രോഗശയ്യയിലായത് മുതൽ സൃഷ്ടിച്ച ശൂന്യത നികത്താതെ പട്ടേലിന്‍റെ വേർപാട്
text_fieldsഒക്ടോബറിൽ രോഗശയ്യയിലായതു തൊട്ട് പാർട്ടിയിൽ സൃഷ്ടിച്ച ശൂന്യത നികത്താതെയാണ് കോൺഗ്രസിലെ കരുത്തനായ ന്യൂനപക്ഷ നേതാവിെൻറ അന്ത്യയാത്ര. ഗുഡ്ഗാവിലെ മെദാന്ത മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ആറാം നമ്പർ കിടക്കയിൽ അഹ്മദ് പട്ടേൽ ജീവനായി മല്ലിടുേമ്പാൾ പാർട്ടി മാനേജറുടെ ആ ശൂന്യത നികത്തുന്നതിനായുള്ള നീക്കങ്ങളായിരുന്നു കോൺഗ്രസിനുള്ളിൽ. അത് തന്നെയാണ് കത്തായും ഉൾപ്പാർട്ടി വിമർശനങ്ങളായുമൊക്കെ പുറത്തുവന്നത്. ഗാന്ധി കുടുംബത്തിെൻറ തൊട്ടുതാെഴ കോൺഗ്രസ് ഹൈകമാൻഡിന്‍റെ കണ്ണും കാതുമായി നിന്ന അഹ്മദ് പട്ടേലിന്‍റെ പദവിയിൽ കയറി നിൽക്കാനുള്ള നീക്കങ്ങളിലായിരുന്നു കോൺഗ്രസിന്‍റെ മുൻനിര നേതാക്കൾ. ശൂന്യമാകുന്ന പട്ടേലിെൻറ സ്ഥാനത്ത് തങ്ങളെ പറ്റുമെന്ന് സ്വയം കരുതുന്നവരേറെയുണ്ട്. രാജ്യസഭാ അംഗങ്ങളും സുപ്രീംകോടതി അഭിഭാഷകരുമായ പി. ചിദംബരവും കപിൽ സിബലും വിവേക് ടാങ്കയും മാത്രമല്ല കയറി നിൽക്കാൻ ശ്രമിച്ചത്. കമൽ നാഥും ദിഗ്വിജയ് സിങ്ങും ശശി തരൂരും കനിഷ്ക സിങ്ങും മിലിന്ദ് ദേവ്റയും തുടങ്ങി രാജീവ് ശുക്ല വരെ േകാൺഗ്രസിലെ ഗാന്ധി കുടുംബത്തിന് തൊട്ടുതാഴെ അഹ്മദ് പട്ടേൽ നിന്നിടത്ത് നിൽക്കാനുള്ള നീക്കം നടത്തി.
പ്രണബ് മുഖർജിയും സീതാറാം കേസരിയും മോതിലാൽ വോറയുമാണ് അഹ്മദ് പട്ടേലിന് മുമ്പ് പാർട്ടിയുടെ ഖജാന സൂക്ഷിപ്പുകാരായിരുന്നത്. കോൺഗ്രസിലേക്ക് പണം വരുന്നതും പോകുന്നതുമായ വഴികളുടെ രഹസ്യ വിവരങ്ങളെല്ലാം ഇവരുടെ കൈകളിൽ ഭദ്രമായിരുന്നു. കോൺഗ്രസിന്‍റെ സഖ്യങ്ങളുണ്ടാക്കുന്നതിലും ബി.ജെ.പിയിതര നേതാക്കളെ കോൺഗ്രസിനോട് അടുപ്പിക്കുന്നതിലും പാർട്ടിക്കുള്ളിലെ വിമതരെ വഴിക്ക് കൊണ്ടുവരുന്നതിലും പ്രാഗത്ഭ്യം തെളിയിച്ച പട്ടേൽ ഒക്ടോബറിൽ ആശുപത്രിയിലായതു തൊട്ട് പാർട്ടിയുമായി ബന്ധപ്പെട്ട നിർണായകമായ നിരവധി തീരുമാനങ്ങളാണ് അനിശ്ചിതത്വത്തിലായത്. അവയൊക്കെയും അങ്ങിനെ തന്നെയിട്ടാണ് പട്ടേലിെൻറ വേർപാട്.
ഗുജറാത്തിൽ നിന്ന് തന്നെയുള്ള നേതാവും രാജ്യസഭാ എം.പിയുമായ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു അഥോറിറ്റി തലവൻ മധുസൂദനൻ മിസ്ത്രിയുമായി നടത്താൻ നിശ്ചയിച്ച കൂടിയാലോചന നടത്താതെയായിരുന്നു പട്ടേലിെൻറ ആശുപത്രി പ്രവേശം. രാജസ്ഥാനിൽ തമ്മിലടിച്ച അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള 'കരാറി'ന് ഇനിയും അന്തിമ രൂപമായിട്ടില്ല. രൺദീപ് സുർെജവാലയെ സെപ്റ്റംബറിൽ മുഴുസമയ പാർട്ടി സെക്രട്ടറിയാക്കിയ ശേഷം നികത്തപ്പെടാതെ കിടക്കുകയാണ് മാധ്യമ വിഭാഗം മേധാവിയുടെ ചുമതല. ബംഗാളിൽ ഇടതുപക്ഷവുമായുള്ള സഖ്യം, കേരളത്തിനായുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ എന്നിവയിലൊന്നും നിർണായക നീക്കങ്ങൾക്ക് ആളില്ലാതെ കോൺഗ്രസിെൻറ വാർ റൂം അക്ഷരാർഥത്തിൽ പ്രവർത്തന രഹിതമാണ്. നിലവിൽ ഗാന്ധി കുടുംബത്തോട് വിധേയത്വം കാണിക്കുന്ന കെ.സി. വേണുഗോപാലിനോ രൺദീപ് സുർജെവാലക്കോ നികത്താൻ കഴിയുന്ന ശൂന്യതയല്ലിത്.
കാലമിത്രയും ഗാന്ധി കുടുംബത്തിെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരനായി നിന്ന അഹ്മദ് പട്ടേൽ ഒരു ന്യൂനപക്ഷ നേതാവിെൻറ പ്രതിച്ഛായ തനിക്കുണ്ടാകാതിരിക്കാൻ കാണിച്ച ജാഗ്രത അങ്ങേയറ്റമായിരുന്നു. ഗുജറാത്തിലെ കോൺഗ്രസിെൻറ ന്യൂനപക്ഷ നേതാക്കളെ പോലും ജീവനോടെ ചുട്ടുകൊന്ന വംശഹത്യയോട് അഹ്മദ് പട്ടേൽ പുലർത്തിയ മൗനം പോലും, കാത്തുസൂക്ഷിച്ച ഇൗ പ്രതിച്ഛായയുടെ പേരിലായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ പോസ്റ്റർ ബോയ് ആയി 2002 തൊട്ടിങ്ങോട്ട് നരേന്ദ്ര മോദി ഗുജറാത്തിൽ ധ്രുവീകരണത്തിെൻറ പ്രതിലോമപരമായ രാഷ്ട്രീയം കളിച്ചിട്ടും വംശഹത്യയുടെയോ വ്യാജ ഏറ്റുമുട്ടലുകളുടെയോ പേരിൽ മോദിയെയും അമിത് ഷായെയും വിമർശിക്കാൻ തയാറാകാതിരുന്ന പട്ടേലിന് പക്ഷേ ആ 'രാഷ്ട്രീയ മര്യാദ' അവരിൽ നിന്നു തിരിച്ചു കിട്ടിയില്ല. കോൺഗ്രസിെൻറ ഗുജറാത്തിലെ തെരഞ്ഞെടുപ്പു റാലികളിൽ പോലും മുഖം കാണിക്കാതിരുന്നിട്ടും രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ എം.എൽ.എമാരെ ചാക്കിട്ടുപിടിച്ച് അഹ്മദ് പട്ടേലിനെ തോൽപിക്കാൻ മോദിയും ഷായും പതിനെട്ടടവും പയറ്റി. രോഗശയ്യയിലാകുന്നതിെൻറ മൂന്ന് മാസം മുമ്പ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ വിട്ടും പട്ടേലിനെ വേട്ടയാടി. പതിറ്റാണ്ടുകൾ ഇരുവർക്കുമെതിരെ ഒന്നും മിണ്ടാതിരുന്ന പട്ടേൽ, മോദിയുടെയും അമിത് ഷായുടെയും പരസ്യ വിമർശകനായി മാറുന്നതാണ് ഏറ്റവുമൊടുവിൽ കാണ്ടേണ്ടി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.