കേരള മോഡലിൽ പട്ടികജാതിക്കാരുടെ ഇടം
text_fields68 വർഷം പിന്നിട്ട കേരളം വൻകുതിപ്പുകൾ അവകാശപ്പെടുമ്പോഴും പട്ടികജാതി സമൂഹം ഇന്നും കീഴാളരിൽ കീഴാളരായി തുടരുന്നതെന്തു കൊണ്ടാണ്? സാമൂഹിക നിരീക്ഷകരും ഗവേഷകരുമായ സിയര് മനുരാജ്, ശ്രീനിജ് കെ.എസ് എന്നിവരുടെ വിശകലനം
ആഫ്റോ അമേരിക്കന്‍ ജനതയുടെ ചരിത്രപരമായ പൗരാവകാശ പോരാട്ടങ്ങള്‍ക്ക് തിരികൊളുത്തിയ മൗണ്ട്ഗോമറി പൊതുബസ് ബഹിഷ്കരണം ആരംഭിക്കുന്നത് റോസ പാര്‍ക്ക് എന്ന സ്ത്രീ ബസിൽ താനിരുന്ന സീറ്റ് ഒരു വെള്ളക്കാരന് കൊടുക്കാന്‍ വിസ്സമ്മതിച്ചപ്പോളാണ്. ആ സീറ്റ് തനിക്കുകൂടി അവകാശപ്പെട്ടതാണെന്ന രാഷ്ട്രീയബോധ്യമാണ് ആ വിസ്സമ്മതത്തിന് റോസാ പാര്‍ക്കിനെ ശക്തയാക്കിയത്.
അതുവഴി അവർ ലോകത്തോട് വിളിച്ചുപറഞ്ഞത് തുല്യാവകാശങ്ങളും തുല്യാവസരങ്ങളും എല്ലാവര്ക്കും ബാധകമാക്കണമെന്നായിരുന്നു. തന്റെ വിശ്വവിഖ്യാതമായ ഗെറ്റിസ്ബര്‍ഗ് പ്രസംഗത്തിൽ ‘അലബാമയിലെ തെരുവുകളിലൂടെ കറുത്തവരുടെ മക്കളും വെളുത്തവരുടെ മക്കളും സഹോദരങ്ങളെപോലെ കൈകോര്‍ത്ത് പോകുന്ന ഒരു സ്വപ്നം എനിക്കുണ്ട്’ എന്ന് പറയുമ്പോള്‍ അവസരസമത്വത്തിലൂടെ നേടിയെടുക്കേണ്ട ഒരു പുതുജീവിതത്തെ പറ്റിയുള്ള വലിയ സ്വപ്നമാണ് മാര്ട്ടിന് ലൂഥര്‍ കിങ് ലോകജനതയോട് പങ്കുവെച്ചത്.
പടിഞ്ഞാറന്‍ ലിബറല്‍ ഇക്കണോമിസ്റ്റുകള്‍ വ്യക്തിയുടെയും സമൂഹങ്ങളുടെയും സവിശേഷ സാഹചര്യങ്ങളെ പരിഗണിക്കാതെ കേവലമായ ദാരിദ്ര്യത്തെപറ്റി വാചാലമായപ്പോഴാണ് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ റെനെ ലെനോര്‍ സാമൂഹിക പുറന്തള്ളല്‍ (Social Exclusion) എന്ന ആശയം മുന്നോട്ട് വെച്ചത്.
അംഗപരിമിതർ, വയോധികർ, മാനസികാരോഗ്യപ്രശ്നങ്ങളുള്ളവർ, ബൗദ്ധികമായി ഭിന്നശേഷിയുള്ള ആളുകള്‍ തുടങ്ങിയവര്‍ എങ്ങനെയാണ് ഭരണകൂട വികസന റഡാറില്‍ പെടാതെ പോകുന്നത് എന്നായിരുന്നു റെനെ ലെനോര്‍ അന്വേഷിച്ചത്.
പില്ക്കാലത്ത് പ്രഫ.അമര്‍ത്യ സെന്നിനെ പോലുള്ള വികസന സാമ്പത്തിക ശാസ്ത്രജ്ഞര്‍ ‘ജനാധിപത്യ പൊതു സമൂഹത്തിനകത്ത് പൗരരായി ജീവിക്കുമ്പോള്‍ തന്നെ ജീവിതായോധാനം ഇല്ലാതായി പോകുന്നവര്‍, പൗരാവകാശങ്ങള്‍ ഇല്ലാതായി പോകുന്നവര്‍, സ്വത്തോ വരുമാനമോ രാഷ്ട്രീയ അവകാശങ്ങളോ ഇല്ലാതായി പോകുന്നവര്‍, വിദ്യാഭ്യാസമോ നിയമ പരിരക്ഷയോ സാമൂഹിക മൂലധനമോ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തമോ എന്തിന് മനുഷ്യാവകാശമോ മനുഷ്യാന്തസ്സോ ഇല്ലാതായി പോകുന്ന പലതരം ദുര്‍ബല മനുഷ്യരെ കൂടിച്ചേര്‍ത്ത് റെനെ ലെനോറിന്റെ ലിസ്റ്റ് പുതുക്കുകയുണ്ടായി.
സുപ്രസിദ്ധ ചിലിയന്‍ സാമൂഹിക ചിന്തകയായ മൈറ ബുവിനിക് സാമൂഹികമായ പുറന്തള്ളലിനെ നിര്‍വചിക്കുന്നത് ‘സമൂഹത്തിനകത്തെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഇടങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ ഒരു വ്യക്തിക്ക് കഴിയാത്ത സാഹചര്യം’ എന്നാണ്. നവോത്ഥാനത്തിന്റെ നീണ്ട പാരമ്പര്യവും ജനാധിപത്യ ഭരണകൂടങ്ങളുടെ നിയമവാഴ്ചയും കൂടി സൃഷ്ടിച്ചെടുത്ത പുരോഗമന കേരളത്തിലാണ് ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹമന്ത്രിയും ജാതീയമായി അധിക്ഷേപിക്കപ്പെടുന്നത്.
മുഖ്യമന്ത്രിയെ വരെ ജാതീയമായി അധിക്ഷേപിക്കാനും ഒരു വ്യക്തി എന്ന നിലയില്‍ ആ മനുഷ്യന് ആര്‍ജിച്ച എല്ലാ മഹിമകളേയും റദ്ദ് ചെയ്തുകൊണ്ട് കേവലം ഒരു ജാതി സ്വത്വത്തിലേക്ക് ചുരുക്കാന്‍ കെല്പുള്ള ഒരു ജാതിബോധവും അതിന്റെ പ്രയോഗപദ്ധതികളും നിലനില്‍ക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയില്‍ എങ്ങനെയാണ് കേരള മോഡല്‍ വികസനം പട്ടികജാതികളുടെ സാമ്പത്തിക വികാസത്തെ തടയുന്നതെന്നാണ് ഈ ലേഖനത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയാകാനും മന്ത്രിയാകാനും എല്ലാവര്ക്കും തത്വത്തില്‍ തുല്യാവസരമുണ്ടെന്ന് കരുതപ്പെടുന്ന ഒരു സമൂഹത്തിനകത്താണ് മന്ത്രിയും മുഖ്യമന്ത്രിയും ജാതി അയിത്തത്തിന് വിധേയരാകുന്നത്. മന്ത്രിക്കും മുഖ്യമന്ത്രിക്കും സനാതന വ്യവസ്ഥ കൽപിച്ചുവെച്ചിരിക്കുന്നത് സാമൂഹികമായ പുറന്തള്ളലാണെങ്കില് ജന്മിത്വ കാലത്തെ കാര്‍ഷിക അടിമകളായ പട്ടികജാതികള്‍ക്ക് കേരളീയ സമൂഹവും അതിന്റെ ലോകപ്രസിദ്ധ വികസന തന്ത്രമായ കേരള മോഡലും എന്തായിരിക്കും കരുതിവെച്ചതെന്ന് നമുക്കൊന്ന് നോക്കാം.
സി. കേശവന് അദ്ദേഹത്തിന്റെ ജീവിതസമരമെന്ന ആത്മകഥയില്‍ ‘ഈഴവനായ ഞാന്‍ പഞ്ചമനും മ്ലേച്ഛാനുമാണെന്നും, എനിക്ക് തലയുയര്‍ത്തി നടക്കാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്ത് നിഷേധിച്ചിരിക്കുകയാണെന്നും... ഉള്ള കരളുരുക്കുന്ന കഥ ഞാന്‍ അറിഞ്ഞത് കൊല്ലം ഹൈസ്കൂളില്‍ വെച്ചും എറണാകുളത്ത് കോളജില്‍ വെച്ചുമാണ്’ എന്നെഴുതുമ്പോള്‍ അദ്ദേഹത്തിന് ഇരുപത്തിയഞ്ചില്‍ താഴെയാണ് പ്രായം.
അദ്ദേഹം തുടരുന്നു ‘കൊട്ടി ചിലന്തി വിളികളില്‍ അടിഞ്ഞുകിടന്ന അഹങ്കാരത്തിന്റെയും ജാതി നിന്ദയുടെയും ചേര് അന്നൊക്കെയാണ് എന്റെ മേലിലും തെറിച്ചുതുടങ്ങിയത്. അതെന്നെ വെകിളി പിടിപ്പിച്ചിരുന്നു’. അദ്ദേഹം ആത്മകഥയില്‍ രേഖപ്പെടുത്തിയ സംഭവങ്ങൾ കേവലം വ്യക്തിഗതമായ അനുഭവങ്ങള്‍ മാത്രമായിരുന്നില്ല ഒരു വലിയ സമൂഹത്തിന്റെ അനുഭവങ്ങളായിരുന്നു.
നാരായണഗുരു, പല്പു, കുമാരനാശാന്, സി.വി. കുഞ്ഞുരാമന് തുടങ്ങി മഹാരഥന്മാരായ ഒരുപാട് ആളുകള്‍ തോളോട് ചേര്‍ന്ന് നിന്നപ്പോള്‍ ഈഴവ സമൂഹം ജാത്യാടിമത്തത്തില്നിന്ന് കരകയറാന്‍ തുടങ്ങി.
ട്രാന്‍സ് അറ്റ്ലാന്റിക് അടിമ വ്യാപാരത്തിന്റെ അവസാനത്തോടെ ലോകത്തെ മുഴുവന്‍ കൊളോണിയല്‍ ഇടങ്ങളില്‍നിന്ന് അടിമത്തം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ അടിമത്തം അവസാനിപ്പിക്കുകയും ഈഴവര്‍ ഊഴിയം വേലയില്‍നിന്ന് വിമോചിതരാകുകയും ചെയ്തു.
തുടര്‍ന്നുവന്ന പണ്ടാരപാട്ടം വിളംബരം, കൊളോണിയല്‍ മുതലാളിത്തത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയത്, ഗുരുവിന്റെ ആത്മീയ നേതൃത്വം ഉണ്ടാക്കിയ ആത്മീയ ശക്തിയും സംഘടനയിലൂടെ നേടിയ രാഷ്ട്രീയ ശക്തിയും, സ്വതന്ത്ര കേരളത്തിലുണ്ടായ ഭൂപരിഷ്കരണവും, രാഷ്ട്രീയത്തില്‍ നേടിയ പങ്കാളിത്തവും, എയ്ഡഡ് മേഖല അടക്കമുള്ള ബിസിനസുകളിലെ പങ്കാളിത്തം, സംവരണം, സഹകരണ ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളിലെ വായ്പ പങ്കാളിത്തം, ഗള്‍ഫ് കുടിയേറ്റത്തിലുള്ള പങ്കാളിത്തം തുടങ്ങിയവയാണ് കേരളത്തിലെ ഈഴവരുടെ സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തിയ സാഹചര്യങ്ങള്‍.
സി. കേശവന്റെ വാക്കുകള്‍ കടമെടുത്താല്‍ ഈഴവര്‍ പഞ്ചമര്‍ ആയി കഴിയുമ്പോള്‍ അവര്‍ക്കൊപ്പം പാര്‍ശ്വവത്കൃതരായി കഴിഞ്ഞിരുന്ന ഇന്നത്തെ പട്ടികജാതികള്‍ സാമ്പത്തിക വികാസത്തിലൂടെ കടന്നുപോകുകയും ഈഴവർ ആര്‍ജിച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കേണ്ടവരും ആയിരുന്നു. എന്നാല്‍ സജീവമായി ബഹുവർണത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന കേരളത്തിനകത്തെ ഒരു ചേരി ആയി, ചലനമില്ലാത്ത ഒരു ബ്ലാക്ക് വൈറ്റ് ചിത്രമായാണ് പട്ടികജാതികള്‍ നിലകൊള്ളുന്നത്.
സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വര്‍ഷം ആയിട്ടും ഭരണഘടന എല്ലാവര്ക്കും തുല്യാവസരങ്ങള് നല്‍കിയിട്ടും കേരളത്തില്‍ നവോത്ഥാനം ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ പട്ടികജാതികള്‍ ഇന്നും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നത്?
കേരളത്തിലെ കീഴാള സമൂഹങ്ങളുടെ ജന്മിത്വകാല ജീവിതാനുഭവങ്ങളെ ഏറ്റവും സൂക്ഷ്മമായി നിര്‍ദ്ധാരണം ചെയ്ത സാമൂഹിക ശാസ്ത്രജ്ഞന് പ്രഫസര്‍ സനല്‍ മോഹനാണ്. ജന്മിത്വ കേരളത്തില്‍ എങ്ങനെയാണ് കൊളോണിയല്‍ ആധുനീകതയും മുതലാളിത്തവും വേര് പടര്‍ത്തിയതെന്ന് വിശദമാക്കുന്ന ‘Modernity of Slavery’ പുസ്തകത്തില്‍ സനല്‍ മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വാദം ‘ജന്മിത്വ കാലത്ത് നിലനിന്ന ജാത്യാചാരങ്ങളാല്‍ മാറ്റമില്ലാതെ ഉറപ്പിക്കപ്പെട്ട അടിമ ഉടമ തൊഴില്‍ബന്ധങ്ങളുടെ അനുസ്യൂതതയില് തന്നെയാണ് കേരളത്തില്‍ കൊളോണിയല്‍ മുതലാളിത്തം വളര്‍ന്നുവന്നതെന്നാണ്.
ഇഷ്ടമുള്ള മുതലാളിക്ക് സ്വന്തം അധ്വാനം വില്ക്കാന് പ്രാപ്തിയുള്ള ഒരു സ്വതന്ത്ര തൊഴിലാളി ഉണ്ടാകുമ്പോള്‍ മാത്രമേ മുതലാളിത്തം ഉണ്ടാകൂ എന്ന മാര്‍ക്സിയന്‍ നിലപാടിനെയാണ് സനല്‍ പ്രശ്നവത്കരിച്ചത്.
സ്വന്തം അധ്വാനവും ജീവനും ജീവിതവും ജന്മിക്ക് ദാനം നല്കിയ കാര്‍ഷിക അടിമകളായ, ഇന്നത്തെ പട്ടികജാതികളുടെ പൂര്‍വികരുടെ ജാതീയ അടിമത്തം അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് കൊളോണിയല്‍ മുതലാളിത്തം കേരളത്തില്‍ വേര് പിടിച്ചത്. ഒരു സ്വതന്ത്ര തൊഴിലാളി (Free labour) എന്ന നില ഒരിക്കലും കേരളത്തിലെ അടിമജാതികള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മറ്റ് ജാതിക്കാരുടെ ജീവിതത്തില്‍ സാമ്പത്തികമായ മാറ്റങ്ങള്‍ക്ക് കാരണമായ കൂടിയായ്മ പരിഷ്കാരങ്ങള്‍ അടക്കമുള്ള പലതും സംഭവിക്കുമ്പോള്‍ അടിമജാതികള്‍ അവരുടെ അടിമത്തനുകത്തില്‍ തന്നെയായിരുന്നു.
സഞ്ചാര സ്വാതന്ത്ര്യത്തിന്റെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിന്റെ ചില്ലറ നേട്ടങ്ങള്‍ അവര്ക്കുണ്ടാകുന്നുവെങ്കിലും സാമ്പത്തികമായി ഒരിഞ്ചുപോലും ഉയരാന്‍ പറ്റുന്ന ഒരു സാഹചര്യം കൊളോണിയല്‍ അധുനീകത അവര്‍ക്ക് നല്‍കിയിരുന്നില്ല. അടിമജാതികള്‍ ആയി തന്നെയാണ് അവര്‍ സ്വതന്ത്ര ഇന്ത്യയിലേക്ക് കടന്നത്. സ്വതന്ത്ര കേരളത്തിലുണ്ടായ ഭൂപരിഷ്കരണം പട്ടികജാതികള്‍ക്ക് ഒരു ഗുണവും ഉണ്ടാക്കിയില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.