ഖാർഗെയും രാഹുലും പടർത്തുന്ന നിർഭയത്വം
text_fieldsവർത്തമാന ഇന്ത്യയിൽ ബി.ജെ.പിയോടും ആർ.എസ്.എസിനോടും പാർട്ടി സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണമെന്ന കാര്യത്തിൽ ഒരേ തരത്തിൽ ചിന്തിക്കുന്നവരാണ് അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. വെറുപ്പിന്റെ, കൈയൂക്കിന്റെ, ഭയപ്പെടുത്തലിന്റെ രാഷ്ട്രീയത്തോട് രാജിയാവാൻ ഒരുക്കമല്ലാത്ത ഈ രണ്ട് നേതാക്കൾ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷത്തെ നയിക്കാനെത്തിയതിന്റെ മാറ്റമാണ് പതിനെട്ടാം ലോക്സഭയുടെ ആദ്യ ദിനം തൊട്ട് പ്രകടമാവുന്നത്. ബി.ജെ.പിയെയും മോദി സർക്കാറിനെയും കോൺഗ്രസും ‘ഇൻഡ്യ’യും നേരിടേണ്ടത് എങ്ങനെയാണെന്ന കാര്യത്തിൽ ഒരു തരത്തിലുള്ള സംശയത്തിനും ഇരുസഭകളിലുമിപ്പോൾ ഇടമില്ലാതായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കൂസാത്തവരാണ് ഇരുവരും. പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും നിർഭയരായ ഈ രണ്ട് നേതാക്കൾ ഇരുസഭകളിലും പ്രതിപക്ഷത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തതിൽപ്പിന്നെ സംഭവിച്ച മാറ്റമെന്താണെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എം.പിമാരുടെ ശരീരഭാഷകളിൽ നിന്നറിയാം. ഇരുവരുടെയും നിർഭയത്വം മിക്ക പ്രതിപക്ഷ എം.പിമാരിലേക്കും സന്നിവേശിച്ചിരിക്കുന്നു.
ഗുലാം നബി ആസാദിനു ശേഷം മല്ലികാർജുൻ ഖാർഗെ രാജ്യസഭ പ്രതിപക്ഷ നേതാവിന്റെ സ്ഥാനമേറ്റെടുത്ത ശേഷം ഉപരിസഭയിൽ പ്രതിപക്ഷ ബെഞ്ചുകളിലുണ്ടായ ഏകോപനവും ആത്മവിശ്വാസവും പോരാട്ടവീര്യവും ഓർമിപ്പിക്കുന്നതാണ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായ ശേഷമുള്ള ലോക്സഭയിലെ ആദ്യനാളുകൾ. കോൺഗ്രസിനായി രാഹുലും ഖാർഗെയും ചേർന്ന് രൂപപ്പെടുത്തിയ രസതന്ത്രത്തോട് ചേർന്നുനിൽക്കുന്നതാണ് ലോക്സഭയിൽ രാഹുൽ അഖിലേഷുമായി ചേർന്ന് ഇൻഡ്യക്കായി ഉണ്ടാക്കിയെടുത്ത സമവാക്യം. തെരഞ്ഞെടുപ്പ് വേളയിൽ ‘യു.പി കേ ദോ ലഡ്കേ’ എന്ന് പരിഹസിച്ച നരേന്ദ്ര മോദിയെ ഇരുവരും പ്രതിപക്ഷ ബെഞ്ചിന്റെ മുൻനിരയിലിരുന്ന് നേരിടുന്നു.
ആത്മവിശ്വാസം നഷ്ടപ്പെട്ട മോദിയാണ് മുന്നിലെന്ന് കണ്ടറിഞ്ഞുള്ള മനഃശാസ്ത്രയുദ്ധമാണ് അഖിലേഷുമായി ചേർന്ന് രാഹുൽ സഭയിൽ നടത്തുന്നത്. പതിനെട്ടാം ലോക്സഭയുടെ പ്രഥമസമ്മേളനത്തിൽ അയോധ്യയിൽ ബി.ജെ.പിയെ വീഴ്ത്തിയ അവധേഷ് പ്രസാദിനെ മോദിക്കും അമിത് ഷാക്കും മുഖാമുഖമിരുത്തി തുടങ്ങിയതാണ് ഈ മനഃശാസ്ത്രയുദ്ധം. സ്പീക്കർ തെരഞ്ഞെടുപ്പും ‘അനുമോദന’ പ്രസംഗങ്ങളും തൊട്ട് നീറ്റിലൂടെ നീണ്ട് ബജറ്റിനെതിരായ പ്രതിഷേധത്തിൽ വരെയെത്തി നിൽക്കുന്നു സഭാ തന്ത്രങ്ങളിൽ അഖിലേഷുമായുള്ള രാഹുലിന്റെ പൊരുത്തം. ഹിന്ദി ഹൃദയഭൂമിയിൽ ഇരുവരും ചേർന്നുണ്ടാക്കുന്ന നരേറ്റീവിനെ വെല്ലാൻ മോദിക്കും അമിത് ഷാക്കും മാത്രമല്ല, അമിത് മാളവ്യയുടെ ഐ.ടി സെല്ലിനു പോലും കഴിയാതായിരിക്കുന്നു.
ഖാർഗെയുടെ രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനം പോലെ രാഹുലിന്റെ ലോക്സഭ പ്രതിപക്ഷ നേതൃസ്ഥാനം എം.പിമാരിലുണ്ടാക്കിയ ആത്മവിശ്വാസവും ചെറുതല്ല. മോദിയുടെ ഒന്നും രണ്ടും ഊഴങ്ങളിൽ ജയ് ശ്രീറാം വിളികൾ മാത്രം മുഴങ്ങിയിരുന്ന ലോക്സഭയിൽ എന്നും അതിലേറെ ഉച്ചത്തിൽ ‘ജയ് സംവിധാൻ’ തിരിച്ചുമുഴക്കുന്ന അന്തരീക്ഷം അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു. കേന്ദ്രമന്ത്രി രവനീത് സിങ് ബിട്ടു പോരിന് വിളിച്ചപ്പോൾ തയാറെന്നു പറഞ്ഞ് ബി.ജെ.പി ബെഞ്ചുകൾക്ക് നേരെ നെഞ്ചുവിരിച്ച് ചെല്ലാൻ കോൺഗ്രസ് എം.പിമാരെ പ്രേരിപ്പിച്ചതും നിർഭയത്വത്തിന്റെ ഈ അന്തരീക്ഷമാണ്. പേടി മാറിയ പ്രതിപക്ഷത്തെ ഇനിയെങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് മോദിയെയും അമിത് ഷായെയും അലട്ടുന്നതും. ഹിന്ദുത്വ പരിവാർ നേതാക്കൾ വിദ്വേഷവും അധികാര ഗർവും പടർത്തുമ്പോൾ ഇതിനെ ചോദ്യം ചെയ്തും ചെറുത്തും ഇന്ത്യയെ വീണ്ടെടുക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷ രാജ്യത്തെ ജനസാമാന്യത്തിന് പകരാനായി എന്നതു തന്നെയാണ് നിലവിലെ പ്രതിപക്ഷ നേതൃത്വത്തിന്റെ പ്രസക്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർ.എസ്.എസിനുമെതിരെ രാഹുൽ ഗാന്ധി നടത്തുന്ന വിമർശനങ്ങൾ സഹിക്കാൻ കഴിയാതിരുന്ന ദുർബല മനസ്സിനുടമകളായ പ്രതിപക്ഷത്തെ ഒരു പറ്റം നേതാക്കളാണ് ഇതിനിടയിൽ ശരിക്കും പെട്ടുപോയത്. രാഷ്ട്രീയമായ നിലനിൽപ് പ്രതിപക്ഷത്താണെന്നതുകൊണ്ട് മാത്രം അവിടെ നിന്ന് കിട്ടാവുന്ന അവസരങ്ങളിലെല്ലാം ഉള്ളിലെ ഭയഭക്തി ആദരവുകളത്രയും മോദിയോട് പ്രകടിപ്പിച്ചുവരുന്നവരായിരുന്നു ഈ ദുർബല മനസ്കർ. ഉത്തർപ്രദേശിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ കാറ്റ് മോദിയുടെ എതിർദിശയിൽ വീശിത്തുടങ്ങിയതോടെ രാഹുലിനെതിരെ ഇനിയും പറഞ്ഞുനിൽക്കാൻ ഇവർക്ക് ഒരു ന്യായമില്ലാതായിരിക്കുന്നു. സ്വകാര്യ സംഭാഷണങ്ങളിലും ആഭ്യന്തര ചർച്ചകളിലും തങ്ങൾ നിരന്തരം ഭത്സിച്ചുകൊണ്ടിരുന്ന രാഹുൽ ഗാന്ധിക്കാണ് നരേന്ദ്ര മോദിയെക്കാൾ ജനപ്രിയത എന്ന് സർവേകളും പ്രവചിച്ചുതുടങ്ങിയതോടെ രാഹുൽ ഒരുപാടുമാറിയെന്നാണ് ഇവരൊക്കെയും ഇപ്പോൾ പറയുന്നത്. ശരിക്കും മാറിയത് രാഹുലാണോ അതല്ല ഈ നേതാക്കളാണോ എന്ന് ചോദിച്ചുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.