‘ഇൻഡ്യ’ സഖ്യത്തിന്റെ രാഷ്ട്രീയ സാധ്യതകൾ
text_fieldsഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലം ഇൻഡ്യ സഖ്യത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള വിലയിരുത്തൽ കൂടിയായിരുന്നു. പതിനെട്ടോളം പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്നു നേരിട്ട തെരഞ്ഞെടുപ്പ് എന്നതു ബി.ജെ.പി ഭരണം പിടിച്ച ശേഷമുള്ള ആദ്യത്തെ പരീക്ഷണമായിരുന്നു. ദക്ഷിണേന്ത്യയിലൊഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കുള്ള സ്വാധീനം വളരെ എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയുന്നതല്ല.
എഴുപതുകൾ മുതൽ വിത്തുപാകി എൺപതുകളിലെ രാഷ്ട്രീയ അസ്ഥിരതകൾ മുതലെടുത്ത് ഉത്തരേന്ത്യയിൽ പടർന്നുകയറിയ ബി.ജെ.പി പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അധികാരത്തിലെത്തി, പിന്നീട് അധികാരഭ്രഷ്ടരായെങ്കിലും മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ 2014ലും 2019ലും വീണ്ടും അധികാരമേറി. ഇതിനിടയിൽ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവുമായി യോജിപ്പില്ലാത്ത പാർട്ടികളും ഗ്രൂപ്പുകളുംവരെ അവരോടൊപ്പം ചേരുകയും എൻ.ഡി.എ സഖ്യത്തെ വിപുലമാക്കുന്നതിനു വഴിയൊരുക്കുകയും ചെയ്തു.
ബി.ജെ.പിയെ പരാജയപ്പെടുത്തുക അസാധ്യമാണ് എന്ന തോന്നൽ സൃഷ്ടിക്കാൻ അവരുടെ രണ്ടാം വിജയത്തിനും അതിനു ശേഷമുള്ള ഇടപെടലുകൾക്കും സാധിച്ചു. ഇതൊരു പ്രതീതി മാത്രമാണ് എന്ന് നിരവധി തവണ ഞാനീ പംക്തിയിൽത്തന്നെ എഴുതിയിട്ടുണ്ട്. കാരണം ഈ തോന്നൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത് യഥാർഥ സാധ്യതകളിലല്ല മറിച്ച്, പ്രതിപക്ഷ വോട്ടുകളുടെ സമാഹരണം സാധ്യമല്ല എന്ന വിശ്വാസത്തിലാണ്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നു എന്നതാണ് യഥാർഥത്തിൽ പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വിജയം താലത്തിൽവെച്ച് നൽകുന്നത്.
പ്രതിപക്ഷം സ്വന്തം വോട്ടുകൾ ഭിന്നിക്കാത്ത ശക്തമായ ഒരു മുന്നണി സംവിധാനത്തിന് മുതിരാതിരുന്നതാണ് പലപ്പോഴും ബി.ജെ.പി വിജയം അനായാസമാക്കിയിരുന്നത്. സംസ്ഥാനങ്ങളുടെ രാഷ്ട്രീയത്തിൽത്തന്നെ ഈ യാഥാർഥ്യം സുവ്യക്തമായിരുന്നു. പല സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണത്തിലെത്തിയത് തെരഞ്ഞെടുപ്പ് വിജയത്തിലൂടെയല്ല, അട്ടിമറികളിലൂടെയാണ്. കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തിലാണ് ഇത്തരം അട്ടിമറികൾ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കാൻ അവർക്കു കഴിയുന്നതും.
കർണാടകം, തമിഴ്നാട്, കേരളം, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ബി.ജെ.പി അധികാരത്തിൽ വരാനുള്ള സാധ്യത ഇപ്പോഴില്ല. അവിടങ്ങളിലെ പാർലമെന്റ് സീറ്റുകളിൽ ചെറിയൊരു ശതമാനം മാത്രമേ ഇന്നത്തെ അവസ്ഥയിൽ ബി.ജെ.പിക്കു ലഭിക്കുകയുള്ളു. ഉത്തരേന്ത്യയിൽ ബി.ജെ.പിയുടെ പ്രകടനം മോശമായാൽ അധികാര നഷ്ടം എന്ന യാഥാർഥ്യം അവരെ കാത്തിരിക്കുന്നു എന്നർഥം. ഇപ്പോഴുണ്ടായ ഇൻഡ്യ സഖ്യം പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതെ ബി.ജെ.പിയെ ഒന്നിച്ചു നേരിടാനുള്ള നിരവധി രാഷ്ട്രീയ സംവിധാനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്.
കർണാടകയിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയവും തമിഴ്നാട്ടിലെ ഡി.എം.കെയുടെ തിരിച്ചുവരവും തെലങ്കാനയിലെ കോൺഗ്രസിന്റെ രാഷ്ട്രീയ മുന്നേറ്റവും ആത്മവിശ്വാസവുമെല്ലാം ഉത്തരേന്ത്യൻ പ്രതിപക്ഷ രാഷ്ട്രീയത്തിനുനൽകുന്ന ഊർജവും ഊഷ്മാവും നിസ്സാരമല്ല. ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കുനടന്ന തെരഞ്ഞെടുപ്പുകളിൽ നാലെണ്ണത്തിലും ഇൻഡ്യ സഖ്യം വിജയിച്ചതും ത്രിപുരയിലൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്കു മുകളിൽ മേൽക്കൈ നേടിയതും അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്.
ത്രിപുരയിലെ സെപാഹിജാല ജില്ലയിൽ ധൻപൂർ, ബോക്സാനഗർ നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു എന്നത് ശരിയാണ്. പക്ഷേ, അവിടെ അട്ടിമറി നടന്നിട്ടുണ്ട് എന്ന ആരോപണമാണ് സി.പി.എം ഉന്നയിച്ചിട്ടുള്ളത്. മരിച്ച എം.എൽ.എയുടെ മകനെ സി.പി.എം മത്സരിപ്പിച്ച, മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ ബോക്സാനഗറിൽ ബി.ജെ.പി സ്ഥാനാർഥി തഫജ്ജൽ ഹുസൈൻ 30,237 വോട്ടുകൾക്കാണ് വിജയിച്ചത്. ഈ വർഷം ഫെബ്രുവരി 16നു നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി സംസുൽ ഹഖ് ഇരുപതിനായിരത്തോളം വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണിത്. അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സഹതാപ വോട്ടുകൾകൂടി ഉന്നമിട്ടുകൊണ്ടുതന്നെയാവണം സി.പി.എം അദ്ദേഹത്തിന്റെ മകൻ മീസാൻ ഹുസൈനെ രംഗത്തിറക്കിയത്.
പക്ഷേ, അദ്ദേഹത്തിന് 3000ത്തോളം വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. തെരഞ്ഞെടുപ്പ് അട്ടിമറികൾക്കുള്ള സാധ്യത സജീവമെങ്കിലും അവിടെ സി.പി.എം വോട്ടുബാങ്കിൽ ഉണ്ടായിട്ടുള്ള വിള്ളൽ നിസ്സാരമല്ല. ത്രിപുരയിലെ കോൺഗ്രസ്-സി.പി.എം സഖ്യം കൂടുതൽ ശക്തിനേടുക എന്നത് അനിവാര്യമാണ്. അവിടെ ധന്പൂർ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാർഥിയാണ് വിജയിച്ചത്. എന്നാൽ, കേരളത്തിൽ സഹതാപ തരംഗത്തിനുമപ്പുറം, ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും കൂടി വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിക്കൊണ്ടാണ് 36,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വിജയിച്ചത്. അതുപോലെ, പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരി നിയമസഭ സീറ്റ് ബി.ജെ.പിയിൽനിന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ബംഗാളിൽ വലിയ ബി.ജെ.പി മുന്നേറ്റമുണ്ടെന്നുള്ള ധാരണ പരത്താൻ ശ്രമിച്ച ചില ദേശീയമാധ്യമങ്ങൾക്ക് ഇപ്പോൾ ഉത്തരം മുട്ടിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭ സീറ്റ് നിലനിർത്തിയതുമാത്രമാണ് ത്രിപുരക്കുപുറത്ത് ബി.ജെ.പിക്കുണ്ടായ ഏക വിജയം. അതാവട്ടെ, കേവലം 2,400 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. ഝാർഖണ്ഡിലെ ദുമ്രി നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിലെ ജെ.എം.എം സ്ഥാനാർഥി ബേബി ദേവി 17,153 വോട്ടുകൾക്കാണ് ബി.ജെ.പി സഖ്യത്തിലെ എ.ജെ.എസ്.യു സ്ഥാനാർഥി യശോദ ദേവിയെ പരാജയപ്പെടുത്തിയത്. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട വിജയം ഉത്തർപ്രദേശിലെ ഘോസി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥി സുധാകർ സിങ് 42,759 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയതാണ്. യോഗിയുടെ കീഴിൽ യു.പി തിളങ്ങുന്നുവെന്ന പ്രചാരണത്തെ കടയോടെ പിഴുതെറിയുന്ന വിജയമാണിതെന്നത് വിസ്മരിക്കാൻ കഴിയില്ല.
അടിയന്തരാവസ്ഥക്കുശേഷമുള്ള തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് പയറ്റിയ തന്ത്രം കോൺഗ്രസിതര വോട്ടുകൾ മുഴുവൻ സമാഹരിക്കുക എന്നതായിരുന്നു. ആർ.എസ്.എസ്-ജയപ്രകാശ് നാരായൺ സഖ്യം അടിയന്തരാവസ്ഥക്ക് മുമ്പുതന്നെ അത് ഉറപ്പുവരുത്തിയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പുനടന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ജനത മോർച്ച എന്ന പ്രതിപക്ഷ മുന്നണിയാണ് വിജയിച്ചത്. ഗുജറാത്തിൽ ആദ്യമായി ഒരു കോൺഗ്രസ് ഇതര ഭരണകൂടം ഉണ്ടാവുന്നത് അപ്പോഴാണ്.
എഴുപതുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉരുണ്ടുകൂടിയ വലതുപക്ഷ ഫാഷിസ്റ്റ് സഖ്യമായിരുന്നു ജനത മോർച്ചയുടെ അടിസ്ഥാനം. അതിനെ പരാജയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ എന്ന ജനാധിപത്യ വിരുദ്ധ പരീക്ഷണത്തിന് മുതിർന്നത്. എന്നാൽ, അടിയന്തരാവസ്ഥക്ക് ആ വലതു ഫാഷിസ്റ്റു സഖ്യത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, കോൺഗ്രസിന് അതൊരു തീരാക്കളങ്കമാവുകയും ചെയ്തു. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേ സഖ്യം ജനത പാർട്ടിയായി മത്സരിക്കുകയും വിജയം നേടുകയും ചെയ്തു.
ഇപ്പോൾ ഇതിന് വിപരീതമായ അവസ്ഥയാണുള്ളത്. ശക്തമായ ഒരു വലതുപക്ഷ സഖ്യം ബി.ജെ.പി നേതൃത്വത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ഭരണഘടനയുടെ അന്ത:സത്തക്ക് വിപരീതമെന്ന് പ്രതിപക്ഷം വിമർശിക്കുന്ന നിലപാടുകളും ഇടപെടലുകളുമായി മുന്നോട്ടുപോകുന്നു. ഒന്നാം ബി.ജെ.പി ഭരണത്തിൽനിന്നുപോലും വ്യത്യസ്തമായി പരമാധികാരത്തിന്റെ ചുക്കാൻ ഭരണഘടനയിൽനിന്ന് ഒരു ഹിന്ദുത്വ ഡീപ് സ്റ്റേറ്റ് പിടിച്ചെടുക്കുന്നുവോ എന്ന സംശയം പലകോണുകളിൽനിന്നും ഉന്നയിക്കപ്പെട്ടുകഴിഞ്ഞു. ശക്തമായ ജനകീയ ചെറുത്തുനിൽപുകൾ ഉണ്ടാവുന്നുണ്ടെങ്കിലും അവയെ പൂർണമായും അവഗണിക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റേത്.
എന്നാൽ, ഭരണവിരുദ്ധ വികാരം ഗ്രാമീണ തലങ്ങളിലേക്കും ചെറുനഗരങ്ങളിലേക്കും വ്യാപിക്കുന്നുണ്ട് എന്നത് വസ്തുനിഷ്ഠമായിത്തന്നെ ബോധ്യപ്പെടുന്ന കാര്യമാണ്. വിലക്കയറ്റം സർവസാധാരണമായ കാര്യമാണെങ്കിലും കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയിൽ പണപ്പെരുപ്പവും വിലക്കയറ്റവും അനിയന്ത്രിതമാകുന്നതിനു പിന്നിൽ ശരിയായ സാമ്പത്തികനയങ്ങളുടെ അഭാവവും സമ്പദ്വ്യവസ്ഥയോടുള്ള അലംഭാവപൂർണമായ സമീപനവും കോർപറേറ്റ് മൂലധന ശക്തികളുടെ ഭരണത്തിലുള്ള അമിതമായ സ്വാധീനവുമാണ് എന്ന വിമർശനം തള്ളിക്കളയാൻ കഴിയുന്നതല്ല.
ഇതിനെതിരെയുള്ള ജനവികാരത്തെ ഭരണവിരുദ്ധ വോട്ടുകളായി മാറ്റാനും അവയെ ഇൻഡ്യ സഖ്യത്തിന്റെ പൊതു സ്ഥാനാർഥികൾക്കായി സമാഹരിക്കാനും കഴിയുന്ന രാഷ്ട്രീയത്തിലേക്ക് പ്രതിപക്ഷ പാർട്ടികൾ ഉണരുകയാണെങ്കിൽ ഭരണമാറ്റം എന്നതു അസാധ്യമല്ല എന്ന വസ്തുതയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വിരൽചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.