തിരുനബി നന്മയുടെ വിളക്കുമാടം
text_fieldsവാക്കുകൾകൊണ്ടും കൈകൊണ്ടും മനുഷ്യരെ ദ്രോഹിക്കുന്നവൻ എന്റെ അനുയായി അല്ലെന്ന് പ്രവാചകൻ പഠിപ്പിച്ചു. ജീവിതത്തിന്റെ അവസാന കാലയളവിൽ നടന്ന അറഫ പ്രഭാഷണത്തിൽ മനുഷ്യാവകാശങ്ങളെക്കുറിച്ച് തന്റെ അനുയായിവൃന്ദത്തിന് കൃത്യമായ ബോധവത്കരണം നൽകി. ഏതൊരാളുടെയും ജീവനും അഭിമാനവും വലുതാണെന്ന് പഠിപ്പിച്ചു. ആരുടെയും ധനം അപഹരിക്കാൻ പാടില്ലെന്ന് ഉണർത്തി. നന്മ നിറഞ്ഞ ജീവിതമാണ് ശരിയായ വഴിയെന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങളിലുടനീളം മനുഷ്യന്റെ ജീവിത ദൗത്യമായി പരസ്പര സ്നേഹത്തെയും ബഹുമാനത്തെയും സാമൂഹിക നീതിയെയും പരാമർശിച്ചതായി കാണാം
ലോകർക്കാകെ അനുഗ്രഹമായാണ് തിരുനബി നിയോഗിക്കപ്പെട്ടതെന്നാണ് ഖുർആൻ അധ്യാപനം. ജന്മംകൊണ്ടും സാന്നിധ്യത്താലും ഇടപെടലുകൾകൊണ്ടും ചുറ്റുമുള്ളവർക്കാകെ നന്മയുടെ വെളിച്ചം വിതറുകയും സമൂഹത്തെയാകമാനം നവീകരിക്കുകയും ചെയ്തതിലൂടെയാണ് നബിജീവിതം എക്കാലവും ഓർക്കപ്പെടുന്നത്. അത്തരം നന്മനിറഞ്ഞ പാഠങ്ങളുടെ ആഘോഷമാണ് ഓരോ നബിദിനവും.
14 നൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ തലമുറയെ നവീകരിച്ചുകൊണ്ടിരിക്കുന്ന, ഇനിയും ആയിരക്കണക്കിന് നൂറ്റാണ്ട് ലോകം നിലനിൽക്കുകയാണെങ്കിൽപോലും അപ്പോഴും പ്രസക്തമാവുന്ന നബിവചനങ്ങളെ അടുത്തറിയുകയും അനുധാവനം ചെയ്യുകയുമാണ് നല്ല മനുഷ്യരാവാൻ നമ്മെ പ്രചോദിപ്പിക്കുക.
വർത്തമാനകാലത്ത് നിന്നുകൊണ്ട് ചരിത്രത്തിൽ നബിയുടെ ഇടമെന്താണെന്നും ഭാവിയിൽ എങ്ങനെയാണ് അവിടന്ന് ഇടപെടുന്നത് എന്നുമെല്ലാം ആലോചനകൾ നടത്തുമ്പോൾ ഇവയുടെ അർഥവ്യാപ്തി അറിയാം.
പ്രവാചക നിയോഗത്തിന് മുമ്പ് മക്കയിലെ ജനങ്ങൾക്കിടയിൽ, വിശ്വസ്തൻ എന്നർഥം വരുന്ന ‘അൽഅമീൻ’ എന്ന പേരിലായിരുന്നു മുഹമ്മദ് നബി അറിയപ്പെട്ടിരുന്നത്. ജനങ്ങൾ അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ വേണ്ടി നബിയെ ഏൽപിച്ചിരുന്നു.
പ്രവാചകനിൽ അവർക്കുള്ള വിശ്വാസത്തിന്റെ ആഴത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അവർക്കിടയിൽ ഒരാൾപോലും നബി കളവ് പറഞ്ഞതായി കേട്ടിട്ടില്ല. ശാമിൽ പോയി കച്ചവടം നടത്തുമ്പോഴും ഈ സ്വഭാവഗുണങ്ങൾ സൂക്ഷിക്കാൻ നബിക്ക് സാധിച്ചിരുന്നു.
ഈ ഹൃദയവിശുദ്ധിയുടെ പ്രയോഗങ്ങളാണ് നബിയുടെ ജീവിതത്തെ ഇന്നും ജനങ്ങൾക്ക് മാതൃകയോഗ്യമാക്കിയത്. പ്രവാചക നിയോഗമുണ്ടായ സമയത്ത് ഭാര്യ ഖദീജ ബീവി മുഹമ്മദ് നബിയെ ചേർത്തുപിടിക്കുന്നത് ഈ സ്വഭാവഗുണങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു. കുടുംബബന്ധം ചേർക്കുക, ദരിദ്രരെ സഹായിക്കുക, അതിഥികളെ സൽക്കരിക്കുക, സുഹൃത്തിന്റെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുക തുടങ്ങിയ നബിയുടെ സ്വഭാവഗുണങ്ങൾ ഖദീജ ബീവി എണ്ണിപ്പറഞ്ഞിരുന്നു.
ചുറ്റുമുള്ള ജനങ്ങളോട് സ്നേഹവും കരുതലുമുണ്ടാകുന്ന സമയത്ത് ഒരു മനുഷ്യനുണ്ടാകുന്ന സ്വസ്ഥതയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സ്വഭാവഗുണങ്ങൾ ഉൾച്ചേർന്നുകിടക്കുന്ന മനുഷ്യനാകുമ്പോഴാണ് നമ്മുടെ ജീവിത നിയോഗം പൂർണമാകുന്നതെന്നും ആ ജീവിതം വഴി കാണിച്ചുതരുന്നുണ്ട്.
പ്രഭാഷണങ്ങൾക്കും ആജ്ഞകൾക്കുമെല്ലാം മുമ്പ് അവിടുന്ന് ജീവിതംകൊണ്ടാണ് ജനങ്ങളെ സംസ്കരിച്ചത്. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ സാന്നിധ്യംകൊണ്ട്. ഒന്നാലോചിച്ചുനോക്കൂ, കേവല സാന്നിധ്യംകൊണ്ടു മാത്രം ഒരു സമൂഹത്തെ പരിവർത്തിപ്പിക്കാൻ കഴിയുക എന്നതിന്റെ ശക്തി! ചുരുക്കിപ്പറഞ്ഞാൽ, സ്വയം നന്മയുടെ വിളക്കുമാടമായി മാറുക എന്നതാണ് പ്രവാചകനിൽനിന്ന് നമുക്ക് പഠിക്കാനുള്ള ആദ്യപാഠങ്ങളിലൊന്ന്.
ആ ജീവിതം ഏറ്റവും അടുത്തുനിന്ന് വീക്ഷിച്ചവരിലൊരാൾ, ബീവി ആഇശ പറഞ്ഞത്, ഖുർആൻ ആണ് അവിടത്തെ സ്വഭാവം എന്നാണല്ലോ. എത്ര വിശാലമാണ് ഇതിന്റെ അർഥതലങ്ങൾ; ഖുർആൻപോലെ സുന്ദരം, സമ്പൂർണം, സാരസം തുടങ്ങി എല്ലാം. ഒരു വിശ്വാസി ഏതൊരു പ്രശ്നത്തെ സമീപിക്കുമ്പോഴും സ്വീകരിക്കേണ്ട ഒരു ഫോർമുലയാണിത്. സ്വന്തത്തിലേക്ക് നോക്കാൻ അനേകം നിർദേശങ്ങൾ ഖുർആനും ഹദീസും വേറെയും ഏറെ നൽകുന്നുണ്ടല്ലോ.
പ്രത്യക്ഷത്തിൽതന്നെ മുഹമ്മദ് നബി പ്രയോഗിച്ച പരിഹാരങ്ങൾ വേറെയുമുണ്ട്. മദ്യം നിരോധിച്ച സംഭവം നോക്കൂ, ഘട്ടംഘട്ടമായി ആയിരുന്നു അത്. അവസാനമെത്തിയപ്പോൾ സമ്പൂർണ മദ്യ നിരോധനം സാധ്യമാക്കി. അടിമത്തമെന്ന സഹസ്രാബ്ധങ്ങളായി സമൂഹത്തിൽ വേരുറച്ച ഒന്നിനെ എങ്ങനെയാണ് പ്രവാചകൻ ചികിത്സിച്ചത്, അടിമ മോചനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടായിരുന്നു അത്.
നിലവിലുള്ള വ്യവസ്ഥിതിയെ പാടേ മറിച്ചിടുന്നതിന് പകരം അതിന്റെ പരിഹാരക്രിയയെ ജനകീയമാക്കുക എന്നതാണ് പ്രവാചകൻ ഇവിടെ ചെയ്തത്. അങ്ങനെ അടിമമോചനം എന്നത് ഒരു സംസ്കാരമാക്കി വളർത്തിയെടുത്തു.
എന്നാൽ, എല്ലായിടത്തും ഇതുപോലെയാണോ, അല്ല. സ്ത്രീയോട് മനുഷ്യത്വ വിരുദ്ധമായി മാത്രം പെരുമാറിയ അന്നത്തെ ജനതയോട് പെൺകുഞ്ഞുണ്ടായാൽ കുഴിച്ചുമൂടുന്നതിനെതിരെ ആഞ്ഞടിച്ചു പ്രവാചകൻ. പെൺകുട്ടികളെ പരിപാലിച്ചു വളർത്തുന്നവർക്ക് സ്വർഗം വാഗ്ദാനം ചെയ്തു.
പരസ്പരം ചെറിയ കാര്യങ്ങൾക്ക് കാലങ്ങളോളം കലഹിച്ചവർക്ക് മുന്നിൽ വർഗ, വർണ വ്യത്യാസങ്ങൾക്കതീതമായ ഒരു സാഹോദര്യത്തെ നബി കാണിച്ചുകൊടുത്തു. പിന്നീടവർ സാഹോദര്യം പ്രകടിപ്പിക്കാൻ മത്സരിക്കുകയായിരുന്നു. എത്രതവണയാണ് പ്രവാചകൻ സാഹോദര്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്.
സർവ വിശ്വാസികളും സഹോദരങ്ങളാണെന്ന്, അവർ കെട്ടിടത്തിന്റെ കല്ലുകൾപോലെയാണെന്ന്, നിങ്ങൾ ചെയ്യുന്ന ഒരു കാര്യം നിങ്ങളുടെ സഹോദരന് പ്രയാസമാകാതിരുന്നാൽ മാത്രം പോരാ, അവനത് ഇഷ്ടമുണ്ടാവുകകൂടി വേണമെന്ന്, തന്റെ സഹോദരനെ സഹായിച്ചാൽ ദൈവം സഹായിക്കുമെന്ന്, ഇങ്ങനെ തുടങ്ങി അനേകം പാഠങ്ങൾ.
പ്രതികാര നടപടികളെക്കുറിച്ച് പറയുന്നിടത്തുപോലും എതിരെ നിൽക്കുന്നവരോട് പൊറുക്കാൻ മനസ്സ് കാണിച്ചാൽ അതാണ് ദൈവഭക്തിയോട് ഏറ്റവും ചേർന്നുനിൽക്കുന്നത് എന്നുപോലും പറഞ്ഞു. തന്റെ പ്രതികാരത്തെക്കാളും വികാരത്തേക്കാളുമെല്ലാം സഹോദരന് മുൻഗണന നൽകുക. ഈ മുൻഗണന (ഈസാർ) ആണ് ഇസ്ലാമിക സ്വഭാവ, സാംസ്കാരിക മൂല്യങ്ങളുടെ അതിമനോഹരമായ അടിക്കല്ലായി വായിക്കപ്പെടുന്നത്.
പ്രവാചകന്റെ സാമൂഹിക ഇടപെടലുകൾ ക്ഷേമബന്ധിതമായിരുന്നു. വാക്കുകൾകൊണ്ടും കൈകൊണ്ടും മനുഷ്യരെ ദ്രോഹിക്കുന്നവൻ എന്റെ അനുയായി അല്ലെന്ന് പ്രവാചകൻ പഠിപ്പിച്ചു. ജീവിതത്തിന്റെ അവസാന കാലയളവിൽ നടന്ന അറഫ പ്രഭാഷണത്തിൽ മനുഷ്യാവകാശങ്ങളെക്കുറിച്ച് തന്റെ അനുയായിവൃന്ദത്തിന് കൃത്യമായ ബോധവത്കരണം നൽകി. ഏതൊരാളുടെയും ജീവനും അഭിമാനവും വലുതാണെന്ന് പഠിപ്പിച്ചു.
ആരുടേയും ധനം അപഹരിക്കാൻ പാടില്ലെന്ന് ഉണർത്തി. നന്മ നിറഞ്ഞ ജീവിതമാണ് ശരിയായ വഴിയെന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങളിലുടനീളം മനുഷ്യന്റെ ജീവിത ദൗത്യമായി പരസ്പര സ്നേഹത്തേയും ബഹുമാനത്തേയും സാമൂഹിക നീതിയെയും പരാമർശിച്ചതായി കാണാം.
സ്രഷ്ടാവിനോടും സ്വന്തത്തോടും സമൂഹത്തോടും സത്യസന്ധരാകാനുള്ള ആഹ്വാനമാണ് നബി പകർന്ന മഹാ മൂല്യങ്ങളിൽ മറ്റൊന്ന്. തല പോയാലും കളവ് പറഞ്ഞുകൂടാ എന്നത് ഒരു വിശ്വാസിയുടെ പ്രാഥമിക ബോധമാവുന്നത് അങ്ങനെയാണ്.
വഞ്ചന കാണിക്കുന്നവർ നമ്മിൽ പെട്ടവനല്ലെന്ന് പറഞ്ഞ് ആ ഹീനകൃത്യം ചെയ്യുന്നവരെ ഈ മഹത്തായ സൗഹൃദ വലയത്തിൽനിന്നുതന്നെ അവിടുന്ന് പുറത്താക്കുന്നുണ്ട്. ഇരുലോകത്തും ഏറെ ആവശ്യംവരുന്ന ഈ സൗഹൃദ വലയത്തെ ആരെങ്കിലും കേവല ഭൗതിക ലാഭത്തിനു വേണ്ടി ഉപേക്ഷിക്കില്ലല്ലോ.
വൈയക്തികവും സാമൂഹികവുമായ അനേകം പ്രശ്നങ്ങളുടെ നടുവിലാണ് നാം. നമുക്ക് പരിഹാരമായി നബിചര്യകൾ കൂടെയുണ്ടെന്ന് എപ്പോൾ തിരിച്ചറിയുന്നുവോ അപ്പോൾ മുതൽ നാം ക്രിയാത്മകമായ ഒരു സമൂഹമായി മാറും. പറഞ്ഞുനടക്കാൻ മാത്രമല്ല, പ്രാവർത്തികമാക്കാൻകൂടിയാണ് അവയെല്ലാം.
നാം ഇങ്ങനെയെല്ലാം പ്രയാസത്തിലാകുന്ന ഒരു കാലം വരുമെന്ന് ദീർഘദർശനം ചെയ്തുകൊണ്ടുതന്നെയാണ് തിരുനബി ഇതെല്ലാം പഠിപ്പിച്ചതും. നിങ്ങളിൽ ഞാൻ രണ്ടു കാര്യങ്ങൾ വിട്ടേച്ചു പോകുന്നു എന്ന് അവിടുന്ന് പറഞ്ഞല്ലോ. ഒന്ന് വിശുദ്ധ ഖുർആനാണ്; മറ്റൊന്ന് അവിടത്തെ ചര്യകളും.
ഉദാത്തമായ ഈ സ്വഭാവഗുണങ്ങളുടെ കൈമാറ്റമാണ് മുഹമ്മദ് നബിയുടെ ദൗത്യത്തെ മനോഹരമാക്കുന്നത്. അതിലൂടെയാണ് ലോകം തിരുനബിയെ വായിക്കുന്നതും. ചുറ്റുമുള്ള മനുഷ്യരുടെ വേദനയറിയുന്ന മനുഷ്യനാവുക, അവർക്കെല്ലാം വെട്ടം വിതറുക എന്നതാണ് മുഹമ്മദ് നബിയുടെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നത്.
(കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.