അതിജീവനം അത്ര എളുപ്പമല്ല
text_fieldsതടവറകളെയും തടവുകാരെയും സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയ അമേരിക്കയിലെ പ്രിസൺ അബോളിഷൻ മൂവ്മെന്റ് നേതാവും കമ്യൂണിസ്റ്റുകാരിയും ബ്ലാക്ക് റൈറ്റ്സ് പോരാളിയുമായ ആഞ്ജ് ല ഡേവിസിെൻറ അഭിപ്രായത്തിൽ മനുഷ്യത്വ വിരുദ്ധമായ നിലവിലെ ജയിൽ സംവിധാനം ഒരു മനുഷ്യനെ പരിഷ്ക്കരിക്കാൻ ഉപകരിക്കില്ല. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ കൂടുതൽ അടിച്ചമർത്താനുള്ള ഉപകരണമാണ് ജയിലെന്ന് വിശേഷിപ്പിച്ച ആഞ്ജ് ല ഡേവിസ് ഈ മനുഷ്യർ ജയിലുകളിലെത്തുന്നതിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ കാരണങ്ങളെ സംബോധന ചെയ്ത് മാത്രമേ സമൂല പരിഷ്കരണം സാധ്യമാവൂ എന്നും പറഞ്ഞുവെക്കുന്നു.
ഒരു രാഷ്ട്രീയ തടവുകാരൻ എന്ന നിലയിൽ ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗത്തിനു മുന്നിൽ കീഴൊതുങ്ങി നിൽക്കാൻ വിസമ്മതിക്കുകയും, ഭക്ഷണവും പുസ്തകവുമടക്കമുള്ള അടിസ്ഥാനാവശ്യങ്ങൾക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തതുകൊണ്ടാണ് ജയിലിലെത്തിയശേഷം ഞാൻ മരുന്നും ചികിത്സയും നിർത്തിയത്. അല്ലാത്തപക്ഷം, ന്യായമായ കാര്യങ്ങൾ പറയുമ്പോൾ മാനസിക പ്രശ്നമാണ് എന്നു പറഞ്ഞ് മാനസികാരോഗ്യ കേന്ദ്രത്തിൽ പൂട്ടും. അത്തരത്തിൽ സമരം ചെയ്ത "റിയാക്ടേഴ്സ്" പ്രമോദ് എന്ന രാഷ്ട്രീയ പ്രവർത്തകനെ കുതിരവട്ടത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. കടുത്ത വിഷാദത്തിലാണ്ട ഞാൻ ഗ്ലാസും പ്ലേറ്റും വരെ വലിച്ചെറിഞ്ഞിരുന്നു. പൊടുന്നനെയുള്ള മരുന്നു നിർത്തൽ ശരിക്കും ബാധിച്ചു. രാഷ്ട്രീയബോധ്യവും താഹയെ പോലെ അത്രമേൽ മനസ്സിലാക്കി കൂടെനിൽക്കുന്ന ഒരു സുഹൃത്തും മറ്റു സഹതടവുകാരും ഇല്ലായിരുന്നെങ്കിൽ നിശ്ചയമായും ഞാൻ ആത്മഹത്യ ചെയ്തേനെ.
ജയിലിന് പുറത്ത് ഇറങ്ങിയശേഷവും നേരിടേണ്ടി വന്നത് ഭീകരമായ ഒറ്റപ്പെടലും അരക്ഷിതാവസ്ഥയുമായിരുന്നു. മാനസിക സംഘർഷങ്ങൾ മറികടന്നാലും മുൻവിധികൾ മൂലം നേരിടേണ്ടി വന്ന വിലയിരുത്തലുകളും ഒരുപാട് ഉണ്ടായിട്ടുണ്ട്. കേവലം വ്യക്തിപരമായ പ്രശ്നമല്ലെന്നും അത് ഒരുപാട് മനുഷ്യർ നേരിടുന്ന ഒരു വേട്ടയുടെ ഭാഗം മാത്രമാണ് എന്ന രാഷ്ട്രീയ ബോധ്യംകൊണ്ടാണ് അതിനെ മറികടന്നതും ഇപ്പോഴും ജീവിച്ചിരിക്കുന്നതും. പക്ഷേ, ഇത്തരത്തിൽ സാമൂഹിക, രാഷ്ട്രീയ പിന്തുണ ഇല്ലാത്ത മനുഷ്യർ എന്തു ചെയ്യും എന്ന ചോദ്യം ഇപ്പോഴും മനസ്സിൽ കൊളുത്തിവലിക്കുന്നു. ജയിലിന് അകത്തും പുറത്തും മനുഷ്യർ നേരിടുന്ന മാനസിക പ്രയാസങ്ങൾ കേവലം വ്യക്തിപരമായ കാരണങ്ങൾകൊണ്ട് മാത്രമല്ല, മറിച്ച് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മാനങ്ങളുണ്ട്. അത് മനസ്സിലാക്കാനും പരിഹരിക്കാനും നമുക്ക് ആവുംവിധം പോരാടുന്നതിനൊപ്പം, മാനസിക പ്രയാസം നേരിടുന്നവരെ കേൾക്കാനും കരുണയോടെ പെരുമാറാനും കഴിയട്ടെ എന്നും ജയിലിലെ അവസ്ഥ അധികൃതർ പരിഹരിക്കാൻ ശ്രമിക്കുമെന്നും ആശിക്കുന്നു.
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറച്ചു നിർദേശങ്ങൾ:
1. വർഷങ്ങളോളം ഒരു മനുഷ്യനെ ജയിൽസംവിധാനത്തിന് അകത്ത് നിർത്തിയിട്ടും എത്രത്തോളം പരിഷ്കരിക്കുന്നുണ്ട് എന്ന ഗൗരവമായ പഠനം ജയിൽ വകുപ്പും സർക്കാറും നടത്തേണ്ടതുണ്ട്. കൂടാതെ, നിലവിലെ നിയമങ്ങൾ അനുയോജ്യമായ രീതിയിൽ പരിഷ്ക്കരിക്കണം. പരിഷ്കരണ സിദ്ധാന്തം തന്നെ എത്രത്തോളം പ്രായോഗികമാണെന്ന് പഠിക്കേണ്ടതുണ്ട്.
2. ജയിലിനകത്തെ ഭൗതിക സാഹചര്യങ്ങൾ മാറ്റേണ്ടതുണ്ട്. ഭക്ഷണം, കിടപ്പാടം, കക്കൂസ് തുടങ്ങിയവ കൂടുതൽ സൗകര്യങ്ങളോടെയും വൃത്തിയോടെയും ക്രമീകരിക്കണം.
3. മാനസിക പ്രയാസങ്ങൾ നേരിടുന്നവരുടെ ചികിത്സക്കായി കൂടുതൽ മാനസികാരോഗ്യ വിദഗ്ധരെ നിയമിക്കണം. തടവുകാരുടെ മാത്രമല്ല, ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യത്തിലും ശ്രദ്ധചെലുത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ തടവുകാരോടുള്ള പെരുമാറ്റം മാറ്റേണ്ടതുണ്ട്. അതിനായി ബോധവത്കരണമൊരുക്കണം.
4. മതം, വംശം, ജാതി, വർണം, ലിംഗപരമായ വിവേചനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക. ആദിവാസി, ദലിത്, മുസ്ലിം പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട തടവുകാർക്കെതിരായുള്ള വിവേചനങ്ങൾ അവസാനിപ്പിക്കുകയും ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുക.
5. ജയിൽ നിയമത്തിൽ രാഷ്ട്രീയ തടവുകാർക്ക് പ്രത്യേക പദവി (Legal Status)നൽകുക
(നിയമവിദ്യാർഥിയും പൗരാവകാശ പ്രവർത്തകനുമാണ് ലേഖകൻ)
allanshuaib473@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.