ആതിഥേയരേ, നിങ്ങളാണ് യഥാർഥ ചാമ്പ്യന്മാർ!
text_fieldsഒരു മാസത്തോളമായി ലോകം കണ്ണും കാതും തുറന്നുവെച്ചത് മിഡിലീസ്റ്റിലെ ഖത്തർ എന്ന കൊച്ചുരാജ്യത്തിലേക്കായിരുന്നു. നിലക്കാതെ പിന്തുടർന്ന വിവാദങ്ങൾക്ക് ക്രിയാത്മക നടപടികളാൽ അവർ മറുപടി നൽകി. ടീമുകൾക്കും കാണികൾക്കും പരമാവധി സൗകര്യങ്ങളൊരുക്കി, ഫുട്ബാൾ മഹാമേള ഗംഭീരമാക്കി. ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും മികച്ചതെന്ന ഖ്യാതി ഇനി ഖത്തറിന് സ്വന്തം
എയർ ഇന്ത്യയുടെ 971ാം നമ്പർ വിമാനം ഡൽഹിയിൽനിന്ന് ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് വൈകീട്ട് 7.25 നാണ് പോകുന്നത്. യാത്രക്കുവേണ്ടി ഡൽഹി വിമാനത്താവളത്തിന്റെ മൂന്നാം നമ്പർ ടെർമിനലിൽ എത്തിയപ്പോൾ ഗേറ്റിന്റെ ഉള്ളിലേക്ക് കയറുവാൻ 15 മിനിറ്റ് എടുത്തു.
ചെക്ക്-ഇൻ 20 മിനിറ്റ്, ഇമിഗ്രേഷൻ 25 മിനിറ്റ്, സുരക്ഷാ പരിശോധന 15 മിനിറ്റ്. ഇതെല്ലാം കഴിഞ്ഞ് വിമാനത്തിന്റെ ഗേറ്റിന്റെ അടുത്ത് എത്താൻ ഏകദേശം ഒന്നര മണിക്കൂറെടുത്തു. രാത്രി 9.30 മണിയായപ്പോൾ പൈലറ്റിന്റെ അറിയിപ്പ്, ദോഹയിൽ വിമാനം ഇറങ്ങുകയാണെന്ന്. മനസ്സിൽ പിന്നെയും അങ്കലാപ്പ് തുടങ്ങി- ഇനി ഈ വിമാനത്താവളത്തിൽ എത്ര നേരം വൈകും.
ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന്റെ ഭാഗമാകുവാനുള്ളവരെയും വഹിച്ച് മിനിറ്റിന് മിനിറ്റിന് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിമാനങ്ങൾ വന്നിറങ്ങുന്നു. ഇവരെയെല്ലാം ഈ വിമാനത്താവളത്തിന് ഉൾക്കൊള്ളാൻ പറ്റുമോ? ഈ രാജ്യത്തിന് അതിനുള്ള സൗകര്യങ്ങളുണ്ടോ, എത്രനേരം കാത്തു നിൽക്കേണ്ടിവരും? ഇതെല്ലാമായിരുന്നു മനസ്സിലെ ചിന്തകൾ.
ഇമിേഗ്രഷൻ കൗണ്ടറിൽ എത്തിയപ്പോൾ ആരേയും കാണാനില്ല. ഓട്ടോമാറ്റിക് ഗേറ്റുകൾ മാത്രം. ഒരുദ്യോഗസ്ഥൻ ഞങ്ങളോട് പാസ്പോർട്ട് സ്കാൻ ചെയ്യാൻ നിർദേശിച്ചു. അത് ചെയ്തപ്പോൾ ആദ്യ ഗേറ്റ് തുറന്നു. പിന്നീട് കണ്ണ് സ്കാൻ ചെയ്തതോടെ രണ്ടാമത്തെ വാതിലും തുറന്നു. ഇമിഗ്രേഷന് എടുത്തത് ഒരു മിനിറ്റിൽ താഴെ. ലഗേജ് ബെൽറ്റിൽ ചെന്നപ്പോൾ പെട്ടികൾ വന്നുകിടക്കുന്നു. വിമാനം ഇറങ്ങി 15 മിനിറ്റിനുള്ളിൽ വിമാനത്താവളത്തിന്റെ പുറത്തിറങ്ങി. ഇവിടെ തുടങ്ങുന്നു ഖത്തറിന്റെ ലോകകപ്പ് വിജയം.
11,571 ചതുരശ്ര കിലോമീറ്ററാണ് ആ രാജ്യത്തിന്റെ വിസ്തീർണം. അതായത് കേരളത്തിന്റെ മൂന്നിലൊന്ന്. കേരളത്തിലെ ചില ജില്ലകളേക്കാൾ കുറവാണ് ജനസംഖ്യ 29.3 ലക്ഷം. 2010 ഡിസംബർ രണ്ടാം തീയതിയാണ് ഫിഫ ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നത്.
അന്ന് 22പേർ വോട്ട് ചെയ്തതിൽ 15 പേർക്ക് എതിരെ അമേരിക്കൻ, സ്വിസ് പ്രോസിക്യൂട്ടർമാർ കേസെടുക്കുകയും, ഫിഫ നിരോധന ഉത്തരവ് ഇറക്കിയതുമാണ്. പ്രധാന കാരണമായി അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടത് ഒരു സ്റ്റേഡിയം പോലും ഇല്ലാത്ത രാജ്യത്തിന് ലോകകപ്പ് അനുവദിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.
എന്നാൽ, 2022 നവംബർ 18 മുതൽ ലോകകപ്പ് അരങ്ങേറിയത് അതിമനോഹരവും നൂതനവുമായ എട്ടു സ്റ്റേഡിയങ്ങളിൽ. അതും 75 കി.മീ റേഡിയസ്സിൽ. അതായത്, ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ കളികൾ കാണാനുള്ള സൗകര്യം. 32 ടീമുകളും ഈ 75 കി.മീ പരിധിയിൽ.
വേറെ ഒരു സ്ഥലത്തും കിട്ടാത്ത ഒരു സൗകര്യം. അടുത്ത ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യത്തിലാകുമ്പോൾ ഒരു സ്റ്റേഡിയത്തിൽനിന്ന് അടുത്ത സ്റ്റേഡിയത്തിലേക്കുള്ള യാത്ര തന്നെ മതി ഖത്തറിന്റെ സവിശേഷതയെ കുറിച്ച് ഓർക്കാൻ.
മുൻവിധികളിൽ മുക്കിയ അമ്പുകളാണ് ഖത്തറെന്ന ഇസ്‍ലാമിക രാജ്യത്തിന് വേദി അനുവദിച്ചപ്പോൾ മുതൽ വർഷിച്ചു തുടങ്ങിയത്. ലോകകപ്പ് പോലത്തെ ഒരു ഫുട്ബാൾ മാമാങ്കം നടത്താൻ പ്രാപ്തിയുള്ള ഒരു രാജ്യമാണോ ഖത്തർ എന്നായിരുന്നു സംശയം.
മദ്യം പൊതുസ്ഥലങ്ങളിൽ അനുവദിക്കാത്ത രാജ്യത്ത് എങ്ങനെ ആഘോഷിക്കും എന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങളുടെ ആകുലത. സ്വവർഗ അനുരാഗികളെ കർശനമായി വിലക്കുന്നത് എല്ലാവിധ സ്വാതന്ത്ര്യത്തിന്റെയും ലംഘനമായി ചിത്രീകരിച്ചു. ഇതിനെല്ലാമുപരി തൊഴിലാളി വർഗത്തിനെ ചൂഷണം ചെയ്യുന്ന രാജ്യം എന്ന ആരോപണവും.
ഈ മുൻവിധികളുടെയും ആശങ്കകളുടേയും ഉത്ഭവവും ഇസ്‍ലാമോഫോബിയയിലാണ് എന്ന് വ്യക്തം. ഇതിനെല്ലാം മറുപടി പറഞ്ഞ് നേരവും ഊർജവും പാഴാക്കിയില്ല, പകരം പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്തു ഖത്തർ.എന്റെയൊരു അഭിഭാഷക സുഹൃത്തും കുടുംബവും ഡൽഹിയിൽനിന്ന് കളി കാണാൻ പോകുന്നതിനുമുമ്പ് പങ്കുവെച്ച അഭിപ്രായം മദ്യം ലഭിക്കാത്ത സ്റ്റേഡിയത്തിൽ എന്ത് ആസ്വാദനം എന്നായിരുന്നു.
കളി കണ്ട് തിരിച്ചുവന്ന അദ്ദേഹത്തിന്റെ അഭിപ്രായം മദ്യത്തിന്റെ അഭാവം ലോകകപ്പിനെ ഒരു കുടുംബമേള പോലെ ആസ്വാദ്യമാക്കി എന്നാണ്. സ്റ്റേഡിയവും ഫീൽഡും പല സമയത്തും പല വിധ ആവിഷ്‍കാര സ്വാതന്ത്ര്യത്തിന്റെയും വേദിയായി. ഇറാൻ ടീം ദേശീയഗാനം ആലപിക്കാതെ പ്രതിഷേധിച്ചു.
ഫലസ്തീൻ വിഷയം വിവിധ ഘട്ടത്തിൽ ഉയർത്തപ്പെട്ടു. സ്വവർഗരതിക്ക് സ്വാതന്ത്ര്യമില്ലെന്നു പറഞ്ഞ് പ്രതിഷേധിക്കാൻ നോക്കിയപ്പോൾ രാജ്യത്തിന്റെ നിയമങ്ങൾക്ക് അനുസൃതമായേ പ്രവർത്തിക്കാവൂ എന്ന താക്കീത് നൽകി.
ഉദ്ഘാടന മത്സര ശേഷം പിന്നീട് അങ്ങോട്ട് കാണുന്നത് ഖത്തറി ജനത ലോക കപ്പിനെ നെഞ്ചിലേറ്റുന്ന കാഴ്ചയാണ്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ തുടങ്ങി മടക്കയാത്ര വരെ ഏവരെയും ഒരുമിപ്പിച്ചുനിർത്തുവാനും സാഹോദര്യവും സ്നേഹവും കൊണ്ട് ഏവരെയും വിരുന്നൂട്ടുവാനും അവർ മത്സരിച്ചു.
ഖത്തറിലെ ഒരു ദോഹ മാത്രം അറിഞ്ഞിരുന്ന പലർക്കും ഇന്ന് സൂഖ് വാഖിഫ്, ലൂസൈൽ, തുമാമ, അൽഖോർ എന്നിവയെല്ലാം സുപരിചിതം. സൂഖ് വാഖിഫ് ഖത്തറിന്റെ സാംസ്കാരിക തലസ്ഥാമായി മാറി. രാത്രികൾ മാറിനിന്നു. ലൂസൈൽ എന്ന അതിമനോഹരമായ പട്ടണം വന്നു.
ലോകത്തെ ഏതൊരു നഗരത്തെയും പിന്തള്ളുന്ന സൗകര്യങ്ങൾ. ഖത്താറാ ബീച്ച്, കോർണിഷ് എന്നിവ സൗന്ദരത്തിന്റെ പുതിയ മാനങ്ങൾ തുറക്കുന്നു. പന്തുകളിയിൽ താൽപര്യമില്ലാതിരുന്നവരെപ്പോലും ആകർഷിക്കുന്നതായിരുന്നു സ്റ്റേഡിയങ്ങളിലെ തരംഗം.
എന്റെ സുഹൃത്ത് ലുലു ഗ്രൂപ് ഡയറക്ടർ അൽത്താഫ് ഭാര്യ ഷംനയെക്കുറിച്ച് പറഞ്ഞതിങ്ങനെ: ലോകകപ്പ് തുടങ്ങുന്നതിന് തലേന്ന് നാട്ടിലേക്ക് പോയി ഫൈനൽ കഴിഞ്ഞ് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ച ഷംന സ്റ്റേഡിയത്തിൽ ചെന്ന് ഏഴ് മത്സരങ്ങൾ കണ്ടു.
സുഹൃത്ത് അഹമ്മദ് അടിയോട്ടിലും ഇതേ അഭിപ്രായം പങ്കുവെച്ചു. 32 ദേശീയ ടീമുകൾ അണിനിരന്ന, ഒരു മാസം നീണ്ട മേളയിൽ നിരവധി മനോഹരമായ മത്സരങ്ങൾ അരങ്ങേറി. ലോകകപ്പിൽ മുത്തമിടാനായില്ലെങ്കിലും കായികപ്രേമികളുടെ ഹൃദയങ്ങളിൽ കുടിയേറിയാണ് പല ടീമുകളും കളംവിട്ടുപോയത്.
എന്നാൽ, ടീമുകളെയും കാണികളെയും സന്ദർശകരെയും കളിക്കമ്പമില്ലാത്ത ജനങ്ങളെപ്പോലും വിസ്മയിപ്പിച്ചും ചേർത്തുനിർത്തിയും ഈ മേളയുടെ യഥാർഥ വിജയികൾ തങ്ങളാണെന്ന് തെളിയിച്ചു ഖത്തർ. ഫിഫ ചരിത്രത്തിൽ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കപ്പെട്ട ലോകകപ്പ് എന്ന ബഹുമതി അവരിൽ നിന്ന് അടർത്തിമാറ്റാൻ ആർക്കും അത്രയെളുപ്പത്തിൽ ആവില്ല തന്നെ.
ഉദ്ഘാടനച്ചടങ്ങിൽ വിഖ്യാതനടൻ മോർഗൻ ഫ്രീമാനുമായി നടത്തിയ സംഭാഷണത്തിൽ ഗാനിം അൽ മുഫ്താഹ് എന്ന അസാമാന്യ പ്രതിഭ ഖുർആനിക വചനം ഉദ്ധരിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ''സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി ഒരു വലിയ വീട്ടിൽ നമ്മൾക്ക് ഒരുമിച്ച് ജീവിക്കാം.
ഞങ്ങൾ നിങ്ങളെ ഈ രാജ്യത്തിലേക്ക് ക്ഷണിച്ചപ്പോൾ, ഞങ്ങളുടെ വീട്ടിലേക്കാണ് നിങ്ങളെ സ്വാഗതം ചെയ്തത്.'' ആ വാക്ക് പാലിക്കപ്പെട്ടു; 'ഫുട്ബാൾ ലോകത്തെ ഒന്നിപ്പിക്കുന്നു' എന്ന ഫിഫയുടെ ആപ്തവാക്യത്തെ അന്വർഥമാക്കി ഖത്തർ തങ്ങളുടെ ലോകകപ്പ് രാഷ്ട്രീയം ഭംഗിയായി പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.