മലപ്പുറത്തെ കുറ്റദേശമാക്കാൻ പൊലീസ് തിരക്കഥ
text_fields2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന മലയാള സിനിമയിൽ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവം കേരളത്തിലെ മറ്റൊരു നഗരത്തിൽ എത്തിക്കുന്നതിലെ പ്രതിബന്ധമായി ഒരു പൊലീസുദ്യോഗസ്ഥൻ പറയുന്ന കാരണം ആംബുലൻസ് കടന്നുപോകേണ്ട ബിലാൽ കോളനി എന്ന പ്രദേശത്ത് ന്യൂനപക്ഷ ജനസമൂഹം കൂടുതലാണെന്നാണ്. വെള്ളിത്തിരക്ക് പുറത്തും വർഗീയ മനസ്കരായ ചില പൊലീസുദ്യോഗസ്ഥർ ചില നാടുകൾക്ക് ചാർത്തി നൽകുന്നുണ്ട് ഇത്തരത്തിലെ ‘കുറ്റദേശ’ പരിവേഷം.
കുറ്റകൃത്യങ്ങൾ താരതമ്യേന കുറവുള്ള ഈരാറ്റുപേട്ടയിൽ തീവ്രവാദ ഭീഷണിയുണ്ടെന്ന് റിപ്പോർട്ട് നൽകുന്നതും ന്യൂനപക്ഷ സമുദായ സാന്നിധ്യം കൂടുതലുള്ള മേഖലകളിൽ അനാവശ്യമായ ഇടപെടൽ നടത്തുന്നതുമെല്ലാം അതിന്റെ ഭാഗമാണ്. ഇത്തരം ഉദ്യോഗസ്ഥരുടെ നിയമപാലന വൈകൃതത്തിന് പിഴയൊടുക്കേണ്ടിവരുന്ന പ്രധാന പ്രദേശങ്ങളിലൊന്ന് മലപ്പുറം ജില്ലയാണ്. ഇത് ശരിവെക്കുന്നതാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ കണക്കുകൾ. 2016 മുതൽ 2019 വരെ ശരാശരി 12500 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിരുന്ന ജില്ലയിൽ 2023ൽ 39482 കേസുകളാണ് എടുത്തുകൂട്ടിയത്.
എല്ലാ ജില്ലകളിലും കേസെണ്ണത്തിൽ നേരിയ വർധനയുണ്ടെങ്കിലും മലപ്പുറത്തെപ്പോലെ ‘ഞെട്ടിപ്പിക്കുന്ന’ വളർച്ചയില്ല. പൊലീസ് സ്വമേധയ എടുക്കുന്ന കേസുകളാണ് (സുവോമോട്ടോ കേസ്) കുത്തനെ കൂടിയതെന്നാണ് ഏറെ ഗൗരവകരം. 2019ൽ 3953 സുവോമോട്ടോ കേസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2023ൽ എത്തിയപ്പോൾ 35,501 ആയി കുതിച്ചുയർന്നു. 2020ൽ കോവിഡ് പ്രൊട്ടോകോൾ ലംഘന കേസുകളാണ് കൂടുതലും രജിസ്റ്റർ ചെയ്തത്.
എന്നാൽ, 2021 ഫെബ്രുവരിയിൽ എസ്. സുജിത് ദാസ് മലപ്പുറം ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കേസുകൾ കുത്തനെ കൂടിയതെന്ന് കണക്കുകളിൽ വ്യക്തമാണ്. 2023 നവംബറിൽ ചുമതലയേറ്റ എസ്. ശശിധരനും കേസുകളുടെ ഗ്രാഫ് താഴേക്ക് പോകരുതെന്ന വാശിയുള്ളതായി വിമർശനമുണ്ട്.
ദിവസം 80 കേസ്, അതിൽ 20 കഞ്ചാവ്
‘സുജിത് ദാസ് എസ്.പിയായിരുന്ന കാലത്ത് സാധാരണ ദിവസങ്ങളിൽ 10ൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന സമ്മർദത്തെതുടർന്ന് പല സ്റ്റേഷനുകളിലും കള്ളക്കേസുകൾ എടുക്കേണ്ട ഗതിയായിരുന്നുവെന്ന് ഉദ്യോഗസസ്ഥർ പറയുന്നു. ആഴ്ചയിൽ ചില ദിവസങ്ങളിൽ സ്പെഷൽ ഡ്രൈവ് ഡേയായി തീരുമാനിച്ചാണ് ചില സ്റ്റേഷനുകൾ 60-70 കേസുകൾ ചാർത്തിരുന്നത്. ദിവസം ഒരു സ്റ്റേഷനിൽ 80 കേസ് വേണം, അതിൽ 20 എണ്ണം കഞ്ചാവ് കേസ് ആയിരിക്കണം എന്ന രീതിയിലാണ് ആവശ്യപ്പെടുക’ -ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ തന്നെ വാക്കുകളാണിത്. പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ച കേസുകൾപോലും എൻ.ഡി.പി.എസ് ആക്ട് പ്രകാരം മയക്കുമരുന്ന് കേസുകളാക്കി രജിസ്റ്റർ ചെയ്യുന്ന രീതിയുണ്ട്. പിഴ ഈടാക്കി വിടാവുന്ന ചെറിയ കേസുകൾപോലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് കേസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഒരു കേസിൽ പിടിക്കപ്പെടുന്ന പത്ത് പേരെ രണ്ടു വീതം ആളുകളാക്കി അഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതും പതിവുമുണ്ട്.
നിയമം ലംഘിച്ച് വാഹന പരിശോധന
1988ലെ മോട്ടോർ വാഹന നിയമത്തിലെ 200(1) വകുപ്പ് പ്രകാരം വാഹനങ്ങൾ പരിശോധിച്ച് കേസെടുക്കാനുള്ള അധികാരം സബ് ഇൻസ്പെക്ടർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ്. ഗ്രേഡ് എസ്.ഐമാർക്കുകൂടി ഈ അധികാരം നൽകാൻ നിയമം ഭേദഗതി വരുത്തണമെന്ന പൊലീസിന്റെ ആവശ്യം സർക്കാർ തള്ളിയിരുന്നു. 2023 നവംബറിൽ ഇതുസംബന്ധിച്ച് സർക്കാർ നൽകിയ മറുപടി അനുസരിച്ച് സംസ്ഥാന പൊലീസ് മേധാവി നിയമം ഭേദഗതി വരുത്തിയിട്ടില്ലെന്നും സബ് ഇൻസ്പെക്ടർ റാങ്കു മുതലുള്ള ഉദ്യോഗസ്ഥർക്കേ വാഹന പരിശോധനക്ക് അധികാരം നൽകിയിട്ടുള്ളൂവെന്നും ഉത്തരവുണ്ട്. ഈ ഉത്തരവ് വന്നശേഷം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഒരു മാസ കാലയളവിൽ വാഹന പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ‘മാധ്യമം’ ശേഖരിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച പട്ടികയിൽ എസ്.ഐ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർ വ്യാപകമായി വാഹന പരിശോധന നടത്തി കേസുകൾ എടുക്കുന്നതായും വ്യക്തമായി. ജില്ല പൊലീസ് മേധാവിയുടെ അറിവോടെതന്നെയാണ് ഇത്തരം നിയമലംഘനങ്ങൾ.മേൽ ഉദ്യോഗസ്ഥന്മാരുടെ പേരിലുള്ള ഇ പോസ് മെഷീൻ കൈമാറിയാണ് ഗ്രേഡ് എസ്.ഐമാരെയും മറ്റു ഉദ്യോഗസ്ഥരെയും വാഹനപരിശോധനക്ക് തള്ളിവിടുന്നത്. സ്വന്തം പേരിലല്ലാത്ത ഇ പോസ് മെഷീനുകളുമായി റോഡിലിറങ്ങുന്ന ഗ്രേഡ് എസ്.ഐമാരെ തിരിച്ചറിയുന്നവരുടെ വാഹനം പരിശോധിക്കേണ്ടെന്നും മേലുദ്യോഗസ്ഥരുടെ നിർദേശവുമുണ്ട്. ആളും തരവും നോക്കി വലിയ പ്രശ്നമൊന്നുമുണ്ടാക്കാതെ പിഴയിട്ട് ‘ടാർഗറ്റ്’ തികച്ച് വരാനാവശ്യപ്പെട്ടാണ് ഇവരെ പണിക്കിറക്കുന്നത്.
കേസ് കൂട്ടാനുള്ള എളുപ്പ വഴികൾ
എങ്ങനെ ഇത്രയധികം കേസ് തികക്കുന്നു എന്ന ചോദ്യത്തിന് പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തുറന്നു പറഞ്ഞു: മുകളിൽനിന്ന് സമ്മർദം മുറുകുമ്പോൾ പൊലീസുകാരെ ഓരോ ഫോണും കൊടുത്ത് എല്ലാ അങ്ങാടികളിലേക്കും പറഞ്ഞുവിടും. ഹെൽമറ്റില്ലാതെയോ സീറ്റ് ബെൽറ്റിടാതെയോ ആരെങ്കിലും വന്നാൽ ഉടനെ ഫോണിൽ പകർത്തും. നാടൊട്ടുക്ക് സ്ഥാപിച്ചിരിക്കുന്ന എ.ഐ കാമറയുടെ പിഴക്ക് പുറമെയാണ് നാട്ടിൻപുറങ്ങളിലടക്കമുള്ള ഈ കലാപരിപാടി. കുറച്ച് ദിവസം മുമ്പ് കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിൽ ഒരു കുടുംബം തിരക്കില്ലാത്ത റോഡിൽ വാഹനം അൽപമൊന്ന് സൈഡാക്കി നിർത്തിയ ഉടനെ പൊലീസ് ഫോട്ടോ എടുത്ത് ഫൈനിടാൻ ശ്രമിച്ചു. വാഹനത്തിൽനിന്ന് ഡ്രൈവർപോലും ഇറങ്ങാതെ വണ്ടി എടുക്കാൻ പോവുന്ന സമയത്തായിരുന്നു പൊലീസിന്റെ പണംപിടുങ്ങൽ ശ്രമം. അനീതി ചോദ്യം ചെയ്തതോടെ പിഴ ഒഴിവാക്കുകയും ചെയ്തു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.