Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസമാധാനമാണ്​ നാഗരികത

സമാധാനമാണ്​ നാഗരികത

text_fields
bookmark_border
pluralism
cancel

എതിരഭിപ്രായങ്ങൾ സ്വാഗതം ചെയ്യപ്പെടാത്ത ഒരു കാലത്തെ വിയോജനക്കുറിപ്പാണിത്. പാകിസ്താനിലെ ഭീകരക്യാമ്പുകളിൽ ഇന ്ത്യ ബോംബിട്ട പശ്ചാത്തലത്തിൽ ‘പുൽവാമ സിൻഡ്ര’ത്തെ നോക്കിക്കാണാനുള്ള ശ്രമം. പാകിസ്​താന് നമ്മൾ ഉചിതമായ മറുപടി ന ൽകിയെന്നും അതിനു കെൽപുള്ളവരാണ് നമ്മളെന്നുമുള്ള ചിന്ത അന്തരീക്ഷത്തിൽ നിറഞ്ഞു. പത്രങ്ങൾ ഒറ്റക്കെട്ടായി സർക്ക ാറിനെ പിന്തുണക്കുകയും അഭിനേതാക്കൾ മുതൽ ക്രിക്കറ്റ് കളിക്കാർവരെയുള്ള പൗരന്മാർ അവരുടെ വിശ്വസ്തത രേഖപ്പെടുത്ത ുകയും അക്ഷരാർഥത്തിൽ സർക്കാറിന് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്​തു. ഇതെല്ലാം കാണുമ്പോൾ ഇന്ത്യ ആഘോഷിക്കുന്ന ഈ നിമിഷങ്ങൾ പ്രതിഷ്ഠിക്കപ്പെടേണ്ടിയിരുന്നത് മ​േറ്റതോ സന്ദർഭത്തിലാണെന്ന ചിന്ത എന്നെ അഗാധമായി അസ്വസ്ഥനാക്കുന ്നു.

സമാധാനത്തിന് ധൈര്യം ആവശ്യമാണ്
ഇത് സ്കൂൾ വിദ്യാർഥി കാലത്തെ ഒരു സംഭവം എന്നെ ഓർമിപ്പിച്ചു. വിൻസ് ​റ്റൻ ചർച്ചിൽ കഥാപാത്രമായുള്ള ഒരു യുദ്ധസിനിമ കണ്ട്​ മടങ്ങുകയായിരുന്നു. വീട്ടിലെത്തി അച്ഛനോട് ചർച്ചിലിനെ പറ് റി ആവേശത്തോടെ സംസാരിച്ചു. വ്യസനം നിറഞ്ഞ ചിരിയോടെ അച്ഛൻ പറഞ്ഞു: ‘‘ചർച്ചിൽ ഒരു മുട്ടാളൻ ആയിരുന്നു. ഗാന്ധിജിയുടെ ചെരുപ്പി​​െൻറ വാറഴിക്കാനുള്ള യോഗ്യത പോലും അയാൾക്കില്ല." ചിന്താമഗ്​നനായി അദ്ദേഹം തുടർന്നു_ ‘‘ യുദ്ധം സൃഷ്​ടിക്കുന്നത് ഒരു സ്കൂൾ കുട്ടിയുടെ കൂറാണ്, പാതി ഒരു ബോയ് സ്കൗട്ടി​​െൻറയും മറ്റേ പാതി ജനക്കൂട്ടത്തി​​െൻറയും. അത് പകർച്ചവ്യാധിപോലെ പടരും. എന്നാൽ, സമാധാനം - അതിന് ധൈര്യം ആവശ്യമാണ്. അത് വളരെ ചുരുക്കം പേർക്കേ ഉള്ളൂ.’’ ഞാൻ ഇപ്പോഴും ആ വരികൾ വ്യക്തമായി ഓർക്കുന്നു.

പൊടുന്നനെ അത്ഭുതകരമായ ഒരു ​െഎക്യം ദൃശ്യമാകുന്നുണ്ട്​. ഈ ഐക്യബോധം വിയോജിപ്പുകളെ പൊറ​ുപ്പിക്കില്ല. ജനങ്ങൾ കൂറിനെ അക്ഷരാർഥത്തിലെടുക്കുകയും വെകിളി പിടിക്കുകയും ചെയ്യുന്നു. വളരെക്കാലമായി നിലനിൽക്കുന്ന ഒരു ബേക്കറിയുടെ പേരിൽനിന്ന് ‘കറാച്ചി’ എന്ന പദം നീക്കം ചെയ്യാനായി അതിനെ ആക്രമിക്കുന്നു. ഓരോരുത്തനും കൂറ്​ തെളിയിക്കാൻ കിണഞ്ഞുശ്രമിക്കുമ്പോൾ യുദ്ധം ഒരു സുവിശേഷപ്രചാരണം പോലെ ആകുന്നു. അവിടെ സംശയവും വിയോജിപ്പും അസാധ്യമാണ്. യുക്തിഭദ്രത അപൂർവമാണ്, ബഹുസ്വരത ഒരു വിദൂര സാധ്യത മാത്രമാണ്. ഭരണാധികാരികളോടുള്ള വിചിത്രമായ ഐക്യദാർഢ്യബോധം മാത്രമാണവിടെ. ഒരാഴ്ച മുമ്പ്​ സംശയപടലത്താൽ മൂടപ്പെട്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കറയറ്റ നായകനായി പ്രത്യക്ഷനാകുന്നു. ഈ മനോഭാവങ്ങൾക്ക് ചുറ്റുമുള്ള ദോഷൈക ദർശനം പോലും അവഗണിക്കപ്പെടുന്നു. ഭാരതീയ ജനതാ പാർട്ടി പ്രസിഡൻറ് അമിത് ഷാ അവകാശപ്പെടുന്നത് സുരക്ഷയും യുദ്ധവും അദ്ദേഹത്തി​​െൻറ വോട്ടുബാങ്കി​​െൻറ ഭാഗമാണെന്നാണ്.

കശ്മീരി, പാകിസ്​താനി, മുസ്​ലിം എന്നീ നാമങ്ങളെ സമീകരിക്കുകയും സമാധാനപരമായ ജീവിതവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോൾ, ചിന്ത ഒരു അത്യാഹിതം ആയിത്തീരുന്നു. യുദ്ധത്തി​​െൻറ അപാര ഭീകരതകളിൽനിന്ന് ശ്രദ്ധ മാറ്റി യുദ്ധത്തെ ഒരു കുടിപ്പകയിലേക്ക് ചുരുക്കുന്ന ഇന്ത്യയെ കാണുമ്പോൾ അമ്പരന്നുപോകുന്നു. രാജ്യം മുഴുവൻ ഒരു സംഭവത്തിൽനിന്ന് മറ്റൊന്നിലേക്ക് ജീവിക്കുമ്പോൾ യുദ്ധവും ക്രിക്കറ്റ് കളിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാവാതെ ടെലിവിഷനുകൾക്ക് ഹിസ്​റ്റീരിയ ബാധിക്കുന്നു. ഒരു രാഷ്​​്ട്രമായി നമ്മൾ സ്വയം അഭിനന്ദിക്കുമ്പോൾതന്നെ, നമ്മൾ ഒരു നാഗരികത കൂടിയാണ് എന്ന് മറന്നുപോകുന്നു. യുദ്ധാവേശവും ദേശസ്നേഹവും ഒരേ താളത്തിൽ ചലിക്കുമ്പോൾ വിമതശബ്​ദങ്ങൾ സ്വാഗതം ചെയ്യപ്പെടില്ല. ഒരുപക്ഷേ ശത്രുവിനെ നേരിടുന്നതി​െനക്കാൾ ധൈര്യം തൊട്ടടുത്ത പൗരന്മാരോട് വിയോജിക്കുന്നതിന് വേണ്ടിവന്നേക്കാം. പിന്നെയെങ്ങനെയാണ് ഒരാൾക്ക് ഒരു സംഭാഷണം ആരംഭിക്കാൻ കഴിയുക, എങ്ങനെയാണ് കൂടുതൽ വിമർശനാത്മകമായ ഒരു കാഴ്ചപ്പാടി​​െൻറ ഇടം സൃഷ്​ടിക്കാൻ കഴിയുക?

യുദ്ധം എന്താണ് അനുഭവിപ്പിക്കുന്നത്?
യൂറോപ്പിനെപോലെയോ ഏഷ്യയിലെതന്നെ അഫ്ഗാനിസ്​താൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളെപോലെയോ ഇന്ത്യക്ക് ഒരു രാജ്യമെന്നനിലയിൽ യുദ്ധം സമഗ്രതയിൽ അനുഭവിക്കേണ്ടിവന്നിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുദ്ധം എന്നത് അതിർത്തിയിലെ കാര്യം മാത്രമായിരുന്നു. രണ്ടാംലോകയുദ്ധം ജർമനിയെയും റഷ്യയെയും തരിപ്പണമാക്കിയതുപോലെ ഒരു യുദ്ധവും നമ്മുടെ ജീവിതത്തെ ബാധിച്ചിട്ടില്ല. അത് വളരെ ചെറിയ ഒരു ജനസഞ്ചയത്തെ മാത്രം ബാധിക്കുന്ന ഒരു ആഘാതമാണ്. നമ്മുടെ നേതാക്കൾ സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് സംസാരിക്കുമ്പോൾ അവർക്ക് ഹാൽദിഘട്ട് യുദ്ധവും ആധുനികയുദ്ധവും തമ്മിലുള്ള വ്യത്യാസം അറിയുമോ എന്ന് ആർക്കും സംശയംതോന്നും. അവർ കാലഹരണപ്പെട്ട ഒരു നാടകം അവതരിപ്പിക്കാൻ ശ്രമിക്കുന്ന നടീനടന്മാരെപ്പോലെയാണ്. ഒരു സമൂഹമെന്ന നിലയിൽ ഇന്ത്യ യുദ്ധത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടുതന്നെയുണ്ടാവില്ല. നമ്മൾ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് ഒരു ഗതാഗതപ്രശ്നം എന്നതുപോലെയാണ്. നമ്മുടെ യുദ്ധവിദഗ്ധന്മാരും അന്താരാഷ്​​്ട്രതന്ത്രജ്ഞരും ദേശസുരക്ഷയെയും ദേശസ്നേഹത്തെയും കൂട്ടിക്കുഴക്കുന്നു. ദേശസുരക്ഷപോലെ വരണ്ട മറ്റൊരു ആധുനിക ആശയവും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ക്ഷതം വരുത്തിയിട്ടില്ല. ദേശസുരക്ഷയെക്കുറിച്ചുള്ള ഔദ്യോഗിക നിലപാടുകൾ രൂപവത്​കരിക്കുന്നതിന് മനുഷ്യക്കുരുതികളുടെ എണ്ണമെടുക്കേണ്ടത് ആവശ്യമാണ്. നശിച്ച ജീവിതങ്ങളുടെയും ദഹിച്ച ശരീരങ്ങളുടെയും കണക്കെടുത്തേ മുന്നോട്ടുള്ള പോക്കിനെ യുക്തിഭദ്രമാക്കാനാകുകയുള്ളൂ. പരപ്രേരണക്ക്​ വശംവദമാകുന്ന ഒരു സമൂഹത്തിൽ ഇത്തരം വാക്കുകൾ അലറിവിളിക്കുന്നത് രാജ്യത്തി​​െൻറ ബഹുസ്വരതയെയും ജനാധിപത്യത്തെയും തകർക്കും.

യുദ്ധത്തോടുള്ള ഈ അഭിനിവേശം അപകടത്തിലാക്കുന്നത് ജനാധിപത്യത്തെയും യുക്തിബോധത്തെയുമാണ്. പാകിസ്​താന് ഒരു രാക്ഷസീയരൂപം നൽകുന്ന നിമിഷം മുതൽ കശ്മീരിനോടുള്ള നമ്മുടെ ഇടപെടലുകൾ യുക്തിസഹമായും സർഗാത്മകമായും മനസ്സിലാക്കാൻ നമുക്ക് കഴിയാതെ പോകും എന്ന് നേതാക്കൾക്ക് അറിയാം. പാകിസ്​താനിലെ യുദ്ധക്കൊതിയെക്കുറിച്ചും സൈനികവത്​കരണത്തെക്കുറിച്ചും നമുക്ക് ഒരു വിഷമവുമില്ലാതെ സംസാരിക്കാം. എന്നാൽ, കശ്മീരിലും മണിപ്പൂരിലും നമ്മൾ തന്നെ ചെയ്യുന്ന ക്രൂരത കാണാൻ കൂട്ടാക്കുകയില്ല. ബർലിൻ മതിൽ ഒരു വിദൂര പേടിസ്വപ്നം മാത്രമായിത്തീരുമ്പോഴും വടക്കൻ അയർലണ്ടിലെ അൾസർ സാധാരണ നില പ്രാപിക്കു​േമ്പാഴും കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി ആഭ്യന്തരയുദ്ധം എന്തുകൊണ്ട് നടക്കുന്നു എന്ന് ഒരു ക്രിയാത്മക ജനാധിപത്യരാജ്യമായ ഇന്ത്യ ചോദിക്കണ്ടേ? സമാധാനത്തി​​െൻറ വഴിയിലേക്ക് പാകിസ്​താനെ വെല്ലുവിളിക്കാൻ കെൽപുള്ള ഒരു ധാർമികനേതൃത്വം എന്തുകൊണ്ട് നമുക്ക് ഉണ്ടാകുന്നില്ല? ആഭ്യന്തരയുദ്ധങ്ങളും ഭൂരിപക്ഷ ആൾക്കൂട്ടവും നമ്മുടെ നാഗരികതയുടെ അന്തഃസത്തയെ കാർന്നുതിന്നുമ്പോഴും നമ്മൾ ഒരു ജനാധിപത്യ രാജ്യമാണെന്ന് എന്തുകൊണ്ട് വിചാരിക്കുന്നു? പഞ്ചശീലതത്ത്വങ്ങളിൽ നാം മുന്നോട്ടു​െവച്ച സാർവദേശീയ പൗരൻ ഇന്ന് എവിടെ നിൽക്കുന്നു? പാകിസ്​താൻ ഒരു തെമ്മാടിരാഷ്​ട്രം ആയതുകൊണ്ട് മോഹൻദാസ് ഗാന്ധിയുടെയും അബ്​ദുൽഗഫാർഖാ​​െൻറയും സംസ്കൃതിയെ കുറിച്ചുള്ള സ്വപ്നങ്ങൾ നമ്മൾ കൈവിടേണ്ടതുണ്ടോ?

തന്ത്രപരമായിപ്പോലും നമുക്കുതന്നെയാണ് നഷ്​ടമെന്ന് കാണാം. തന്ത്രമെന്നത് ആയുധവാഴ്ചയുടെ, പൗരുഷപ്രകടനത്തി​​െൻറ സ്വന്തമായിരിക്കുകയാണ്. ഇപ്പോഴത് നൈതികതയും മൂല്യവും നഷ്​ടപ്പെട്ട ഒരു പദം. അടവി​െനക്കാൾ തന്ത്രത്തിന് ദീർഘകാല പ്രസക്തിയുണ്ട്. അത് ഏതൊരു മാന്യമായ സമൂഹത്തിലും ഒരു മൂല്യവ്യവസ്ഥ ആവശ്യപ്പെടുന്നു. ദുഃഖത്തോടെ പറയട്ടെ, പാകിസ്​താനെ ഒരു വിനീത ദാസൻ എന്നനിലയിൽ കണക്കാക്കുന്ന, പുൽവാമയുടെ പ്രധാന ഗുണഭോക്താവായ ചൈന ഉൾപെടുന്ന ഒരു ഭൂരാഷ്​ട്രതന്ത്ര കെണിയിലേക്ക് ഇന്ത്യ നടന്നുനീങ്ങുന്നു എന്നാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ അതി​​െൻറ ഏറ്റവും വലിയ നേട്ടമായ ജനാധിപത്യക്രമത്തിൽനിന്ന് മാറി സൈനികവത്​കരിക്കപ്പെട്ട ഒരു ഏകാധിപത്യത്തിനു കീഴിൽ ആയിക്കാണാനാണ് ചൈന ആഗ്രഹിക്കുന്നത്. സമാധാന കാഴ്ചപ്പാടുകളും ഒരു തന്ത്രമാണ്. അതായത് ഒരു ജനാധിപത്യക്രമം എന്നനിലയിലും സമാധാനം ആഗ്രഹിക്കുന്ന രാജ്യം എന്ന നിലയിലും നമ്മൾ ചൈനയെ ചിന്താപരമായി മറികടക്കുകയും അതിജീവിക്കുകയും വേണം. ആണത്തത്തി​​െൻറ അഹന്തനിറഞ്ഞ ദേശസുരക്ഷാ ബിംബത്തോടുള്ള ദുർബലമായ വെല്ലുവിളിയല്ല സമാധാനം. അത് ക്ഷിപ്രകോപിയായ ദേശീയ രാഷ്​ട്രത്തോടുള്ള നാഗരികതയുടെ പ്രതികരണമാണ്.

വിയോജിപ്പാണ് നിലനിൽപ്​
നമ്മുടെ സഹപൗരന്മാരോട് സംവദിക്കുമ്പോൾ നമ്മുടെ സ്വദേശി, സ്വരാജ് ബോധം എത്ര മഹത്താണ് എന്ന് ഗാന്ധിയൻ രീതിയിൽ പ്രകടമാക്കേണ്ടതുണ്ട്. വരണ്ട ദേശസ്നേഹത്തിന് ഇല്ലാത്ത ഉത്തരവാദിത്തങ്ങൾ സമാധാനത്തിനുണ്ട്. എങ്കിലും, നമ്മുടെ നിലനിൽപി​​െൻറ നൈതികതയെ കുറിച്ച് സംശയാലുക്കളായവരെ തിരുത്താൻ സംഭാഷണങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. ഈ സമയത്ത് വിയോജിപ്പ് എന്നാൽ ഒരേസമയം നിലനിൽപ്പി​​െൻറയും ക്രിയാത്മകമായ ശ്രദ്ധയുടെയും പ്രകാശനമാണ്. ബുദ്ധൻ, നാനാക്ക്, കബീർ, ഗഫാർഖാൻ, ഗാന്ധി എന്നിവരാൽ പ്രചോദിതമായ സമാധാനത്തെ കുറിച്ചുള്ള ഏറ്റവും സർഗാത്മകമായ കാഴ്ചപ്പാടുകൾ ലോകത്തിന് നൽകിയ ഒരു സംസ്കൃതിയാണ് ഇന്ത്യ എന്ന് നാം മനസ്സിലാക്കണം. ആണവയുദ്ധങ്ങളും മനുഷ്യക്കുരുതിയുമാണ് വിധിക്കപ്പെട്ടത് എന്ന് ധരിച്ചിരിക്കുന്ന ഒരു ലോകത്തിനുമുന്നിൽ ഈ സമാധാന കാഴ്ചപ്പാടുകൾ ഏറ്റവും ക്രിയാത്മകമായി അവതരിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. ഇന്നത്തെ ദേശരാഷ്​ട്ര സങ്കൽപനങ്ങൾ മറികടന്ന്, സമാധാനം ആവശ്യപ്പെടുന്ന നാഗരികതയോടെ, ഈ ആശയങ്ങളുടെ വിളനിലം ഒരുക്കുന്നതിന് സഹായിക്കാൻ പൗരസമൂഹവും ആശ്രമങ്ങളും സർവകലാശാലകളും ശ്രമിക്കണം. നാഗരികമൂല്യങ്ങളിലേക്ക് തിരിച്ചുപോകേണ്ട ഒരു സമൂഹത്തി​​െൻറ പവിത്രരേഖയും സമ്മതപത്രവുമാണ്​ സമാധാനം. അത് സത്യഗ്രഹിയുടെ സ്വപ്നങ്ങളെക്കുറിച്ചുള്ള നിവേദനമാണ്, ഇപ്പോഴത്തെ ദേശരാഷ്​ട്രാധീശത്വത്തെ വെല്ലുവിളിക്കാൻ സമാധാനത്തിന് ആശയങ്ങളും ആദർശങ്ങളും പരീക്ഷണങ്ങളും വേണം എന്ന തിരിച്ചറിവാണ്. ഒരു നാഗരികത എന്നനിലയിൽ ഇന്ത്യക്ക് മറിച്ചൊന്ന് ആകാനാവില്ല.

(സാമൂഹിക ശാസ്ത്രജ്ഞനും ജിൻഡാൽ ഗ്ലോബൽ ലോ സ്കൂളിൽ പ്രഫസറുമായ ലേഖകൻ ‘ദ ഹിന്ദു’ പത്രത്തിലെഴുതിയത്​. മൊഴിമാറ്റം: പി.എൻ വിജയകുമാർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issuearticlemalayalam newsIndia- Pak TensionWar tension
News Summary - Peace Is the Civilization - Article
Next Story