ഉടുത്തൊരുങ്ങുമ്പോൾ ചോദ്യംചെയ്യപ്പെടുന്ന ഉടലഭിമാനം
text_fieldsസ്ത്രീകൾ ഉടുത്തൊരുങ്ങുമ്പോൾ ആർക്കെങ്കിലും അസഹിഷ്ണുത ഉണ്ടാകുന്നുണ്ടെങ്കിൽ ജാതികേരളത്തിെ ൻറ ഭൂതകാല ചരിത്രത്തിൽ ഇപ്പോഴും ഉണങ്ങാതെകിടക്കുന്ന ചോര ചിലത് ഓർമപ്പെടുത്തുന്നു. കീഴ്ജാതി മനുഷ്യർ മാറുമറക്കാൻ നടത്തിയ സമരത്തിെ ൻറ ചരിത്രമാണത്
ആത്മാഭിമാനത്തിന്റെ സഫലീകരണത്തിന് സമൂഹത്തിന്റെ കൂടി അനുവാദം ആവശ്യമായിവന്ന ചരിത്രഘട്ടങ്ങളിലൂടെയാണ് മനുഷ്യൻ പുരോഗതിയിലേക്ക് നടന്നുകയറിയത്. ഈ നവോത്ഥാനത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങൾ ലോകത്ത് പല രീതിയിലാണ് രൂപപ്പെട്ടത്. യൂറോപ്യൻ നവോത്ഥാനം ശാസ്ത്രം, കല, മാനവികത തുടങ്ങിയ വ്യത്യസ്ത ധാരകളിലൂടെ മുന്നേറിയപ്പോൾ ഇന്ത്യയിലെ നവോത്ഥാനം ജാതിക്കെതിരായ പോരാട്ടത്തിലൂടെയാണ് രൂപം കൊണ്ടത്. കൊളോണിയൽ അധികാര കേന്ദ്രങ്ങളുടെ വിഭവ ചൂഷണത്തിനും അടിമത്ത ഭരണത്തിനും ഇന്ത്യ പെട്ടെന്ന് കീഴടങ്ങിപ്പോയതിനുകാരണം, ജാതി ഉണ്ടാക്കിയ അസമത്വങ്ങളാണ്.
അതിനെതിരായ പോരാട്ടം ജാതി ഇരകളുടെ സ്വാഭിമാനം വീണ്ടെടുക്കലിന്റെ ചരിത്രം കൂടിയാണ്. 19ാം നൂറ്റാണ്ടോടെ ശക്തിപ്പെട്ട ഈ ഐതിഹാസിക ആത്മാഭിമാന പോരാട്ടത്തിന്റെ നിരവധി അടരുകളിലൂടെയാണ് കേരളീയ സമൂഹവും നവോത്ഥാന മൂല്യബോധത്തെ ജീവിതത്തോട് ചേർത്തുപിടിച്ചത്. പൊതുവഴികളും വസ്ത്രവും ഭക്ഷണവും വിദ്യാഭ്യാസവും പാർപ്പിടവും നിഷേധിക്കപ്പെട്ട്, തങ്ങൾ മനുഷ്യാധികാരങ്ങൾക്ക് പുറത്താണ് എന്ന സ്വയംബോധ്യത്തിലേക്ക് വീണുപോയവരാണ് ജാതിമനുഷ്യർ.
നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥ മനുഷ്യരെ ഇരുട്ടിൽ പൂട്ടിയിട്ടപ്പോൾ അവർ വെളിച്ചത്തിലേക്ക് നടന്നത് സാമൂഹിക പരിഷ്കർത്താക്കൾ രൂപപ്പെടുത്തിയ തിരിച്ചറിവിന്റെ വഴിയിലൂടെയാണ്. കലയും സാഹിത്യവും അതിൽ വലിയ ദൗത്യം നിർവഹിച്ചിട്ടുണ്ട്. ഈ സാമൂഹിക സത്യചരിത്രത്തെ നിരാകരിച്ചുകൊണ്ട് ഒരുകാലത്തും കേരളത്തിന്റെ പുരോഗമനാത്മക മനസ്സിനെ വിശകലനം ചെയ്യാൻ കഴിയില്ല. ഈ വസ്തുതയെ ഉൾക്കൊണ്ടാണ് ലോകം ആദരിക്കുന്ന ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ‘നാലഞ്ചു പെണ്ണുങ്ങൾ ഉടുത്തൊരുങ്ങി സമരത്തിനിറങ്ങി’ എന്ന പ്രയോഗത്തെ വിശകലനം ചെയ്യുന്നത്. എന്തുകൊണ്ട് ഇപ്പോഴും താഴേത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ഉടലഭിമാനം ചോദ്യം ചെയ്യപ്പെടുന്നു എന്ന അന്വേഷണമാണിത്.
ലോകം മുഴുവൻ സഞ്ചരിച്ച് നിരവധിയായ മനുഷ്യാവസ്ഥകൾ നേരിൽക്കണ്ട ഒരു കലാമനസ്സിൽനിന്ന് എങ്ങനെ ഇത്തരം പ്രതികരണം ഉണ്ടാവുന്നു? നാലഞ്ചു പെണ്ണുങ്ങൾ ഉടുത്തൊരുങ്ങുമ്പോൾ ഉള്ളിൽ അസഹിഷ്ണുത രൂപപ്പെടുന്നത് മുന്നിൽ കാണുന്ന മനുഷ്യരോടുള്ള വിയോജിപ്പിന്റെ പ്രതികരണമല്ല. അത് വൈയക്തികമായി രൂപപ്പെട്ടതാണ് എന്ന് ധരിക്കാൻ കഴിയില്ല. കാരണം, അത്തരം പ്രതികരണം സവർണ മനോഭാവത്തിന്റെ പാരമ്പര്യത്തിൽ നിന്നുണ്ടാകുന്ന സോഷ്യൽ പ്രിവിലേജിന്റെ ഭാഗമാണ്.
ഡോ. കെ.ആർ. നാരായണന്റെ പേരിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, നിലവിലെ അതിന്റെ മേധാവി ‘കുലീന കുടുംബത്തിൽ പിറന്ന ആളാണ്’ എന്ന് വിശേഷിപ്പിച്ചതിൽ നിന്നുതന്നെ സവർണതയുടെ പ്രിവിലേജ് വ്യക്തം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വിഷയവും ഇല്ല എന്നും കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് ചിലരാണ് എന്നുമുള്ള പ്രയോഗത്തിലെ ‘ചിലർ’ സോഷ്യൽ മെറിറ്റിന് പുറത്താണ്. ഉന്നത ജാതിയിൽപെടാത്തവരുടെ സിനിമാക്കമ്പം അത്രമാത്രം അംഗീകരിക്കപ്പെടേണ്ടതല്ല എന്ന സവർണ പൊതുബോധം നിലനിൽക്കുന്നത് ഇത്തരം ചിന്താഗതിയിലൂടെയാണ്. അവിടന്ന് പുറത്തുവരുന്ന വാർത്തകൾ മുഴുവൻ നുണയാണെന്നുകൂടി അദ്ദേഹം പറയുന്നു.
അതിനുശേഷം, സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ മുൻനിർത്തിയാണ് ഉടുത്തൊരുങ്ങി എന്ന പ്രയോഗം ഉണ്ടാകുന്നത്. സ്വാഭാവികമായും സ്ത്രീകൾ ഉടുത്തൊരുങ്ങുമ്പോൾ ആർക്കെങ്കിലും അസഹിഷ്ണുത ഉണ്ടാകുന്നുണ്ടെങ്കിൽ ജാതികേരളത്തിന്റെ ഭൂതകാല ചരിത്രത്തിൽ ഇപ്പോഴും ഉണങ്ങാതെ കിടക്കുന്ന ചോര ചിലത് ഓർമപ്പെടുത്തുന്നു. കീഴ്ജാതി മനുഷ്യർ മാറുമറക്കാൻ നടത്തിയ സമരത്തിന്റെ ചരിത്രമാണത്. ആര് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തി തന്നെയാണ്. ഒരു വിഭാഗത്തിനുമാത്രം മാന്യമായി വസ്ത്രം ധരിക്കാനും മറ്റൊരു വിഭാഗത്തെ വസ്ത്രം ധരിക്കാതെ നടത്തിച്ചും ശീലമുള്ള ജാതിമനുഷ്യർ നടന്ന വഴി ഇപ്പോഴും കേരളത്തിൽ തെളിഞ്ഞുനിൽപുണ്ടെങ്കിൽ നമ്മുടെ നവോത്ഥാന മനസ്സിന് കാര്യമായ തകരാറുണ്ട്.
വ്യക്തികൾക്ക് സ്വതന്ത്രമായി നടക്കാനും അവരുടേതായ വിശ്വാസങ്ങളിൽ ജീവിക്കാനും കിട്ടുന്ന അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. ഈ ജനാധിപത്യ പ്രക്രിയക്കുമുമ്പ് കേരളീയ സാമൂഹിക മൂല്യബോധത്തെ തിരിച്ചുപിടിച്ച് ഒട്ടനവധി സമരങ്ങൾക്ക് അയ്യൻകാളിയും ശ്രീനാരായണഗുരുവും നേതൃത്വം നൽകിയിട്ടുണ്ട്. ഉടലഭിമാനവും അവകാശവും വ്യക്തിയിൽ നിക്ഷിപ്തമാണ് എന്നവർ പ്രഖ്യാപിച്ചത് ജാതിയെ പ്രതിരോധിച്ചുകൊണ്ടാണ്. തങ്ങൾ ശീലിച്ചതിനെ നിഷേധിക്കാനുള്ള ജ്ഞാനപരിസരങ്ങളാണ് ഗുരുവിലൂടെ ജാതിമനുഷ്യർക്ക് ലഭിച്ചത്. മാറുമറയ്ക്കാൻ അനുവദിക്കാത്ത മേൽജാതി മനുഷ്യരോട് മാറുമറച്ചുകൊണ്ട് പ്രതികാരം തീർക്കാൻ നീണ്ടകാലം ആവശ്യമായിവന്നു. ഈ കാലഘട്ടത്തിലുണ്ടായ സാംസ്കാരിക നവീകരണവും മാനുഷിക മൂല്യങ്ങളുടെ വീണ്ടെടുപ്പും മേൽജാതികളെ അരിശം കൊള്ളിച്ചതിന്റെ തെളിവുകൾ കേരളീയ നവോത്ഥാന പോരാട്ട ചരിത്രത്തിൽ കാണാം.
ജാതിമനുഷ്യരെല്ലാം ജാതിയുടെ നാനാതരം ഉച്ചനീചത്വങ്ങൾ പേറുന്ന ശരീരങ്ങളായി മാറിയപ്പോൾ അവർക്ക് നഷ്ടപ്പെട്ടത് ഉടലഭിമാനമാണ്. ഈ ഉടലഭിമാനത്തെ ആത്മാഭിമാനമായി തിരിച്ചറിയുമ്പോഴാണ് വസ്ത്രം ധരിക്കുന്നതും എങ്ങനെ ധരിക്കണം എന്നതും അയാളിലെ വ്യക്തിത്വത്തിന്റെ സവിശേഷതയായി മാറുന്നത്. ഉടുത്തൊരുങ്ങി വരുന്നത് സവർണ സ്ത്രീകൾക്കുമാത്രം അവകാശപ്പെട്ടതാണ് എന്ന് 5000 വർഷംമുമ്പ് തുടങ്ങിവെച്ച ജാതി ആചാരത്തിന്റെ തുടർച്ച വർത്തമാനകാലത്തിൽ മുട്ടിനിൽക്കുന്നുണ്ടെങ്കിൽ എവിടെയാണ് നാം മാറിയത്?
നീതിയിൽ അധിഷ്ഠിതമായ ഒരുസമൂഹം രൂപപ്പെടണമെങ്കിൽ ആ സമൂഹത്തിൽ ആദ്യം ഓരോ വ്യക്തിക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയണം. കേരളത്തിൽ അതിനു കഴിഞ്ഞത് നിരവധിയായ സവർണ ആചാരങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ്. ഓരോ മനുഷ്യനും അവരുടെ സോഷ്യൽ ഇമേജ് രൂപപ്പെടുത്തുന്നത് ജാതികൊണ്ടാണ് എന്ന സവർണ വ്യാഖ്യാനവും, അതിനൊപ്പം സഞ്ചരിച്ച് സവർണജാതി മനസ്സും ബോധവും കീഴ്ജാതി മനുഷ്യരുടെ ഉയർത്തെഴുന്നേൽപിനെ ക്രൂരമായി പ്രതിരോധിച്ചിട്ടുണ്ട്. അതിപ്പോഴും തുടരുന്നു എന്നതാണ് ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ വിദ്യാർഥികൾക്കെതിരെയുള്ള അതിക്രമങ്ങൾ തെളിയിക്കുന്നത്. അതിന്റെ തുടർച്ചയായി കാണേണ്ടതുണ്ട് കെ.ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിലെ ജാതിവിവേചനവും.
ഉടലന്തസ്സിന്റെ നൈതികതയെ ചോദ്യം ചെയ്യുമ്പോൾ കേരളത്തിന്റെ പൊതുബോധ മനസ്സിൽ തെളിഞ്ഞുവരുന്നത് നങ്ങേലിയെയാണ്. ഈഴവർക്ക് താഴെയുള്ളവർ മാറുമറച്ചാൽ നികുതി കൊടുക്കണമെന്ന രാജപ്രഖ്യാപനത്തെ പ്രതിരോധിക്കാൻ മാത്രം ജാതിമനുഷ്യർ ശക്തരല്ലാത്ത കാലത്ത് വീട്ടിലേക്ക് മുലക്കരം പിരിക്കാൻ വന്നവർക്കുമുന്നിൽ ഇരുമുലകളും അരിഞ്ഞ് വാഴയിലയിൽവെച്ച് ചോരവാർന്ന് മരിച്ചു നങ്ങേലി. നൂറ്റാണ്ടുകൾക്കുശേഷവും നങ്ങേലി നമ്മുടെ സാംസ്കാരിക രാഷ്ട്രീയ പരിസരത്ത് സംവാദമായി രൂപപ്പെടുന്നുവെന്നത് നമ്മുടെ നവോത്ഥാനം ബാഹ്യപ്രകാശത്തിൽ ശോഭിച്ചുനിൽക്കുകയും ആന്തരികാർഥത്തിൽ ഇരുട്ടിലുമാണ് എന്നതിന്റെ തെളിവാണ്.
കേരളത്തിന്റെ രാഷ്ട്രീയ പരിസരം നവോത്ഥാന മൂല്യങ്ങളിലൂടെ വളർന്നുവന്നതാണ്. അയ്യൻകാളിയും ശ്രീനാരായണഗുരുവും വക്കം മൗലവിയും പോയ്ക്കൽ അപ്പച്ചനും തുടങ്ങി നിരവധിയായ നവോത്ഥാന നായകന്മാർ ഉഴുതിട്ട മണ്ണിൽനിന്നാണ് കേരള രാഷ്ട്രീയം പുരോഗനാത്മകമായ ദിശാബോധം കണ്ടെടുക്കുന്നത്. അല്ലാതെ രാഷ്ട്രീയമായി വികസിച്ച ഒരു സമൂഹത്തിൽനിന്ന് സാമൂഹികമായ മാറ്റങ്ങൾ രൂപപ്പെട്ടതല്ല. അതുകൊണ്ടാണ് നമ്മുടെ സാമൂഹികതയെ പ്രബുദ്ധതയുടെ അടയാളമായി വ്യാഖ്യാനിക്കുന്നത്. ജാതിപരമായി ഉണ്ടാകുന്ന ഓരോ പരാമർശങ്ങളെയും ആദ്യം പ്രതിരോധിക്കേണ്ടതും അതുണ്ടാക്കുന്ന അപകടകരമായ മനോഭാവങ്ങളെ അറുത്തുമാറ്റേണ്ടതും രാഷ്ട്രീയ ഉത്തരവാദിത്തമാണ്. എന്നാൽ, സ്റ്റേറ്റ് സ്വന്തം അധീനതയിലുള്ള സ്ഥാപനത്തിൽ നടക്കുന്ന ജാതീയ അസമത്വങ്ങൾ കാണുന്നില്ല.
ഇതൊക്കെ നടക്കുമ്പോഴും ബുദ്ധിജീവികൾ മൗനത്തിലാണെന്നത് ജാതിയുടെ തിരിച്ചുവരവിന് അറിഞ്ഞോ അറിയാതെയോ ധൈര്യം പകരുന്നു. പലപ്പോഴും രാഷ്ട്രീയം ജാതിയുടെ നിലനില്പിനെ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്. ആദർശങ്ങളിൽ സമത്വം പറയുകയും വ്യക്തിത്വത്തിൽ ജാതിബോധം പേറുകയും ചെയ്യുന്ന നേതൃത്വത്തിന് തുറന്ന സമൂഹത്തിൽ ജാതിക്കെതിരെ പ്രതികരിക്കാൻ കഴിയാത്തത് അതുകൊണ്ടാണ്. ഇതൊന്നും വിളിച്ചുപറയാൻ കഴിയാത്ത വിധം വിധേയപ്പെട്ടുപോകുന്ന സംസ്കാരിക മണ്ഡലം കേരളത്തിന്റെ പിൻനടത്തത്തെയാണ് പിന്തുണക്കുന്നത്. അതാകട്ടെ എല്ലാ നന്മവെളിച്ചത്തെയും പതുക്കെപ്പതുക്കെ അവസാനിപ്പിക്കും. അപ്പോഴും ഇനിയൊരു നാരായണഗുരുവിനും അയ്യൻകാളിക്കുംവേണ്ടി കാത്തിരിക്കുന്ന സമൂഹമായി നാം മാറിക്കൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.