അബു ഏബ്രഹാം: ചില നുറുങ്ങു സ്മരണകൾ
text_fieldsഇന്ന്- 2024 ജൂൺ 11 വിശ്വപ്രസിദ്ധ കാർട്ടൂണിസ്റ്റ് അബു ഏബ്രഹാമിന്റെ ജന്മശതാബ്ദിയാണ്. 28 വർഷം മുമ്പ് മൺമറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആയിരമായിരം കാർട്ടൂൺ വരകൾ ആഘോഷമാക്കാൻ ചില കലാപ്രവർത്തകരും പൊതുജനവും മുൻകൈയെടുക്കുന്നുവെന്നറിയുന്നത് ഏറെ ആഹ്ലാദകരമാണ്. അബുവിന്റെ ജന്മദേശമായ ചെറുകോലും എന്റെ വീടും തമ്മിൽ അഞ്ചാറു മിനിറ്റിന്റെ ദൂരമേയുള്ളൂ. പക്ഷേ പ്രായത്തിലും പ്രാഗത്ഭ്യത്തിലും ഏറെ അകലെയായ അദ്ദേഹത്തെ അടുത്തു പരിചയപ്പെട്ടത് ഡൽഹിയിൽ വെച്ചാണ്.
ഒരു തലതൊട്ടപ്പന്റെയും പിൻബലമില്ലാതെ സ്വന്തം കഴിവും ആർജവവും കൊണ്ടും ലോകപ്രശസ്തി നേടിയ മലയാളിയാണ് എന്നത് കള്ളന്മാരുടെ വിജയം കണ്ടു മടുക്കുന്ന യുവതലമുറക്ക് ഒരു നല്ല നിദർശനമാണ്. ചരിത്രത്തിലെ നിമിഷങ്ങളെ ശാശ്വത അടയാളങ്ങളാക്കിയ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ എനിക്ക് എന്നും ഹരമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ സെൻസർഷിപ് മറികടന്നു വരുന്ന ഇന്ത്യൻ എക്സ്പ്രസിലെ ഹാസ്യചിത്രങ്ങൾ അർഥവത്തും മിഴിവുറ്റതുമായിരുന്നു.
കലാരംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് 1972ൽ രാജ്യസഭിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അബു ഇന്ദിര ഗാന്ധിയുമായി നല്ല അടുപ്പം ഉണ്ടായിട്ടും മാധ്യമ ധർമം കാത്തുസൂക്ഷിക്കുന്നതിലും അടിയന്തരാവസ്ഥക്കാലത്തുൾപ്പെടെ മുഖംനോക്കാതെ അഭിപ്രായം പറയുന്നതിലും ശ്രദ്ധിച്ചു. നേരും നെറിയുമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കുമെന്ന് അദ്ദേഹം വരച്ചു കാണിച്ചു. മാധ്യമ റിപ്പോർട്ടുകൾ പോലെത്തന്നെ കാർട്ടൂണുകളും ഒരുകാലത്ത് നമ്മുടെ രാജ്യത്തും രാഷ്ട്രീയത്തിലും സാമൂഹിക മാറ്റത്തിനും തിരുത്തലുകൾക്കും വഴിതുറന്നിരുന്നു.
അബുവിനെപ്പോലെ കേരളത്തിൽ ജനിച്ച് ഡൽഹിയിൽ ജീവിച്ച് ലോകമെങ്ങും പ്രശസ്തനായ കാർട്ടൂണിസ്റ്റ് ശങ്കർ നടത്തിയിരുന്ന ‘ശങ്കേഴ്സ് വീക്കിലി’യിൽ ഏറ്റവുമധികം വരക്കപ്പെട്ട ചിത്രങ്ങൾ നെഹ്റുവിന്റേതായിരുന്നു. വിമർശനങ്ങളൊന്നും അവരുടെ സൗഹൃദത്തെ ഒരിക്കലും ബാധിച്ചില്ല. ഒരനുഭവം പറയാം; 1960കളുടെ തുടക്കത്തിൽ
രണ്ടു മാസത്തെ പരിശീലനത്തിനായി ഞാൻ നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക്സിൽ ചെലവഴിച്ച കാലത്ത് ഡൽഹിയിലെ ഒരു മൈതാനിയിൽ ശങ്കേഴ്സ് വീക്കിലി കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരം കാണാൻ പോയി. അവിടെ എന്നെ അത്ഭുതപ്പെടുത്തി കോട്ടും സൂട്ടുമിട്ട് എന്റെ വകുപ്പ് മേധാവി വി.ആർ.പിള്ള സാർ വളന്റിയർ ആയി ഓടിനടക്കുന്നു. ഇന്ത്യയിലെ പേരെടുത്ത മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം പലരും ആ മൈതാനിയിലുണ്ടായിരുന്നു. മത്സരം ഉദ്ഘാടനം ചെയ്യേണ്ടയാൾ എത്താഞ്ഞതിനാൽ പകരക്കാരനായി ഉദ്ഘാടനം നടത്തിയത് പ്രധാനമന്ത്രി നെഹ്റുവായിരുന്നു! അബുവിന്റെയും ശങ്കറിന്റെയും കാർട്ടൂണുകൾ മാത്രമല്ല, അവയുടെ അടിക്കുറിപ്പുകളും തിരുത്തൽ ശക്തികളായിരുന്നു. പക്ഷേ അത്തരമൊരു വർഗം ഇന്ന് അന്യംനിന്നുപോയിരിക്കുന്നു.
അബുവിലേക്ക് തിരിച്ചുവരാം, അദ്ദേഹം കാർട്ടൂൺ വരക്കുന്നത് നേരിൽക്കണ്ട ഒരു സന്ദർഭമുണ്ടായി. പിൽക്കാലത്ത് രാഷ്ട്രപതിയായ പ്രണബ് മുഖർജി ഒരു സന്ധ്യക്ക് മസ്കറ്റ് ഹോട്ടലിൽ പ്രസംഗിക്കുന്നു. നേരത്തേ തന്നെ അവിടെ സീറ്റ് ഉറപ്പിച്ച അബു എന്നെയും കൂടെക്കൂട്ടി. കൃത്യസമയത്ത് ചടങ്ങിനെത്തിയ മുഖർജി പ്രസംഗം തുടങ്ങി അവസാനിപ്പിക്കുന്നതുവരെ സ്കെച്ച്ബുക്ക് മടിയിൽ വെച്ച് അബു അനേകം ചിത്രങ്ങൾ വരച്ചിട്ടു. എല്ലാം ഒന്നിനൊന്ന് മെച്ചം. പിന്നീട് എന്നോട് പറഞ്ഞു.-‘‘ഇദ്ദേഹത്തിന്റേത് പലതും മറച്ചുപിടിക്കുന്ന മുഖമാണ്. താൻ പറയുന്നത് സത്യമെന്ന് വരുത്തിത്തീർക്കാൻ പാടുപെടുകയാണ് പ്രണബ്. ആ ഭാവങ്ങളെല്ലാം ഞാൻ രേഖപ്പെടുത്തിവെക്കുകയായിരുന്നു’’.
ഞാൻ ജോലി ചെയ്തിരുന്ന ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് 1996 ഡിസംബറിൽ കേരളത്തിലെ വികസനാനുഭവങ്ങൾ സംബന്ധിച്ച് ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സെമിനാറിന്റെ മുഴുവൻ ചുമതലയും എനിക്കായിരുന്നു. ഐ.എസ്. ഗുലാത്തി ഉൾപ്പെടെ പ്ലാനിങ് ബോർഡ് അംഗങ്ങളും സുശീല ഗോപാലൻ, പി.ജെ. ജോസഫ്, ടി.കെ. രാമകൃഷ്ണൻ തുടങ്ങിയ മന്ത്രിമാരും ഡോ.അയ്യപ്പപണിക്കർ, കെ. സച്ചിദാനന്ദൻ തുടങ്ങിയ സാഹിത്യകാരും ക്യൂബ, കോസ്റ്ററീക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വികസന വിദഗ്ധരും പങ്കെടുത്ത പരിപാടിയിൽ ഒരു പ്രത്യേക ക്ഷണിതാവായി അബുവും എത്തി. അവിടെ ഞാൻ ചെയ്ത അധ്യക്ഷ പ്രസംഗത്തെ മുൻനിർത്തി ‘ഹിന്ദുസ്ഥാൻ ടൈംസി’ൽ എഴുതിയ ലേഖനത്തിൽ അബു ഇങ്ങനെ കുറിച്ചിട്ടു: ഗൾഫ് പണം രാഷ്ട്രീയക്കാർക്കും മതവിഭാഗങ്ങൾക്കും സാഹിത്യ സംഘടനകൾക്കുമുള്ള കറവപ്പശു ആവരുത്, ആഡംബര വീടുകൾ പണിഞ്ഞു കൂട്ടുന്നതിനപ്പുറമുള്ള സുസ്ഥിരമായ വികസന ആവശ്യങ്ങൾക്കായി കേരളം ഈ പണത്തെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
സ്വന്തം കഴിവിലുള്ള ആത്മവിശ്വാസമാണ് അബുവിനെ ചെറുകോലിൽ നിന്ന് ലോക പ്രശസ്തിയുടെ നെറുകയിൽ എത്തിച്ചത്. പഞ്ച്, ഗാർഡിയൻ, ഒബ്സർവർ, ട്രിബ്യൂൺ എന്നിവയിലെല്ലാം വരച്ച കാർട്ടൂണുകൾ ഓരോന്നും തൂവൽപോലെ ലളിതവും വെടിയുണ്ടയേക്കാൾ മൂർച്ചയുള്ളതുമായിരുന്നു. ഒരു മതത്തിനോ, പാർട്ടിക്കോ പ്രത്യയശാസ്ത്രത്തിനോ തന്നെ കെട്ടിയിടാനാവില്ലെന്ന് അദ്ദേഹം വരയിലെയും വ്യക്തിജീവിതത്തിലെയും ആർജവം കൊണ്ട് തെളിയിച്ചു. പെൺമക്കൾക്ക് അയിഷ, ജാനകി എന്ന് പേരുനൽകി.
പല താൽപര്യങ്ങൾക്ക് വഴങ്ങി രാജ്യത്തെ ഒട്ടനവധി അച്ചടി-ദൃശ്യമാധ്യമങ്ങൾ നിശ്ശബ്ദരാവുകയും പിന്നാക്കം പോവുകയും ചെയ്തതുപോലെ കാർട്ടൂൺ എന്ന മാധ്യമ പ്രവർത്തന ശാഖയും ക്ഷയിച്ചുവരുന്നതായി കാണാനാവും; കടുത്ത പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സാമൂഹിക-രാഷ്ട്രീയ തിന്മകൾക്കെതിരെ ചെറുത്തുനിൽപ് തുടരുന്ന കാർട്ടൂണിസ്റ്റുകളെയും അവരുടെ രചനകളെയും കണ്ടില്ലെന്ന് നടിച്ചുകൊണ്ടല്ല ഇത് പറയുന്നത്. അബുവിന്റെ ഓർമ പുതുക്കുന്ന ഈ വേളയിൽ കാർട്ടൂണിന് സംഭവിച്ച ദൗർബല്യമെന്തെന്ന്, കാർട്ടൂൺ ഒരു സജീവ ശാഖയായി മുന്നേറാത്തത് എന്തുകൊണ്ടെന്ന് നാം വിചാരപ്പെടേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.