അഭിനയത്തിലെ ഒറ്റവെളിച്ചങ്ങൾ
text_fields‘‘സിനിമയിലും നാടകത്തിലും അഭിനയം തുടങ്ങിയിട്ട് 42 വർഷം പിന്നിട്ടു. എെൻറ കലാജീവിതത്തിന് അർഥമുണ്ടെന്ന് വീട്ടുകാരെയും നാട്ടുകാരെയും ബോധ്യപ്പെടുത്താൻ ഇൗ അവാർഡുകൊണ്ട് സാധിച്ചു’’-കൊച്ചി വൈപ്പിൻകരയിലെ വളപ്പ് എന്ന സ്ഥലത്തെ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട കൊച്ചുവീട്ടിലിരുന്ന് പൗളി വത്സൻ പറയുന്നു. മികച്ച സ്വഭാവനടിക്കുള്ള ഇൗ വർഷത്തെ സംസ്ഥാന അവാർഡ് ലഭിക്കുന്നതിനുമുമ്പ് പൗളി വത്സൻ എന്ന അഭിനേത്രി പ്രേക്ഷകർക്ക് അത്ര പരിചിതയല്ല.
നിരവധി നാടക ട്രൂപ്പുകളിൽ സജീവമായിരുന്നു ഇവർ. അരങ്ങിൽ അഭിനയിച്ച് മതിവരാതെയാണ് സിനിമാ ലോകത്ത് എത്തിയത്. ബെന്നി പി. നായരമ്പലം തിരക്കഥ എഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത അണ്ണൻ തമ്പിയിലൂടെയാണ് സിനിമാ പ്രവേശനം. തുടർന്ന് ‘ഇയ്യോബിെൻറ പുസ്തകം’, ‘അമർ അക്ബർ അന്തോണി’, ‘നോവ്’, ‘വന്യം’, ‘ഗപ്പി’ എന്നീ സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തു. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഇൗ മ യൗ’, രാഹുൽ റിജി നായർ സംവിധാനം ചെയ്ത ‘ഒറ്റമുറി വെളിച്ചം’ എന്നീ സിനിമയിലെ അഭിനയത്തിനാണ് ഇൗ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്.
അരങ്ങെന്ന ആവേശം
ആറാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് നാടകത്തിൽ എത്തുന്നത്. രണ്ട് അമച്വർ നാടകങ്ങളിൽ ബാലനടിയായി അഭിനയിച്ചു. അക്കാലത്ത് വൈപ്പിൻകരയിലെ വാടാപള്ളിയിൽ കോൺവെൻറിൽ പഠിക്കുകയാണ്. എന്നെ നാടകപരിശീലനത്തിന് അനുവദിക്കണെമന്ന് ആവശ്യപ്പെട്ട് അധ്യാപകൻ അപ്പച്ചന് എഴുത്ത് അയച്ചു. അപ്പച്ചൻ ചവിട്ടുനാടക നടനും ഗായകനുമായിരുന്നതിനാൽ അഭിനയത്തിന് സമ്മതം അറിയിച്ചു. മുടി ചുരുണ്ടുനിൽക്കുന്നതിനാൽ ആൺവേഷങ്ങളാണ് കൂടുതലും ലഭിച്ചത്. കൂടാതെ, അമ്മയായി അഭിനയിക്കാൻ ആളില്ലാത്തതിനാൽ അത്തരം വേഷവും ലഭിക്കും. പിന്നീട് 11 വയസ്സായപ്പോൾ അപ്പച്ചൻ നാടകം കളിക്കാൻ സമ്മതിച്ചില്ല. യുവജനോത്സവങ്ങളിൽ നാടകം കളിച്ച് നാട്ടുകാർക്ക് സുപരിചിതയായിരുന്നു. എല്ലാവരും ചോദിക്കും നാടകത്തിന് പോകുന്നില്ലേ എന്ന്.
എനിക്ക് നാടകം കളിക്കാൻ താൽപര്യമുണ്ട്. എപ്പോഴും നാടകമെന്ന വിചാരമായതിനാൽ പഠനത്തിൽ ശ്രദ്ധകുറവുമാണ്. പത്രം കിട്ടിയാൽ അതിൽ എഴുതിയത് നാടകരൂപത്തിൽ പറഞ്ഞ് അഭിനയിക്കും. മാലിപ്പുറത്ത് നാടക ക്ലബുണ്ട്. അപ്പച്ചെൻറ അനിയെൻറ വീട് മാലിപ്പുറത്താണ്. അങ്ങോട്ടുപോകുകയാണെന്ന് പറഞ്ഞ് ക്ലബ്ലിൽ നാടകം റിഹേഴ്സൽ ചെയ്യാൻ പോകും. ഒരു തവണ ഡയലോഗ് പറഞ്ഞാൽ പെെട്ടന്ന് പഠിക്കും. അങ്ങനെ നാടകം കാണാൻ അപ്പച്ചനും അമ്മച്ചിയും സഹോദരങ്ങളും ബന്ധുക്കളും വന്നപ്പോഴാണ് അറിഞ്ഞത് ഞാൻ അതിൽ അഭിനയിക്കുന്നുണ്ടെന്ന്. വീട്ടിൽ തിരിച്ച് എത്തിയതോടെ അച്ഛന് അതോടെ ദേഷ്യമായി. 10ാം ക്ലാസിൽ പഠിക്കുേമ്പാഴാണ് സംഭവം.
അതോടെ പഠനം നിർത്തി. പരീക്ഷ കഴിഞ്ഞ ആ വർഷം ക്രിസ്മസിന് നാടകം കളിക്കാൻ അവസരം കിട്ടി. അപ്പച്ചൻ ആദ്യം സമ്മതിച്ചില്ല. ഭക്ഷണം കഴിക്കാതെയും പിണങ്ങിയും സമരം ചെയ്താണ് സമ്മതം നേടിയത്. അപ്പച്ചന് നാടകത്തോട് വിരോധമുണ്ടായിട്ടല്ല. എന്നെ കൊണ്ടുനടക്കാൻ ആളില്ല. എെൻറ താഴെ ആറു പേരുണ്ട്.
പിന്നീട് പി.ജെ. ആൻറണിയുടെ രശ്മി തിയറ്ററിൽ ചേർന്നു. അഞ്ചു വർഷം നാടകം കളിച്ചു. തിലകൻ ചേട്ടൻ അന്ന് അവിടെയുണ്ടായിരുന്നു. അദ്ദേഹം 11 വർഷം അവിടെ നാടക ട്രൂപ്പിലുണ്ടായിരുന്നു. അതിനിടെ കല്യാണം കഴിഞ്ഞു. ഭർത്താവിെൻറ വീട്ടുകാരും നാട്ടുകാരും നാടകത്തിന് നല്ല പിന്തുണയാണ്. അടിയന്തരാവസ്ഥ കാലത്ത് ‘കാളരാത്രി’ എന്ന നാടകം കളിച്ചു. ആ സമയത്ത് ഗർഭിണിയാണ്. ഏഴുമാസം വരെ പിടിച്ചുനിന്നു. അതുകഴിഞ്ഞ് ക്ലബിൽനിന്ന് പോന്നു. ആൻറണി ചേട്ടന് എന്നെ വിടാൻ സങ്കടമായിരുന്നു.
സിനിമയിലേക്ക്
തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലമാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നത്. അദ്ദേഹത്തിെൻറ സിനിമയിൽ അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ആദ്യം മടി പറഞ്ഞു. നാടകത്തിൽ ഒരുപാട് വേഷങ്ങൾ ചെയ്തതിനാൽ പ്രേക്ഷകർക്ക് പരിചിതമാകാൻ സാധ്യതയുണ്ട്. ചെറിയവേഷം ചെയ്യാനില്ലെന്ന് പറഞ്ഞു. പൊള്ളാച്ചിയിലാണ് ‘അണ്ണൻ തമ്പി’ സിനിമയുടെ ലൊക്കേഷൻ. ഡയലോഗ് ഉണ്ടെന്നും ചേച്ചിക്ക് പറ്റിയ റോളാണെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസിൽ ഭർത്താവിെൻറ മൃതദേഹത്തിനടുത്തുവെച്ച് കരയുന്ന സീനാണ് അഭിനയിച്ചത്.
സിനിമയും നാടകവും ഒരുമിച്ച്
സിനിമയും നാടകവും രണ്ടും രണ്ടാണല്ലോ. പി.ജെ. ആൻറണിയുടെ കൂടെ ജോലി ചെയ്തതുകൊണ്ടാകും വളരെ പെെട്ടന്ന് ഡയലോഗ് പറയാൻ കഴിയും. ബെന്നി പി. നായരമ്പലത്തിെൻറ ഏഴു നാടകങ്ങളിൽ അഭിനയിച്ചു. എല്ലാം നല്ല വേഷങ്ങളായിരുന്നു. അണ്ണൻ തമ്പിയിൽ അഭിനയിക്കുേമ്പാൾ ബെന്നി പറഞ്ഞു. നമ്മുടെ സാധനമാണ്. വെച്ച് അലക്കിക്കോ എന്ന്. കാമറ, അണിയറപ്രവർത്തകർ നമുക്ക് ചുറ്റുമുണ്ടെന്ന് ഭയം മനസ്സിൽ വന്നില്ല. ഇതുവരെ 42 സിനിമകളിൽ അഭിനയിച്ചു. ഡബ്ബിങ് സ്വന്തമായാണ് ചെയ്യുന്നത്. നാടകം നിർത്താതെ മൂന്നു കൊല്ലം സിനിമയിൽ അഭിനയിച്ചെങ്കിലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല.
അവാർഡ് സമ്മാനിച്ച സിനിമകൾ
‘ഇൗ മാ യോ’, ‘ഒറ്റമുറി വെളിച്ചം’ എന്നീ സിനിമകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൗ മാ യോ സിനിമയിൽ ഒരു വീട്ടിൽ അപ്പൻ മരിച്ചുകിടക്കുന്നു. ഭാര്യ കരയുന്ന സീനാണ്. വൈപ്പിൻ കരയിൽ കരച്ചിലിന് പ്രേത്യക രീതിയുണ്ട്. അയൽവാസികളും ബന്ധുക്കളും വന്നാൽ ആ വിവരം മരിച്ചയാളെ കരഞ്ഞ് അറിയിക്കും. അതാണ് ആ സിനിമയിലെ വേഷം. ചെമ്പൻ വിനോദിെൻറ അമ്മയായാണ് അഭിനയിക്കുന്നത്. സിനിമ റിലീസ് ആയിട്ടില്ല. വിഷുവിന് ആകും. പെണ്ണമ്മ എന്നാണ് കഥാപാത്രത്തിെൻറ പേര്. ‘ഒറ്റമുറി വെളിച്ചം’ എന്ന സിനിമയിൽ തിരുവനന്തപുരം ബോണക്കാടാണ് ഷൂട്ട് ചെയ്തത്. അവാർഡ് പടം എന്ന രീതിയിൽ ചെയ്തതാണ്. നല്ല വേഷമാണ്. രണ്ട് ആൺകുട്ടികളുടെ അമ്മയായാണ് അഭിനയിക്കുന്നത്
അവാർഡ് പ്രതീക്ഷ
സിനിമ അവാർഡ് അല്ലേ, പ്രതീക്ഷിച്ചില്ല. അഭിനയം എങ്ങനെ വിലയിരുത്തുമെന്ന് അറിയില്ലല്ലോ? തിയറ്ററിൽ കണ്ട് ആരെങ്കിലും അഭിപ്രായം പറയാൻ സിനിമ റിലീസ് ആയിട്ടില്ല. സിനിമ ചെയ്തപ്പോൾ എല്ലാവരും പറഞ്ഞിരുന്നു േചച്ചിക്ക് അവാർഡ് ഉറപ്പാണെന്ന്. അപ്പോൾ ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. അവാർഡിനെക്കാൾ സിനിമ റിലീസ് ആയാൽ എനിക്ക് നല്ല വേഷം കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. അവാർഡ് എന്ന് കേട്ടപ്പോൾ ശരിക്കും ഞെട്ടി. എന്നെക്കാൾ നന്നായി അഭിനയിക്കുന്ന ഒരുപാടു പേരുണ്ട്. അതിൽനിന്നൊക്കെ എന്നെ തെരഞ്ഞെടുത്തല്ലോ? അവാർഡ് വിവരം അറിയിച്ചത് ബെന്നി പി. നായരമ്പലാണ്. മമ്മൂട്ടി, സലിം കുമാർ, കെ.പി.എസ്.സി ലളിത എന്നിവരൊക്കെ വിളിച്ച് അഭിനന്ദനം അറിയിച്ചു.
എെൻറ നാട്ടുകാർ എന്നെ നന്നായി സ്നേഹിക്കുന്നു. അവർ നൽകിയ പിന്തുണ വലുതാണ്. വൈപ്പിൻ കരയിൽ ഒരുപാട് കലാകാരികളുണ്ട്. നിലനിന്നുപോയ അപൂർവം ചിലരിൽ ഒരാളാണെന്നതിൽ എനിക്ക് അഭിമാനമുണ്ട്. അവാർഡ് കിട്ടിയതറിഞ്ഞ് എെൻറ കൂടെ അഭിനയിച്ച ഒട്ടുമിക്ക നാടകക്കാരും എന്നെ വിളിച്ച് അഭിനന്ദിച്ചു. സിനിമ മോഹമുണ്ടായിരുന്നെങ്കിലും എവിടെയും അലഞ്ഞിട്ടില്ല. അന്വേഷിച്ചിട്ടില്ല. സിനിമ എനിക്ക് ഭ്രാന്താണ്. നടീ നടന്മാരെ കാണുക എന്നത് ഭയങ്കര ഇഷ്ടമാണ്. രാജൻ പി. ദേവിെൻറ നാടക ട്രൂപ്പിൽ അഭിനയിക്കുന്ന സമയത്ത് നടന്മാരെയും നടിമാരെയും ക്യാമ്പിൽ കൊണ്ടുവരണമെന്ന് അദ്ദേഹത്തോട് പറയും. അദ്ദേഹത്തിെൻറ കൂടെ അഞ്ചു വർഷം അഭിനയിച്ചു. ആ സമയത്ത് രണ്ട് നാടകത്തിന് പി.എ.എസ്.സി അവാർഡ് ലഭിച്ചു.
മമ്മൂട്ടിയുടെ കൂടെ ‘സബർമതി’യിൽ
മമ്മൂട്ടിയുടെ കൂടെ 1975ൽ ഒരുമിച്ച് ‘സബർമതി’ എന്ന നാടകം കളിച്ചിരുന്നു. ‘അണ്ണൻ തമ്പി’യുടെ ഷൂട്ടിങ് സൈറ്റിൽ മമ്മൂട്ടി കൂടെയുണ്ടായിരുന്നു. ഞാൻ മമ്മൂട്ടിയുമായി സംസാരിച്ചില്ല. നമുക്ക് ഒരുപാട് വ്യത്യാസങ്ങൾ വന്നല്ലോ? ജീവിതം മൊത്തം അലച്ചിലായിരുന്നല്ലോ? അണ്ണൻ തമ്പിയിലെ ചെറിയ സീൻ കണ്ടിട്ട് മമ്മൂട്ടി പറഞ്ഞു. അത് ഒരു പ്രഫഷനൽ ആണല്ലോ എന്ന്. അത് വൈപ്പിൻ കരയിലെ ആർട്ടിസ്റ്റ് പൗളിയാണെന്ന് കൂടെയുണ്ടായിരുന്ന നടൻ സിദ്ദീഖ് പറഞ്ഞു. അപ്പോൾ മമ്മൂക്ക പറഞ്ഞു. ഇത് എെൻറ കൂടെ നാടകത്തിൽ അഭിനയിച്ച ആളാണല്ലോ? അത് കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. മമ്മൂട്ടിക്ക് നല്ല ഒാർമയാണ്. കൂടെ അഭിനയിച്ച എല്ലാ ആർട്ടിസ്റ്റുകളുടെ പേരും നാടും ഒാർത്തുവെക്കും. താനെന്താ എന്നോടു മിണ്ടാത്തതെന്ന് ചോദിച്ചു. പരിചയമില്ലെന്ന് പറഞ്ഞാൽ ഞാൻ ചമ്മില്ലേ എന്ന് വിചാരിച്ചു. എനിക്ക് ഒരുപാട് മാറ്റം വന്നു. മമ്മൂക്ക ഇപ്പോഴും ചെറുപ്പക്കാരനാണല്ലോ? മമ്മൂട്ടിയുടെ ആത്മകഥയിൽ എെൻറ പേര് പരാമർശിക്കുന്നുണ്ട്. മമ്മൂട്ടിക്ക് നാടകം ഭ്രാന്തായിരുന്നു. ഒാച്ചൻ തുരുത്ത് വൈ.എഫ്.എ ക്ലബിൽ അദ്ദേഹം അംഗമായിരുന്നു. ‘സബർമതി’ എന്ന നാടകം കളിച്ച നടിമാരുടെ കൂട്ടത്തിൽ എെൻറ പേരും ചേർത്തിട്ടുണ്ട്. കാണുേമ്പാൾ എപ്പോഴും ചോദിക്കും നമുക്ക് ഇനിയും നാടകം കളിക്കണ്ടേ എന്ന്.
മമ്മൂട്ടിയാണ് ‘മംഗ്ലീഷ്’ എന്ന സിനിമയിൽ ചെറുവേഷം ചെയ്യാൻ എന്നെ നിർദേശിച്ചത്. കൊച്ചി ഭാഷയിൽ പറയാൻ പൗളിയെ വിളിക്കെന്ന് മമ്മൂട്ടി സംവിധായകനോട് പറഞ്ഞു. കൊച്ചി, വൈപ്പിൻ മേഖലയിലെ ഭാഷാശൈലിയാണ് പടങ്ങൾ കിട്ടാൻ പ്രധാന കാരണം. ഞാൻ വളരെ ലളിതമായി നടക്കുന്നയാളാണ്. അവാർഡ് ലഭിച്ച ഉടനെ ദൃശ്യമാധ്യമങ്ങൾ അഭിമുഖത്തിന് വന്നിരുന്നു. അപ്പോൾ പഴകിയ സാരി ഉടുത്താണ് പോയത്. അതു കണ്ടിട്ടാണ് മമ്മൂട്ടി അഭിനന്ദിക്കാൻ വിളിച്ചേപ്പാൾ സ്റ്റൈലായി നടക്കണെമന്ന് പറഞ്ഞത്.
മോഹൻലാലിെൻറ കൂടെ അഭിനയിക്കണമെന്ന വലിയ ആഗ്രഹം ഇപ്പോഴും ബാക്കിയാണ്. അദ്ദേഹത്തിെൻറ സെറ്റിൽ പോയിട്ടില്ല. തിരുവനന്തപുരം വിസ്മയ സ്റ്റുഡിയോയിൽ ഒരിക്കൽ ഡബ്ബിങ്ങിന് പോയിരുന്നു. മോഹൻലാലിനെക്കുറിച്ച് സംസാരിക്കുന്ന സമയത്താണ് അദ്ദേഹം സ്റ്റെപ്പു കയറി വരുന്നത്. അന്നാണ് ആദ്യമായി കണ്ടത്. കാൻറീനിൽ വന്ന് ഡബ്ബിങ് സംബന്ധിച്ച കാര്യങ്ങൾ ചോദിച്ചു. ശ്രദ്ധിക്കുന്ന വേഷം ചെയ്തത് ‘അഞ്ച് സുന്ദരികൾ’ എന്ന സിനിമയിലാണ്. അതിൽ ദുൽഖർ സൽമാൻ അഭിനയിച്ച കുള്ളെൻറ ഭാര്യ എന്ന സിനിമയിൽ. വേലക്കാരിയായി, ഫ്ലാറ്റിലെ കുറ്റങ്ങൾ അപ്പുറത്ത് പറയുന്ന വേലക്കാരി. വാതുറന്നാൽ കള്ളം പറയുന്ന മോളി ചേച്ചി. ദുൽഖർ സൽമാൻ എന്നെ കണ്ടാൽ മോളി ചേച്ചി എന്നാണ് വിളിക്കുന്നത്.
സണ്ണി വെയ്ൻ, ചെമ്പൻ വിനോദ് എന്നിവർ അഭിനയിക്കുന്നു ഒരു ഫ്രഞ്ച് വിപ്ലവം, ഭഗത് മാനുവൽ നായകനായ ഇസ്ഹാകിെൻറ ഇതിഹാസം, ആസിഫലി നായകനാകുന്ന ചിത്രം എന്നിവയിലാണ് അഭിനയിക്കുന്നത്.
വീടും കുടുംബവും
രണ്ട് ആൺമക്കളും ഭർത്താവും ഉൾപ്പെടുന്നതാണ് കുടുംബം. മകൻ ഒരാൾ കൊച്ചിയിൽ പ്രസിലും മറ്റൊരാൾ സംഗീത അധ്യാപകനുമാണ്. ഷൂട്ടിങ്ങുള്ള സമയം രാവിലെ നാലു മണിക്ക് എണീറ്റ് ജോലിയെല്ലാം ചെയ്ത് വീട്ടിൽനിന്ന് ഇറങ്ങും. വീട് വലുതാക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതിനൊക്കെ ഒരു സമയമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ സന്തോഷത്തോടെ കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.