കുമാരനാശാൻ: ഒത്തുതീർപ്പുകാലത്തെ നിരാകരണ ശക്തി
text_fieldsമഹാകവി കുമാരനാശാനെ മലയാളമണ്ണിന് ലഭിച്ചിട്ട് 149 വർഷം തികയുകയാണ്. നിത്യജീവിതത്തിന്റെ എല്ലാ തുറകളിലും വിവേചനങ്ങൾ കൊടികുത്തിവാണ കാലത്ത് പുരാണേതിഹാസങ്ങളുടെ വർണന വിട്ട് സാധാരണക്കാരന്റെ ജീവൽപ്രശ്നങ്ങളെ നേർക്കുനേർ അഭിസംബോധന ചെയ്ത മലയാളത്തിന്റെ സ്നേഹഗായകനാണ് അദ്ദേഹം. തന്റെ സാഹിത്യ സൃഷ്ടികളുടെ പ്രമേയത്തിലും ആഖ്യാനത്തിലും സഹജീവികളോട് ആശാൻ പുലർത്തിയ ഈ അടുപ്പം മലയാളകവിതയെ സാമൂഹികപരിഷ്കരണത്തിനുള്ള ഉപാധിയായിത്തീർക്കുന്നതിൽ നിർണായകമായ പങ്കാണ് വഹിച്ചത്. ഒരിക്കൽ ഭാഷാചരിത്രം പരിഷ്കരിക്കാൻ കവികളുടെ ജീവചരിത്രം ആവശ്യപ്പെട്ട് ഗോവിന്ദപിള്ള എന്നൊരു പണ്ഡിതൻ ഒരു പരസ്യം നൽകി.
സാഹിത്യലോകത്തുപോലും ജാതിവിവേചനം അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന കാലത്ത് ഇത്തരം പൊട്ടക്കവികളുടെ ജീവചരിത്രം ചേർക്കാനല്ല ഞങ്ങൾ ഭാഷാചരിത്രം പരിഷ്ക്കരിക്കുന്നതെന്ന മറുപടിയാണ് ലഭിച്ചത്. മഹാകാവ്യം എഴുതാതെ മഹാകവിയായി തീർന്നാണ് അതിനുള്ള മറുപടി അദ്ദേഹം നൽകിയത്. കുമാരനാശാനെ സംബന്ധിച്ചിടത്തോളം സാമൂഹികനവോത്ഥാനം കേവലം കവിസങ്കൽപം മാത്രമായിരുന്നില്ല. അതിനുവേണ്ടി കർമപഥത്തിൽ അക്ഷീണം അധ്വാനിക്കുകകൂടി ചെയ്തു അദ്ദേഹം. 1903ൽ എസ്.എൻ.ഡി.പി യോഗം സ്ഥാപിതമായപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്ത് ആരായിരിക്കണമെന്ന് ആലോചിച്ച ശ്രീനാരായണ ഗുരുദേവന്റെ മുന്നിൽ ജ്വലിച്ചുനിന്ന മുഖം കുമാരനാശാന്റേതാണ്.
1890-91 കാലഘട്ടത്തിലാണ് കുമാരനാശാൻ ഗുരുദേവനെ കണ്ടുമുട്ടുന്നത്. കവി എന്ന നിലയിൽ ശൃംഗാര കവിതകൾ എഴുതിയിരുന്ന പതിനെട്ടു വയസ്സുകാരൻ ആധ്യാത്മിക - ദാർശനിക -സാമൂഹിക മണ്ഡലത്തിന്റെ ഈടുറ്റ ശബ്ദമായി മാറിയത് ഗുരുദേവ സ്വാധീനത്താലാണ്. പിന്നീട് വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരിലും മദിരാശിയിലും കൽക്കത്തയിലുമൊക്കെ സമയം ചെലവഴിച്ച ആശാനെ ഗുരുദേവൻ അരുവിപ്പുറത്തേക്ക് തിരികെ വിളിച്ചു. ആശ്രമചുമതലയും കുട്ടികളെ സംസ്കൃതം പഠിപ്പിക്കലുമൊക്കെയായി കഴിഞ്ഞ ഈ രണ്ടുവർഷത്തിനിടയിലാണ് കുമാരനാശൻ എന്ന പേര് ആദ്യമായി അച്ചടിച്ചു വന്ന 'ശിവസ്തോത്രമാല' പ്രസിദ്ധപ്പെടുത്തിയത്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ ആ പദവിയോട് അങ്ങേയറ്റം കൂറും വിശ്വസ്തതയും പുലർത്താൻ ആശാന് കഴിഞ്ഞു. അസംഘടിതമായ പിന്നാക്ക ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് ശക്തരാകുക എന്ന ശ്രമകരമായ ദൗത്യമാണ് ആശാന് ഏറ്റെടുക്കേണ്ടിവന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ ശബ്ദമായി 'വിവേകോദയം' മാസിക പ്രവർത്തനം ആരംഭിച്ചപ്പോൾ അതിന്റെ തലപ്പത്തും ആശാനായിരുന്നു. നിരന്തര യാത്രകൾ, പ്രസംഗങ്ങൾ, പ്രബോധനങ്ങൾ, എഴുത്തുകൾ, സാമ്പത്തിക സമാഹരണം, കണക്കെഴുത്ത് എന്നിങ്ങനെ ശ്രമകരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമ്പോൾ ഒരു രൂപപോലും പ്രതിഫലം വാങ്ങിയിരുന്നില്ല എന്നുകൂടി ഓർക്കുമ്പോഴേ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നടത്തിയ നിസ്തുലമായ സേവനങ്ങളുടെ പിറകിലെ അർപ്പണബോധം മനസ്സിലാക്കാൻ കഴിയുകയുള്ളൂ.
പ്രജാസഭയിൽ എസ്.എൻ.ഡി.പി യോഗത്തിന് പ്രാതിനിധ്യം അനുവദിച്ചപ്പോൾ കുമാരനാശാൻ പ്രജാസഭയിൽ അംഗമായി. പ്രജാസഭയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ പിന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച് വിപ്ലവകരം തന്നെയായിരുന്നു. ഈഴവർക്ക് പ്രവേശനം നിഷേധിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക അദ്ദേഹം പ്രജാസഭയിൽ െവച്ചു. തുടർന്ന് സംസ്കൃത ആയുർവേദ പാഠശാലകളിലും ഈഴവർക്ക് പ്രവേശനം ലഭിച്ചു. 'മാറ്റുവിൻ ചട്ടങ്ങളേ' എന്ന് എഴുതുക മാത്രമല്ല, തന്റെ നിരന്തരമായ ഇടപെടലുകൾകൊണ്ട് അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കാലഹരണപ്പെട്ട ചട്ടങ്ങൾ മാറുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൂടി അദ്ദേഹത്തിന് കഴിഞ്ഞു. കവിയും കവിതയും ഒന്നാകുന്ന വ്യക്തിവൈഭവമാണ് ആശാൻ ഇവിടെ പ്രകടിപ്പിച്ചത്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റശേഷം ആശാന്റെ ഗദ്യകൃതികളും പ്രസംഗങ്ങളും മുഖപ്രസംഗങ്ങളും പ്രജാസഭാപ്രസംഗങ്ങളുമെല്ലാം മുഖ്യമായി ജാതിപ്രശ്നവുമായി ബന്ധപ്പെട്ടവയായിരുന്നു (സാഹിത്യവുമായി ബന്ധപ്പെട്ട രചനകള്‍ തന്നെ താരതമ്യേന എണ്ണത്തില്‍ കുറവാണ്). ഇവക്കെല്ലാം ജാതിസംബന്ധമായ പ്രായോഗിക-രാഷ്ട്രീയ പ്രശ്നങ്ങളുന്നയിക്കുക എന്ന ലക്ഷ്യമാണുണ്ടായിരുന്നത്. പ്രാചീനകവിതകളിലെ സ്ത്രീശരീരവർണനകളിൽനിന്ന് മാറി പുരാണത്തിലെ സീതയെ അവളുടെ വൈയക്ത്യാനുഭവങ്ങളിലേക്ക് പറിച്ചുനട്ടത് സാഹിത്യലോകത്തെ അമ്പരപ്പിച്ചുകളഞ്ഞു.
ചിന്താവിഷ്ടയായ സീതയിലെ കരുത്തുറ്റ സ്ത്രീപക്ഷ നിലപാടുകളും, ദുരവസ്ഥയിലും പിന്നീട് ചണ്ഡാലഭിക്ഷുകിയിലും തുടരുന്ന ജാതിവിമർശനവും വീണപൂവിലെ ആധ്യാത്മിക ദർശനവും ബ്രാഹ്മണിക-വൈദിക പാരമ്പര്യത്തിൽ അഭിരമിച്ചിരുന്ന തന്റെ സമകാലികരിൽനിന്ന് അദ്ദേഹത്തെ വേറിട്ടു നിർത്തി. നിലനില്‍ക്കുന്ന ഭാഷയുടെയും സങ്കേതങ്ങളുടെയും തിരസ്കാരം എന്നതിനുപുറമെ, പുതിയ ഒരു മനോനിലയില്‍നിന്ന് പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും പുതിയ സംഘാടനരീതിയുപയോഗിച്ച് അവ അവതരിപ്പിക്കുന്നതിലും ആശാൻ മുന്നോട്ടുവെച്ച മാതൃകയാണ് മലയാളകവിതയെ സാമൂഹിക നവോത്ഥാനത്തിന് ഒരു ഉപാധിയായി മാറ്റിത്തീർത്തത്. നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ഏതാനും വിപ്ലവ കവിതകളെഴുതി എന്നതിന്റെ പേരിലല്ല ആശാൻ സാമൂഹിക പരിഷ്കർത്താവാകുന്നത്. സമൂഹത്തിലെ ഏറ്റവും എളിയ മനുഷ്യജീവനെയും മലയാള കാവ്യഭാവനയുടെ കേന്ദ്രബിന്ദുവായി അംഗീകരിക്കാൻ കഴിയുംവിധം നമ്മിലുളവാക്കിയ ഭാവുകത്വപരിണാമത്തിന്റെ പേരിലാണ് ആശാൻ അടിമുടി സാമൂഹിക പരിഷ്കർത്താവാകുന്നത്.
(ശ്രീനാരായണ ധർമവേദി ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.