സ്വീകരിച്ചത്.

ബൂർഷ്വാ കോൺഗ്രസ് പ്രയോഗമില്ല

ബി.ജെ.പിയോട് തുല്യ അളവിൽ കോൺഗ്രസിനെ നേരിടുന്ന പതിവു പ്രയോഗങ്ങളൊന്നും കരട് രാഷ്ട്രീയ പ്രമേയത്തിലില്ല. ദേശീയമായ 'രാഷ്ട്രീയ ലൈൻ' എന്താണെന്ന് 10 ഇനങ്ങളിലായി രാഷ്ട്രീയ പ്രമേയം വിവരിക്കുന്നു.

ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണ് മുഖ്യ കടമ. ജനങ്ങളെ ശക്തവും സമരോത്സുകവും ആയ രീതിയില്‍ സംഘടിപ്പിക്കുന്നതിന് സി.പി.എമ്മിന്റെയും ഇടതുപക്ഷ ശക്തികളുടെയും സ്വതന്ത്രശക്തിയുടെ വളര്‍ച്ച ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടുന്നു. ഇതിനായി എല്ലാ മതനിരപേക്ഷ ശക്തികളെയും വിശാലമായ രീതിയില്‍ അണിനിരത്താന്‍ പാര്‍ട്ടി ശ്രമിക്കണം എന്നാണ് കരട് പ്രമേയത്തിലുള്ളത്.

പാര്‍ലമെന്‍റില്‍ മതനിരപേക്ഷ പ്രതിപക്ഷ പാർട്ടികളുമായി ഉഭയസമ്മതത്തോടെയുള്ള പ്രശ്നങ്ങളില്‍ സഹകരിക്കണം. പാര്‍ലമെന്‍റിനു പുറത്ത് മതനിരപേക്ഷ ശക്തികളുടെ ഏറ്റവും വിപുലമായ സംഘാടനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറയുന്നു. പാര്‍ട്ടിയും ഇടതുപക്ഷവും സ്വതന്ത്രമായും പ്രശ്നാധിഷ്ഠിതമായി മറ്റു ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കുമെന്നു പറയുന്ന പ്രമേയം, തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ബി.ജെ.പി വിരുദ്ധ വോട്ടുകളെ പരമാവധി ഒന്നിപ്പിക്കുന്നതിനനുയോജ്യമായ തെരഞ്ഞെടുപ്പ് അടവുകള്‍ സ്വീകരിക്കുമെന്നും പറയുന്നുണ്ട്.

'ഇന്നത്തെ സാഹചര്യങ്ങളിലെ കടമകള്‍' എന്ന ഉപസംഹാരത്തിലും ജനങ്ങളുടെ പ്രശ്നങ്ങളില്‍ പ്രാദേശിക സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അതിന്റെ ശരിയായ തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശിക്കുന്നുണ്ട്. നവകേരള രേഖയും കേരളത്തിലെ സർക്കാർ വിരുദ്ധ സമരങ്ങളുടെയും കാര്യത്തിൽ പാർട്ടി കോൺഗ്രസിൽ രൂക്ഷമായ ആശയസമരം ഇത് ഉയർത്തും.

ഉപസംഹാരത്തിൽ എടുത്തുപറയുന്ന 'സംയോജിത സമരങ്ങൾ' എന്നതും ബി.ജെ.പിവിരുദ്ധമായ എല്ലാ രാഷ്ട്രീയ വേദികളെയും അംഗീകരിക്കുന്നതാണ്. സംയോജിത സമരങ്ങള്‍ രൂപപ്പെടുത്തുന്നതിനായി എല്ലാ ജനാധിപത്യ ശക്തികളുടെയും സഹകരണത്തിനുവേണ്ടി ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചശേഷമാണ് കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്റെ സംരക്ഷണത്തിനുള്ള പ്രതിരോധവും പാര്‍ട്ടി ഏറ്റെടുക്കണം എന്ന് കരട് രാഷ്ടീയ പ്രമേയം പ്രഖ്യാപിക്കുന്നത്. അതായത്, കേരളം സി.പി.എമ്മിന്‍റെ ദേശീയമായ സകല നയങ്ങൾക്കും അപ്പുറമുള്ള ഒരു 'സത്യാനന്തര കാലവും ദേശവുമാണ്' എന്നു പ്രഖ്യാപിക്കുന്ന പാർട്ടി കോൺഗ്രസാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm party congress
News Summary - Party Congress Resolution and Nava Kerala Document
Next Story