ആർഭാടമില്ലാതെയും കേരളത്തിൽ ജനസമ്പർക്കം നടന്നിരുന്നു
text_fieldsലോകാത്ഭുതങ്ങളിലൊന്നായി നവകേരള യാത്രയെ വാഴ്ത്തുന്ന പാട്ടുകൾ കേൾക്കുമ്പോൾ ഇത്രയൊക്കെ ഓർത്തുപോയെന്നേയുള്ളൂ. ഈ യാത്ര കൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും വിധത്തിൽ നേട്ടമുണ്ടാകുമെങ്കിൽ നല്ലതു തന്നെ. അതല്ല, ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ യാത്രയാണെങ്കിൽ സാമ്പത്തികമായി സംസ്ഥാനം കുത്തുപാളയെടുത്തു നിൽക്കുമ്പോൾ ജനങ്ങളോടു ചെയ്യുന്ന അതിക്രമമാണ്
അവസാനം ജനസമ്പർക്കത്തിന് ഇടതുപക്ഷ സർക്കാറും ഇറങ്ങുമ്പോൾ ഉമ്മൻ ചാണ്ടിയെ ഓർമിക്കാത്തവരായി കേരളത്തിൽ ആരും ഉണ്ടാകില്ല. സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച് ജനകീയ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹാരം നിശ്ചയിച്ച അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിക്ക് ഇപ്പോൾ നടക്കുന്ന സദസ്സിന്റെ ആർഭാടമൊന്നുമില്ലായിരുന്നു.
മുഖ്യമന്ത്രി നടത്തുന്ന പരിപാടിയിൽ അതതു ജില്ലകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും മാത്രം പങ്കെടുത്ത് തീർപ്പുണ്ടാക്കുന്നതായിരുന്നു രീതി എന്നതിനാൽ സെക്രട്ടേറിയറ്റിനെ അനാഥമാക്കേണ്ടി വന്നിരുന്നുമില്ല. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കം നടക്കുമ്പോഴും സെക്രട്ടേറിയറ്റിൽ മറ്റു മന്ത്രിമാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ജനസമ്പർക്കപരിപാടികളിൽ ഏതുപാർട്ടിക്കാർക്കും പ്രവേശനമുണ്ടായിരുന്നു, ജനങ്ങളുടെ പരാതികളിൽ അപ്പപ്പോൾ തീർപ്പുണ്ടാകുമായിരുന്നു. പൗരപ്രമുഖരെ കാണാനല്ല, ഉമ്മൻ ചാണ്ടി നടന്നത്. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ അറിയാനും അവർക്ക് ആശ്വാസം നൽകാനുമായിരുന്നു. അങ്ങനെയാണ്, പൊതുജനം ആദരിക്കുന്ന നേതാവായി ഉമ്മൻ ചാണ്ടി മാറിയത്.
ഒന്നരക്കോടി വിലയുള്ള വാഹനവും അതിനുചുറ്റും പത്തമ്പതു കാറുകളുടെ വ്യൂഹവുമൊന്നും ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നില്ല. അർധരാത്രികഴിഞ്ഞും അദ്ദേഹത്തിന്റെ ഓഫിസ് സജീവമായിരുന്നു. ട്രെയിനിലെ സ്ലീപ്പർ കമ്പാർട്ടുമെൻറിൽ യാത്ര ചെയ്യുന്നതിനിടയിലും ഫയലുകൾ നോക്കാൻ അദ്ദേഹത്തിന് ‘പ്രത്യേക ആക്ഷൻ’ ഒന്നും വേണ്ടിവന്നില്ല.
ഒന്നരക്കോടിയോളം ചെലവിട്ട് തയാറാക്കിയ ബസിലെ സഞ്ചരിക്കുന്ന മന്ത്രിസഭക്ക് പത്തുനാൽപതു വാഹനങ്ങളുടെ അകമ്പടി. അതിൽ തന്നെ പൊലീസിനും ഉദ്യോഗസ്ഥർക്കുമായി മൂന്നുനാലു ബസുകൾ വേറെയും.
രാജാക്കന്മാരുടെ എഴുന്നള്ളത്തുപോലും ഇത്ര ആർഭാടമായിരുന്നോ എന്ന് ജനം ചിന്തിച്ചു തുടങ്ങുമ്പോൾ, മറ്റൊരു മന്ത്രിസഭയുടെ ബസ് യാത്രയെക്കുറിച്ചുള്ള അറിവാണ്, ഓർമ വരുന്നത്. 1957ലെ ആദ്യ കേരള മന്ത്രിസഭയുടെ. അതുമൊരു കമ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു.
ലോകത്തിൽ ആദ്യമായി ബാലറ്റിലൂടെ ജനാധിപത്യപരമായി അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മന്ത്രിസഭയെ നയിച്ച, രാജ്യത്തെ കമ്യൂണിസ്റ്റുകാർക്കും ഇതരർക്കും ഒരുപോലെ ആദരണീയനായി മാറിയ ഇ.എം.എസും അന്ന് യാത്രനടത്തിയത് ഒരു സാധാരണ ബസ് വാടകക്കെടുത്ത് അതിലായിരുന്നു.
ആ സാധാരണ ബസിൽ കൃത്യനിർവഹണത്തിന് ആവശ്യമായ എല്ലാ ഉ ദ്യോഗസ്ഥരെയും കയറ്റി. യാത്രക്ക് ഇന്നത്തേതുപോലെ പി.ആർ തന്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. ജനങ്ങൾക്ക് ക്ഷേമ - ഐശ്വര്യങ്ങൾ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
കേരളത്തിന്റെ വികസന പ്രശ്നങ്ങളും നദീജല പ്രശ്നങ്ങളും വൈദ്യുതി ഉൽപാദനം വർധിപ്പിക്കാനുള്ള സാധ്യതകളും പഠിക്കാനായി നടത്തിയ യാത്രയിൽ കൂടെ പൊതുമരാമത്തു മന്ത്രി ടി.എ. മജീദ്, ചീഫ് സെക്രട്ടറി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ. അവർ ചെല്ലുന്നിടങ്ങളിലെ ജനപ്രതിനിധികളും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും അവിടവിടങ്ങളിൽ പങ്കുചേർന്നു.
ഇൻസ്പെക്ഷൻ ബംഗ്ലാവുകളിലെയും ഗെസ്റ്റ് ഹൗസുകളിലെയും ലഭ്യമായിരുന്ന രണ്ടോ മൂന്നോ മുറികൾ ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കിട്ട് ഉപയോഗിച്ചു.
രണ്ടുപേർക്ക് ഉറങ്ങാവുന്ന മുറിയിൽ മുഖ്യമന്ത്രിയടക്കം ആറുപേർ വരെ കിടന്നുറങ്ങി. പരിമിത സൗകര്യം മാത്രമുപയോഗിച്ച് സഹ്യപർവതത്തിനു കീഴിലൂടെ നടത്തിയ ആ യാത്രയെ പറ്റി, അന്നത്തെ പ്രമുഖ പത്രപ്രവർത്തകനും സാഹിത്യകാരനും വാഗ്മിയും എം.പിയുമൊക്കെയായിരുന്ന കെ. ബാലകൃഷ്ണൻ ‘സഹ്യാദ്രിസാനുക്കളിൽ ’ എന്ന ലേഖന പരമ്പരയിൽ വിശദമായി എഴുതിയിട്ടുണ്ട്.
കേരളത്തിന്റെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടയാളപ്പെടുത്തിയ, വികസന പ്രശ്നങ്ങൾ കണ്ടെത്തിയ, നദീജല തർക്കങ്ങൾക്ക് പരിഹാരം നിശ്ചയിച്ച ഐതിഹാസികമായ ആ യാത്ര, ഇന്നത്തെ ഇടതുപക്ഷ സർക്കാർ വിസ്മരിച്ചതാകാനിടയില്ല. തമസ്ക്കരിച്ചതാകാനാണ്, വഴി. കാരണം, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഒരു ബസിൽ സഞ്ചരിക്കുന്നത്, ലോകത്തിൽ തന്നെ ആദ്യമായാണെന്നും മറ്റുമുള്ള അവകാശവാദങ്ങളാണ് മന്ത്രിമാരും മുതിർന്ന സി.പി.എം നേതാക്കളും ഉൾപ്പെടെയുള്ളവർ നടത്തിക്കൊണ്ടിരിക്കുന്നത്.
യാത്രയിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന് മാംസാഹാരത്തോട് ഉണ്ടായിരുന്ന താൽപര്യവും അദ്ദേഹത്തിന് അത് നൽകുന്നതിൽ റെസ്റ്റ് ഹൗസ് ജീവനക്കാർക്ക് ഉണ്ടായിരുന്ന വൈമനസ്യവും മറ്റും ബാലകൃഷ്ണൻ സരസമായി വർണിച്ചിട്ടുണ്ട്. ഇ.എം.എസിന്റെ രീതികളെയും പ്രവൃത്തികളെയും ബാലകൃഷണൻ തന്റെ വിവരണത്തിൽ വിമർശിച്ചിട്ടുമുണ്ട്.
ഇതൊക്കെ നേരിട്ടുപറയുമ്പോൾ അത് ശരിവെക്കുന്ന, തിരുത്താൻ സന്മനസുള്ള ഒരു മുഖ്യമന്ത്രിയെയും ബാലകൃഷ്ണൻ നമുക്ക് പരിചയപ്പെടുത്തുമ്പോൾ, സമീപകാല അനുഭവങ്ങൾ ഓർത്തുപോകുന്നത് സ്വാഭാവികം!
ഷോളയാർ, പെരിങ്ങൽകുത്ത് ജല വൈദ്യുതിപദ്ധതികൾ, പറമ്പിക്കുളം-ആളിയാർ ജലസേചനക്കരാർ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളുണ്ടായ യാത്രയായിരുന്നു അത്. ആ യാത്രയിലാണ്, കേരളത്തിൽ ടൂറിസത്തിന്റെ സാധ്യതകളെപ്പറ്റി ചർച്ചയുണ്ടായത്. കേണൽ ഗോദവർമ രാജയുമായും മറ്റും ടൂറിസം വികസനത്തെപ്പറ്റി ഇ.എം.എസ് നടത്തിയ ചർച്ചയുടെ വിവരണവുമുണ്ട്.
എറണാകുളത്തെ ബോൾഗാട്ടി പാലസും കോവളം കൊട്ടാരവും വിനോദ സഞ്ചാരികൾക്കായുള്ള ഗെസ്റ്റ് ഹൗസാക്കാൻ തീരുമാനം ഉണ്ടാകുന്നത് ആ യാത്രയിലാണ്. അതേ കോവളം കൊട്ടാരം ഇടതു സർക്കാറാണ് സമീപകാലത്ത് ഒരു സാമ്പത്തിക നേട്ടവും സംസ്ഥാനത്തിനില്ലാത്ത വിധം സ്വകാര്യവത്കരിച്ചതെന്നത് വിധിവൈപരീത്യം!
ലോകാത്ഭുതങ്ങളിലൊന്നായി നവകേരള യാത്രയെ വാഴ്ത്തുന്ന പാട്ടുകൾ കേൾക്കുമ്പോൾ ഇത്രയൊക്കെ ഓർത്തുപോയെന്നേയുള്ളൂ. ഈ യാത്രകൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും വിധത്തിൽ നേട്ടമുണ്ടാകുമെങ്കിൽ നല്ലതു തന്നെ. അതല്ല, ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ യാത്രയാണെങ്കിൽ സാമ്പത്തികമായി സംസ്ഥാനം കുത്തുപാളയെടുത്തു നിൽക്കുമ്പോൾ ജനങ്ങളോടു ചെയ്യുന്ന അതിക്രമമാണ്.
തെരഞ്ഞെടുപ്പുകൾ ജയിക്കാൻ എത്രയോ വഴികൾ മുന്നിലുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സാമുദായിക സമവാക്യം കൃത്യമായാൽ വിജയം സുനിശ്ചിതമാണെന്ന് അറിയാവുന്ന നേതൃത്വമാണ്, ഇന്ന് ഇടതുമുന്നണിക്കുള്ളത്. പണ്ട്, കെ. കരുണാകരൻ കാട്ടിയ ആ വഴി, യു.ഡി.എഫ് നേതാക്കൾ മറന്നേപോയിരിക്കുന്നു.
ഇടതുപക്ഷമാണ്, ഇന്ന് അതിന്റെ പ്രായോജകർ. അതുകൊണ്ടാണല്ലോ, ബജറ്റുവിറ്റ മന്ത്രിയെന്ന് പരിഹസിച്ച് നിയമസഭക്കുള്ളിൽ വരെ മാണിക്കെതിരെ സമരം നടത്തിയശേഷം മാണിഗ്രൂപ്പിനെ ഇടതുമുന്നണി ഉടൻതന്നെ വാരിപ്പുണർന്നത്! ഇപ്പോൾ മുസ്ലിം ലീഗിന്റെ പിന്നാലെ കൂടുന്നതിനു പിന്നിലും മറ്റൊന്നല്ല കാരണം.
ഈ രാജകീയ എഴുന്നള്ളിപ്പുകൾ പാർട്ടി ഘടകങ്ങൾക്ക് സാമ്പത്തികമായും അല്ലാതെയും ഉത്തേജനം പകരുന്നുണ്ട്. സാമ്പത്തികമായി അത് കീഴ് ഘടകങ്ങൾക്ക് ഗുണം ചെയ്യുമെന്ന പ്രതിപക്ഷാരോപണം ശരിയാണോ എന്ന് തോന്നിപ്പോകുന്നത് അവിടെയാണ്. അത് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്ക് മുതൽക്കൂട്ടാകുമായിരിക്കും. അതോടൊപ്പം കീഴ്ത്തട്ടിൽ മുന്നണിയുടെ മനോവീര്യവും ഉയരും. അതുതന്നെയാകണം, യാത്രാഉദ്ദേശ്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.