രാഷ്ട്രപതി ഭരണം കൊണ്ട് മണിപ്പൂരിന്റെ മുറിവുണങ്ങില്ല
text_fieldsകലാപത്തിനെതിരായ പ്രതിഷേധ പരിപാടിയിൽ തേങ്ങിക്കരയുന്ന മണിപ്പൂരി സ്ത്രീകൾ
‘‘ഇന്ത്യൻ ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായി സംസ്ഥാന സർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത ഒരു സാഹചര്യം ഉടലെടുത്തിരിക്കുന്നു’’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് മണിപ്പൂരിന്റെ ഭരണം ഏറ്റെടുത്തിരിക്കുന്നു.
ഏറെ വൈകി കൈക്കൊണ്ട അപര്യാപ്തമായ തീരുമാനം എന്ന് ഇതിനെ ചിലർ വിശേഷിപ്പിക്കുമ്പോൾ സംസ്ഥാനത്തെ ഭരണഘടനാ ക്രമവും സമാധാനവും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിയായി മറ്റു ചിലർ നടപടിയെ സ്വാഗതം ചെയ്യുന്നു. ഈ രണ്ടു കാഴ്ചപ്പാടുകളും പൊതുവായുള്ളതാണെങ്കിലും, ഈ തീരുമാനത്തിന് പിന്നിലെ കാരണവും മണിപ്പൂർ ദുരന്തത്തിൽ കേന്ദ്ര സർക്കാർ വഹിച്ച സംശയാസ്പദമായ പങ്കും അവ്യക്തമായി അവശേഷിക്കുന്നു.
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് അവിടെ ക്രമസമാധാനമില്ലാത്തതുകൊണ്ടല്ല. 2023 മേയ് മൂന്നിന് അക്രമം പൊട്ടിപ്പുറപ്പെട്ട് രണ്ടു മാസത്തിനുശേഷം സുപ്രീം കോടതി നിരീക്ഷിച്ചതുപോലെ, ‘ഭരണഘടനാ സംവിധാനത്തിന്റെ സമ്പൂർണ തകർച്ച’ മൂലമാണ്. ലോകമൊട്ടുക്കുമുള്ള രാജ്യങ്ങൾ സന്ദർശിക്കാനും തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി യുക്രെയ്നിൽ സമാധാനം കൊണ്ടുവരാൻ പോലും സമയമുള്ള പ്രധാനമന്ത്രി ഇന്നുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല എന്ന കാര്യം മറക്കാനാവില്ല. സംസ്ഥാനത്ത് ‘‘അക്രമം കുറഞ്ഞു’’, ‘‘സ്ഥിതിഗതികൾ സാധാരണമാണ്’’, ‘‘സാധാരണ നാളുകളിലേതുപോലെ സ്കൂളുകളും കോളജുകളും ഓഫിസുകളും മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു’’ എന്നെല്ലാം പാർലമെന്റിൽ ഉൾപ്പെടെ ഊന്നിപ്പറഞ്ഞു അദ്ദേഹം.
മണിപ്പൂരിലെ നിയമരാഹിത്യവും അക്രമവും കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതുകൊണ്ടല്ല എൻ.ബിരേൻ സിങ്ങിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ ന്യൂഡൽഹിയിലെ പാർട്ടി നേതൃത്വം ഉത്തരവിട്ടത്. അദ്ദേഹം അവരുടെ വിനീത വിശ്വസ്തനും ഭിന്നിപ്പിക്കൽ ശക്തികൾക്ക് സമൂഹത്തെ ധ്രുവീകരിക്കാനും രാഷ്ട്രീയത്തെ വർഗീയവത്കരിക്കാനുമുള്ള ബി.ജെ.പി അജണ്ടക്ക് സൗകര്യപ്രദമായ മറയുമായിരുന്നു. താൻ ചെയ്തതെല്ലാം പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സമ്മതത്തോടെയും ഉപദേശത്തോടെയുമാണെന്ന് സിങ് മാധ്യമങ്ങളോട് പറഞ്ഞതുപോലെ അന്നത്തെ മുഖ്യമന്ത്രി കേന്ദ്ര സർക്കാറുമായി ‘സഹകരിക്കുന്നുണ്ടെന്ന്’ അമിത് ഷാ സഭയിൽ സമ്മതിക്കുകയും ചെയ്തിരുന്നു.
നിയമാനുസൃതമായ ഭരണഘടനാ നടപടി ക്രമങ്ങൾ സ്വീകരിക്കുന്നതിനുപകരം ബാബാസാഹേബ് അംബേദ്കർ വിശേഷിപ്പിച്ച സംസ്ഥാനങ്ങളുടെ ‘പരമാധികാരവും സമഗ്രവുമായ’ അധികാരത്തിലേക്ക് കടന്നുകയറി കേന്ദ്ര സർക്കാർ. ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലിന്റെയും നിയമനം മുതൽ സുരക്ഷയുടെയും നിയമ നിർവഹണ ഏജൻസികളുടെയും ഏകോപനത്തിന് ആര് നേതൃത്വം നൽകണമെന്നതുവരെ, പ്രതിസന്ധിയുടെ ആദ്യ ദിനം മുതൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.
ആകസ്മികമായി, ഈ കൈയേറ്റത്തെക്കുറിച്ച് ബിരേൻസിങ് പലവിധത്തിൽ പരസ്യമായി സമ്മതിച്ചിരുന്നു. ഉദാഹരണത്തിന്, സംസ്ഥാന പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗം 15 മാസമായി തനിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് അദ്ദേഹം പരസ്യമായി പരിഭവം പ്രകടിപ്പിച്ചു. കേന്ദ്ര സുരക്ഷാ ഏജൻസികൾ അദ്ദേഹത്തിന്റെ ഉത്തരവുകൾ അനുസരിക്കാൻ വിസമ്മതിച്ചതും സുരക്ഷാ, നിയമ നിർവഹണ ഏജൻസികൾക്കിടയിലെ തുറന്ന ഏറ്റുമുട്ടലുകളുമെല്ലാം മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
താഴ്വരയിലെയും കുന്നുകളിലെയും ക്രമസമാധാനം യഥാക്രമം താനും അമിത് ഷായും പരിപാലിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോദി-ഷാമാർ നേതൃത്വം നൽകുന്ന ബി.ജെ.പി അവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരമായി തെരഞ്ഞെടുപ്പ് സമയത്ത് കുക്കി സായുധ സംഘങ്ങളുടെ സഹായം തേടിയത് പൊതുജനങ്ങൾക്ക് അറിയാവുന്ന കാര്യമാണ്.
ഈ അട്ടിമറിയുടെ ഫലം സകലർക്കും കാണാനാവും-പ്രാദേശിക പൊലീസിനുപരിയായി 60,000ത്തിലധികം കേന്ദ്ര സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, ഈ മനോഹരമായ സംസ്ഥാനം അഭൂതപൂർവമായ വേദനകൾക്കും അപമാനത്തിനും വിധേയമായി, തൽഫലമായി നിരപരാധികളായ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ നഷ്ടമുണ്ടായി.
ഇതെല്ലാം കൊണ്ടുതന്നെ, സംസ്ഥാനത്ത് ഭരണഘടനാപരമായ ക്രമം പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നീക്കമായി രാഷ്ട്രപതി ഭരണത്തെ കാണുന്നത് ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള ക്രൂര ഫലിതമാണ്. ഭരണകക്ഷിയുടെയും അതിന്റെ ഇരട്ട എൻജിൻ സർക്കാറിന്റെയും പരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണ് ഈ നീക്കം. ബിരേൻ സിങ്ങിന്റെ പ്രവർത്തനശൈലിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിലെ അംഗങ്ങൾക്കിടയിൽ അതൃപ്തി വർധിച്ചുവരുകയായിരുന്നു. പ്രതിസന്ധി കൈകാര്യം ചെയ്ത നിലവിലെ രീതിമൂലം ബി.ജെ.പിയോട് പൊതുജനങ്ങൾക്ക് വർധിച്ചുവരുന്ന വെറുപ്പും ഈ നില തുടരുകയാണെങ്കിൽ അടുത്ത സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെടുമെന്ന സത്യവും അവരിൽ പലർക്കും ബോധ്യപ്പെട്ടു. നിയമസഭയിൽ അവിശ്വാസ പ്രമേയം ഉൾപ്പെടെ തുറന്ന എതിർപ്പിനുള്ള സാധ്യതയും ബി.ജെ.പി നേരിട്ടു.
ഈ സംഭവവികാസങ്ങൾ ബിരേൻ സിങ്ങിനെതിരെ നടപടിയെടുക്കാൻ ഡൽഹിയിലെ പാർട്ടി മേലധികാരികളെ നിർബന്ധിതരാക്കി. എന്നിട്ടോ, സംസ്ഥാന നിയമസഭയിൽ വൻ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും, ബിരേൻ സിങ്ങിനുപകരം ആരെ നിയമിക്കണം എന്ന കാര്യത്തിൽ സമവായത്തിലെത്താൻ അവർക്കായില്ല. ഇതോടെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള തീരുമാനം വന്നത്.
മണിപ്പൂരിൽ സാധാരണ നില കൈവരുന്നതിനും സംസ്ഥാനത്തെ ജനങ്ങൾക്ക് നീതി ലഭിക്കുന്നതിനും കേന്ദ്ര ഗവൺമെന്റ് ഉൾപ്പെടെ ഉത്തരവാദിത്തം നിർവഹിച്ചുവോ എന്ന കാര്യം വിശദമായി പരിശോധിക്കപ്പെടണം. മണിപ്പൂർ പ്രതിസന്ധിയുടെ വിവിധ മാനങ്ങൾ പരിശോധിക്കുന്ന ഒരു സംയുക്ത പാർലമെന്ററി സമിതിയെക്കൊണ്ട് മാത്രമേ അത് നിർവഹിക്കാനാവൂ, അല്ലാതെ രാഷ്ട്രപതി ഭരണം കൊണ്ട് അത് സാധ്യമാവില്ല.
(ഡൽഹി ജെ.എൻ.യുവിൽ അധ്യാപകനും മണിപ്പൂരിൽ നിന്നുള്ള ലോക്സഭാംഗവുമാണ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.