തേരുതെളിച്ച് പ്രിയങ്ക; യു.പിയിൽ കോൺഗ്രസ് ഒരുങ്ങുന്നത് 2024 മുന്നിൽകണ്ട്
text_fieldsഉത്തർപ്രദേശ് സംസ്ഥാന രാഷ്ട്രീയത്തിൽ തലയെടുപ്പുള്ള നേതാവില്ലെന്ന കാലങ്ങളായുള്ള നിരാശക്ക് പ്രിയങ്കയുടെ വരവോടെ പരിഹാരമാകുേമ്പാൾ, അതിനിർണായകമായ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് നിലമൊരുക്കാനുള്ള പേരാട്ടവേദിയായി യു.പി നിയമസഭ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് പദ്ധതി
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പിയെ മലർത്തിയടിച്ച് അധികാരത്തിലേറാമെന്ന പ്രതീക്ഷകൾക്കപ്പുറം കോൺഗ്രസിന്‍റെ മനസ്സിലുള്ളത് മറ്റു പ്രധാന ലക്ഷ്യങ്ങൾ. ഉത്തർപ്രദേശിൽ ഒറ്റക്കു മത്സരിച്ചാൽ അധികാരത്തിലെത്താൻ കഴിയില്ലെന്ന് ഉറപ്പുള്ള പാർട്ടി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടയിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ് മുന്നിൽകാണുന്നത്.
ഇതുവരെയില്ലാത്ത രീതിയിൽ വ്യത്യസ്ത ധ്രുവങ്ങളിലായുള്ള വാശിയേറിയ പോരാട്ടമാകും അടുത്ത യു.പി തെരഞ്ഞെടുപ്പെന്ന തിരിച്ചറിവിലാണ് കോൺഗ്രസ് സാഹചര്യത്തിനനുസരിച്ചുള്ള ചുവടുകളുമായെത്തുന്നത്. തിരിച്ചുവരവിനുള്ള തീവ്രയത്നത്തിൽ, സംസ്ഥാനത്തിന്റെ ചുമതല കൂടിയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് മുന്നണിയിൽ തേരു തെളിക്കാനുള്ളത്. അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പിൽ പ്രത്യാശാഭരിതമായ നേട്ടം കൊയ്തില്ലെങ്കിൽ അത് കോൺഗ്രസിന്‍റെ ആത്മവിശ്വാസത്തിനേൽക്കുന്ന കനത്ത പ്രഹരം കൂടിയാവും.
ഉത്തർപ്രദേശിൽ കോൺഗ്രസ് ഇപ്പോൾ നടത്തുന്ന കാമ്പയിൻ മുമ്പത്തെ രണ്ടെണ്ണവുമായി താരതമ്യം ചെയ്യുേമ്പാൾ ഏറെ വ്യത്യസ്തമാണ്. 2009 ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം 2012ലും 2017ലും നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അങ്കത്തട്ടിലിറങ്ങിയ കോൺഗ്രസിന് ഏറെ നിരാശ സമ്മാനിച്ചതായിരുന്നു ഫലം. കഴിഞ്ഞ തവണത്തേതുേപാലെ ഇക്കുറിയും സമാജ് വാദി പാർട്ടിക്കൊപ്പം ചേർന്ന് മുന്നണിയായി മത്സരിക്കുന്നതിൽ താൽപര്യമുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എസ്.പി ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാഹുൽ മാറി, ഇനി പ്രിയങ്കയുടെ ഊഴം
മുമ്പ് രണ്ടു തെരഞ്ഞെടുപ്പുകളിൽ യു.പിയിൽ കോൺഗ്രസിന്‍റെ മുഖമായിരുന്നത് രാഹുൽ ഗാന്ധിയായിരുന്നു. ഇത്തവണ അതിന് മാറ്റം വന്നിരിക്കുന്നു. പ്രിയങ്ക ഗാന്ധിയാണ് ഉത്തർ പ്രേദശിൽ ഇേപ്പാൾ പാർട്ടിയുടെ തുറുപ്പുശീട്ട്.
കർഷകരെ കാറിടിച്ചുകൊന്ന സംഭവത്തിൽ വീട്ടുതടങ്കലിലായതും ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ചതും പിന്നാലെ നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയിലെ ഉജ്ജ്വല റാലിയും പ്രിയങ്കയെ കൂടുതൽ പ്രിയങ്കരിയാക്കിയിട്ടുണ്ട്. യു.പിയിൽ പ്രിയങ്കയെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും ആളുകൾ കൂടുതൽ സംസാരിച്ചു തുടങ്ങിയതായി 'ദ ക്വിന്‍റ്' റിപ്പോർട്ട് ചെയ്യുന്നു. പ്രിയങ്ക വന്നതോടെ വർഷങ്ങൾക്കുശേഷം അടിത്തട്ടിലടക്കം പാർട്ടി കൂടുതൽ ചലനാത്മകമായിട്ടുണ്ട്.
അതേസമയം, പ്രിയങ്കയുടെ ഇടക്കിടെയുള്ള സന്ദർശനങ്ങൾ കൊണ്ട് പരിഹിക്കാവുന്നതല്ല യു.പിയിൽ കോൺഗ്രസിന്‍റെ സംഘടനാപരമായ പ്രശ്നങ്ങളെന്ന് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. 'പല പ്രശ്നങ്ങളും പാർട്ടി മുഖവിലക്കെടുക്കുന്നില്ല. സ്വാധീനമുള്ള േനതാക്കന്മാർ പലരും പാർട്ടി വിട്ടുപോയി. പലരും പോകാനിരിക്കുന്നു. പ്രിയങ്ക ഗാന്ധിയുമായി ബന്ധമുള്ള നേതാക്കളുടെ എണ്ണം വളരെ കുറവാണെന്നും പി.സി.സി അധ്യക്ഷൻ അജയ് കുമാർ ലല്ലുവും ചില നേതാക്കളും പാർട്ടിയിലെ മറ്റു നേതാക്കന്മാരെ മാറ്റിനിർത്താൻ ശ്രമിക്കുകയാണെന്നും ഇവർ പരിഭവം പറയുന്നു.
സാമൂഹികാടിത്തറയും ഉറച്ച വോട്ടുബാങ്കുമില്ല
സാമൂഹികാടിത്തറയുടെ അഭാവമാണ് യു.പിയിൽ കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. അടിയുറച്ച വോട്ട്ബാങ്ക് പാർട്ടിക്ക് സംസ്ഥാനത്തില്ല. ഉയർന്ന ജാതിക്കാരും ഒരു വിഭാഗം ഒ.ബി.സിയും അടങ്ങുന്നതാണ് ബി.ജെ.പിയുടെ വോട്ട്ബാങ്ക്. യാദവരും മുസ്ലിംകളിൽ വലിയൊരു വിഭാഗവും സമാജ്വാദി പാർട്ടിയോടൊപ്പമാണ്. ജാട്ടുകൾ ബി.എസ്.പിക്കൊപ്പവും.
2009 ലോക്സഭാ തെരെഞ്ഞടുപ്പിൽ സംസ്ഥാനത്ത് 18 ശതമാനത്തിലേറെ വോട്ടുനേടിയ മികവ് മനസ്സിൽവെച്ചാണ് യു.പിയിൽ കോൺഗ്രസ് തന്ത്രങ്ങൾ െമനയുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന സംസ്ഥാനത്ത് മുൻനിര കക്ഷികൾക്കൊപ്പം ഇടംപിടിക്കുകയെന്നതാണ് കോൺഗ്രസ് പ്രാഥമികമായി ഉന്നംവെക്കുന്നത്. 2009ൽ തങ്ങൾക്കൊപ്പംനിന്ന കുർമികൾ, ബ്രാഹ്മണർ, സവർണ വിഭാഗത്തിൽപെട്ട മറ്റുചില ജാതികൾ എന്നിവരെ വീണ്ടും തങ്ങളിലേക്ക് അടുപ്പിക്കാനാണ് പാർട്ടിയുടെ ശ്രമം. ഇതോടൊപ്പം മുസ്ലിംകളിൽ വലിയൊരു വിഭാഗത്തെയും യാദവരല്ലാത്ത ദലിത് സമുദായങ്ങളെയും പാർട്ടി ഉന്നമിടുന്നുണ്ട്.
ഇതിന്‍റെ ഭാഗമായാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ഭാഗലിനെ യു.പിയിലെ സീനിയർ ഒബ്സർവറായി കോൺഗ്രസ് നിയമിച്ചിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ഒ.ബി.സി നേതാക്കളിൽ ഒരാളായ ഭാഗേൽ കുർമി സമുദായത്തിൽപെട്ടയാളാണ്. ദലിതനെ പഞ്ചാബിൽ മുഖ്യമന്ത്രിയാക്കിയതും യു.പി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണ ആയുധമാക്കും.
നിലവിലെ അവസ്ഥ
ഏറ്റവും പുതിയ സീവോട്ടർ സർവേ പ്രവചിക്കുന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 5.6ശതമാനം േവാട്ടും മൂന്നുമുതൽ ഏഴുവരെ സീറ്റുകളും ലഭിക്കുമെന്നാണ്. സെപ്റ്റംബറിലെ സീ വോട്ടർ സർവേയുമായി താരതമ്യം ചെയ്യുേമ്പാൾ 0.6 ശതമാനത്തിന്‍റെ വർധനവാണിത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 6.2 ശതമാനം വോട്ട് ലഭിച്ചിരുന്നു.
എന്നാൽ, സീ വോട്ടർ സർവേ പ്രവചിക്കുന്നതിനേക്കാൾ മികച്ചതായിരിക്കും കോൺഗ്രസിന് വന്നുചേരാനിരിക്കുന്ന വിജയമെന്നാണ് സംസ്ഥാനത്ത് പാർട്ടി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന നേതാക്കളിലൊരാളുടെ അവകാശവാദം. സംസ്ഥാനത്തെ ഏറ്റവും പ്രബലമായ രണ്ടു പാർട്ടികളിൽ ഒന്നല്ലെങ്കിലും കുടുതൽ ഭേദപ്പെട്ട വോട്ടിങ് ശതമാനമായിരിക്കും ഇക്കുറിയെന്ന് പാർട്ടി കരുതുന്നു. 'സീറ്റുകളുടെ എണ്ണത്തിലും സീവോട്ടർ സർവേ കോൺഗ്രസിനെ വില കുറച്ചുകാണുകയാണ്. ഇക്കുറി സീറ്റുകളുടെ എണ്ണം രണ്ടക്കത്തിലെത്തുമെന്നതിൽ സംശയമൊന്നുമില്ല' -അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തെരഞ്ഞെടുത്ത സീറ്റുകളിൽ മത്സരം
യു.പിയിൽ ഉടനീളം ആൾബലമുള്ള പാർട്ടിയല്ല ഇപ്പോൾ കോൺഗ്രസ്. അതിനാൽ, തെരഞ്ഞെടുത്ത സീറ്റുകളിൽ മത്സരിക്കുക എന്നതാണ് പാർട്ടിയുടെ ചിന്തകളിൽ സജീവമായുള്ളത്. തങ്ങളുടെ വിഭവവും സമയവുമെല്ലാം സാധ്യതയുള്ള സീറ്റുകളിലേക്ക് കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം.
രണ്ടുതരം സീറ്റുകളാണ് ഇതിനായി പാർട്ടി സെലക്ട് ചെയ്യുക. കോൺഗ്രസിന്‍റെ ശക്തരായ സാഥാനാർഥികളുള്ളവയാണ് ഒന്ന്. മറ്റൊന്ന് ബി.ജെ.പിക്ക് ഏറ്റവുമധികം വെല്ലുവിളി ഉയർത്താൻ കഴിയുന്നവയും. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഏറക്കുറെ ഈ തന്ത്രമാണ് കോൺഗ്രസ് അവലംബിച്ചത്. ഇക്കുറി മൊത്തം 403 സീറ്റുകളുള്ള യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ 80-100 സീറ്റുകളിലായിരിക്കും കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് സൂചന.
യഥാർഥ 'യുദ്ധം' 2024ൽ
യു.പി നിയമസഭയിൽ കോൺഗ്രസ് പത്തുശതമാനത്തിൽ കൂടുതൽ സീറ്റ് നേടിയത് അവസാനമായി 1991ലാണ്. 1993നുശേഷം 10 ശതമാനത്തിൽ കൂടുതൽ വോട്ട് നേടിയത് 2012ലും -11.6 ശതമാനം. അന്ന് കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരമുഖം രാഹുൽ ഗാന്ധിയായിരുന്നു.
ലോക്സഭയിൽ 1999ൽ 14.7 ശതമാനം വോട്ടും പത്തു സീറ്റും ലഭിച്ചിരുന്നു. 2004ൽ ഒമ്പതു സീറ്റും 12 ശതമാനം വോട്ടും. 2009ൽ 21 സീറ്റും 18.3 ശതമാനം വോട്ടും നേടി കോൺഗ്രസ് കരുത്തുകാട്ടി. എന്നാൽ, 2014ലും 2019ലും പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു ഫലം.
സംസ്ഥാന തെരഞ്ഞെടുപ്പിനേക്കാൾ, ലോക്സഭ മുന്നിൽകണ്ടുള്ള നീക്കങ്ങളാണ് കോൺഗ്രസിേന്റത്. പരമ്പരാഗതമായി പാർട്ടി താരതമ്യേന ശോഭിക്കുന്നതും ലോക്സഭയിലേക്കുള്ള പോരിലാണ്. മുലായം സിങ്, മായാവതി, കല്യാൺ സിങ്, അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ് എന്നിവരെപ്പോലെ സംസ്ഥാന രാഷ്ട്രീയത്തിൽ തലയെടുപ്പുള്ള നേതാവില്ലെന്നതാണ് കുറച്ചുകാലങ്ങളായി കോൺഗ്രസ് നേരിടുന്ന പ്രശ്നം. പ്രിയങ്കയുടെ വരവോടെ അതിന് പരിഹാരമാകുേമ്പാൾ, അതിനിർണായകമായ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നിലമൊരുക്കാനുള്ള പേരാട്ടവേദിയായി 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് പദ്ധതി ആവിഷ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.