പ്രാണപ്രതിഷ്ഠയും രണ്ടാം കർഷക സമരവും
text_fields2014ൽ അധികാരത്തിലേറിയ ഒന്നാം മോദി സർക്കാറിനെ പിടിച്ചുകുലുക്കുകയും അവരുടെ ഹിന്ദുത്വ ഫാഷിസ്റ്റ് നയപരിപാടികൾക്ക് പ്രതിരോധമുയർത്തുകയും ചെയ്തത് പ്രധാനമായും അഞ്ചോളം ദലിത്-ബഹുജൻ സമരങ്ങളാണ്.
2016 ജൂലൈയിൽ ഗുജറാത്തിലെ ഉന ഗ്രാമത്തിൽ പശു സംരക്ഷകർ ചമഞ്ഞ് ഹിന്ദുത്വ ഗുണ്ടകൾ നാലു ദലിത് യുവാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രക്ഷോഭമാണ് ആദ്യത്തേത്. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് ദലിതർ പങ്കെടുത്ത ‘ദലിത് സ്വാഭിമാൻ’ പ്രസ്ഥാനം ‘ചലോ ഉന’ മാർച്ച് നടത്തുകയും പാരമ്പര്യ തൊഴിലുകൾ ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു.
ഇന്ത്യയുടെ സുദീർഘമായ സാമൂഹിക വിപ്ലവചരിത്രത്തിലാണ് ഈ പ്രക്ഷോഭം ഇടം നേടിയത്. ദലിതർ അടക്കമുള്ള അരികുവത്കരിക്കപ്പെട്ടവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ ഭൂപരിഷ്കരണവും പ്രാതിനിധ്യ ജനാധിപത്യത്തിലെ പങ്കാളിത്തവും സംവരണ വിപുലീകരണവും ഈ സമരത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥയെയും സാമൂഹിക അസമാനതകളെയും പറ്റി ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധപതിയാൻ മേൽപറഞ്ഞ സമരത്തിലൂടെ സാധിച്ചു.
ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥി രോഹിത് വെമുല 2016 ജനുവരി 17ന് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തതിനെ തുടർന്നുണ്ടായ പ്രക്ഷോഭമാണ് മറ്റൊന്ന്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ദലിത്, ന്യൂനപക്ഷ, അതിർത്തി സംസ്ഥാന വിദ്യാർഥികൾ ജാതീയവും വംശീയവുമായ അധിക്ഷേപങ്ങൾക്കും അവഗണനകൾക്കും വിധേയമാകുന്നതായും പിടിച്ചുനിൽക്കാനാവാതെ പലരും പഠനവും ജീവിതവും വെടിഞ്ഞ് മടങ്ങുന്നതായുമുള്ള റിപ്പോർട്ടുകൾ തുടരെ ഉണ്ടായ പശ്ചാത്തലത്തിൽ രോഹിതിന്റെ മരണത്തെ സ്ഥാപനവത്കൃതമായ ഒരു കൊലപാതകമായാണ് പൊതുസമൂഹം കണ്ടത്.
സ്ഥാപനവത്കൃത കൊലപാതകത്തിലെ ഇരയോടുള്ള സഹാനുഭൂതി മാത്രമല്ല, രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പിൽ ഉള്ളടങ്ങിയ രാഷ്ട്രീയ ഉദ്ബുദ്ധതയും നൈതിക വിക്ഷോഭവും ഇന്ത്യയിലും ലോകത്തിലെ പലയിടങ്ങളിലും പൊതു മനസ്സാക്ഷിയെ ഇളക്കിമറിക്കുകയും ഹിന്ദുത്വ വംശീയ ഭരണകൂടത്തിനെതിരായ വിരൽചൂണ്ടലായി അത് മാറുകയും ചെയ്തു.
2018ൽ ഇന്ത്യയിലെ പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമത്തിൽ സ്വമേധയ ചില ഭേദഗതികൾ വരുത്തി. ഇതിനോടുള്ള പ്രതിരോധമായി ഇന്ത്യയിലെ ദലിത് സംഘടനകൾ വമ്പിച്ച നിലയിൽ പ്രക്ഷോഭരംഗത്ത് അണിനിരക്കുകയും ഏപ്രിൽ രണ്ടിന് ഭാരത് ബന്ദ് നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി സുപ്രീംകോടതി വിധിയിലെ ഭേദഗതികൾ റദ്ദാക്കി നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ പാർലമെന്റ് തയാറായി.
2019 ഡിസംബർ 12ന് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം പാസാക്കുകയും തുടർന്ന് എൻ.ആർ.സിയും എൻ.സി.ആർ പദ്ധതികളും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ മുസ്ലിം ന്യൂനപക്ഷങ്ങളിൽനിന്നും അതിശക്തമായ ദേശീയ പ്രതിരോധമാണ് ഉയർന്നുവന്നത്. മുഖ്യമായും മുസ്ലിം സ്ത്രീകളുടെയും വിദ്യാർഥിനികളുടെയും മുൻകൈയിൽ നടന്ന പ്രക്ഷോഭത്തെ പിന്തുണച്ച് വിവിധ വിദ്യാർഥി-ബഹുജന മുന്നണികളും സ്ത്രീകളും സിവിൽ സമൂഹവും രംഗത്തുവന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശാഹീൻബാഗ് പോലുള്ള പ്രദേശങ്ങളിലെ സ്ത്രീമുന്നേറ്റം അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. സമരം ചെയ്തവർക്കെതിരെ അനേക തരത്തിലെ പ്രതികാര നടപടികൾ ഉണ്ടായെങ്കിലും നിയമം നടപ്പാക്കുന്നതിൽനിന്ന് പിൻവലിയാൻ ഭരണകൂടം നിർബന്ധിതരായി.
2020 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ കാർഷികോൽപന്ന വ്യാപാര-വാണിജ്യ നിയമം, കർഷക ശാക്തീകരണ-സംരക്ഷണ നിയമം, അവശ്യവസ്തു നിയമ ഭേദഗതി നിയമം എന്നിവക്കെതിരെ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും കർഷക പ്രക്ഷോഭം അലയടിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ നടന്ന കർഷക പ്രക്ഷോഭങ്ങളിൽതന്നെ വിപുലമായ ഒന്നായിരുന്നു അത്. മാസങ്ങൾ നീണ്ടുനിന്ന ആ സമരത്തിന്റെ ഫലമായി വിവാദനിയമങ്ങൾ പിൻവലിക്കുകയാണെന്ന് നരേന്ദ്ര മോദിക്ക് പ്രഖ്യാപിക്കേണ്ടിവന്നു. കൂടാതെ കർഷകർ ഉന്നയിച്ച നിരവധി ആവശ്യങ്ങൾ അംഗീകരിക്കുമെന്നും ഉറപ്പുനൽകി.
ഹിന്ദുത്വവാഴ്ചക്കാലത്ത് ഭരണവർഗ ശക്തികളിൽനിന്ന് ഉയർന്നുവന്ന വെറുപ്പുരാഷ്ട്രീയത്തിനും മിത്തുകളുടെ ചരിത്രവത്കരണത്തിനും പകരമായി കീഴാള ബഹുജനങ്ങളുടെ ദൈനംദിന ജീവിത പ്രതിസന്ധികളിൽനിന്ന് രൂപപ്പെട്ട മേൽപറഞ്ഞ ദേശീയ പ്രക്ഷോഭങ്ങളാണ് ഭരണകൂടത്തിന് പ്രതിസന്ധിയുണ്ടാക്കിയതും ഇന്ത്യയിലെ ജനാധിപത്യത്തിൽ ജീവശ്വാസം നൽകിയതെന്നും നിസ്സംശയം പറയാം.
ഒന്നാം കാർഷിക സമരം പിൻവലിക്കുന്നതിനായി കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും കർഷക പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്. ഹരിയാന, പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ സമരത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങൾ എല്ലാ കാർഷിക വിളകൾക്കും താങ്ങുവില നൽകുക, കാർഷിക കടങ്ങൾ റദ്ദു ചെയ്യുക, കർഷക പെൻഷൻ ഏർപ്പെടുത്തുക, സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുക, ലോക വ്യാപാര സംഘടനയിൽനിന്ന് പിന്മാറുക മുതലായവയാണ്.
ഏറക്കുറെ 250ഓളം കർഷക സംഘടനകൾ ഉൾക്കൊള്ളുന്ന ഈ സമരത്തെ നേരിടാൻ ശത്രുസൈന്യത്തോടെന്നപോലുള്ള സജ്ജീകരണങ്ങളാണ് ഭരണകൂടം ഒരുക്കിയിട്ടുള്ളത്. കിടങ്ങുകൾ കുഴിക്കുക, കർഷകരുടെ ട്രാക്ടറുകൾ കടന്നുകയറാതിരിക്കാൻ റോഡുകളിൽ ഇരുമ്പാണി പാലങ്ങൾ നിർമിക്കുക, ഇന്റർനെറ്റ് നിരോധിക്കുക, കർഷക സംഘടനകളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ റദ്ദ് ചെയ്യുക, ദീർഘകാലത്തേക്കുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കുക, ഡ്രോണുകൾ ഉപയോഗിച്ചുകൊണ്ട് ഷെല്ലുകൾ വർഷിക്കുക മുതലായവയാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്.
രണ്ടാം കർഷക സമരം ചിലപ്പോൾ പൂർണമായ വിധത്തിലുള്ള ഫലപ്രാപ്തിയിൽ എത്തിയേക്കണമെന്നില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ കപട വാഗ്ദാനങ്ങൾ നൽകിയും സംഘടനകൾക്കിടയിൽ കുത്തിത്തിരിപ്പ് നടത്തിയും സമരത്തെ ദുർബലപ്പെടുത്താനും സാധ്യതയുണ്ട്. എങ്കിൽപോലും ഈ സമരം ചരിത്രപരമാകുന്നത് ബാബരി മസ്ജിദ് തകർത്തതിന് ശേഷം നിർമിച്ച രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള വംശീയ ഉദ്ഗ്രഥനത്തെ ഒരു പരിധിവരെയെങ്കിലും പ്രശ്നവത്കരിക്കാൻ ഇതിന് കഴിഞ്ഞു എന്നതിനാലാണ്.
കോൺഗ്രസിനെ മുഖ്യ പ്രതിപക്ഷ സ്ഥാനത്തുനിന്ന് പുറന്തള്ളുക മാത്രമല്ല, പൊതു തെരഞ്ഞെടുപ്പിൽ 300ൽ കൂടുതൽ സീറ്റുകൾ തങ്ങൾക്ക് ഒറ്റക്കുതന്നെ ലഭിക്കുക എന്നതാണ് പ്രാണപ്രതിഷ്ഠക്ക് ശേഷം ബി.ജെ.പി കണക്കുകൂട്ടിയിട്ടുള്ളത്. എന്നാൽ, ഇത്തരത്തിലുള്ള ഏകീകരണത്തെ തടയുന്നതാണ് രണ്ടാം കാർഷിക സമരത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളിൽ പ്രധാനമെന്നത് നിസ്സംശയമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ അവസ്ഥയെ പ്രതിപക്ഷ കക്ഷികൾക്ക് എങ്ങനെ ഉപകാരപ്പെടുത്താൻ കഴിയുമെന്നതാണ് കണ്ടറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.