മനുഷ്യനെക്കാളധികം മനുഷ്യനായ ഒരാൾ
text_fields‘മുഹമ്മദ്’ എന്നതിന് ‘എല്ലാ പുകഴ്ത്തലുകളും നേടിയവൻ’ എന്നർഥം. പിറക്കുംമുമ്പേ പിതാവ് മരണപ്പെട്ടതിനാൽ അനാഥനായിപ്പോയ ആ പൈതലിനെ വല്യുപ്പ അബ്ദുൽ മുത്തലിബ് ‘മുഹമ്മദ്’ എന്ന പേരുവിളിച്ചു. അപ്പോൾ ആ പേരിൽ അറിയപ്പെട്ടവരാരും മക്കയിലോ സമീപപ്രദേശങ്ങളിലോ ഇല്ലായിരുന്നു.
അങ്ങനെ, അപൂർവമായത് ഉണ്ടാവുക എന്നത് ആ പേരിടലിലേ സംഭവിച്ചു കഴിഞ്ഞു. ആ പേര് വിളിക്കപ്പെട്ട് പതിനഞ്ച് നൂറ്റാണ്ട് പിന്നിട്ട ഇന്ന്, ഈ നിമിഷംപോലും ലക്ഷക്കണക്കിന് കണ്ഠങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു ‘മുഹമ്മദ്’എന്ന മദ്ഹ്. പിന്നിട്ട ഓരോ നിമിഷവും മുഹമ്മദ് എന്ന പേര് നേടിയ പുകഴ്ത്തലുകളും പ്രാർഥനകളും മദ്ഹുകളും തന്നെ ആ പേരിന്റെ അപൂർവചാരുതയുടെ നേരടയാളം.
മുഹമ്മദ് നബി ജനിക്കുമെന്ന പ്രവചനം തോറയിലുണ്ടായിരുന്നു. പൂർവ സത്യത്തെ ബലപ്പെടുത്തുവാൻ ‘അഹ്മദ്’ എന്ന പ്രവാചകൻ വരുമെന്ന് വേദക്കാർ ഉറച്ചു വിശ്വസിച്ചിരുന്നു. കുടുംബത്തോടൊപ്പം ദേശാന്തരസഞ്ചാരം നടത്തുമ്പോൾ, വിവിധ പട്ടണങ്ങളിൽ കണ്ടുമുട്ടുന്ന ജ്ഞാനികളിൽ പലരും ആ ബാലന്റെ കണ്ണുകളിലെ തിളക്കവും മുഖത്തെ ദിവ്യപ്രകാശവും തിരിച്ചറിഞ്ഞു.
ഈ കുഞ്ഞിനെ പരിക്കുപറ്റാതെ സംരക്ഷിക്കണമെന്ന് ബന്ധുക്കളോട് ഉപദേശിച്ചു. കുട്ടിക്കാലത്തേ ഒരു കുട്ടിക്കും സാധ്യമാവാത്തത്രയും നിഷ്കളങ്കനും സത്യസന്ധനുമായി മുഹമ്മദ്. ‘അൽ-അമീൻ’ എന്ന് മുഹമ്മദിനെ അരുമയോടെ നാട്ടുകാർ വിളിച്ചു. ഉത്തമം, സത്യസന്ധം, വിശ്വസ്തത, സംരക്ഷണം എന്നുതുടങ്ങി കുറേ നേർവാക്കുകളുടെ ഒറ്റപ്പദമാണ് ‘അമീൻ’.
ആ പ്രശസ്തിക്ക് ഒരു പോറലും ഏൽപിക്കാതെ നാലു പതിറ്റാണ്ടുകൾ സ്വന്തം ദേശത്ത് പിന്നിട്ടു. കവിത പതയുന്ന ചഷകങ്ങളേന്തി ആർത്തുവിളിച്ചാടുന്ന ആഘോഷപ്പന്തികളിലൊരിടത്തേക്കും കയറിച്ചെന്നില്ല. ശിശുസഹജമായ പവിത്രതയോടെ കൗമാരവും യൗവനവും പിന്നിടുക എന്നത് മുഹമ്മദിനു മാത്രം കഴിഞ്ഞു. എന്നിട്ടും ആ കണ്ണുകളിലെ അദൃശ്യമായ ആജ്ഞാശക്തിയും പെരുമാറ്റത്തിലെ കരുത്തും കൈവിട്ടതുമില്ല.
സമൂഹത്തിലെ ദുർബലരും പീഡിതരും സഹായംതേടി അപ്പോഴും മുഹമ്മദിനെ തേടിവന്നു. ഗോത്രപ്രമുഖനും പരുക്കനുമായ അബുൽഹകമിന്റെ മുന്നിൽപോലും എഴുന്നേറ്റുനിന്ന് ന്യായംപറഞ്ഞു. നീതിക്കുവേണ്ടി വാദിക്കുമ്പോൾ മുഹമ്മദിന്റെ ഇരു തോളുകളിലും സിംഹങ്ങൾ എഴുന്നുനിൽക്കുന്നത് ഞാൻ കണ്ടു എന്ന് അബൂജഹൽ ചങ്ങാതിമാരോട് വെളിപ്പെടുത്തി.
ജ്ഞാനത്തിലും ധ്യാനത്തിലും ആണ്ടുമുഴുകാനും മുഹമ്മദിന് കഴിഞ്ഞിരുന്നു. അതേ കാലത്ത്, തത്ത്വജ്ഞാനത്തെ തർക്കത്തിൽ തളച്ചിട്ട് ചിന്തയെ ധൂർത്തടിച്ച ഗ്രീസിനെയും അന്ധവിശ്വാസത്തിലും അനാചാരത്തിലും അടിഞ്ഞുപോയ വേദജനതയെയും മൂഢശീലങ്ങളുടെ അടിമകളായ സ്വന്തം ജനത്തെയും മുഹമ്മദിന് ആഴത്തിൽ അറിയാമായിരുന്നു.
ഭാര്യയും ഉടമയുമായ ഖദീജയുടെ കച്ചവടപ്പൊരുളുകളുമായി യൗവനകാലത്തുചെയ്ത ദേശാന്തരഗമനങ്ങളിൽ ലോകസ്ഥിതിയുടെ ഓരോ മിടിപ്പും ആ പ്രവാചകപൂർവകാലം അളന്നറിഞ്ഞു. അക്ഷരങ്ങൾക്കപ്പുറമുള്ള ആ അറിവിലും അമാനുഷികതയുണ്ട്. സ്വച്ഛവും വ്യത്യസ്തവുമായ ഒരു ധ്യാനസ്ഥലി ആ ഹൃദയം അസ്വസ്ഥനായി തേടിക്കൊണ്ടിരുന്നു.
അങ്ങനെയാണ് നൂർ എന്ന മലയുടെ മുകളിലെ ഹിറാ എന്ന പാറയിടുക്കിൽ എത്തുന്നത്. അവിടെ വെച്ചാണ് മുഹമ്മദ് ജ്ഞാനംകൊണ്ട് പൂർണമായ ‘നബി’ ആകുന്നത്. അക്ഷരങ്ങളെ കവിയുന്ന, സാധാരണ മനുഷ്യന് കഴിയാത്ത വായനക്കുള്ള അല്ലാഹുവിന്റെ കൽപന ലഭിക്കുന്നത്. ജിബ്രീൽ മാലാഖ ‘വായിക്കുക...’ എന്ന് മൂന്നാമതും പറഞ്ഞപ്പോഴാണ് നബിക്കുപോലും ആ ‘വായന’യുടെ പൊരുൾ പിടികിട്ടിയത്. അതിലേക്കെത്താനുള്ള അപാരമായ പരിശ്രമത്തിന്റെ കാഠിന്യംകൊണ്ടാണ് ആ ശരീരം ചൂടുപിടിച്ചുപോയത്.
മനുഷ്യനെക്കാളധികം മനുഷ്യനായി ജീവിച്ചതുകൊണ്ടാണ് മുഹമ്മദ് എന്ന മനുഷ്യനു പിന്നിൽ ഒരു ഭൗതികാസക്തികളെയും അനുസരിക്കാതെ ജനപദങ്ങൾ കൂട്ടംകൂട്ടമായി അണിനിരന്നത്. അത്ഭുതപ്രവൃത്തികൾകൊണ്ട് അനുചരവൃന്ദങ്ങളെ അനുസരിപ്പിക്കുകയായിരുന്നില്ല മുഹമ്മദ് നബി. ജീവിതത്തിലെ ഏതു നിസ്സാരമായ അനുഭവത്തെപ്പോലും അല്ലാഹുവിന്റെ അപാരമായ അത്ഭുതപ്രവൃത്തിയായി കാണാനുള്ള അറിവ് പകരുകയായിരുന്നു അവിടുന്ന്.
പുറത്തുപറയാൻ പറ്റാത്തതും നിസ്സാരവുമായ തുള്ളിയിൽനിന്നുള്ള മനുഷ്യജന്മംപോലും എത്ര അത്ഭുതകരം എന്ന് നബി ചിന്തിപ്പിച്ചു. വേനലിൽ വിണ്ടുകീറിയ ഊഷരതയിൽനിന്ന് ഒറ്റരാത്രികൊണ്ട് ഇളംപച്ചനാമ്പുകൾ പിറവിയെടുക്കുന്നത് എത്ര അത്ഭുതകരം എന്ന് ഓർമിപ്പിച്ചു.
ഒട്ടകം, ഉറുമ്പ്, എട്ടുകാലി, കൊതുക്, ജലം, പർവതം, ആകാശം, ആകാശാന്തരലോകത്തിലെ ഗോളസമൂഹം, സമുദ്രം, സമുദ്രാന്തർഭാഗത്തെ രത്നശേഖരം... എല്ലാമെല്ലാം അത്ഭുതകരം തന്നെ. യേശു വെറുംവെള്ളത്തെ വീഞ്ഞാക്കിയപോലെ മുഹമ്മദ് നബി കേവലമായ മനുഷ്യാനുഭവത്തെ ഉദാത്തമായ തത്ത്വജ്ഞാനമാക്കി മാറ്റി.
ഏതു ദരിദ്രനും സാധ്യമാകാത്തത്രയും കഠിനമായി നബി പട്ടിണികിടന്നു. മദീനയിലെ ആ ചക്രവർത്തിയുടെ വീട്ടിൽ ദിവസങ്ങളോളം പുകയെരിഞ്ഞിട്ടില്ലായിരുന്നു. ഏതു ധനികനും സാധ്യമാകാത്തത്രയും ആനന്ദത്തിൽ നബി ജീവിതത്തെ ആസ്വദിച്ചു. അതിന് പടച്ചതമ്പുരാന് നന്ദിപറയാൻ രാത്രികാലങ്ങളിൽ ദീർഘദീർഘമായി നമസ്കരിച്ചു. ഏതു നേതാവിനും സാധ്യമാകാത്തത്രയും വിപുലമായി നബി അനുയായികളെ അനുസരിപ്പിച്ചു.
അങ്ങനെ, നൂറ്റാണ്ടുകൾക്കിപ്പുറവും കോടിക്കണക്കിനാളുകൾ നബിയുടെ ആജ്ഞകേട്ട് അടങ്ങി. ഏത് ചങ്ങാതിക്കും സാധ്യമാകാത്തത്രയും ആഴത്തിൽ നബി സ്നേഹിച്ചു, തിരിച്ച് സ്നേഹിക്കപ്പെട്ടു. ഏത് ഭർത്താവിനും ആകാൻ കഴിയാത്തത്രയും ആദരിക്കപ്പെട്ട ഇണയായി. എന്തിന്, ഏതൊരു പ്രതികാരത്തെയും അമ്പരപ്പിക്കുന്ന പ്രതികാരം അദ്ദേഹം നടത്തി.
ഇരുപത് വർഷത്തെ വിപ്രവാസത്തിനുശേഷം ജന്മനാടായ മക്ക കീഴടക്കിയ സന്ദർഭം. വിശുദ്ധ മന്ദിരമായ കഅ്ബയുടെ താക്കോൽ ഇപ്പോൾ നബിയുടെ കൈകളിലാണ്. ഖുറൈശികളുടെ പാർലമെന്റ് മന്ദിരത്തിന്റെ താക്കോലാണത്. മക്കയിലെ ഓരോ മണൽത്തരിയും നബിയുടെ മുന്നിൽ തലതാഴ്ത്തിനിന്നു.
നേതാവിന്റെ ആജ്ഞ കാത്ത് ഊരിപ്പിടിച്ച വാളുമായി അനുചരർ ചുറ്റുമുണ്ട്. രണ്ടു പതിറ്റാണ്ടായി ഉള്ളിൽ നീറിക്കൊണ്ടിരിക്കുന്ന പ്രതികാരത്തിന്റെ കനലുകളുണ്ട് ഓരോരുത്തരുടെയും ഉള്ളിൽ. നബിയുടെ ഒരാംഗ്യം മതി. അവിടെ ചോരപ്പുഴയൊഴുകും.
നബി ഉറക്കെ പ്രഖ്യാപിച്ചു: ‘‘തിരിച്ചുപോകൂ.... നിങ്ങൾ വിമോചിതരാണ്. ഇന്ന് പ്രതികാരങ്ങളില്ല’’
അതുകൊണ്ടാണ് മുഹമ്മദ് എന്ന മനുഷ്യൻ മനുഷ്യനെക്കാൾ മനുഷ്യനാകാനായി ഭൂമിയിൽ തിരഞ്ഞെടുക്കപ്പെട്ടത്. ‘മുസ്ത്വഫാ’ എന്നൊരു അപരനാമവും നബിക്കുണ്ട്. ‘പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവൻ’ എന്നാണ് അതിനർഥം.
jameelahmednk@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.