രാഹുൽ വരുമ്പോൾ...
text_fieldsഏറക്കാലം കൂടി കോൺഗ്രസിന്റെ ഉള്ളിൽ ഒരു ഉണർവ് പ്രകടമായിരിക്കുന്നു. അധ്യക്ഷപദവിയിലേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവ് തങ്ങളുടെ നഷ്ടസൗഭാഗ്യങ്ങളെല്ലാം തിരികെയെത്തിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അങ്ങനെ പ്രതീക്ഷിക്കാനുള്ള അവരുടെ അവകാശത്തെ ആർക്കും ചോദ്യംചെയ്യാൻ ആവുകയില്ല. അത്രമാത്രം അഗാധമായ തകർച്ചയിലാണ് കോൺഗ്രസ് എത്തിപ്പെട്ടത്. ആ തകർച്ചയുടെ കാരണങ്ങളെ പറ്റി ഗൗരവമായി ചിന്തിക്കാൻപോലും കഴിയാത്ത മരവിപ്പിലായിരുന്നു ആ പാർട്ടി. 132 വയസ്സ് താണ്ടിയ കോൺഗ്രസ് ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തിൽ വഹിച്ച പങ്ക് എതിരാളികൾ പോലും നിഷേധിക്കുകയില്ല.
1967നുശേഷമുള്ള കോൺഗ്രസ് ചരിത്രം ഉയർച്ചകളുെടതും താഴ്ചകളുടെതും ആയിരുന്നു. 2014 ഇന്ത്യൻ രാഷ്ട്രീയത്തിനെന്നതുപോലെ കോൺഗ്രസിനും വഴിത്തിരിവായിരുന്നു. ഇന്ത്യ അവളുടെ കരുത്തിനാധാരമായി ഉയർത്തിപ്പിടിക്കുന്ന മത നിരപേക്ഷതയോട് ആശയപരമായിത്തന്നെ വൈരം പുലർത്തുന്ന ഒരു പാർട്ടി ഒറ്റക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. 44 സീറ്റുകളോടെ (ഗുരുദാസ്പൂർ വിജയത്തോടെ അത് 45 ആയി) കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വി ഏറ്റുവാങ്ങി. മഹാത്മാ ഗാന്ധിെയക്കാൾ മഹാനാണ് ഗോദ്സെ എന്ന പ്രഖ്യാപനങ്ങൾപോലും പുതിയ ഭരണവുമായി ബന്ധമുള്ള ശക്തികൾ നടത്തുന്നത് രാജ്യത്തിന് കേൾക്കേണ്ടി വന്നു. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് പ്രമുഖ നേതാക്കൾ അടക്കമുള്ളവരുടെ കുത്തൊഴുക്കുണ്ടായി. എന്തു ചെയ്യേണ്ടൂ എന്നറിയാതെ പകച്ചുനിന്ന പാർട്ടിയുടെ തലപ്പെത്തക്കാണ് രാഹുൽ ഗാന്ധി വരുന്നത്.
മരുഭൂമിയിൽ വഴിയറിയാതെ ഉഴറുമ്പോൾ ആകാശത്തുനിന്ന് രക്ഷകൻ വരുമെന്നു കരുതി കാത്തിരുന്നവരെപ്പോലെയായിരുന്നു കോൺഗ്രസ് നേതൃത്വവും അണികളും. സ്വന്തം പ്രതിസന്ധിയുടെ ആഴം അളക്കാനും അതിൽനിന്ന് പുറത്തുകടക്കാനുള്ള വഴി ആരായാനും കെൽപ്പുള്ളവർ ആരും ആ പാർട്ടിയിൽ ഇല്ലാതായി എന്നു് അണികൾപോലും പരിതപിച്ചു. എല്ലാ വീഴ്ചകളും ഇരിക്കെത്തന്നെ, രാജ്യമാകെ അവഗണിക്കാനാകാത്ത സാന്നിധ്യമുള്ള മതേതര പാർട്ടിയാണ് കോൺഗ്രസ്. അത് ശിഥിലമായാൽ ഉണ്ടാകാനിടയുള്ള വർഗീയ തള്ളിക്കയറ്റത്തെക്കുറിച്ച് മതനിരപേക്ഷതയുടെ ബന്ധുക്കൾ ആശങ്കപ്പെട്ടു. കാറും കോളും നിറഞ്ഞ ഈ സന്ദിഗ്ധ സാഹചര്യങ്ങളിലാണ് രാഹുൽ കോൺഗ്രസിനെ നയിക്കാൻ എത്തുന്നത്. കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങളിൽ ഗുജറാത്തിൽ കാഴ്ചെവച്ച പുതിയ കരുത്തിന്റെ ബലത്തിലാണ് അദ്ദേഹത്തിെൻറ വരവ്. പക്ഷേ അതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല കോൺഗ്രസിെൻറ പ്രതിസന്ധി.
ലാഹോർ കോൺഗ്രസ്
എ.കെ.ആൻറണിയെപോലുള്ള മുതിർന്ന നേതാക്കൾ രാഹുലിന്റെ സ്ഥാനാരോഹണത്തെ താരതമ്യപ്പെടുത്തുന്നത് 1929ലെ ലാഹോർ കോൺഗ്രസുമായിട്ടാണ്. മോത്തിലാൽ നെഹ്റുവിൽനിന്ന് ജവഹർലാൽ നെഹ്റു കോൺഗ്രസ് പ്രസിഡൻറ്പദം ഏറ്റെടുത്തത് ലാഹോർ കോൺ ഗ്രസിൽെവച്ചായിരുന്നു. അതുപോലെ, ഇപ്പോൾ സോണിയ ഗാന്ധിയിൽനിന്ന് രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കുന്നു. അതിനപ്പുറമൊന്നും എ.കെ. ആൻറണി പറഞ്ഞില്ലെങ്കിലും ലാഹോർ കോൺഗ്രസിന്റെ പ്രാധാന്യം അവിടെ തീരുന്നതല്ല. 1885ൽ ജന്മംകൊണ്ട കോൺഗ്രസ് 1929ൽ ലാഹോറിൽെവച്ചാണ് ‘പൂർണ സ്വരാജ്’ ലക്ഷ്യമായി പ്രഖ്യാപിച്ചത്. (1925ൽ കമ്യൂണിസ്റ്റ് പാർട്ടിയാണ് ദേശീയ അജണ്ടയിൽ ആദ്യമായി പൂർണ സ്വരാജ് എന്ന ലക്ഷ്യം എഴുതിെവച്ചത്). കോൺഗ്രസിന്റെ സ്വഭാവത്തിലും ഉള്ളടക്കത്തിലും ഗുണപരമായ മാറ്റം വരുത്തി എന്നതാണ് ലാഹോറിന്റെ മൗലികമായ പ്രാധാന്യം. എന്തുകൊണ്ടോ അത്തരം നയപരമായ കാര്യങ്ങൾ അയവിറക്കാൻപോലും തുനിയേണ്ട എന്നാണ് ഇന്നത്തെ കോൺഗ്രസ് നേതൃത്വം ചിന്തിക്കുന്നത്. ഇന്ത്യയെ കണ്ടെത്താൻ തന്റെ രാഷ്ട്രീയ ജിജ്ഞാസകളെ മുഴുവൻ കെട്ടഴിച്ചുവിട്ട നെഹ്റു തന്റെ പാർട്ടിക്ക് പുതിയ ദിശാബോധം നൽകാൻ ആധികാരികമായ ശ്രമങ്ങൾ ആരംഭിച്ചത് ലാഹോറിൽനിന്നാണ്. ലാഹോർ കോൺഗ്രസിലെ അധ്യക്ഷപ്രസംഗത്തിൽ നെഹ്റു പറഞ്ഞു:
“...ഞാന്‍ ഒരു സോഷ്യലിസ്റ്റും റിപ്പബ്ലിക്കനുമാണെന്ന് തുറന്നുപറയേണ്ടതുണ്ട്. രാജ്യാധികാരം കൈയാളിയ പഴയ രാജാക്കന്മാരിലും വ്യവസായ ആധിപത്യം കൈയാളുന്ന പുതിയ രാജാക്കന്മാരിലും എനിക്ക് വിശ്വാസമില്ല...
...ഇന്നത്തെ സാഹചര്യങ്ങളിൽ ഒരു പൂര്‍ണ സോഷ്യലിസ്റ്റ് പരിപാടി അംഗീകരിക്കാന്‍ കോൺ്ഗ്രസിന് സാധ്യമല്ലെങ്കിലും, സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രം ലോകത്തിന്റെ സാമൂഹിക ഘടനയിൽ ചെലുത്തുന്ന സ്വാധീനം നാം ഉള്ക്കൊേള്ളണ്ടതുണ്ട്. ഇന്ത്യ നേരിടുന്ന ദാരിദ്ര്യവും അസമത്വവും അവസാനിപ്പിക്കാന്‍ ഇന്ത്യക്കും ആ വഴിതന്നെ പോകേണ്ടിവരും. അതിനു നാം നമ്മുടെതായ രീതികള്‍ ആവിഷ്കരിക്കും...
ന്യൂനപക്ഷങ്ങള്‍ക്ക് ഞാന്‍ പൂര്‍ണമായി ഉറപ്പുനല്‍കുന്നു; നമ്മുടെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അവരുടെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഇവിടെ സുരക്ഷിതമായിരിക്കുമെന്ന്... തൊഴിലാളികളുടെയും കര്‍ഷകരുടെയും താല്പര്യങ്ങളെ നാം മുറുകെ പിടിക്കണം. അവ തന്നെയാണ് രാജ്യത്തിന്റെയും താൽപര്യങ്ങൾ... നമ്മുടെ സാമ്പത്തിക പരിപാടി മാനുഷികമായ കാഴ്ചപ്പാടുള്ളതും പണത്തിനു മുന്പില് മനുഷ്യനെ ബലികൊടുക്കാത്തതും ആയിരിക്കണം...”
ഇതായിരുന്നു നെഹ്റു. ഇതുപോലെയുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളായിരുന്നു ലാഹോര്‍ കോൺഗ്രസിലെ അധ്യക്ഷ പ്രസംഗത്തിെൻറ കാതൽ. ഈ നെഹ്റുവിയൻ സമീപനത്തിൽനിന്നാണ് കോൺഗ്രസ് അതിന്റെ ദർശനം കെട്ടിപ്പടുക്കാൻ ശ്രമിച്ചത്. കോളനി വാഴ്ചക്ക് അന്ത്യംകുറിച്ച്, അധികാരം കൈമാറ്റം ചെയ്യപ്പെട്ട 1947ആഗസ്റ്റിലെ ആ പാതിരാവിൽ നടത്തിയ പ്രസംഗത്തിലും നെഹ്റു മേൽപറഞ്ഞ ആശയങ്ങളാണ് പ്രതിഫലിപ്പിച്ചത്. അതുകൊണ്ടാണ് ഇന്ത്യയുടെ ഭാവിഭാഗധേയങ്ങളുടെ കൂടിക്കാഴ്ചയുടെ മുഹൂർത്തമായി അത് മാറിയത്. കാർഷിക-വ്യാവസായിക -ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ രാജ്യം നേടിയ പുരോഗതിക്കു പിന്നിൽ നെഹ്റുവിയൻ ദർശനങ്ങളുടെ അനിഷേധ്യമായ സ്വാധീനം ഉണ്ടായിരുന്നു. മതനിരപേക്ഷതക്കുവേണ്ടി രക്തസാക്ഷിത്വം വഹിച്ച മഹാത്മാ ഗാന്ധിയുടെ നിരീക്ഷണങ്ങളും കോൺഗ്രസിനു വഴികാട്ടികളായിരുന്നു. പ്രസ്തുത ഗാന്ധി-നെഹ്റു മൂല്യങ്ങളിൽനിന്ന് വഴിമാറിയപ്പോഴാണ് കോൺഗ്രസിന്റെ പതനം ആരംഭിച്ചത്. കമ്പോളം സർവാധിപത്യം പ്രഖ്യാപിക്കുന്ന നവലിബറൽ നയങ്ങളുടെ സ്തുതിപാഠകരാകാൻ തീരുമാനിച്ചപ്പോൾ ആ പാർട്ടിക്ക് നഷ്ടപ്പെട്ടത് സാമാന്യ ജനങ്ങളുമായുള്ള ബന്ധം ആയിരുന്നു.
വർഗീയ തീവ്രവാദത്തിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി ക്ക് അധികാരം നേടാൻ കളമൊരുക്കിയത് കോൺഗ്രസിന്റെ നയങ്ങളാണെന്നത് അംഗീകരിക്കാൻ അവർക്ക് പ്രയാസമായിരിക്കും. പക്ഷേ, സത്യം അതാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അടിസ്ഥാനസ്വപ്നങ്ങളാണ് ഭരണഘടനാ ലക്ഷ്യങ്ങളായി അതിന്റെ ആമുഖത്തിൽ സ്ഥാനംപിടിച്ചത്. പരമാധികാരവും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമാണവ. ആ മൂല്യങ്ങളോടെല്ലാം ആശയപരമായി അകൽച്ചയുള്ള രാഷ്ട്രീയമാണ് ഇന്ന് അധികാരം കൈയാളുന്നത്. മതന്യൂനപക്ഷങ്ങളും ദലിതരും വേട്ടയാടപ്പെടുന്നതും പശു രാഷ്ട്രീയ മൃഗമായി മാറുന്നതും ബുദ്ധിജീവികൾ കൊല ചെയ്യപ്പെടുന്നതും വിജ്ഞാന കേന്ദ്രങ്ങൾ കടന്നാക്രമിക്കപ്പെടുന്നതും തൊഴിൽ നിയമങ്ങൾ തൊഴിലാളിക്കെതിരായി ഭേദഗതി ചെയ്യപ്പെടുന്നതും കർഷകർ വെടിവെച്ചു വീഴ്ത്തപ്പെടുന്നതും സ്ത്രീകളും കുട്ടികളും ഭീകരമാംവിധം ചൂഷണംചെയ്യപ്പെടുന്നതും അതു കൊണ്ടാണ്.
മുന്നേറേണ്ട ദൂരങ്ങൾ
ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രതിസന്ധിയുടെ കാർമേഘപടലങ്ങൾ ഉരുണ്ടുകൂടുന്ന ഈ ദശാസന്ധിയെ നേരിടാൻ കോൺഗ്രസ് എത്രമാത്രം സജ്ജമാണ്? ഒരു നേതൃമാറ്റം കൊണ്ടുമാത്രം തീരുന്നതാണോ കോൺഗ്രസിന്റെ പ്രശ്നങ്ങൾ? രാജ്യത്തിന്റെ എല്ലാ ഭാഗത്തും സാന്നിധ്യമുള്ള, മതേതര ശക്തികൾ ഇന്നും പ്രതീക്ഷയോടെ നോക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഫാഷിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണം നാടിന്റെ മേൽ പിടിമുറുക്കാൻ കൗശലപൂർവം കരുനീക്കുമ്പോൾ തങ്ങൾക്കു വഹിക്കാൻ കഴിയുന്ന പങ്ക് എന്താണെന്ന് ഗൗരവപൂർവം ആലോചിക്കാൻ പോലും കഴിയാത്തവരായി കോൺഗ്രസ് നേതാക്കൾ മാറിയത് എന്തുകൊണ്ടാണ്? ഇത്തരം മൂർത്തമായ ചോദ്യങ്ങൾക്കു നടുവിലേക്കാണ് രാഹുൽ ഗാന്ധി എത്തുന്നത്. അവർക്ക് ഉത്തരം കണ്ടെത്താൻ നെഹ്റുവിെൻറ ഇളമുറക്കാരൻ മൈലുകൾ സഞ്ചരിക്കേണ്ടിവരും (promises to to keep and miles to go എന്ന നെഹ്രുവിന്റെ പ്രിയപ്പെട്ട വരികൾ ഓർക്കുക). അത്രക്ക് സങ്കീർണമാണ് രാജ്യവും കോൺഗ്രസും ഇന്ന് നേരിടുന്ന വെല്ലുവിളികൾ. ബി.ജെ.പിയെ തടഞ്ഞുനിർത്താൻ ആർക്കുമാവില്ല എന്ന പ്രതീതി സൃഷ്ടിക്കാനുള്ള ആസൂത്രിത പ്രചാരണ തന്ത്രങ്ങളുമായാണ് സംഘ്പരിവാർ നീങ്ങുന്നത്. ആ മിഥ്യയെ തകർക്കലാണ് അടിയന്തരകടമ എന്ന് ചിന്തിക്കുന്നവർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെയുണ്ട്. അവർ വിശാലമായ ഒരു വേദിയിൽ അണിനിരക്കുമെങ്കിൽ ജനങ്ങളിൽ അതുളവാക്കുന്ന ആത്മവിശ്വാസം വലുതായിരിക്കും.
ഇന്നത്തെ ഇന്ത്യക്ക് ആ ആത്മവിശ്വാസമാണ് പ്രദാനം ചെയ്യേണ്ടത്. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഇടതുപക്ഷ-മതേതര ശക്തികളിൽ ഇന്ന് സജീവമായി നടക്കുന്നുണ്ട്.ഇത് ഒരു രാഷ്ട്രീയ മുന്നണിയായി മാറാൻ ഇന്ന് സാധ്യത വിരളമാണ്. അതിനുകാരണം കോർപറേറ്റ് കൊള്ളക്കു കൂട്ടുനിൽക്കുന്ന നവലിബറൽ നയങ്ങളോട് വിധേയത്വം പുലർത്തുന്ന കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ തന്നെയാണ്. രാജ്യത്തിന്റെ ഭാവിയിൽ നിർണായകമായ ഇത്തരം ചർച്ചകളിൽ രാഹുൽ ഗാന്ധിയുടെ സംഭാവന്ന എന്തായിരിക്കും?
കോൺഗ്രസ് ഒരിടതുപക്ഷ പാർട്ടിയായി മാറുമെന്ന് ആരും ചിന്തിക്കുന്നില്ല. എന്നാൽ, അതിന് സ്വന്തം ഗാന്ധി-നെഹ്റു പാരമ്പര്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നവർ ഏറെയുണ്ട്. ശ്രമകരമായ ഒരു ദൗത്യമാണത്. ചരിത്രത്തിൽ നിന്നുതന്നെ ഗാന്ധിജിയെയും നെഹ്റുവിനെയും അപ്രസക്തരാക്കാൻ ആർ.എസ്. എസ് വൈരാഗ്യപൂർവം ശ്രമിക്കുമ്പോൾ ഇത് കൂടുതൽ പ്രയാസകരവും പ്രാധാന്യമേറിയതുമാകുന്നു.
നെഹ്റു ഇന്ത്യയെ കണ്ടെത്താൻ നടത്തിയ ആശയഗരിമയാർന്ന പ്രയത്നങ്ങൾ ഓർത്തുകൊണ്ട് നെഹ്റുവിനെ കണ്ടെത്താനാണ് ഇന്ന് കോൺഗ്രസ് ശ്രമിക്കേണ്ടത്. പുതിയ കാലത്തിന്റെ വെല്ലുവിളിക്കു മുമ്പിൽ നെഹ്റുവിന്റെ ചിന്തകളെ കാലോചിതമായി നിർവചിക്കാനും വ്യാഖ്യാനിക്കാനും ഉള്ള ആർജവമാണ് കോൺഗ്രസിനുണ്ടാകേണ്ടത്. അത്തരമൊരു പരിശ്രമത്തിന്റെ മുമ്പിൽ നിൽക്കാൻ പുതിയ കോൺഗ്രസ് പ്രസിഡൻറ് ബോധപൂർവം ശ്രമിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ആ പാർട്ടിയുടെ ഭാവി തീരുമാനിക്കപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.