കണ്ണീരിനൊപ്പം നിന്ന കവി
text_fields'നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാൽ' എന്ന സന്ദേശമാണ് അക്കിത്തം സ്വന്തം കാലഘട്ടത്തിന് നൽകിയത്. 'നിരുപാധികം' എന്നതുകൊണ്ട് വിവക്ഷിച്ചത് എല്ലാ വിഭാഗീയതകൾക്കും സ്വാർഥത്തിനും എതിരായ സ്ഥിതിയാണ്. ആ നിലപാടിൽ ഒരു വക സങ്കുചിതത്വത്തിനും സ്ഥാനമുണ്ടായിരുന്നില്ല. ഇൗ സന്ദേശം വൈദികജ്ഞാനത്തിെൻറ ആകത്തുകയുമാണ്. ഇദം നമ്മ- ഇത് എെൻറയല്ല; എനിക്കായല്ല- എന്ന മഹാതത്ത്വമാണ് വേദപഠനത്തിൽനിന്ന് അദ്ദേഹം ഉൾക്കൊണ്ടത്.
നിർമലതയെയും നിരുപാധികമായ സ്നേഹത്തെയും ഏകീഭവിപ്പിക്കുന്ന ആ ദർശനം ശരിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞാൽ പിന്നെ സങ്കുചിതാർഥത്തിലുള്ള മതസങ്കൽപത്തിെൻറ വക്താവായി അദ്ദേഹത്തെയോ അദ്ദേഹത്തിെൻറ കവിതയെയോ നിരീക്ഷിക്കാൻ കഴിയില്ല. കണ്ണീരൊഴുക്കാൻ വിധിക്കപ്പെട്ടവരുടെ കൂടെ അദ്ദേഹം എന്നും നിന്നു. അതിനാൽ, മനുഷ്യ സമത്വത്തിെൻറ പ്രാതിനിധ്യമുള്ള പ്രത്യയസംഹിതയുടെ വക്താവായിരിക്കെത്തന്നെ, ഹിംസയുടെ മാർഗത്തിനെതിരായും നിലകൊണ്ടു. ഇതു തിരിച്ചറിയാൻ വൈകിയതുകൊണ്ടുതന്നെയാണ് അംഗീകാരങ്ങൾ പലതും അദ്ദേഹത്തിലേക്കെത്താൻ വൈകിപ്പോയത്. അതിലൊന്നും അസ്വസ്ഥനാവാത്ത പ്രജ്ഞാബലം ആണ് അക്കിത്തത്തെ ഉന്നതശീർഷകനാക്കി നിർത്തിയത്.
ആനപ്പുറത്തിരിക്കുേമ്പാൾ 'എെൻറയല്ലെെൻറയല്ലിക്കൊമ്പനാന'യെന്നു തിരിച്ചറിയുന്ന പ്രജ്ഞാബലം. മറ്റുള്ളവർക്കായി ഒഴുക്കുന്ന ഒരു കണ്ണീർക്കണത്തിന് സ്വന്തം ആത്മാവിൽ സൂര്യോദയമുണ്ടാക്കാൻ കഴിയുന്നത് അദ്ദേഹത്തിെൻറ ഏറ്റവും മഹത്തായ അനുഭൂതിയായിരുന്നു. അതുപോലെ മറ്റുള്ളവർക്കായി ചിരിക്കുന്നത് ആത്മാവിലെ ചന്ദ്രോദയവും.
എന്നും കണ്ണീരൊഴുക്കുന്നവരോടൊപ്പം നിന്ന കവിയാണ് അക്കിത്തം. അക്കാരണംകൊണ്ട് വിഭാഗീയതകൾക്കെല്ലാം അതീതമായി മനുഷ്യത്വം എന്ന മൂല്യത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. മനുഷ്യവർഗത്തിലെ ജാതിവിഭാഗം എ, ഒ, ബി എന്ന രക്തഗ്രൂപ് മാത്രമാണെന്ന് ഇൗശ്വരനെക്കൊണ്ടുതന്നെ പറയിച്ച (രക്തപ്രസാദം) ഒരേയൊരു മലയാള കവി. ഇൗ തമസ്സു നിറഞ്ഞ ലോകത്തിലേക്ക് എറിയപ്പെടുന്ന നിരാലംബനായ കുഞ്ഞിനെ 'വെളിച്ചം ദുഃഖമാണുണ്ണീ'' എന്നു സാന്ത്വനിപ്പിക്കുന്ന കവി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.