പി.എഫ് പെൻഷൻ: നീതി വൈകിപ്പിക്കുന്നത് അനീതിയാണ്
text_fieldsരാജ്യത്തെ ഇ.പി.എഫ് പെൻഷന് അർഹതയുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം പകർന്നുകൊണ്ടാണ് 2022 നവംബർ നാലിന് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ സുപ്രധാനവിധി പുറത്തുവന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ ശരിവെച്ചുകൊണ്ട് കേരള, രാജസ്ഥാൻ, ഡൽഹി ഹൈകോടതികൾ തീർപ്പുകൽപിച്ച കേസുകളിൽ ഇ.പി.എഫ് ഓർഗനൈസേഷനും കേന്ദ്ര തൊഴിൽമന്ത്രാലയവും നൽകിയ സ്പെഷൽ ലീവ് പെറ്റീഷൻ സുപ്രീംകോടതി നിരാകരിച്ച ഘട്ടത്തിലാണ് അവർ സുപ്രീംകോടതിയിൽ റിവ്യൂഹരജി നൽകിയത്.
അതിന്മേൽ നീണ്ടനാളത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് നിർണായകമായ വിധിപ്രസ്താവ്യം നടന്നത്. എന്നാൽ, വിധിവന്ന് അമ്പതിലേറെ ദിനങ്ങൾ പിന്നിട്ടിട്ടും ഇ.പി.എഫ് ഓർഗനൈസേഷനോ കേന്ദ്ര തൊഴിൽ മന്ത്രാലയമോ വിധി നടപ്പാക്കുന്നതിന് ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് ഏറെ ദുഃഖകരവും പ്രതിഷേധാർഹവുമാണ്.
1996ലാണ് യഥാർഥ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ ലഭിക്കുന്നതിനായാണ് സെക്ഷൻ 11 (3) നിയമത്തിൽ കൂട്ടിച്ചേർക്കപ്പെട്ടതും അതിൻപ്രകാരം ഹയർ ഓപ്ഷൻ നൽകാനുള്ള തൊഴിലാളികളുടെ അവകാശം നിലവിൽവന്നതും. എന്നാൽ, 2004 ഡിസംബറിൽ ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ ഇ.പി.എഫ്.ഒ ഈ ആനുകൂല്യം തികച്ചും ഏകപക്ഷീയമായി എടുത്തുകളയുകയായിരുന്നു.
ഈ വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടു എന്നതാണ് നവംബറിലെ സുപ്രീംകോടതി വിധിയുടെ സുപ്രധാനമായ പ്രത്യേകത. എന്നാൽ, ഈ വിധി തൊഴിലാളികളെ (1) 01.09.2014ന് മുമ്പ് സർവിസിൽനിന്ന് വിരമിച്ചവർ, (2) 01.09.2014ൽ സർവിസിൽ ഉണ്ടായിരുന്നവരും പിന്നീട് വിരമിച്ചവരും ഇപ്പോൾ സർവിസിൽ തുടരുന്നവരും (3) 01.09.2014ന് ശേഷം സർവിസിൽ പ്രവേശിച്ചവർ എന്നിങ്ങനെ മൂന്നായി തരംതിരിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു: സ്വാഗതാർഹമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും വിധിയിൽ നിരവധി അവ്യക്തതകളുണ്ട്.
2004നും 2014നുമിടയിൽ വിരമിച്ചവരിൽ ഹയർ ഓപ്ഷൻ ഇതുവരെ കൊടുത്തിട്ടില്ലാത്തവർക്ക് വിധിയുടെ ആനുകൂല്യം ലഭിക്കുകയില്ല എന്ന് പറയുന്നുണ്ട്. ഇത് ഏറെ നിർഭാഗ്യകരമാണ്. ഈ വിഭാഗത്തിലെ ജീവനക്കാരാണ് ഹയർ ഓപ്ഷൻ പ്രശ്നം വിവിധ കോടതികളുടെ പരിഗണനക്കായി എത്തിച്ചതും നീണ്ട നിയമപോരാട്ടങ്ങളിൽ പങ്കാളികളായതും.
എന്നാൽ, ഇതേ വിധിയിൽതന്നെ ആർ.സി. ഗുപ്ത കേസിലെ നിർണായകമായ സുപ്രീംകോടതി വിധിയും അതിന്റെ നിർദേശങ്ങളും അതേപടി ശരിവെക്കുന്നതായും അംഗീകരിക്കുന്നതായും സുപ്രീംകോടതി പറയുന്നുണ്ട് എന്നതും വസ്തുതയാണ്.വിധിതീർപ്പുകളിൽ പറയുന്ന മൂന്ന് സമയപരിധികളിൽ രണ്ടും തൊഴിലാളികളെ നേരിട്ട് ബാധിക്കുന്നവയായതിനാൽ ലക്ഷക്കണക്കിന് തൊഴിലാളികൾ ആശങ്കയിലാണ്.
വിധിയുടെ വെളിച്ചത്തിൽ ഇ.പി.എഫ്.ഒ പുറത്തിറക്കേണ്ടിയിരുന്ന ഔദ്യോഗിക വിജ്ഞാപനം നാളിതുവരെയും വന്നിട്ടില്ല, തൊഴിൽമന്ത്രാലയവും വേണ്ടവിധത്തിൽ പ്രതികരിക്കുന്നില്ല. അതിനിടെ ‘വിധി ഉടൻ നടപ്പാക്കിയേക്കില്ല’ എന്ന തലക്കെട്ടിൽ വന്ന പത്രവാർത്തയും തൊഴിലാളികളെ ഉത്കണ്ഠയിലാഴ്ത്തിയിട്ടുണ്ട്. വിധിക്ക് സാമ്പത്തികവും നിയമപരവുമായ അനന്തരഫലം ഉണ്ടെന്നാണ് കേന്ദ്രസർക്കാറിന്റെ വിലയിരുത്തൽ.
വിധി അതേപടി നടപ്പിലാക്കുന്നതിൽ ഇ.പി.എഫ്.ഒക്കോ കേന്ദ്രസർക്കാറിനോ ഒരുവിധ താല്പര്യവുമില്ല എന്നുവേണം കരുതാൻ. രാജ്യസഭയിലെ ചോദ്യോത്തരവേളയിൽ കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വര തെലി വ്യക്തമാക്കിയതിൻ പ്രകാരം 1.16 ശതമാനം അഡീഷനൽ കോൺട്രിബ്യൂഷനെക്കുറിച്ച് അന്തിമതീരുമാനത്തിന് ആറു മാസത്തെ കാലാവധിയും സെക്ഷൻ 11 (4) പ്രകാരം എല്ലാ ജീവനക്കാർക്കും ഓപ്ഷൻ നൽകാൻ നാലു മാസത്തെ സമയപരിധിയും ആർ.സി. ഗുപ്ത കേസിലെ സുപ്രീംകോടതി വിധിപ്രകാരമുള്ള നിർദേശങ്ങൾ നടപ്പിലാക്കുന്നതിനും സെക്ഷൻ 11 (3) പ്രകാരമുള്ള ഓപ്ഷൻ സമർപ്പിക്കുന്നതിനും എട്ട് ആഴ്ചത്തെ സമയവുമുണ്ട്.
ഇതിൽനിന്ന് താഴെ പറയുന്ന അനുമാനങ്ങളിൽ നമുക്ക് എത്താൻ കഴിയും എന്ന് തോന്നുന്നു:(1) 01.09.2014ന് മുമ്പ് വിരമിച്ച ജോയന്റ് ഓപ്ഷൻ നൽകി പെൻഷൻ കൈപ്പറ്റുന്നവർക്ക് തുടർന്നും പെൻഷൻ അതേപടി ലഭ്യമാകും.(2) 01.09.2014ന് മുമ്പ് വിരമിച്ചവരിൽ ഓപ്ഷൻ ഇതിനകം നൽകിയിട്ടും പെൻഷൻ ഇതുവരെ ലഭ്യമാകാത്തവർ അവരവരുടെ ജോയന്റ് ഓപ്ഷൻ ഇ.പി.എഫ്.ഒയിൽ സമർപ്പിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സമർപ്പിച്ചവർ അതിന്റെ നിയമപരമായ സാധുതയും സ്വീകാര്യതയും ഉറപ്പുവരുത്തി അതുസംബന്ധിച്ച രേഖകൾ കൈപ്പറ്റണം.
അല്ലാത്തപക്ഷം വിധിവന്ന് എട്ട് ആഴ്ച തികയുന്ന 30.12.2022ന് മുമ്പുതന്നെ 11(3) പ്രകാരമുള്ള ജോയന്റ് ഓപ്ഷൻ ഇ.പി.എഫ്.ഒക്ക് സമർപ്പിക്കേണ്ടതും ആയതിനുള്ള കൈപ്പറ്റ് രസീത് വാങ്ങേണ്ടതുമാണ്.(3) 01.09.2014ന് മുമ്പ് വിരമിച്ചവരിൽ നാളിതുവരെ ഓപ്ഷൻ സമർപ്പിച്ചിട്ടില്ലാത്തവർക്ക് വിധിയുടെ ആനുകൂല്യം ലഭിക്കുകയില്ല എന്ന് വിധിയിൽ പറയുന്നുണ്ടെങ്കിലും ആർ.സി. ഗുപ്ത കേസിലെ നിർദേശങ്ങൾ കോടതി അംഗീകരിച്ച സ്ഥിതിക്ക് ആ കേസിന്റെ പരിരക്ഷ ലഭ്യമാകും എന്നതിനാൽ 11(3) പ്രകാരമുള്ള ജോയന്റ് ഓപ്ഷൻ 30.12.2022ന് മുമ്പായി സമർപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്.
(4) 01.09.2014ന് ശേഷം വിരമിച്ചവർക്കും സർവിസിൽ തുടരുന്നവർക്കും ഈ വിധി ഏറെ ആശ്വാസകരംതന്നെ. കാരണം, യഥാർഥ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ ഈ വിധി അവർക്ക് ഉറപ്പാക്കുന്നു. എന്നാൽ, പെൻഷൻ ലഭിക്കുന്നതിന് ആധാരമായ ശമ്പളം മുമ്പുള്ളതുപോലെ 12 മാസത്തെ ശരാശരി അല്ല, മറിച്ച് 60 മാസത്തെ ശരാശരി ആയിരിക്കും എന്നതാണ് വ്യത്യാസം. ലോകത്ത് ഒരിടത്തും ഇങ്ങനെ ഒരുനിയമം പ്രാബല്യത്തിലില്ല എന്നിരിക്കെ ഇത് തികച്ചും അശാസ്ത്രീയവും സാമാന്യനീതിയുടെ പ്രകടമായ നിഷേധവുമാണ് എന്ന് പറയാതെവയ്യ.
(5) 01.09.2014ന് ശേഷം വിരമിക്കുകയും ഇപ്പോൾ ഉയർന്ന പെൻഷൻ ലഭിക്കുകയും ചെയ്യുന്നവർക്ക് ലഭ്യമായ പെൻഷനിൽ ഗണ്യമായ കുറവ് ഉണ്ടാകാനോ നാളിതുവരെ കൈപ്പറ്റിയ പെൻഷനിലെ അധികതുക തിരിച്ചടക്കേണ്ടിവരാനോ സാധ്യത കാണുന്നു. മാതൃനിയമത്തിലെ 6, 6 (a), 7 എന്നീ വകുപ്പുകൾ പ്രകാരം വാങ്ങിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ കുറക്കാനോ ഇല്ലാതാക്കാനോ കഴിയുകയില്ല എന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ആ വ്യവസ്ഥകൾ എത്രമാത്രം പ്രയോജനകരമാവും എന്ന് കണ്ടറിയണം.
ഈ വിഷയത്തിൽ 01.09.2014ന് മുമ്പ് വിരമിച്ചവർക്ക് ലഭിക്കുന്ന 12 മാസത്തെ ശരാശരി ശമ്പളത്തിന് ആനുപാതികമായ പെൻഷൻ നേടിയെടുക്കുക എന്നത് മാത്രമാണ് പോംവഴി. അതിന് ഇനിയും നിയമപോരാട്ടങ്ങൾ വേണ്ടിവരും.(6) 01.09.2014ന് ശേഷം വിരമിച്ചവരും സർവിസിൽ തുടരുന്നവരും വർധിച്ച പെൻഷൻ ലഭിക്കാനായി 11 (3), 11 (4) പ്രകാരമുള്ള ജോയന്റ് ഓപ്ഷനുകൾ പ്രത്യേകം പ്രത്യേകം തയാറാക്കി ഒരുമിച്ച് ഇ.പി.എഫ്.ഒയിൽ സമർപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്. ഇതിനുള്ള കാലാവധി 04.11.22 മുതൽ നാല് മാസമായി സുപ്രീംകോടതി നിജപ്പെടുത്തിയിട്ടുണ്ട്. അതായത് 03.03.2023ന് മുമ്പായി ഈ വിഭാഗത്തിലുള്ളവർ ജോയന്റ് ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്.
(7) വിധി ഏറ്റവും ദോഷകരമായി ബാധിക്കുന്നത് 01.09.2014ന് ശേഷം സർവിസിൽ പ്രവേശിച്ചവരെയാണ്. ഇവരെ തന്നെ രണ്ടു രീതിയിലാണ് പരിഗണിക്കുന്നത്. 15,000 രൂപവരെ ശമ്പളമുള്ളവർക്ക് നിയമാനുസൃത പെൻഷൻ ലഭിക്കും. അതിനുള്ള 11 (4) പ്രകാരമുള്ള ജോയന്റ് ഓപ്ഷൻ 03.03.2023നകം സമർപ്പിച്ചിരിക്കണം. 15,000 രൂപക്ക് മുകളിൽ ശമ്പളമുള്ളവർക്ക് പെൻഷനുതന്നെ അർഹത ഉണ്ടായിരിക്കില്ല എന്നതാണ് ഏറെ സങ്കടകരം. ഒട്ടും ന്യായീകരിക്കാനാവാത്ത തീരുമാനമാണിത്. തൊഴിലാളിവിരുദ്ധമായ ഈ നിലപാടിനെ സുപ്രീംകോടതി ന്യായീകരിച്ചു എന്നതാണ് അതിശയകരം. 2014ൽ ഈ തീരുമാനം എടുക്കാൻ ചേർന്ന ഇ.പി.എഫ്.ഒയുടെ കേന്ദ്ര ബോർഡ് ട്രസ്റ്റിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും ഉൾപ്പെട്ടിരുന്നു എന്നത് അതിലേറെ ഞെട്ടിപ്പിക്കുന്നു.
04.11.2022ലെ സുപ്രീംകോടതി വിധി ഇപ്പോഴും വിശദമായ പഠനത്തിനും പരിശോധനക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. വിധിയുടെ വിശകലനത്തിൽ ഇ.പി.എഫ്.ഒ പുലർത്തുന്ന നിഷ്കർഷതകളെക്കുറിച്ചും അവർ സൃഷ്ടിച്ചേക്കാവുന്ന തൊഴിലാളിവിരുദ്ധമായ നിലപാടുകളെക്കുറിച്ചും നോട്ടിഫിക്കേഷൻ പ്രസിദ്ധീകൃതമാകാതെ വ്യക്തത ഉണ്ടാവുകയില്ല. വിധിയിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നിരവധി സംഘടനകളും വ്യക്തികളും ഇതിനകംതന്നെ ഹരജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
വേണമെങ്കിൽ ഇവയുടെ വിധി വരുന്നതുവരെ നടപടികൾ വൈകിപ്പിക്കാൻ ഇ.പി.എഫ്.ഒക്ക് കഴിയും. ചിലപ്പോൾ ഇ.പി.എഫ്.ഒ തന്നെ പുനഃപരിശോധന ഹരജിയുമായോ വിശദീകരണ ഹരജിയുമായോ സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കേസ് തീർപ്പാകുന്നതുവരെ നടപടികൾ നീളുകയും ചെയ്തേക്കാം.രാവും പകലും അത്യധ്വാനംചെയ്ത രാജ്യത്തെ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും സുപ്രീംകോടതി നിർദേശിച്ച ശേഷവും നീതി നടപ്പാക്കാൻ തയാറാവാത്തതും കടുത്ത അനീതിയാണെന്ന് പറയാതെവയ്യ.
(തൊഴിലാളികളുടെ പി.എഫ് പെൻഷൻ പോരാട്ടങ്ങളിൽ സജീവ പങ്കുവഹിച്ചിട്ടുണ്ട് കെ.എസ്.എഫ്.ഇ റിട്ട. ചീഫ് മാനേജർ കൂടിയായ ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.