കാവിപ്പുരയിലെ പ്രണബ്
text_fieldsനാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് കർസേവകരെ അഭിസംബോധന ചെയ്യാൻ ഇന്ത്യൻ ഭരണഘടനയുടെ കാവലാളായി നിന്ന ഒരു രാഷ്ട്രപതിയും മുൻരാഷ്ട്രപതിയും ഇതിനു മുമ്പ് പോയിട്ടില്ല. കഴിഞ്ഞ പതിറ്റാണ്ടുകളിലെങ്ങും ഒറ്റ കോൺഗ്രസ് നേതാവും അങ്ങോട്ട് കടന്നു ചെന്നിട്ടില്ല. ഗാന്ധിവധത്തെക്കുറിച്ച പരാമർശങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കോടതി കയറ്റിയവരാണ് ആർ.എസ്.എസുകാർ. മോദിയോടും ആർ.എസ്.എസിനോടും ഒരേപോലെ യുദ്ധം പ്രഖ്യാപിച്ച് രാഹുൽ പടനീക്കം നടത്തുന്ന നേരം. അന്നേരമാണ് അദ്ദേഹത്തിെൻറ ഗുരുവായ പ്രണബ്ദാ ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവതിെൻറ ക്ഷണം സ്വീകരിച്ച് നാഗ്പൂരിലേക്ക് പോകുന്നത്.
പ്രണബ് മുഖർജിയോളം രാഷ്ട്രീയം കണ്ടും കളിച്ചും ജീവിച്ച മറ്റേതു നേതാവുണ്ട് ഇന്ത്യയിൽ? കോൺഗ്രസിലില്ല, ബി.ജെ.പിയിലോ മറ്റേതെങ്കിലും പാർട്ടിയിലോ ഇല്ല. ഇന്ദിരഗാന്ധി വധിക്കപ്പെട്ടപ്പോൾ രാജീവ് രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും കടന്നു വന്നത് നെഹ്റു കുടുംബത്തിെൻറ പിന്തുടർച്ചാവകാശി എന്ന നിലയിലാണ്.നെഹ്റു കുടുംബത്തിൽ നിന്നൊരാൾ ആ സ്ഥാനം ഏറ്റെടുക്കാനില്ലാതെ വന്നതായിരുന്നു 2004ൽ യു.പി.എ ഭരണം പിടിച്ചപ്പോഴത്തെ സ്ഥിതി. സോണിയ പിന്മാറ്റം പ്രഖ്യാപിക്കുേമ്പാഴും പ്രണബ് കൊതിച്ചു നിരാശനായി. അതിനെല്ലാമൊടുവിലാണ് കോൺഗ്രസ് അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയത്. അന്നും പ്രണബ്ദാ കൊതിച്ചത് പ്രധാനമന്ത്രി സ്ഥാനമായിരുന്നില്ലേ? മൻമോഹൻസിങ്ങിനെ രാഷ്ട്രപതിഭവനിലേക്ക് അയച്ച് പ്രധാനമന്ത്രിസ്ഥാനം തനിക്ക് കോൺഗ്രസ് നൽകാനുള്ള സാധ്യതയെക്കുറിച്ച് അദ്ദേഹം മാത്രമായിരുന്നില്ല ചിന്തിച്ചത്. രാഷ്ട്രപതിയായതോടെ രാഷ്ട്രീയത്തിൽ താനൊരു പുരാവസ്തുവായെന്ന് പറയാൻ പ്രണബ് മുഖർജിയെ പ്രേരിപ്പിച്ചത് ആ മോഹഭംഗം കൂടിയായിരിക്കണം. സജീവ രാഷ്്ട്രീയത്തിൽ നിന്ന് രാഷ്ട്രപതി ഭവനിലെ പുരാവസ്തുവായി ഒതുങ്ങാൻ പ്രണബ്ദാക്ക് എങ്ങനെ കഴിയുമെന്നായിരുന്നു അക്കാലങ്ങളിലെ ചർച്ച.
മറുവശം ചിന്തിച്ചാൽ, പ്രണബ് മുഖർജിക്ക് ഇതിലപ്പുറം എന്താകാനാണ്? ഇന്ത്യയുടെ പ്രഥമ പൗരനും ഭരണഘടനയുടെ കാവലാളുമായി അഞ്ചു വർഷം രാഷ്ട്രപതി ഭവൻ വാഴുന്നതിനപ്പുറം എന്തു വേണം? പ്രധാനമന്ത്രി സ്ഥാനം ഒഴിച്ച് കേന്ദ്രമന്ത്രിസഭയിൽ ഒെട്ടല്ലാ സുപ്രധാന വകുപ്പുകളും കൈകാര്യം ചെയ്തു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസിെൻറ നാവും തലച്ചോറുമായി പതിറ്റാണ്ടുകൾ പ്രവർത്തിച്ച രാഷ്ട്രീയ ചാണക്യൻ.
അതുതന്നെയാണ് കോൺഗ്രസുകാരുടെ ധർമസങ്കടം. നാഗ്പൂരിലേക്ക് പോകരുതെന്ന് അദ്ദേഹത്തോട് പറയണമെന്ന് എല്ലാ കോൺഗ്രസ് നേതാക്കൾക്കുമുണ്ട്. പക്ഷേ, ആരു പറയാൻ? ക്ഷണം മുഖർജി സ്വീകരിച്ചെങ്കിൽ, അദ്ദേഹത്തിന് പറയാനൊരു താത്വിക വിശദീകരണം ഉണ്ടാകാതിരിക്കില്ല. ആർ.എസ്.എസിെൻറ വേദിയിൽ പ്രാസംഗികനാകുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹത്തിനു ചോദിക്കാം. ആ വേദിയിൽ പോയാൽ, ആർ.എസ്.എസിനെ അനുകൂലിച്ചു സംസാരിക്കുമെന്ന് എങ്ങനെ ഉറപ്പിച്ചു? എതിരാളിയുടെ വേദി ഉപയോഗപ്പെടുത്തി തനിക്ക് പറയാനുള്ളത് പറയുന്നവരില്ലേ? രാഷ്ട്രീയമായി എതിർക്കുന്നവർക്കു നേരെ ചെവിയും നാവും കൊട്ടിയടച്ചാൽ, എതിരഭിപ്രായം എങ്ങനെ പറയും, ആരു കേൾക്കും, തിരുത്തലുകൾ എങ്ങനെ നടക്കും? അങ്ങനെയൊക്കെ മുഖർജി ചോദിച്ചെന്നിരിക്കും.
അതുകൊണ്ടാകാം, പോകാൻ തീരുമാനിച്ച സ്ഥിതിക്ക് േപാകെട്ടയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അഭിപ്രായപ്പെട്ടത്. മതേതര ജനാധിപത്യ ഇന്ത്യയിൽ എന്തു പഠിക്കണം, ശീലിക്കണമെന്ന് ആർ.എസ്.എസിനു പറഞ്ഞു കൊടുക്കാനുള്ള അവസരമായി നാഗ്പൂർ യാത്രയെ മുഖർജി ഉപയോഗപ്പെടുത്തണമെന്ന് പറഞ്ഞു വെച്ചത്. എങ്കിലും പോകരുതായിരുന്നു എന്നല്ലാതെ ആർക്കുംപറയാൻ കഴിയുന്നില്ല. കോൺഗ്രസിന് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്നാണ് ആകെക്കൂടി പറയാനുള്ളതെന്ന് ജൂനിയർ വക്താവ് ടോം വടക്കനെക്കൊണ്ട് പറയിച്ച പശ്ചാത്തലം അതാണ്. അതിനിടയിലും ജാഫർ ശരീഫും രമേശ് ചെന്നിത്തലയുമൊക്കെ എതിർപ്പോടെ എഴുതിയ കത്തുകൾ പ്രണബ് മുഖർജി വായിക്കാതിരിക്കുന്നില്ല. ഞാനാണെങ്കിൽ പോകില്ലെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകൾ കേൾക്കാതിരിക്കുന്നില്ല.
കോൺഗ്രസിലെ പഴയ കാരണവർക്കു പക്ഷേ, എന്തു പറ്റി? മോഹൻ ഭാഗവതിനോട് അദ്ദേഹത്തിന് നെല്ലാരു സൗഹൃദമുണ്ട്. രാഷ്ട്രപതിയായിരിക്കുേമ്പാൾ, ഭാഗവതിനെ അവിടേക്കു വിളിച്ചു സൽക്കരിച്ചിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനത്തു നിന്ന് ഇറങ്ങിയ ശേഷവും അതു നടന്നിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾക്കു ശത്രുപാളയത്തിലും ബന്ധങ്ങൾ ഉണ്ടാവും. അതിൽ നിന്നു പക്ഷേ, വ്യത്യസ്തമാണ് നാഗ്പൂർ യാത്ര. ഭരണഘടനയുടെ അലകും പിടിയും മാറ്റാൻ അവസരം നോക്കുന്ന സംഘ്പരിവാറിെൻറ പാളയത്തിലേക്കാണ് ഭരണഘടന അഞ്ചു കൊല്ലം ഒൗപചാരികമായി കാത്തുസൂക്ഷിച്ച മുൻരാഷ്ട്രപതി കടന്നു ചെല്ലുന്നത്. അസഹിഷ്ണുതയുടെയും വർഗീയതയുടെയും വിളവെടുപ്പു നടത്തുന്ന ചിന്താധാരയോടുള്ള എതിർപ്പ് പ്രകടിപ്പിക്കേണ്ട ഘട്ടത്തിലാണ് പഴയ കോൺഗ്രസ് ഗുരു കാവി സാംസ്ക്കാരത്തിെൻറ അതിഥിയാകുന്നത്. സ്വതന്ത്ര ഇന്ത്യ അയിത്തം കൽപിച്ചു മാറ്റിനിർത്തിയ വർഗീയ പ്രസ്ഥാനത്തിെൻറ പ്രവർത്തനങ്ങൾക്ക് സ്വീകാര്യത നൽകാനാണ് മുഖർജിയുടെ യാത്ര ഉപകരിക്കുക. അങ്ങോട്ടു ചെല്ലാതിരിക്കുന്നതും, അവിടേക്കു ചെല്ലുന്നതും, അവിടെ ചെന്ന് എതിരഭിപ്രായം പറയുന്നതും തമ്മിൽ വലിയ അന്തരങ്ങളുണ്ടെന്ന് പ്രണബ്ദാക്ക് അറിയാത്തതല്ലെന്ന് ബി.ജെ.പി വിരുദ്ധ പക്ഷക്കാർ അമർഷം കൊള്ളുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പു കഴിയുേമ്പാൾ കിങ്ങോ, കിങ് മേക്കറോ ആകാൻ പ്രണബ് മുഖർജി മോഹം ബാക്കി വെക്കുന്നുണ്ടോ? മുൻരാഷ്ട്രപതിക്ക് സജീവ രാഷ്ട്രീയമാകാൻ പാടില്ലെന്ന് പറഞ്ഞു കൂടാ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലാതാകുന്ന നേരത്ത് ഗവർണറാകണമോ എന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണ്. മുൻരാഷ്ട്രപതി പിന്നെയും രാഷ്ട്രീയത്തിലിറങ്ങി പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് കളിക്കണമോ എന്ന് തീരുമാനിക്കേണ്ടതും ഒൗചിത്യ ബോധമാണ്. തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിക്കോ കോൺഗ്രസിനോ കേവല ഭൂരിപക്ഷമില്ലാത്ത ചുറ്റുപാടിൽ മുന്നാം ചേരിയുടെ കൈത്തോങ്ങിൽ, ബി.ജെ.പിയുടെ മൗനാനുവാദത്തോടെ, കോൺഗ്രസിെൻറ നിസഹായതക്കിടയിൽ സർവസമ്മതനായൊരു പ്രധാനമന്ത്രി സ്ഥാനാർഥിയായി കടന്നു വരാനുള്ള പഴുത് ഉപയോഗപ്പെടുത്തണമെന്ന് മുഖർജി ആഗ്രഹിക്കുന്നുണ്ടാകാമെന്ന അടക്കം പറച്ചിലുകൾ ഉണ്ടാവുന്നുണ്ട്. ചുരുങ്ങിയ പക്ഷം, ഒരു സർവസമ്മതനു വേണ്ടി കളത്തിലിറങ്ങാതെ കരുനീക്കം നടത്താൻ മുഖർജിയെന്ന രാഷ്ട്രീയ ചാണക്യന് കഴിയും. അതിെൻറയൊക്കെ ലക്ഷണങ്ങളാണോ കണ്ടു തുടങ്ങുന്നത്? അതറിയാൻ കാത്തിരിക്കേണ്ടി വരും. കാരണം, ഇത് പ്രണബ് മുഖർജിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.