നരച്ചാൽ നിലയ്ക്കുമോ ജീവിതതാളം
text_fieldsഉറ്റവർ ഉയർത്തിക്കെട്ടിയ അവഗണനയുടെ വേലിക്കിപ്പുറം ആശ്രയവും അഭയവും കാത്തുനിൽക്കുകയാണ് സാക്ഷര കേരളത്തിെൻറ വാർധക്യം. പോറ്റിവളർത്തിയ അരുമമക്കൾ ചവിട്ടിത്തള്ളിയ വയോജനങ്ങൾ കൊടിയ വേദനയുടെ കയങ്ങളിലാണ്. രോഗാതുരരും അവശരുമായ ചിലർ മരുന്നിനുപോലും വകയില്ലാതെ അലയുകയാണെങ്കിൽ പണത്തിെൻറ ധാരാളിത്തത്തിലും ഒന്നു മിണ്ടിപ്പറയാനോ സാന്ത്വന വാക്കിനോ ഗതിയില്ലാതെ ഉഴലുകയാണു മറ്റു ചിലർ. ജീവിതത്തിരക്കുകളിലും നമ്മെ നാമാക്കി മാറ്റിയ ഇൗ വയോധികർക്കു താങ്ങും തണലുമാവാൻ നമുക്ക് ബാധ്യതയില്ലേ? കേരളീയ വയോജനങ്ങളുടെ ജീവിതവ്യഥകളിലൂടെ മാധ്യമം ലേഖകൻ പി.പി കബീർ നടത്തുന്ന അന്വേഷണം ...
തിരക്കുകളിലമർന്ന രണ്ടാം തലമുറയും തിരിഞ്ഞുനോക്കാൻ മനസ്സില്ലാത്ത ന്യൂജനറേഷനും
2016 മാർച്ചിൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിലാണ് സംഭവം. ആറു മക്കളിൽ അഞ്ചും വിവാഹം കഴിഞ്ഞ് മാറിയതോടെ മകളോടൊപ്പമായിരുന്നു 87 കാരിയായ ആ അമ്മയുടെ ജീവിതം. ഒാലയും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ, ചോർന്നൊലിക്കുന്ന രണ്ട് മുറി കുടിലായിരുന്നു അത്. തൊട്ടപ്പുറത്താണ് രണ്ടാമത്തെ മകെൻറ വീട്. അമ്മ താമസിക്കുന്ന സ്ഥലം സഹോദരങ്ങൾക്ക് വീതംവെച്ച് പോകുന്നത് മകന് ഇഷ്ടമല്ല. അമ്മയെ പുറത്താക്കി എങ്ങനെയും അതു സ്വന്തമാക്കാനായി ശ്രമം. അമ്മയും സഹോദരിയും പുറത്തുപോയ സമയം അയാൾ വീട് പൊളിച്ചു. വീട്ടുപകരണങ്ങൾ തല്ലിത്തകർത്ത് പുറത്തെറിഞ്ഞു. വീടിെൻറ അവശിഷ്ടങ്ങൾക്ക് തീയിട്ട ശേഷം അവിടെ വാഴ നട്ടു. അമ്മ അവിടേക്ക് കടക്കാതിരിക്കാൻ ചുറ്റും വേലി കെട്ടി. എന്നാൽ, തെൻറ വിയർപ്പിനും സ്വപ്നങ്ങൾക്കും സാക്ഷിയായ മണ്ണ് വിട്ടുപോകാൻ ആ വൃദ്ധമനസ്സിന് കഴിഞ്ഞില്ല. മകൻ തിരിച്ചുവിളിക്കുന്നതും കാത്ത് ദിവസങ്ങളോളം അവർ വേലിക്കെട്ടിന് പുറത്തുകഴിഞ്ഞു. കൈയിൽ കിട്ടിയ വീട്ടുസാധനങ്ങൾ പറമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് നിധിപോലെ കൂട്ടിവെച്ച് അതിനരികിൽ പുൽപ്പായ വിരിച്ച് അന്തിയുറങ്ങി. നാട്ടുകാർ നൽകിയ അരി കൊണ്ട് കഞ്ഞിവെച്ച് വിശപ്പടക്കി. എന്നിട്ടും മകെൻറ മനസ് അലിഞ്ഞില്ല. അപ്പോഴും ഇതിെൻറ പേരിൽ മകൻ ശിക്ഷിക്കപ്പെടരുതേ എന്നായിരുന്നു അവരുടെ പ്രാർഥന.
തിരക്കുകളിലമർന്ന രണ്ടാം തലമുറയും തിരിഞ്ഞുനോക്കാൻ മനസ്സില്ലാത്ത ന്യൂജനറേഷനും ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ് പുതിയ കാലത്തെ വർധക്യത്തിെൻറ പ്രശ്നങ്ങൾ. കൂട്ടുകുടുംബവ്യവസ്ഥ അണുകുടുംബങ്ങൾക്ക് വഴി മാറിയ കേരളത്തിെൻറ സാമൂഹിക പശ്ചാത്തലവും ഉപജീവനത്തിന് മറുനാട്ടിലേക്കുള്ള യുവാക്കളുടെ വർധിച്ച കുടിയേറ്റവുമാണ് വാർധക്യത്തെ ഭാരമേറിയ ചുമടാക്കിയത്. യൗവനം കർമനിരതമാക്കി കുടുംബത്തെ കൈപിടിച്ചു കയറ്റിയവരുടെ ജീവിത സായാഹ്നം ഒറ്റപ്പെടലിെൻറ വേദനയിൽ നീറുന്നതായി. തിരക്കുപിടിച്ച ലോകത്തുനിന്ന് തിരിച്ചിറങ്ങാത്ത മക്കളോട് ഒന്നും പറയാനാവാതെ വൃദ്ധരായ മാതാപിതാക്കൾ വീടകങ്ങളുടെ കൂട്ടിരിപ്പുകാരായി ഒതുങ്ങി.
ഭൂരിഭാഗം വികസിത രാജ്യങ്ങളും 65 വയസ് മുതലുള്ളവരെയാണ് വയോധികരുടെ ഗണത്തിൽപ്പെടുത്തിയിട്ടുള്ളത്. െഎക്യരാഷ്ട്ര സംഘടന നിശ്ചയിച്ച പരിധിയായ 60 വയസാണ് ഇന്ത്യയിൽ. വയോജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ആരോഗ്യരംഗത്തെ മുന്നേറ്റത്തിലൂടെ ആയുർദൈർഘ്യത്തിൽ നമ്മൾ ഇതരസംസ്ഥാനങ്ങളെ പിന്നിലാക്കിയതാണ് കാരണം.
കേരളത്തിൽ സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം 78.7 വയസ്സും പുരുഷൻമാരുടേത് 73.8ഉം ആണ്. 1990ൽ ഇത് യഥാക്രമം 74.5ഉം 67.6ഉം ആയിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 13 ശതമാനം 60 വയസിന് മുകളിലുള്ളവരാണ്. ഏകദേശം 46 ലക്ഷം വരുമിത്. ഇവരിൽ 52 ശതമാനം സ്ത്രീകളാണ്. ഗ്രാമങ്ങളിലാണ് വയോധികർ കൂടുതൽ. 2025ഒാടെ കേരളത്തിലെ ജനസംഖ്യയുടെ 24 ശതമാനമാകും വയോധികർ. രാജ്യത്ത് 2001നും 2011നും ഇടയിൽ പൊതു ജനസംഖ്യ വളർച്ച 17.7 ശതമാനമായിരുന്നപ്പോൾ വയോധികർക്കിടയിൽ 35.5 ശതമാനമായിരുന്നു.
വൃദ്ധർ കൂടി, വൃദ്ധസദനങ്ങളും
വയോധികരുടെ സംരക്ഷണമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളികളിലൊന്ന്. അവരുടെ എണ്ണത്തിനൊപ്പം വൃദ്ധ സദനങ്ങളും പെരുകുകയാണ്. ഒാരോ വർഷവും കേരളത്തിൽ അഞ്ചു വൃദ്ധസദനങ്ങൾ പുതുതായി ഉണ്ടാകുന്നുണ്ട്. രാജ്യത്തെ അഞ്ചിലൊന്നു വൃദ്ധസദനങ്ങളും കേരളത്തിലാണ്. 2015 ഒക്ടോബറിലെ കണക്ക് പ്രകാരം കേരളത്തിൽ കൺട്രോൾ ബോർഡ് അംഗീകാരമുള്ള 560 വൃദ്ധസദനങ്ങളിലായി 17,249 അന്തേവാസികളുണ്ട്. ഇവരുടെ എണ്ണം ഇപ്പോൾ 28,000 കവിഞ്ഞതായാണ് വൃദ്ധസദനങ്ങളെക്കുറിച്ചും വയോധികരുടെ പ്രശ്നങ്ങളെക്കുറിച്ചും പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ കമീഷെൻറ കണ്ടെത്തൽ. സാമ്പത്തിക ശേഷിയുണ്ടായിട്ടും നോക്കാനാളില്ലാത്തതാണ് പലരെയും വൃദ്ധ സദനങ്ങളിലെത്തിക്കുന്നത്. ജോലിതേടി പുറത്തുപോകുന്ന മക്കൾക്ക് മാതാപിതാക്കളെ സുരക്ഷിതമായി ഏൽപ്പിക്കാൻ മറ്റു കരങ്ങളില്ല.
കേരളത്തിലെ 28 ശതമാനം കുടുംബങ്ങളിലും പ്രായമായ ഒരാളെങ്കിലുമുണ്ടെന്നാണ് കണക്ക്. പത്ത് ശതമാനം കുടുംബങ്ങളിൽ രണ്ടു പേർ വീതവും. 3.05 ശതമാനം വയോധികർ ഒറ്റക്കാണ് താമസം. 9.3 ശതമാനം പേർക്കൊപ്പം പങ്കാളി മാത്രമേയുള്ളൂ. 45.5 ശതമാനം പേർ പങ്കാളിക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം താമസിക്കുേമ്പാൾ 5.7 ശതമാനം പേരെ സംരക്ഷിക്കുന്നത് ബന്ധുക്കളോ മറ്റുള്ളവരോ ആണ്. 35.6 ശതമാനം പേർക്ക് മക്കളുടെ ആശ്രയമുണ്ട്. പക്ഷേ, തങ്ങൾക്ക് പിന്നാലെ വന്ന തലമുറയുടെ മാറിയ സംസ്കാരത്തിനും വേഗമേറിയ ജീവിതശൈലിക്കും മുന്നിൽ കേരളത്തിെൻറ വാർധക്യം ഉൗന്നുവടികൾ നഷ്ടപ്പെട്ടവരായിരിക്കുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.