രാജസ്ഥാനിൽ ആർ.എസ്.എസിനുവേണ്ടി പൊലീസ് ‘ശാഖ ഭരണം’
text_fieldsരാജസ്ഥാനിലെ ഗോരക്ഷക ഗുണ്ടകൾ നടത്തിയ ആക്രമണത്തിലാണ് നവംബർ 10ന് ഭരത്പുർ ജില്ലയിലെ ഘാട്ട്മിക ഗ്രാമത്തിലെ ക്ഷീര കർഷകനായ ഉമർ മുഹമ്മദ് ഖാൻ കൊല്ലപ്പെട്ടത്. രാജ്യത്ത് സമാനമായ രീതിയിൽ നിരവധി ആക്രമണങ്ങൾ ക്ഷീര കർഷകർ നേരിടുന്നത്. ഈ സാഹചര്യത്തിൽ ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച് ‘മാധ്യമം’ ലേഖകൻ തയാറാക്കിയ പരമ്പരയുടെ മൂന്നാം ഭാഗം...
രാജസ്ഥാനിലെ അൽവാർ ലോക്സഭ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ബി.ജെ.പി എം.പി മരിച്ചത് ഇക്കഴിഞ്ഞ സെപ്റ്റംബർ 17നാണ്. ഉപ തെരഞ്ഞെടുപ്പ് സുനിശ്ചിതമായ ഇൗ മണ്ഡലത്തിലാണ് ഗോരക്ഷക ഗുണ്ടകളുടെ വെടിയേറ്റ് ഉമർ മുഹമ്മദ് ഖാൻ നവംബർ 10ന് കൊല്ലപ്പെട്ടതെന്നത് യാദൃച്ഛികമല്ല. ഏപ്രിലിൽ അൽവാറിൽ ഗോരക്ഷകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പെഹ്ലൂഖാെൻറ കൊലപാതകികൾ സ്വതന്ത്രരായി വിഹരിക്കുകയാണ്. ഇൗ കേസുകളിൽ നീതി മോഹിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചന ഇതിനകംതന്നെ ഭരണകേന്ദ്രങ്ങൾ നൽകിക്കഴിഞ്ഞു. പ്രത്യേകിച്ചും കടുത്ത കർഷക പ്രക്ഷോഭങ്ങൾക്കു മുന്നിൽ സർക്കാർ മുട്ടുകുത്തിയിരിക്കെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ അജണ്ടയിലേറിയാവും ജനരോഷം സർക്കാർ മറികടക്കാൻ ശ്രമിക്കുക. ഗുജറാത്തിനുശേഷം സംഘ്പരിവാറിെൻറ പരീക്ഷണശാലയായി മാറിക്കഴിഞ്ഞ രാജസ്ഥാനിൽ പൊലീസ് ഉൾപ്പെടെ അധികാരത്തിെൻറ എല്ലാ കേന്ദ്രങ്ങളിലും കാവിവത്കരണം പൂർത്തിയായതിനാൽ ഇത് എളുപ്പവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയെങ്കിലും കൊല്ലപ്പെട്ട ഉമർ മുഹമ്മദ് ഖാനും വെടിയേറ്റ താഹീർ ഖാനും രക്ഷപ്പെട്ട ജാവേദ് ഖാനും പശുക്കളെ കടത്തുകയായിരുന്നുവെന്നും അവരാണ് ആദ്യം വെടിയുതിർത്തതെന്നുമാണ് അൽവാർ എസ്.പി രാഹുൽ പ്രകാശ് പരസ്യമായി പറഞ്ഞത്.
രണ്ട് ക്രിമിനൽ സംഘങ്ങളുടെ ഏറ്റുമുട്ടലാണ് നടന്നതെന്നും ആക്രമണത്തിന് ഇരയായ മൂവർക്കും എതിരെ നേരത്തെതന്നെ നിരവധി കേസുകളുണ്ടെന്നും എസ്.പി ആവർത്തിക്കുകയാണ്. പക്ഷേ, അപ്പോഴും ഉമറിെൻറ കുടുംബാംഗങ്ങളും സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരും ഉന്നയിക്കുന്ന പല ചോദ്യങ്ങൾക്കും പൊലീസിന് മറുപടിയില്ല. ഉമറും സുഹൃത്തുകളുമാണ് ആദ്യം വെടിവെച്ചതെങ്കിൽ എതിർപക്ഷത്ത് ആർക്കും പരിക്കില്ലാത്തത് എന്തുെകാണ്ട്?. ഉമറിെൻറ മൃതേദഹത്തിൽനിന്ന് ആയുധം ലഭിക്കാത്തത് എന്താണ്? ആക്രമികളിൽ ആർക്കും പരിക്കേൽക്കാത്തതിന് കാരണം എന്താണ്? പശുക്കളെ വാങ്ങിപ്പോയ ഉമറിെൻറയും കൂട്ടരുടെയും പക്കൽ രസീതില്ലെന്ന വാദവും പൊലീസ് ഉയർത്തുന്നു. എന്നാൽ, ചന്തകളിൽനിന്നല്ലാതെ വ്യക്തികളിൽനിന്ന് ഉരുക്കളെ വാങ്ങുേമ്പാഴും വിൽക്കുേമ്പാഴും രസീത് ആരും ഉപയോഗിക്കാറുമില്ല. പശുക്കളെ മോഷ്ടിച്ചു കൊണ്ടുവരുകയായിരുന്നുവെന്ന് പൊലീസ് പറയുേമ്പാൾ അതുസംബന്ധിച്ച് ആരെങ്കിലും ഇതുവരെ പരാതി നൽകിയതായി രേഖ കാണിക്കാൻ ആവുന്നില്ല. വാഹനത്തിെൻറ രജിസ്ട്രേഷൻ ബൈക്കിേൻറത് എന്ന ആരോപണം പൊലീസ് ഉയർത്തുന്നു. വാടകക്ക് എടുത്ത വാഹനത്തിലെ കൃത്രിമത്വത്തിന് ഇവർ എങ്ങനെ ഉത്തരവാദികളാവുന്നുവെന്നാണ് മറുചോദ്യം.
ഉമറിന് എതിരെ ഇതുവരെ ഒരു പൊലീസ് സ്റ്റേഷനിൽപോലും പരാതിയില്ലെന്ന് പിതൃസഹോദരൻ ഇല്യാസ് പറയുന്നു. കുറ്റവാളിയായി ഇരകളെ മുദ്രകുത്തി, ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിെൻറയും കൊലയുടെയും തീവ്രത കുറക്കുക എന്ന ആർ.എസ്.എസ് ആവശ്യത്തിന് കുടപിടിക്കുക മാത്രമാണ് എസ്.പി ചെയ്യുന്നത്. ആക്രമികൾ ഉമർ ഉൾപ്പെടെ പശുവിെന വാങ്ങാൻപോയത് അറിഞ്ഞ് കാത്തുനിൽക്കുകയായിരുന്നുവെന്നും തിരിച്ച് വന്നപ്പോൾ വാഹനത്തിന് മുന്നിൽ മുള്ളാണികൾ എറിയുകയും പിന്നീട് തുരുതുരെ വെടിയുതിർക്കുകയുമായിരുന്നുവെന്നും താഹീറും ജാവേദും വ്യക്തമാക്കിയതാണ്. കൈയിൽ വെടിയേറ്റ് പകുതി ബോധത്തിൽ വീണ താൻ ഉമറിനെപ്പോലെ അവിടെ കിടന്ന് മരിച്ചോളും എന്ന് ആക്രമികളിൽ ഒരാൾ പറഞ്ഞതിനാൽ മാത്രമാണ് രക്ഷപ്പെട്ടതെന്ന് താഹീറിെൻറ മൊഴിയുമുണ്ട്. ‘സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം ബോധം വന്നപ്പോൾ എഴുന്നേറ്റ് ഒാടി. ഒടുവിൽ ഒരു ബൈക്ക് യാത്രക്കാരനാണ് തന്നെ ഗ്രാമത്തിെൻറ അടുത്ത് കൊണ്ടുവിട്ടതെന്ന്’ താഹീർ വിശദീകരിക്കുന്നു.
അതേസമയം, എഫ്.െഎ.ആറിലെ ഗുരുതര വീഴ്ചകളെക്കുറിച്ച് എസ്.പി നിശ്ശബ്ദനാണ്. ആക്രമണം നടന്നത് ഭരത്പുരിലെ ഗഹാങ്കർ ഗ്രാമത്തിലാണ്. എന്നാൽ, പൊലീസിന് മൃതദേഹം ലഭിച്ചത് സംഭവസ്ഥലത്തുനിന്ന് 15 കിലോ മീറ്റർ അകലെ രാംഗഢിലെ റെയിൽവേ ട്രാക്കിലായിരുന്നു. അതും മുഖം ഉൾപെടെ വികൃതമാക്കപ്പെട്ട നിലയിൽ. ഗോരക്ഷകർ പിടിച്ചെടുത്ത പശുക്കൾ എവിടെയെന്നും പൊലീസ് പറയുന്നില്ല. 15,000 രൂപയോളം വിലയുള്ള കറവയുള്ള മൂന്ന് പശുക്കളും രണ്ട് കിടാങ്ങളും സ്വകാര്യ ഗോശാലയിൽ എത്തപ്പെട്ടു.
ഗോരക്ഷക ഗുണ്ടകളുടെ അക്രമം തടയുന്നതിന് സമർപ്പിച്ച ഹരജികൾ തീർപ്പുകൽപിച്ചുള്ള ഉത്തരവിൽ സുപ്രീംകോടതി പുറപ്പെടുവിച്ച കർശന നിർദേശങ്ങൾ പാടെ ലംഘിച്ചാണ് ഇൗ കൊലപാതകങ്ങൾ അരങ്ങേറുന്നത്. ആക്രമികളെ നേരിടാനും തടയാനും നോഡൽ ഒാഫിസർമാരെ ജില്ലതലത്തിൽ നിയോഗിക്കണമെന്നും ആവശ്യാനുസരണം നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, രാജസ്ഥാനിൽ സർക്കാറും ഭരണയന്ത്രങ്ങളും നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്തേക്കാണ് ചെവികൂർപ്പിക്കുന്നത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.