ക്വട്ടേഷന്‍ സംഘങ്ങളുടെ വെള്ളിത്തിര
text_fieldsതെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണി കഴിഞ്ഞയാഴ്ച കൊച്ചിയിലത്തെിയിരുന്നു; ചില ഉദ്ഘാടന പരിപാടികള്‍ക്ക്. നട്ടുച്ചക്ക് 12നും രണ്ടിനുമൊക്കെയായിരുന്നു പരിപാടികള്‍. പക്ഷേ, നടിയുടെ മുമ്പിലും പുറകിലും ‘സുരക്ഷാ ഭടന്മാ’രുണ്ടായിരുന്നു. ഉദ്ഘാടനച്ചടങ്ങിനത്തെിയവരുടെ കൈയോ മറ്റോ അബദ്ധത്തില്‍ നടിയുടെ ശരീരത്തില്‍ കൊള്ളാതിരിക്കാന്‍. കൊച്ചിയില്‍ ഷൂട്ടിങ്ങിനത്തെുന്ന ബോളിവുഡ് നടന്മാരുടെയും നടിമാരുടെയും ചുറ്റും എപ്പോഴുമുണ്ടാകും സുരക്ഷാ ഭടന്മാര്‍.
പക്ഷേ, ‘മോളിവുഡെ’ന്ന മലയാള സിനിമയില്‍ കഥ നേരെ മറിച്ചാണ്. നട്ടപ്പാതിരാക്കും പുലര്‍ച്ചെക്കും നായിക നടികളടക്കമുള്ളവര്‍ യാത്ര ചെയ്യേണ്ടിവരുന്നത് അപരിചിതനായ ഡ്രൈവറെമാത്രം വിശ്വസിച്ചാണ്. നടിമാരുടെ സുരക്ഷാ കാര്യത്തില്‍ ആര്‍ക്കുമില്ല ഉത്തരവാദിത്തം. കോടികള്‍ മുടക്കുന്ന നിര്‍മാതാവും സിനിമ യാഥാര്‍ഥ്യമാക്കുന്ന സംവിധായകനുമൊക്കെ ഒരേപോലെ കൈകഴുകുകയാണ്. സിനിമലോകം വാഴുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ലക്ഷ്യം വെക്കുന്നതും ഒറ്റക്ക് യാത്രചെയ്യുന്ന നടികളത്തെന്നെ. കൊച്ചി സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകനെയും രണ്ട് നിര്‍മാതാക്കളെയും വിളിച്ച് അന്വേഷിച്ചു; നടികളുടെ രക്ഷ ആരുടെ ഉത്തരവാദിത്തമാണെന്ന്. തൊഴില്‍ നിയമങ്ങളുടെ എ.ബി.സി.ഡി പോലും അറിയാത്തവിധത്തിലുള്ള മറുപടിയാണ് ലഭിച്ചത്.
നിര്‍മാതാവ് പറഞ്ഞത്: ലൊക്കേഷന്‍ കാര്യങ്ങളുടെ പൂര്‍ണ നിയന്ത്രണം സംവിധായകര്‍ക്കാണ്. ഏതൊക്കെ താരങ്ങള്‍ എപ്പോഴൊക്കെ സെറ്റിലേക്ക് വരുന്നു പോകുന്നു എന്നൊന്നും നിര്‍മാതാവ് അറിയേണ്ടതില്ല. അതിനാല്‍തന്നെ അവരുടെ സുരക്ഷിതത്വത്തിന്‍െറ ഉത്തരവാദിത്തം തങ്ങളുടെ നിയന്ത്രണത്തിലല്ല. സംവിധായകന്‍ പറഞ്ഞത്: സംവിധായകന് നോക്കാന്‍ നൂറുകൂട്ടം കാര്യങ്ങളുണ്ട്്. ഇതിനിടെ, താരങ്ങളുടെ വരവും പോക്കും നോക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും സംവിധായകന് കഴിയില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചുമതലയാണിത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിര്‍മാതാവിന്‍െറ സ്വന്തം ആളുമായിരിക്കും.
പ്രമുഖ താരങ്ങളെ യാത്രയില്‍ അനുഗമിക്കാന്‍ ഒരു പ്രൊഡക്ഷന്‍ മാനേജരെ നിയോഗിക്കണമെന്നും സഹതാരങ്ങളെ രണ്ടും മൂന്നും പേരുള്ള ഗ്രൂപ്പായി വിടണമെന്നുമൊക്കെ അലിഖിത കീഴ്വഴക്കങ്ങളുണ്ട്. പക്ഷേ, അതാരും പാലിക്കാറില്ല. ആക്രമണത്തിനിരയായ നടിക്ക് ഡ്രൈവറെയും വാഹനവും ഏര്‍പ്പെടുത്തിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, തൃശൂരില്‍നിന്ന് എറണാകുളത്ത് എത്താനുള്ള സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞും എത്താതിരുന്നിട്ടും ഡ്രൈവറേയോ നടിയേയോ വിളിക്കാന്‍പോലും മിനക്കെട്ടില്ല.
മലയാള സിനിമരംഗത്ത് സുരക്ഷയില്ളെന്ന് പറയാന്‍ കഴിയില്ല. അത് പ്രമുഖ താരങ്ങളുടെ ഇമേജിനാണെന്നു മാത്രം. അതിനായി, ഫാന്‍സ് എന്ന പേരിലും വാല്‍ നക്ഷത്രങ്ങളായുമൊക്കെ നടന്മാര്‍ക്ക് ചുറ്റും ചിലര്‍ വട്ടം ചുറ്റും. അവര്‍ ഒരുക്കുന്ന ‘സുരക്ഷാ കരുതല്‍’ ഒടുവില്‍ കണ്ടത് കഴിഞ്ഞ ഞായറാഴ്ചയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒത്തുകൂടിയപ്പോള്‍ കസേരകളിലേക്ക് നടന്മാരെ ആനയിക്കാനും കാമറ ബാഗുകള്‍ അവര്‍ക്ക് അലോസരം സൃഷ്ടിക്കാതിരിക്കാനും നടന്മാരുടെ ‘വാലുകള്‍’ വേദിയില്‍ തിക്കിത്തിരക്കി.
ഇങ്ങനെ സിനിമയില്‍ പറ്റിക്കൂടുന്നവരാണ് പിന്നീട് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന തലത്തിലേക്ക് വളരുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് മുതല്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ക്കുവരെ തുണയായി ഇവര്‍ മാറുകയും ചെയ്യുന്നു. അതിന്‍െറ ആസ്ഥാനമായി കൊച്ചി മാറുകയും ചെയ്യുന്നു.
എല്ലാം അറിയാവുന്ന പൊലീസ്
മലയാള സിനിമക്കുള്ളില്‍ വളര്‍ന്നുവരുന്ന മാഫിയകളെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ അറിവുണ്ടായിരുന്നു. സിറ്റി പൊലീസ് തലവന്മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവിവരെ ഇതുസംബന്ധിച്ച് ബോധവാന്മാരായിരുന്നു. നടിമാര്‍ക്കുനേരെ നേരത്തെയും ഇത്തരം അതിക്രമം നടന്ന കാര്യം പൊലീസിന് അറിയാം. പരാതിക്കാരില്ലാത്തതിനാലും സിനിമക്കുള്ളിലെ ചില ബന്ധങ്ങളും കാരണം പൊലീസ് എല്ലാം കണ്ടില്ളെന്ന് നടിക്കുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവിതന്നെ സിനിമരംഗത്തുള്ളവരോട് തുറന്നു പറഞ്ഞതാണിത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് സംവിധായകന്‍ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പൊലീസ് മേധാവിയുമായിരുന്നു. പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം നഗരത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്ത് കുതിച്ചത്തെി. അതിനിടെ, നടിയുടെ അവസ്ഥയന്വേഷിച്ച് പലവട്ടം പൊലീസ് മേധാവി തിരിച്ചുവിളിക്കുകയും ചെയ്തു.
ഇങ്ങനെ വിളിച്ച കൂട്ടത്തിലാണ് ‘നിങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ നിന്നുതന്നെ നേരത്തെയും മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരില്ലാത്തതിനാല്‍ പ്രതികള്‍ പിടിക്കപ്പെടാതെ പോയതാണെന്നും’ പറഞ്ഞത്. അതിനാല്‍, എന്തുവന്നാലും പരാതിയില്‍ ഉറച്ചുനില്‍ക്കണമെന്ന് നടിയെ നിര്‍ബന്ധിക്കാനും നിര്‍ദേശിച്ചു. ഇതിന് ശേഷമാണ് പരാതിയുമായി മുന്നോട്ടുപോകാന്‍ നടിയുടെമേല്‍ സമ്മര്‍ദമുണ്ടായത്.
നാളെ: മയക്കുമരുന്ന് പാര്‍ട്ടി, റിയല്‍ എസ്റ്റേറ്റ്... ക്വട്ടേഷന്‍ വഴികളിലൂടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.